എന്തുകൊണ്ടാണ് ദൈവമെന്ന നുണ ഇത്രയും വിജയകരമായിത്തീർന്നത് ?

125

എന്തുകൊണ്ടാണ് ദൈവമെന്ന നുണ ഇത്രയും വിജയകരമായിത്തീർന്നത്.?
ഓഷോ

കാരണം നിങ്ങൾ ഒരു പരാജയമാണ്. നിങ്ങളുടെ പരാജയമാണ് ദൈവമെന്ന നുണയെ വിജയകരമാക്കുന്നത്. നിങ്ങളുടെ ജീവിതത്തിൽ നിങ്ങൾക്ക് സമ്പൂർണ്ണമായ സ്നേഹവുമില്ല സമ്പൂർണ്ണമായ ജീവിതവുമില്ല. നിങ്ങൾ ഒരിക്കലും ഒന്നും സമ്പൂർണ്ണമായി ചെയ്തിട്ടില്ല ഇതാണ് നിങ്ങളുടെ പരാജയം. പരാജയം എന്നതുകൊണ്ട് നിങ്ങൾ മനസ്സിലാക്കുന്നതല്ല ഞാൻ അർത്ഥമാക്കുന്നത്. നിങ്ങൾ അതിസമ്പന്നനായില്ലെങ്കിൽ ഒരു പരാജയമാണെന്ന് നിങ്ങൾ ധരിക്കുന്നു. വലിയ രാഷ്ട്രീയക്കാരനായില്ലെങ്കിൽ, പ്രധാനമന്ത്രിയോ, പ്രസിഡന്റോ ആയില്ലെങ്കിൽ നിങ്ങൾ പരാജയമാണ് ലോകപ്രസിദ്ധനായില്ലെങ്കിൽ നിങ്ങൾ പരാജയമാണ്. എന്നാൽ ഇതൊന്നും പരാജയമല്ല. അത് കേവലം മത്സരികമായ, അഹംബോധാത്മകമായ ജീവിതമാണ്.

അത്തരം ജീവിതമാണ് ഏറ്റവും ദുഃഖപൂർണ്ണമായ ജീവിതം. കാരണം അപ്പോൾ നിങ്ങൾ നിരന്തരമായി പോരാടിക്കൊണ്ടിരിക്കുകയാണ്. മറ്റുള്ളവരുടെ കുതികാൽ വെട്ടുകയും, അവരുടെ തലയിൽ കയറുകയും ചെയ്തുകൊണ്ടും, നിങ്ങൾ ഉയരങ്ങളിലേക്ക് കയറാനുള്ള ചവിട്ടുപടികളാണ് അവരെന്നോണം. ഹിംസാത്മകമാണ് നിങ്ങളുടെ ജീവിതം, ഹിംസാത്മകമായ ജീവിതത്തിന് സുന്ദരമാകാൻ കഴിയുകയില്ല. നിങ്ങൾ നിർദ്ദയനാണ്. അങ്ങനെ ആയാൽ മാത്രമേ നിങ്ങൾക്ക് അതിസമ്പന്നനാകാൻ കഴിയൂ. നിങ്ങൾക്ക് ആരോടും ഒരു ദയയുമില്ല. അല്ലെങ്കിൽ ലക്ഷകണക്കിന് ആളുകളെ അവർ വെറും പട്ടിണിയിലാവുന്ന അവസ്ഥയോളം ചൂഷണം ചെയ്തുകൊണ്ടും വെറുതെ പണം കുന്നുകൂട്ടാനും നിങ്ങൾക്കെങ്ങനെ കഴിയുന്നു..? ആ പണം നിങ്ങൾക്കുപോലും ഉപയോഗിക്കാൻ കഴിയുന്നില്ല ഇനിയും സമ്പാദിക്കുന്നതിൽ യാതൊരു അർത്ഥവുമില്ല. അത് നിങ്ങളുടെ ഒരു ശീലമായിത്തീർന്നതാണ്.

