ലാൻഡ് ചെയ്യുമ്പോൾ വിമാനത്തിനകത്തെ വെളിച്ചം കുറയ്ക്കുന്നതെന്തിന് ?
ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി
രാത്രി കാലങ്ങളിൽ വിമാനം ലാൻഡ് ചെയ്യുമ്പോഴും, ടേക്ക്ഓഫ് ചെയ്യുമ്പോഴും വിമാനത്തിനകത്തെ വെളിച്ചം കുറയ്ക്കാറുണ്ട്. മറ്റു സമയങ്ങളിൽ വിമാനത്തിൽ ലൈറ്റുണ്ടെങ്കിലും ഈ സമയം മാത്രം ഡിം ചെയ്യുന്നത് എന്തുകൊണ്ടാണ്?ഏതാനും ചില വാദങ്ങൾ നമുക്ക് നോക്കാം.
✨വിമാനമിറങ്ങാറായി എന്നു സൂചന നൽകി യാത്രികരെ ഉണർത്താൻ ഉദ്ദേശിച്ചാണിതെന്നാണ് ഒരു കൂട്ടരുടെ വാദം.
✨ മണിക്കൂറുകൾ നീളുന്ന ആകാശപറക്കലിനു ശേഷം മണ്ണിൽ തൊടുന്ന നിമിഷത്തിന് അനാവശ്യ നാടകീയത നൽകുന്നതിനുള്ള വിമാനജോലിക്കാരുടെ ശ്രമത്തിന്റെ ഭാഗമാണെന്നു ആരോപിക്കുന്നവരുമുണ്ട്.
✨കണ്ണുകൾ കൊണ്ടു കാണാനാവുന്നതിലും വലിയൊരു സുരക്ഷാ ഫീച്ചർ ഇപ്രകാരം വിമാനത്തിനകത്തെ വെളിച്ചം കുറയ്ക്കുന്നതിനു പിന്നിലുണ്ടെന്നാണ് വൈമാനിക വിദഗ്ധർ പറയുന്നത്.
അപകടമുണ്ടായാൽ യാത്രികരുടെ കണ്ണുകൾ പുറത്തെ ഇരുട്ടുമായി വേഗം പൊരുത്തപ്പെടുന്നതിനു വേണ്ടിയാണ് ലാൻഡിങ്ങിൽ ഇപ്രകാരം ചെയ്യുന്നത്. അപകടമുണ്ടായാൽ 90 സെക്കന്റിനുള്ളിൽ യാത്രക്കാരെ പുറത്തിറക്കണമെന്നാണ് പറയുന്നത്.ലാൻഡിങ്ങിലുണ്ടായേക്കാവുന്ന അപകടങ്ങളിൽ അടിയന്തിരമായി യാത്രികരെ പുറത്തിറക്കേണ്ടതിന് യാത്രക്കാര്‍ വെളിച്ചക്കുറവുമായി പൊരുതപ്പെടേണ്ടത് വളരെ ആവശ്യമാണ്.
വളരെയധികം വെളിച്ചമുള്ള ഒരു മുറിയിൽ നിന്ന് വെളിച്ചക്കുറവുള്ള മുറിയിലേക്കു പ്രവേശിക്കുമ്പോൾ ഇരുട്ടുമുറിയിലേക്കു പ്രവേശിക്കുന്നതു പോലുള്ള പ്രയാസം കുറച്ചു സമയത്തേക്ക് അനുഭവപ്പെടുന്നു. ഇതേ അനുഭവം ഒഴിവാക്കാനാണ് ലാന്‍ഡു ചെയ്യുമ്പോൾ വിമാനത്തിനുള്ളിലെ പ്രകാശം കുറയ്ക്കുന്നത്.ഇറങ്ങുന്ന അവസരത്തിൽ യാത്രക്കാരോട് വിമാന ജാലകത്തിന്റെ വിരി ഉയർത്താനും ആവശ്യപ്പെടുന്നതും ഇതേ കാരണം കൊണ്ടാണ്. ജാലകത്തിലൂടെ പ്രവേശിക്കുന്ന പ്രകാശം പുറത്തെ അവസ്ഥയുമായി വേഗത്തിൽ പൊരുത്തപ്പെടാൻ യാത്രികരെ സഹായിക്കുന്നു.