പ്രതിഭാശാലിയായ തമ്പി സാറിനെ പത്മ പുരസ്ക്കാരത്തിൽ നിന്ന് അകറ്റി നിർത്തുന്നത് ഏത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് ?

0
142

Sasi Kanniyath

നിറം മങ്ങുന്ന ദേശീയ പുരസ്ക്കാരം .

വാക്കുകൾ നിങ്ങളെ ചിന്തിപ്പിക്കുന്നു, സംഗീതം
നിങ്ങളെ അനുഭവിപ്പിക്കുന്നു; ഒരു ഗാനം നിങ്ങളെ ഒരു ചിന്ത അനുഭവിപ്പിക്കുന്നു..
– യിപ്പ് ഹാർബർഗ് –

ദക്ഷിണാ മൂർത്തി സ്വാമിയ്ക്കും, പി.ഭാസ്ക്കരൻ മാഷിനും ലഭിക്കാതെ പോയ പത്മ പുരസ്ക്കാരം തനിക്കും വേണ്ട എന്ന് ശ്രീകുമാരൻ തമ്പി സാർ പറഞ്ഞിട്ടുണ്ടെങ്കിലും, ഹൃദയ സ്പർശിയായ കവിതകളും, നോവലുകളും, ചെറുകഥകളും രചിച്ച് മലയാള സാഹിത്യ രംഗത്തും, ഗാനരചന, കഥ -തിരക്കഥ – സംവിധാനം, നിർമ്മാണം, സംഗീത സംവിധാനം എന്നിവ നിർവ്വഹിച്ച് മലയാള ചലച്ചിത്ര മേഖലയിലും തന്റെ സ്വത സിദ്ധമായ സർഗ്ഗ വൈഭവവും , വ്യക്തിമുദ്രയും അടയാളപ്പെടുത്തി, കഴിഞ്ഞ അഞ്ച് പതിറ്റാണ്ട് കാലങ്ങളിൽ നിറ സാന്നിദ്ധ്യമായി മലയാളി മനസ്സുകളിൽ ഇടം നേടിയ നിസ്തുല പ്രതിഭാശാലിയായ തമ്പി സാറിനെ പത്മ പുരസ്ക്കാരത്തിൽ നിന്ന് അകറ്റി നിർത്തിയത് ഏത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണെന്ന് അറിയാൻ, സംഗീതാഭിരുചിയും, ഭാഷാ സ്നേഹവുമുള്ള ഏതൊരു മലയാളിക്കും അവകാശമുണ്ട്.

അർഹതയുള്ളവരെ മാത്രം അംഗീകരിക്കുകയും, ആദരിക്കുകയും ചെയ്യുമ്പോൾ മാത്രമാണ് ഏതൊരു പുരസ്ക്കാരവും തികച്ചും സുതാര്യവും, സ്വയം ആദരണീയവും, ശ്രേഷ്ഠവുമാകുന്നത്. തമ്പി സാറിനെ പോലുള്ള ഒരു ബഹുമുഖ പ്രതിഭയുമായി താരതമ്യം ചെയ്യുമ്പോൾ അനർഹർ എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന മറ്റ് പലരെയും പത്മ പുരസ്ക്കാരത്തിന് ശുപാർശ ചെയ്യുകയും, അതിലൂടെ അവർ ആദരിക്കപ്പെടുകയും ചെയ്യുമ്പോൾ(അർഹരായ പല മഹദ് വ്യക്തികളെയും വിസ്മരിച്ചു കൊണ്ടല്ല ഇത് പറയുന്നത്) അപമാനിതമാവുന്നത് മഹത്തായ ആ പുരസ്ക്കാരത്തിന്റെ ഗരിമയും, പ്രൗഢമായ അതിന്റെ അന്ത:സ്സത്തയും തന്നെയാണ്..

ഭാഷാപരമായും ,സാംസ്ക്കാരികമായും ഒട്ടേറെ വൈവിധ്യങ്ങൾ പുലർത്തുന്ന ഇന്ത്യാ മഹാരാജ്യത്തെ കലാ സാഹിത്യ സാംസ്ക്കാരിക രംഗങ്ങളിലും, മറ്റ് വിവിധ മേഖലകളിലും ദീർഘകാലങ്ങളായി വിലപ്പെട്ട സംഭാവനകൾ നൽകി പോരുന്ന വിവിധ ദേശങ്ങളിൽ അധിവസിക്കുന്ന മഹദ് വ്യക്തികളെ കണ്ടെത്തി, അവർക്ക് രാഷ്ടത്തിന്റെ ആദരവും, ദേശീയ അംഗീകാരങ്ങളും നൽകി ആദരിക്കുക എന്ന മഹത് കർമ്മത്തിന് കളങ്കമേൽപ്പിക്കുന്ന പ്രവർത്തനങ്ങളാണ് കഴിഞ്ഞ കുറെ കാലങ്ങളായി പത്മ പുരസ്ക്കാര സമതിയും, അർഹരായ മഹദ് വ്യക്തികളെ നാമനിർദ്ദേശം ചെയ്യാൻ നിയോഗിക്കപ്പെട്ട സംസ്ഥാന കമ്മിറ്റി ഭാരഭാഹികളും ചെയ്തു പോരുന്നത്. അതിന്റെ കേരളത്തിലെ പ്രത്യക്ഷ ഉദാഹരണങ്ങളാണ് മൺമറഞ്ഞു പോയ മഹാപ്രതിഭകളായ ദക്ഷിണാ മൂർത്തി സ്വാമിയും ,പി. ഭാസ്ക്കരൻ മാഷും, ഇന്നും മലയാളത്തിന്റെ സാംസ്ക്കാരിക ഭൂപടത്തിൽ നിറഞ്ഞു നിൽക്കുന്ന ശ്രീകുമാരൻ തമ്പി സാറും .

ഗാന ഗന്ധർവ്വൻ ആലപിച്ച ഏതാണ്ട് അഞ്ഞൂറിൽ പരം ഗാനങ്ങൾ അടക്കം, ‘വസന്തോദയത്തിലും, ഗ്രീഷ്മാതപത്തിലും, പെയ്തൊഴിയും വർഷ സംഘർഷണത്തിലും ‘ ആ തൂലികയിൽ നിന്ന് ഉതിർന്ന് വീണ ഭാവ സാന്ദ്രമായ എത്രയെത്ര ഗാനങ്ങൾ സഹൃദയരായ മലയാളി മനസ്സുകളെ തൊട്ടു തലോടി കടന്നു പോയി…

ചിന്തകളെ, വികാരങ്ങളെ, അനുഭൂതികളെ, മനുഷ്യ മനസ്സിന്റെ സമഗ്ര ഭാവങ്ങളെ തൊട്ടുണർത്തിയ വരികളിലൂടെ, ദക്ഷിണാ മൂർത്തി സ്വാമിയും , അർജ്ജുനൻ മാഷും, എം.എസ്.വിശ്വനാഥനും, സലീൽ ചൗധരിയും, ദേവരാജൻ മാഷും അടക്കമുള്ള സംഗീത കുലപതികൾ ചിട്ടപ്പെടുത്തിയ ശ്രുതി മധുരങ്ങളായ ഈണങ്ങളിലുള്ള ആ ഗാന കല്ലോലിനിയുടെ നിർവൃതിദായകമായ ഹർഷോന്മാദം ആസ്വാദക ഹൃദയങ്ങളിൽ എന്നുമെന്നും നിറഞ്ഞു നിൽക്കുന്നവ തന്നെയാണ്.

വർഷങ്ങളായി പത്മ പുരസ്ക്കാര സമിതി അറിയാതെ പോകുന്ന, അല്ലെങ്കിൽ മനപൂർവ്വം അവഗണിക്കുന്ന, മലയാള സാഹിത്യത്തിനും, സിനിമാ മേഖലയ്ക്കും തമ്പി സാർ നൽകിയ മഹത്തായ ഈ സംഭാവനകൾക്ക് സഹൃദയ മനസ്സുകൾ എന്നും നൽകി പോരുന്ന സ്നേഹാദരവ് തന്നെയാണ് സംസ്ഥാനത്തിനകത്തും പുറത്തു നിന്നുമായി അദ്ദേഹത്തിന് ലഭിച്ച ഒട്ടനേകം പുരസ്ക്കാരങ്ങൾ .അതു തന്നെയാണ് മറ്റെന്തിനേക്കാളും ശ്രേഷ്ഠമായ അംഗീകാരവും.