ജംഗിള്‍ സഫാരി പാര്‍ക്കിലെ മൃഗങ്ങള്‍ എന്തുകൊണ്ടാണ് ആ വാഹനത്തിലെ ആളുകളെ ആക്രമിക്കാത്തത് ?

ഇന്ത്യയിൽ ഉൾപ്പടെ ജംഗിള്‍ സഫാരി പാര്‍ക്കില്‍ വിനോദസഞ്ചാരികള്‍ക്ക് വന്യമൃഗങ്ങളെ അടുത്ത് കാണാന്‍ സാധാരണ തുറന്ന ജീപ്പിലാണ് സവാരിക്ക് കൊണ്ട് പോകുന്നത്. സിംഹം, ചീറ്റപ്പുലി, പുള്ളിപ്പുലി തുടങ്ങിയ മൃഗങ്ങള്‍ സഫാരി വാഹനത്തോട് വളരെ അടുത്ത് വരുന്ന വീഡിയോ പലരും സോഷ്യല്‍ മീഡിയയിലും വൈല്‍ഡ് ലൈഫ് ടിവി ചാനല്‍ പരിപാടികളിലും കണ്ടിട്ടുണ്ടാകും. എന്നാല്‍ നിരവധി മനുഷ്യന്‍മാരെ അടുത്ത് കണ്ടിട്ടും അവര്‍ അക്രമാസക്തരായല്ല കാണപ്പെടുന്നത്.

വിനോദസഞ്ചാരികള്‍ക്ക് വനത്തിന്റെയോ , വന്യജീവി സങ്കേതത്തിന്റെയോ 360 ഡിഗ്രി കാഴ്ച ലഭിക്കുന്നതിനും എല്ലാ കോണുകളില്‍ നിന്നും മൃഗങ്ങളെ കാണുകയും ചെയ്യുന്നതിനായാണ് അവരെ തുറന്ന വാഹനത്തില്‍ കൊണ്ടുപോകുന്നത്.കാട്ടിലെ വേട്ടക്കാരല്ല, മറിച്ച് ആനയും കാട്ടുപോത്തുമാണ് പലപ്പോഴും ഇത്തരം വാഹനങ്ങളെ ആക്രമിക്കാറുള്ളത്. ആളുകള്‍ സഫാരി വാഹനത്തിനകത്ത് ഇരിക്കുമ്പോള്‍ സിംഹത്തെയും കടുവയെയും പോലുള്ള വന്യമൃഗങ്ങള്‍ അവരെയും വാഹനത്തെയും ഒരു വലിയ വസ്തുവായോ അല്ലെങ്കില്‍ ഒരു മൃഗമായോ കരുതുന്നു. അകത്തിരിക്കുന്ന മനുഷ്യര്‍ ആ വലിയ മൃഗത്തിന്റെ ഭാഗങ്ങളായാണ് അവര്‍ കരുതുന്നത്. അതിനാല്‍ തന്നെ വിനോദസഞ്ചാരികള്‍ വാഹനത്തിനകത്ത് സുരക്ഷിതരാണ്. എന്നാല്‍ ഏതെങ്കിലും സാഹചര്യത്തില്‍ ഇവര്‍ വാഹനത്തിന് വെളിയില്‍ ഇറങ്ങിയാല്‍ കാര്യം കൈവിട്ട് പോകും. ആ സമയം വന്യമൃഗങ്ങള്‍ ഇത് ഒരു വ്യക്തിയാണെന്ന് കരുതി ആക്രമിക്കാന്‍ സാധ്യതയുണ്ട്.

