ചിപ്സ് പായ്കറ്റുകളില്‍ എന്തിനാണ് ഇത്രമാത്രം എയര്‍ നിറയ്ക്കുന്നത് എന്ന് അത്ഭുതപ്പെട്ടിട്ടുണ്ടോ?!

845

b

വായു കയറ്റി വീര്‍പ്പിച്ച ചിപ്സ് പായ്ക്കറ്റുകള്‍ കണ്ട്, ബൂര്‍ഷ്വാ കമ്പനികളുടെ പകല്‍ക്കൊള്ളയെ മനസ്സുകൊണ്ടെങ്കിലും ശപിക്കാത്തവര്‍ ഉണ്ടാവില്ല. ചിലര്‍ വീര്‍ത്ത പായ്ക്കറ്റില്‍ കൂടുതല്‍ ഉല്പന്നം ഉണ്ടാവുമെന്ന് ധരിച്ചിരിക്കുന്നു. മറ്റുചില വിരുതന്മാര്‍, ഗ്യാസ് ഇല്ലാത്ത പായ്കറ്റുകള്‍ തിരഞ്ഞുപിടിച്ച് വാങ്ങുന്നത് കണ്ടിട്ടുണ്ട് (ആഹാ, അങ്ങനെ നമ്മളെ പറ്റിക്കാമെന്ന് ആരും കരുതേണ്ട!). എന്നാല്‍ ഇത് തെറ്റാണ്.

സ്ലാക്ക് ഫില്‍ എന്നറിയപ്പെടുന്ന ഈ ഭാഗം ഉപഭോക്താവിനെ പറ്റിക്കാന്‍ വേണ്ടിയുള്ളതല്ല. വില ഈടാക്കുന്നത് ഉല്‍പന്നത്തിന്റെ ഭാരം നോക്കിയാണ്. അത് വ്യക്തമായി കവറിന് പുറത്ത് രേഖപ്പെടുത്തിയിട്ടുണ്ടാവും. വായുവിന്റെ ഭാരം തുലോം തുച്ഛമായിരിക്കും എന്ന് നമുക്ക് അറിയാം. എന്നാല്‍ പിന്നെ ഇതിന്റെ ഉദ്ദേശം എന്താണ്? പാക്കറ്റിന്റെ ഭംഗി കൂട്ടാനോ മറ്റോ അല്ല. യദാര്‍ത്ഥത്തില്‍ ഇത് വെറും ഗ്യാസ് അല്ല. മറിച്ച് നൈട്രജന്‍ ആണ്. പൊട്ടറ്റോ ചിപ്സും മറ്റും കൈകാര്യം ചെയ്യുമ്പോള്‍ ഉടഞ്ഞും പൊടിഞ്ഞും പോവാതിരിക്കാന്‍ ഒരു കുഷ്യനിംഗ് എഫക്റ്റ് തീര്‍ക്കാന്‍ ഇത് സഹായിക്കുന്നു. എന്നാല്‍ അത് വെറും ഗ്യാസ് ആവാനും പാടില്ല. കാരണം, പ്രധാന ഉദ്ദേശം ഇതൊന്നുമല്ല. വറുത്തതും പൊരിച്ചതുമായ ഭക്ഷണ പദാര്‍ഥങ്ങള്‍ അന്തരീക്ഷ ഓക്സിജന്റെ സാന്നിധ്യത്തില്‍ കേടായിപ്പോവും. എയറോബിക് ബാക്ടീരിയകള്‍ ആണ് ഈ പണി പറ്റിക്കുന്നത്. എന്നാല്‍ ഓക്സിജന്റെ അഭാവത്തില്‍ ഇത് നടക്കില്ല. അങ്ങനെ മോഡിഫൈഡ്‌ അറ്റ്‌മോസ്ഫെറിക് പായ്ക്കേജിംഗ് എന്നറിയപ്പെടുന്ന സാങ്കേതിക വിദ്യവഴി നൈട്രജെന്‍ ഫില്ലിംഗ് നടത്തി, കേടുപാടുകള്‍ ഇല്ലാതെ ഉല്പന്നം ഉപഭോക്താവില്‍ എത്തിക്കുകയാണ് കമ്പനികള്‍ ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.

കവര്‍ പൊട്ടിക്കുമ്പോള്‍ നൈട്രജനെ പേടിച്ച് മൂക്ക് പൊത്തേണ്ട കാര്യമൊന്നുമില്ല. നമ്മള്‍ ശ്വസിക്കുന്ന വായുവില്‍ 78 ശതമാനവും നൈട്രജന്‍ ആണ്. വെറും 21% മാത്രമാണ് ഓക്സിജന്‍. കൂടാതെ നൈട്രജന്‍ ഒരു  നിഷ്ക്രിയവാതകം(inert gas) കൂടിയാണ്. അതായത്, പുള്ളി എളുപ്പം രാസപ്രവര്‍ത്തനങ്ങളില്‍ ഒന്നും ഏര്‍പ്പെടുന്ന ടൈപ്പ് അല്ല. അങ്ങനെ, ഭക്ഷണത്തില്‍ രാസമാറ്റങ്ങള്‍ സംഭവിക്കുന്നില്ല, അതുകൊണ്ട്തന്നെ, മറ്റു കെമിക്കലുകള്‍ ചേര്‍ക്കുമ്പോള്‍ ഉണ്ടാവുന്നപോലുള്ള ആരോഗ്യപ്രശ്നങ്ങള്‍ ഇവിടെ ഉണ്ടാവുന്നുമില്ല.

ഇനി ചിപ്സ് വാങ്ങുമ്പോള്‍ വൃത്തിയായി പായ്ക്ക് ചെയ്തത് നോക്കി തന്നെ വാങ്ങുക. എന്നിരുന്നാലും, വറുത്തതും പൊരിച്ചതുമായ പായ്കറ്റ് ഭക്ഷണങ്ങള്‍ അധികമായാല്‍ ആരോഗ്യത്തിന് ഹാനികരം തന്നെയാണ്. :)