ഒരു പക്ഷേ ഇതു വായിക്കുന്ന പലരും കേട്ടിരിക്കാനിടയില്ലാത്ത ഒരു കഥയാണിത്.
ഓണാട്ടുകരയുടെ എല്ലാ സൗഭഗങ്ങളും നിറഞ്ഞു തുളുമ്പിയിരുന്ന ഗ്രാമമാണ് ഏവൂര്‍. നോക്കെത്താദൂരം നീണ്ടു കിടന്നിരുന്ന പച്ചവയലുകള്‍, കാവുകള്‍, കുളങ്ങള്‍…….
മാവും, പ്ലാവും, കുടംപുളിയും, കോല്‍പ്പുളിയും, ആഞ്ഞിലിയും, തെങ്ങും, കവുങ്ങും,ഞാറയും, ഞാവലും, കുളമാവും,ചൂരലും, ഇഞ്ചയും, വയലിറമ്പുകളിലെ പൂക്കൈതയും ഒക്കെക്കൂടി എന്റെ ബാല്യം സ്വപ്നസദൃശമാക്കിയിരുന്ന ഒരുകാലം.
അത്തമുദിച്ചാല്‍ പിന്നെ ഉല്‍സാഹത്തേരിലാണ് കുട്ടികള്‍! പൂ പറിക്കാനും, പൂക്കളമിടാനും, ഉഞ്ഞാലു കെട്ടാനും ഒക്കെയായി പലരും പലവഴിക്ക്…. ഓണപ്പരീക്ഷയുടെ പേടി ഒരു കുട്ടിയിലും അന്ന് ഞാന്‍ കണ്ടിട്ടില്ല. പരീക്ഷ വരും; അറിയാവുന്നതെഴുതും. കിട്ടുന്ന മാര്‍ക്ക് എത്രയായാലും എല്ലാവരും അതില്‍ തൃപ്തര്‍!
ഉത്രാടം, തിരുവോണം, അവിട്ടം, ചതയം നാളുകളില്‍ സ്ത്രീകളും പെണ്‍കുട്ടികളും കൈകൊട്ടിക്കളി, തുമ്പിതുള്ളല്‍, ഊഞ്ഞാലാട്ടം എന്നിവയുടെ തിരക്കിലാവും.
ആണ്‍കുട്ടികള്‍ തലപ്പന്ത്, കുറ്റിയും കോലും, ഞൊണ്ടിക്കളി, എന്നിവയിലും ചെറുപ്പക്കാര്‍ കിളിത്തട്ട്, കബഡി എന്നിവയിലും മധ്യവയസ്കന്മാര്‍ ഗുലാന്‍ പെരിശു കളിയിലും വ്യാപൃതരാവും.
വീട്ടുജോലി എല്ലാം ഒതുക്കിത്തീര്‍ത്ത് ഉച്ചയൂണും കഴിഞ്ഞാണ് സ്ത്രീജനങ്ങള്‍ കൈകൊട്ടിക്കളിയ്ക്കെത്തുക. നളദമയന്തി, പാഞ്ചാലീശപഥം, സീതാപരിത്യാഗം എന്നു തുടങ്ങി നാടന്‍ പ്രണയകഥകള്‍ വരെ കൈകൊട്ടിക്കളിയ്ക്കു വിഷയമായിരുന്നു. ഇതൊക്കെ ആരാണെഴുതിയതെന്ന് ആര്‍ക്കും പിടിയില്ല.!
കുട്ടിക്കാലത്തു കേട്ടു തഴമ്പിച്ച ആ കഥകളില്‍ നിന്ന് വ്യത്യസ്തമായ ഒരെണ്ണം എന്റെ ഓണസ്മൃതിയായി ഇവിടെ കുറിക്കട്ടെ….
സ്ത്രീകള്‍ വട്ടത്തില്‍, താളത്തില്‍ കൈകൊട്ടി പാടിക്കളിച്ചിരുന്ന പാട്ടുകളിലൊന്നാണ് ഈ പറയുന്ന കഥയുടെ ആധാരം.
രാവണന്‍ തട്ടിക്കൊണ്ടു പോയ സീതയെ രാമന്‍ വീണ്ടെടുത്ത ശേഷം അയോധ്യയില്‍ വാഴുന്ന കാലം. ശ്രീരാമന്‍ സഹോദരന്മാരോടൊത്ത് പള്ളിവേട്ടയ്ക്കു പോയിരിക്കുകയായിരുന്ന ഒരു ദിനം. അവരുടെ മാതാക്കള്‍ മൂന്നുപേരും കൂടി സീതയെ സമീപിച്ചു പറഞ്ഞു.