ഏതെങ്കിലും പ്രദേശത്തെ ദേശീയ ഉദ്യാനം ഇത്തരത്തില്‍ ജംഗിള്‍ സഫാരിക്കായി തുറന്ന് കൊടുക്കുന്നതിന് മുന്നോടിയായി അധികൃതര്‍ ചില മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ച് ഒരുങ്ങാറുണ്ട്. ഈ തയ്യാറെടുപ്പുകള്‍ ആണ് ഒരുവിധത്തില്‍ മൃഗങ്ങള്‍ ആക്രമണ കാരിയാകാതിരിക്കാനുള്ള കാരണം. വന്യമൃഗങ്ങളുടെ സ്വന്തം ആവാസ വ്യവസ്ഥയിലേക്ക് പുറത്ത് നിന്ന് വരുന്ന ഒരു വസ്തുവിനോട് അവര്‍ എങ്ങനെ പ്രതികരിക്കുമെന്നറിയാന്‍ അധികൃതര്‍ ആദ്യം സഫാരി വാഹനങ്ങള്‍ അവയുടെ സമീപത്ത് കൂടി ഓടിക്കും. മൃഗങ്ങള്‍ ആദ്യം ആക്രമണകാരികളായി കാണപ്പെടാമെങ്കിലും കുറച്ച് സമയത്തിനുള്ളില്‍ വാഹനവും അതിലെ ആളുകളും പരിചിതമാകും.

അവര്‍ വാഹനങ്ങളെയും , അതിനകത്തെ മനുഷ്യരെയും തങ്ങളുടെ ഇരയായി കണക്കാക്കില്ല. ജംഗിള്‍ സഫാരി വാഹനങ്ങളെ തങ്ങള്‍ക്ക് ഒരു ഭീഷണിയായോ ഇരയായോ കാണുന്നില്ലെന്നതിനാല്‍ അവര്‍ സാധാരണ പോലെ പെരുമാറും. അതുപോലെ തന്നെ മറ്റൊരു പ്രധാന കാരണം സഫാരി വാഹനങ്ങളുടെ വലിപ്പമാണ്. ജംഗിള്‍ സഫാരിക്ക് ഉപയോഗിക്കുന്ന ജീപ്പുകള്‍ക്ക് അത്യാവശ്യം വലിപ്പം കാണും. ഇവയെ ആക്രമിക്കാന്‍ അത്യാവശ്യം തിണ്ണമിടുക്ക് വേണമെന്ന് വന്യമൃഗങ്ങള്‍ക്ക് തോന്നാം. ഇതിനെ ആക്രമിക്കാന്‍ നല്ല പോലെ വിയര്‍പ്പൊഴുക്കേണ്ടി വരുമെന്നും പരിക്കേല്‍ക്കാന്‍ സാധ്യത കൂടുതലാണെന്നതിനാലും അവര്‍ വലിയ ഇരകളെ ആക്രമിക്കാന്‍ ഒരുങ്ങില്ല.

വാഹനത്തിലായിരിക്കും കൂടുതല്‍ ശ്രദ്ധയെന്നതിനാല്‍ തന്നെ അതിനകത്ത് ഇരിക്കുന്ന മനുഷ്യന്‍മാരെ അവ അധികം ശ്രദ്ധിക്കുന്നില്ല. എന്നാല്‍ ഒരാള്‍ വാഹനത്തില്‍ നിന്ന് ഇറങ്ങിയാല്‍ മൃഗങ്ങളുടെ സ്വഭാവം മാറുന്നത് കാണാം. ഏതെങ്കിലും കാരണത്താല്‍ സിംഹമോ , മറ്റേതെങ്കിലും വന്യമൃഗമോ അക്രമണസ്വഭാവം പുറത്തെടുത്താല്‍ പരിഭ്രാന്തരായി വാഹനം ഓടിച്ച് പോകുന്നത് നല്ലതല്ല. കാരണം ഇരകളെ പിറകെ ഓടി വേട്ടയാടി പിടിക്കുന്നതാണ് സിംഹത്തിന്റെ വിനോദം. പലപ്പോഴും നല്ല അനുഭവ സമ്പത്തുള്ള ഡ്രൈവര്‍മാരാകും സഫാരി വാഹനങ്ങളുടെ വളയം പിടിക്കുക. അതിനാല്‍ തന്നെ മൃഗത്തിന്റെ വലിപ്പം അനുസരിച്ച് ഇത്തരം സാഹചര്യത്തില്‍ എങ്ങനെ പെരുമാറണമെന്ന് അവര്‍ക്ക് അറിയാം.