ഒരാൾ വിജയിക്കുന്നത് തന്റെ തന്നെ സ്വാഭാവിക മാർഗ്ഗത്തിൽ കഴിയുന്നത്ര സമ്പൂർണ്ണമായും തീവ്രമായും ജീവിക്കുമ്പോഴാണ്.
സമ്പൂർണ്ണമായി ജീവിക്കപ്പെടുന്നതെന്തും ധ്യാനത്തിന് തുല്യമാകുന്നു. നിങ്ങൾ മെഡിറ്റേഷൻ ചെയ്യേണ്ട ആവശ്യമില്ല. പ്രതിനിമിഷം, തികച്ചും സ്വാഭാവികമായി തനിക്കനുസൃതമായി ജീവിക്കുന്ന ഒരാൾക്ക് ഖേദിക്കുവാനായി ഒന്നുമില്ല. അയാൾ പരാജയമല്ല. അതിനാൽ സന്തോഷവാനായ ആനന്ദവാനായ ഒരാൾക്ക് ദൈവത്തിന്റ ആവശ്യമില്ല. നിങ്ങളുടെ ദുഃഖം, സഹജമാകുന്നതിൽ വന്ന പരാജയം, അതാണ്‌ ദൈവത്തിന്റ ജീവിതം വിജയകരമാക്കുന്നത്. ദൈവം നിങ്ങളുടെ ശൂന്യത നികത്തുന്നു എന്നാൽ സമ്പൂർണ്ണമായി ജീവിക്കുന്ന ഒരാൾക്കും ശൂന്യതയില്ല.

എനിക്ക് ഒരു ദൈവമില്ല ഞാൻ താത്വികമായി നിരീശ്വരവാദിയായതുകൊണ്ടല്ല. അല്ല. എനിക്ക് ഒരു ദൈവത്തിന്റ ആവശ്യമില്ല അത്രതന്നെ. ഞാൻ എന്നിൽ തന്നെ അത്രയും സാക്ഷാത്കരിച്ചിരിക്കുന്നതുകൊണ്ട് എനിക്ക് ഒരു മതത്തിന്റെയും ആവശ്യം ഉണ്ടാകുന്നില്ല. ഒരു പ്രാർത്ഥനയുടെയും ആവശ്യം ഉണ്ടാകുന്നില്ല. ഒരു ധ്യാനത്തിന്റെയും ആവശ്യം ഉണ്ടാകുന്നില്ല. ഓരോ നിമിഷവും അത്രയും മനോഹരമാണ്, അത്രയധികം ഹർഷപൂർണ്ണമാണ്. ദൈവം, സ്വർഗ്ഗം, നരകം, ഇത്തരം വിഡ്ഢിച്ചോദ്യങ്ങളെ ആര് കാര്യമാകുന്നു.? ഇതെല്ലാം ഭ്രാന്ത് പിടിച്ച മനുഷ്യരാശിയുടെ ചോദ്യങ്ങളാണ്. ഭ്രാന്ത് പിടിച്ച ഈ മനുഷ്യരാശിയെ ദൈവത്തിന്റ പേരിൽ പുരോഹിതന്മാർ ചൂഷണം ചെയ്യുമെന്ന് ഉറപ്പാണ്.

നിങ്ങൾക്ക് മനസ്സിലാവുമെങ്കിൽ, എന്റെ സമീപനം വളരെ സുതാര്യവും വ്യക്തവുമാണ് : സഹജനായിരിക്കുക ദൈവം ഒരു വിഷയമേ ആവുകയില്ല. അതുപോലെ തന്നെ സ്വർഗ്ഗമോ, നരകമോ, പുരോഹിതനോ, ഒന്നുംതന്നെ വിഷയമാവുകയില്ല. ഓരോ നിമിഷവും നിങ്ങൾ അസ്തിത്വവുമായി അത്ര സ്വരച്ചേർച്ചയിലായിരിക്കും: നിങ്ങൾ പുഷ്പ്പങ്ങളെപോലെ പ്രഫുല്ലനം ചെയ്യും, മയൂരങ്ങളെപോലെ നൃത്തം ചെയ്യും. നിങ്ങളുടെ ജീവിതത്തിന് തികച്ചും വ്യത്യസ്തമായ ഒരു രുചിയുണ്ടാകും. അതിനു തികച്ചും സ്വയം സംതൃപ്തനായ, തനതായ അസ്തിത്വവുമായി സ്വയം പൊരുത്തപ്പെട്ടവനായ, ഒരുവനുമാത്രം ഉണ്ടാകുന്ന ഒരു സുഗന്ധം ഉണ്ടായിരിക്കും. അയാൾക്ക് സ്വയം മാറ്റുവാനോ, ഈ അസ്തിത്വത്തെ സ്വയം മെച്ചപ്പെടുത്തുവാനോ, മരണശേഷം എന്ത് സംഭവിക്കുമെന്ന് ചിന്തിക്കുവാനോ, യാതൊരു ആഗ്രഹവും ഉണ്ടായിരിക്കുകയില്ല.