” ദേവീ…. ലങ്കയിലെ രാക്ഷസന്‍ രാവണന്‍ അതിദുഷ്ടനും അസാമാന്യ ശക്തിയുമുള്ളവനാണെന്ന് കേട്ടിട്ടുണ്ട്. അവനെ കൊല്ലാന്‍ മൂലോകത്തില്‍ രാമനൊരാള്‍ ഉണ്ടായല്ലോ! ഞങ്ങളാരും അവനെ കണ്ടിട്ടില്ല. ദേവി ചിത്രകലാ നിപുണയാണല്ലോ. അവന്റെ രൂപം ഞങ്ങള്‍ക്ക് ഒന്നു വരച്ചു കാണിക്കുമോ?”
അതുകേട്ടയുടന്‍ സീത പുഞ്ചിരിതൂകി അങ്ങനെയാവട്ടെ എന്നു പറഞ്ഞു. പരിചാരകയോട് ഒരു പലകയും കുറച്ചു ചെങ്കല്ലും കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. നിമിഷങ്ങള്‍ക്കുള്ളില്‍ സീതയുടെ ചാരുതയാര്‍ന്ന വിരലുകള്‍ പലകമേല്‍ ചലിച്ചു. പത്തു തലകള്‍, ഇരുപതു കൈകള്‍….. എല്ലാം ഞൊടിയിടയില്‍ പലകമേല്‍ തെളിഞ്ഞു.
അമ്മമാര്‍ അമ്പരന്നു നിന്നു! സീതയുടെ ചിത്രനൈപുണിയെ കീര്‍ത്തിച്ചു. അപ്പോള്‍ ആ പലകയതാ ചലിക്കുന്നു! അത് തുള്ളിത്തുള്ളി നീങ്ങാന്‍ തുടങ്ങി!!
പള്ളിവേട്ട കഴിഞ്ഞ് തിരിച്ചെത്തിയ ശ്രീരാമന്റെ മുന്നിലേക്കാണ് ആ പലക തുള്ളിയെത്തിയത്. എല്ലാവരും അമ്പരന്നു നില്‍ക്കേ രാമന്‍ കുനിഞ്ഞ് ആ പലക കയ്യിലെടുത്തു. കൗതുകത്തോടെ തിരിച്ചു നോക്കി.
രാവണന്‍ !
രാമന്റെ പുരികക്കൊടികള്‍ ചുളിഞ്ഞു. മുഖമുയര്‍ത്തി ചോദിച്ചു ” അമ്മമാരേ…ആരാണ് പലകയില്‍ ഈ ദുഷ്ടന്റെ ചിത്രം വരച്ചത്?”
അപ്പോള്‍ കൗസല്യാകൈകേയിസുമിത്രമാര്‍ പറഞ്ഞുപോലും ” ഞങ്ങള്‍ക്കറിയില്ല രാമദേവാ…! ഇവിടെയുള്ള ആരും രാവണനെ കണ്ടിട്ടുകൂടിയില്ല…”
“അപ്പോള്‍ പിന്നെ…?”
രാമന്റെ വജ്രസൂചിപോലെയുള്ള ചോദ്യം കേട്ട് അവര്‍ പറഞ്ഞു
” സീതാദേവി അല്ലാതെ മറ്റാരും ഇങ്ങനൊരു ചിത്രം വരയ്ക്കാനിടയില്ല. അവള്‍ക്കല്ലാതെ മറ്റാര്‍ക്കാണ് ഇവിടെ ഈ പത്തുതലയന്‍ രാക്ഷസനില്‍ താല്‍പ്പര്യം?”
ഒരു നിമിഷം ചിന്തിച്ചു നിന്ന ശേഷം രാമന്‍ ശിരസ്സുയര്‍ത്തി കല്‍പ്പിച്ചു
“ലക്ഷ്മണാ…! എത്രയും പെട്ടെന്ന് കാട്ടില്‍ കൊണ്ടുപോയി ഇവളുടെ ശിരസ്സറുക്കൂ..!
കല്ലേപ്പിളര്‍ക്കുന്ന രാമശാസനം കേട്ട് തരിച്ചു നിന്ന ലക്ഷ്മണന്‍ സീതയെ കാട്ടിലേക്കു കൊണ്ടുപോയി.
ഖഡ്ഗധാരിയായ ലക്ഷ്മണന്, പക്ഷേ മാതൃതുല്യയായി കണ്ടാരാധിച്ചിരുന്ന സീതയെ കൊല്ലാന്‍ മനസ്സു വന്നില്ല. എന്തു ചെയ്യണം എന്നറിയാതെ വിഷണ്ണനായി നിന്ന ലക്ഷ്മണനേയും അപവാദാഘാതത്തില്‍ ശിരസ്സുകുനിഞ്ഞുപോയ സീതയേയും നോക്കി അപ്പോള്‍ അവിടെയിരുന്ന ഒരു ഓന്ത് കളിയാക്കി ചിരിച്ചത്രേ!