അടുത്തിടെ കര്‍ണാടകയിലെ നാഗര്‍ഹോള നാഷനല്‍ പാര്‍ക്കില്‍ ഒരു ഡ്രൈവര്‍ ജീപ്പ് റിവേഴ്‌സ് ഗിയറില്‍ കിലോമീറ്ററുകളോളം ഓടിച്ച് ആക്രമിക്കാന്‍ വന്ന കാട്ടാനയില്‍ നിന്ന് വിനോദസഞ്ചാരികളുടെ ജീവന്‍ രക്ഷിച്ച വാര്‍ത്ത വൈറലായിരുന്നു. ഇങ്ങനെ ആനയോ , കാണ്ടാമൃഗമോ വാഹനത്തിന് നേരെ ഓടിയടുത്താല്‍ രക്ഷപ്പെടാനുള്ള ഏറ്റവും നല്ല മാര്‍ഗം വാഹനം കഴിയുന്നത്ര വേഗത്തില്‍ ഓടിച്ച് പോകുക എന്നുള്ളതാണ്.

ഇന്ത്യക്ക് പുറത്ത് ചില രാജ്യങ്ങളില്‍ വന്യജീവി സങ്കേതങ്ങളിലും മറ്റും സ്വകാര്യ വാഹനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കാറുണ്ട്. സ്വന്തം വാഹനങ്ങളില്‍ ഇരുന്ന് കൊണ്ട് തന്നെ ആളുകള്‍ക്ക് പാര്‍ക്കിന്റെ സൗന്ദര്യം ആസ്വദിക്കാം. എന്നാല്‍ ഇവിടെ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കേണ്ട കാര്യം എന്തെന്നാല്‍ വാഹനത്തിന്റെ ഗ്ലാസ് ഉയര്‍ത്തുകയും ഡോര്‍ ലോക്ക് ചെയ്യാനും മറക്കരുത്. കാരണം എന്തെന്നാല്‍ ഭക്ഷണം തേടി മൃഗങ്ങള്‍ അടുത്തെത്താനും വാഹനത്തിന്റെ ഡോര്‍ തകര്‍ക്കാനും ശ്രമിച്ച സംഭവങ്ങള്‍ നിരവധി തവണ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.അതിനാല്‍ തന്നെ ഇത്തരം അടച്ചിട്ട ജീപ്പിലായാലും തുറന്ന ജീപ്പിലായാലും ജംഗിള്‍ സഫാരിക്ക് പോകുമ്പോള്‍ അധികൃതര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കുക. അല്ലെങ്കില്‍ വലിയ വില കൊടുക്കേണ്ടി വരും.

You May Also Like

പട്യാല നെക്ലേസിന്റെ കഥ

പട്യാല നെക്ലേസ് Patiala Necklace Sreekala Prasad ബ്രിട്ടീഷ് ഇന്ത്യയിലെ പട്യാല എന്ന നാട്ടുരാജ്യത്തിന്റെ ഭരണാധികാരിയായിരുന്നു…

കൊല്ലം ജില്ലയിലെ സാമ്പ്രാണിക്കോടിക്ക് ആ പേര് ലഭിച്ചതെങ്ങനെ ?

സാമ്പ്രാണിക്കോടിക്ക് ആ പേര് ലഭിച്ചതെങ്ങനെ ? അറിവ് തേടുന്ന പാവം പ്രവാസി കൊല്ലം ജില്ലയിലെ തൃക്കരുവ…

തൊഴിലാളി സംഘടനാപ്രവർത്തകനും , അറിയപ്പെടുന്ന മനുഷ്യവകാശപ്രവർത്തകരിൽ‌ ഒരാളുമായ ഗ്രോ വാസുവിന്റെ പേരിലെ ‘ഗ്രോ ‘ എന്താണ് ?

തൊഴിലാളി സംഘടനാപ്രവർത്തകനും , അറിയപ്പെടുന്ന മനുഷ്യവകാശപ്രവർത്തകരിൽ‌ ഒരാളുമായ ഗ്രോ വാസുവിന്റെ പേരിലെ ‘ഗ്രോ ‘ എന്താണ്…

എങ്ങിനെ വീണാലും പൂച്ച നാലു കാലിൽ എന്നത് ശാസ്ത്രീയം ആണോ ?

എങ്ങിനെ വീണാലും പൂച്ച നാലു കാലിൽ എന്നത് ശാസ്ത്രീയം ആണോ ? അറിവ് തേടുന്ന പാവം…