യഥാർത്ഥ വിജയം നേടിയവർക്ക് മരണത്തെ കുറിച്ച് ചിന്തിക്കേണ്ട ആവശ്യമില്ല. ജീവിതം ജീവിച്ചിട്ടില്ലാത്ത ആളുകൾ മാത്രമാണ് മരണത്തെക്കുറിച്ച് വേവലാതിപ്പെടുന്നത്.
ഇത് വളരെ വിചിത്രമായ ഒരു പ്രതിഭാസമാണ്. ജീവിച്ചിട്ടില്ലാത്തവർ, എന്നെങ്കിലും, നാളെ, അല്ലെങ്കിൽ മറ്റന്നാൾ, അല്ലെങ്കിൽ ചിലപ്പോൾ മരണശേഷം, സ്വർഗ്ഗത്തിൽ ജീവിക്കാമെന്ന് പ്രതീക്ഷിച്ചിരിക്കുക മാത്രം ചെയ്തിട്ടുള്ളവർ….. ജീവിതത്തെ ഇങ്ങിനെ നീട്ടിവച്ചുകൊണ്ടിരുന്നവർ, അവർ മാത്രമാണ് മരണത്തെ ഭയക്കുന്നവർ. കാരണം ജീവിതമെന്ന കല അവർക്കറിയില്ല.
നിങ്ങൾ ചെയ്യുന്ന ഏത് പ്രവൃത്തിയിലും ആധികാരികമാവുക, സ്വാഭാവികമാവുക, സത്യസന്ധമാവുക. നിങ്ങളുടെ സത്തയിലേക്ക് പ്രവേശിച്ച് അതിന്റെ കേന്ദ്രം കണ്ടെത്തിയാൽ മാത്രമേ ഇത് സാധ്യമാവൂ. അതാകുന്നു ലോകത്തിലെ ഒരേയൊരു വിജയം : നിങ്ങളുടെ കേന്ദ്രം കണ്ടെത്തുക, അതിനുശേഷം ആ കേന്ദ്രം നിങ്ങളെ നയിക്കട്ടെ. ആ വെളിച്ചം നിങ്ങളുടെ കേന്ദ്രത്തിൽ നിന്നും വന്നുകൊള്ളും. നിങ്ങളിൽ നിന്ന് അത് പ്രസരിച്ചുകൊണ്ടിരിക്കും. നിങ്ങൾ സ്വാഭാവിക മനുഷ്യനായി വർത്തിക്കും.

അസ്വാഭാവികനായ മനുഷ്യനാണ് രോഗാതുരനായിരിക്കുന്നത്. അപ്പോൾ അയാൾ പുരോഹിതരാൽ ചൂഷണം ചെയ്യപ്പെടാതിരിക്കില്ല……. അല്ലെങ്കിൽ പുതിയ പുരോഹിതരായ മനഃശാസ്ത്രജ്ഞരാൽ. നിങ്ങൾക്ക് തരാൻ അവരുടെ കൈവശം ഒന്നുമില്ല. അവരുടെ മനഃശാസ്ത്രം മതങ്ങളുടെ അത്രതന്നെ വ്യാജമാണ്. അവർ പുതിയ റബ്ബികളാണ്, പുതിയ ബിഷപ്പുമാർ, പുതിയ പോപ്പുമാർ, അവർ നിങ്ങൾക്ക് ഒന്നും നൽകുന്നില്ല. അവർ നിങ്ങളെ ചൂഷണം ചെയ്യുകയാണ്. പുരോഹിതന്മാർ മാനവരാശിക്ക് ഒരു സംഭാവനയും നൽകിയിട്ടില്ല. അവർ ചൂഷണം മാത്രമാണ് ചെയ്തിട്ടുള്ളത്. അസ്തിത്വത്തിലെ ഏറ്റവും വലിയ പരാന്നഭോജികളാണ് അവർ………