“ദാ നില്‍ക്കുന്നു ഒരു പതിവ്രത! കണ്ട രാക്ഷനൊപ്പം പാര്‍ത്ത് ഭര്‍ത്താവിനെ വഞ്ചിച്ചവള്‍!”
അതുകേട്ട നിമിഷം ലക്ഷ്മണന്റെ വാള്‍ ഉയര്‍ന്നുതാണു. ഓന്ത് ശിരസ്സറ്റു നിലത്തു പിടഞ്ഞു!
സീതയുടെ വസ്ത്രാഞ്ചലം കീറിക്കൊടുക്കാന്‍ ലക്ഷ്മണന്‍ ആവശ്യപ്പെട്ടു. ആ ഓന്തിന്റെ ചോര അതില്‍ പുരട്ടി. അമ്മമാരെ കാണിക്കാന്‍ ചോരപുരണ്ട ആ ചേലത്തുമ്പ് ലക്ഷ്മണന്‍ തേരില്‍ വച്ചു.
അടുത്തു കണ്ട വാല്‍മീകി മുനിയുടെ ആശ്രമത്തില്‍ സീതയെ കൊണ്ടാക്കി ലക്ഷ്മണന്‍ തിരികെപ്പോയി….!
എന്തൊരു കഥ! അല്ലേ!?
മനുഷ്യബന്ധങ്ങളില്‍ പലപല അര്‍ത്ഥതലങ്ങള്‍ കണ്ടെത്താവുന്ന ഒരു നാടന്‍ കഥ…
എന്റെ നാട്ടില്‍ ഇന്നും പാടിക്കേള്‍ക്കുന്ന കഥയാണിത്. പാട്ട് താഴെക്കൊടുത്തിട്ടുണ്ട്.
അഭിഷേകം കഴിഞ്ഞങ്ങു സുഖമായിട്ടിരിക്കുമ്പോള്‍
രാമദേവന്‍ പള്ളിവേട്ടയ്ക്കെഴുന്നള്ളത്ത്
അന്നനേരം മാതാക്കന്മാര്‍ മൂന്നുപേരുമൊരുമിച്ച്
സീതയോടു പറയുന്നു രഹസ്യമായി
രാവണന്റെ രൂപഗുണം ഞങ്ങളാരും കണ്ടിട്ടില്ല
ഞങ്ങള്‍ക്കതു മനസ്സാലെ കാണേണമിപ്പോള്‍
അന്നനേരം സീതാദേവി ചെങ്കല്ലും പലകയുമായ്
രാവണന്റെ രൂപഗുണം വരച്ചു ചിത്രം
പത്തുതല,യിരുപതു കരങ്ങളും വരച്ചിട്ട്
കരങ്ങളില്‍ പലപല ആയുധങ്ങളും
പലകയും തുള്ളിത്തുള്ളി മന്ത്രമഞ്ചും ജപിച്ചിട്ട്
അപ്പലക തൃക്കയ്യാലേ മറിച്ചുനോക്കി
ആരാണെന്റെയമ്മമാരേ ഈപ്പലകേ വരച്ചത്?
ഞങ്ങളാരുമറിഞ്ഞില്ലേ ശ്രീരാമദേവാ
സീതാദേവിയറിയാതെ മറ്റാരും വരയ്ക്കയില്ല
അവള്‍ക്കതിലിഷ്ടമൊട്ടും കുറഞ്ഞിട്ടില്ല
അന്നനേരം ശ്രീരാമനും ലക്ഷ്മണനെ വിളിച്ചിട്ട്
ഇവളെക്കൊണ്ടറുക്കുക വനമതിങ്കല്‍
അന്നനേരം ലക്ഷ്മണനും സീതയേയും കൂട്ടിക്കൊണ്ട്
മുനിയുടെ വനമതില്‍ കൊണ്ടുചെന്നാക്കി
കളിയാക്കിച്ചിരിച്ചൊരു ഓന്തിന്‍ തലയറുത്തുടന്‍
സീതയുടെ ചേലത്തുമ്പില്‍ പുരട്ടിവച്ചു
അമ്മമാര്‍ക്കു കാണ്മതിന്നായ് ഓന്തിന്‍ ചോരപുരട്ടിയ
ചേലത്തുമ്പുമെടുത്തുടന്‍ ലക്ഷ്മണന്‍ പോയി…..
എന്റെ കുട്ടിക്കാലത്ത് ഇതു പാടിക്കളിച്ചിരുന്ന സ്ത്രീകളൊക്കെ ഇപ്പോള്‍ വാര്‍ദ്ധക്യത്തിലെത്തിയിരിക്കുന്നു. ഇക്കൊല്ലം കളിക്കാന്‍ ആരൊക്കെയുണ്ടാവുമോ, എന്തോ!
തിരുവോണത്തിന് ഏവൂര്‍ക്കു പോകാന്‍ കാത്തിരിക്കുകയാണ് മക്കള്‍…
എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍!