ഭാര്യയുടെ ജന്മദിനം (കഥ)

59

Sancheries – ഞാനെഴുതിയ കഥകൾ

ഭാര്യയുടെ ജന്മദിനം

ഇന്ന് എന്റെ ഭാര്യയുടെ ജന്മദിനമാണ്. വർഷങ്ങൾക്ക് മുൻപ് ആദ്യമായ് കണ്ടുമുട്ടിയപ്പോൾ ഞാൻ അറിഞ്ഞതേയില്ല, വളരെ നാളുകൾക്ക് ശേഷം ഇതുപോലൊരു ജന്മദിനത്തിൽ ഞങ്ങൾ ഒരുമിച്ചായിരിക്കുമെന്ന്. ആദ്യം കണ്ടപ്പോഴുള്ള കൗതുകം പ്രണയമായതും, പിന്നീട് ഞങ്ങൾ വിവാഹിതരായതും ഇന്നലെ കഴിഞ്ഞപോലെ. ഒരു ജന്മദിനത്തിൽ, വഴിയരുകിൽ കാത്തുനിന്ന്, ഒരു ചെറുപുഞ്ചിരിയിൽ ആശംസകൾ കൈമാറിയ ആ പ്രണയകാലം എത്ര പെട്ടന്നാണ് കടന്ന് പോയത്?. പാതിരാത്രിയിൽ, ആരോ പതുക്കെ സംസാരിക്കുന്ന സ്വരം കേട്ട് ഞങ്ങൾ എഴുന്നേറ്റു. സ്വന്തമായി തയ്യാറാക്കിയ മനോഹരമായ ഒരു പിറന്നാൾ കാർഡുമായി മകൾ, കൂടെ ഉറക്കം തൂങ്ങി മകൻ. രണ്ടു പേരും ഓടി വന്ന് അമ്മയെ കെട്ടിപിടിക്കുന്നത് കണ്ടപ്പോൾ, മനസ്സിൽ സുഖമുള്ളൊരു വിങ്ങൽ. ഈ വീടിനുള്ളിൽ സ്നേഹം നിറഞ്ഞു നിൽക്കുന്ന പോലെ തോന്നി. വേറൊരു രഹസ്യം കൂടിയുണ്ട്. മക്കൾ തന്നെ ഉണ്ടാക്കിയ ഒരു ചെറിയ കേക്ക്. അന്നുച്ചക്ക് പാട്ടുപാടി മുറിയ്ക്കാൻ. എനിക്ക് വലിയ സന്തോഷം തോന്നി. ഇത്രയും കാലം ഇതുപോലൊരു പിറന്നാൾ ഉണ്ടായിട്ടില്ല. മക്കൾ തിരിച്ചുപോയപ്പോൾ ഞങ്ങൾ വീണ്ടും കിടന്നു. പതിയെ മയങ്ങി.

ആകെ ഒരു മൂടലാണ്. മഞ്ഞ് കാലത്തെ പ്രഭാതം പോലെ. മുന്നോട്ട് നടന്നപ്പോൾ, പടികൾ കണ്ടു. തൂവെള്ള മാർബിൾ വിരിച്ച പടികൾ. ഉയരത്തിലേക്ക് കയറുന്ന ആ പടവുകളുടെ മുകളിൽ എന്താണെന്ന് മനസ്സിലാകുന്നില്ല. ഞാൻ പടികൾ കയറിത്തുടങ്ങി. കുറച്ചു കയറിയപ്പോൾ കണ്ടു, അങ്ങ് മുകളിൽ യൂറോപ്യൻ ശൈലിയിൽ പണിത അതിമനോഹരമായ ഒരു കൊട്ടാരം. ഞാൻ പടികൾ കയറിക്കൊണ്ടേയിരുന്നു. മുകളിലെത്തിയപ്പോൾ തിരിഞ്ഞു നോക്കി, താഴേക്ക് ഒന്നും കാണുന്നില്ല, അത്ര ഉയരം. കൊട്ടാരവും വാതിലുകളും, എല്ലാം മഞ്ഞു പോലുള്ള വെള്ള നിറം. ആ വലിയ വാതിൽ തുറക്കാൻ എനിക്ക് തീരെ പ്രയാസപ്പെടേണ്ടി വന്നില്ല, ഞാൻ തൊട്ടതേയുള്ളു. ശബ്ദമൊന്നും കേൾപ്പിക്കാതെ അത് തുറന്നു. അകത്ത് വെള്ളത്തൂണുകളാൽ ചുറ്റപ്പെട്ട പ്രകാശം നിറഞ്ഞ, വലിയ വിശാലമായ മുറി. അതിന്റെ മറുവശം കണ്ണെത്താത്ത ദൂരത്തേക്ക് പരന്ന് കിടക്കുന്നു. മുകളിലേക്ക് കയറിപ്പോകുന്ന വെള്ള പിരിയൻ ഗോവണികൾ. അതിലൂടെ മഞ്ഞു താഴേക്കൊഴുകിയിറങ്ങുന്നു. പക്ഷെ തണുപ്പൊന്നുമില്ല. സുഗന്ധം നിറഞ്ഞിരിക്കുന്നു. എനിക്ക് ഭാരമില്ലായ്മ തോന്നി. ഇത് സ്വർഗ്ഗമല്ലേ? ഒരു പൊട്ടിച്ചിരി കേട്ട് ഞാൻ തിരിഞ്ഞു നോക്കി. അവിടെ ഒരു വലിയ വെള്ള സിംഹാസനത്തിൽ ദൈവമിരിക്കുന്നു. പ്രകാശം വമിക്കുന്ന വെള്ള കുപ്പായമണിഞ്ഞ, നീണ്ട വെള്ള താടിയും മുടിയും ആരെയും മയക്കുന്ന ചിരിയുമായ്, ദൈവം.

ഞാൻ ചുറ്റും നോക്കി. വേറെ ആരുമില്ല. നിശബ്ദം. ദൈവം ഒറ്റക്കാണോ? ദൈവത്തിന് ബോറടിക്കില്ലേ? ഇനിയിപ്പോ അത് ചോദിച്ചാൽ അദ്ദേഹം കോപിക്കുമോ ? എന്റെയുള്ളിൽ ഒരായിരം സംശയങ്ങൾ ഉയർന്നു. ദൈവം പിന്നെയും പൊട്ടിച്ചിരിച്ചു. “എനിക്ക് കോപമില്ല, നിനക്ക് എന്ത് വേണമെങ്കിലും ചോദിക്കാം”, ഞാൻ ചിന്തിച്ചത് പോലും അറിയുന്നല്ലോ, ഇനി ശ്രദ്ധിക്കണം, ദൈവത്തിനിഷ്ടമില്ലാത്തത് മനസ്സിൽ പോലും വരരുത്. എന്നാലും ഒരുപാട് ചോദ്യങ്ങളുണ്ട്. ഒരു സ്വരം എന്നെ ചിന്തയിൽ നിന്നുണർത്തി, “നീ ധൈര്യമായി ചോദിക്കൂ, നിന്റെ ചോദ്യങ്ങളെല്ലാം എനിക്കറിയാം, കാരണം ആ ചോദ്യങ്ങൾ നിന്നിൽ നിറച്ചത് ഞാനാണ്. പക്ഷെ നീ തന്നെ ചോദിക്കണം” ദൈവം സിംഹാസനത്തിൽ ഒന്നിളകിയിരുന്നു.

ഞാൻ: ഇതെന്താ ഇവിടം മുഴുവൻ വെള്ള നിറം? വേറെ നല്ല നിറമൊന്നുമില്ലേ?
ദൈവം: ആര് പറഞ്ഞു ഇവിടം മുഴുവൻ വെള്ളയാണെന്ന് ? നിനക്ക് ഏതു നിറമാണിഷ്ടം ?
ഞാൻ: ഇളം നീല അല്ലെങ്കിൽ ഇളം പച്ച.
ദൈവം: നീ ഒന്ന് ചുറ്റും നോക്കൂ, ഇവിടെ വെള്ള നിറമില്ല.
ഞാൻ ചുറ്റും നോക്കി. ആശ്ചര്യം തന്നെ. മുൻപ് കണ്ടതെല്ലാം ഇളം നീല, ഒന്ന് കണ്ണ് ചിമ്മി നോക്കിയപ്പോൾ ഇളം പച്ച. അപ്പൊ ഞാൻ കണ്ട വെള്ള എവിടെപ്പോയി? സ്വർഗ്ഗമല്ലേ, ഇവിടെ ഇങ്ങനെ പല മാജിക്കും കാണുമായിരിക്കും. ഞാൻ ദൈവത്തെ നോക്കി, ഇളം നീല കുപ്പായം, മുടിയും താടിയും ഇളം പച്ച. എനിക്ക് ചിരി വന്നു. മുടിക്കും താടിക്കും വെള്ള തന്നെയാണ് നല്ലത്. പെട്ടന്ന് മുടിയും താടിയും വെള്ളയായി.
ഞാൻ: ഈ നിശബ്‍ദതയിൽ ഒറ്റക്കിരിക്കാൻ ബോറടിക്കില്ലേ?
ദൈവം: ആര് പറഞ്ഞു ഞാൻ ഒറ്റക്കാണെന്ന്? ഒന്ന് ചുറ്റും നോക്കൂ.

ചെവി പെട്ടന്ന് തുറന്നത് പോലെ, സംഗീതം കേട്ടു. ഞാൻ ചുറ്റും നോക്കി, വലിയ സദസ്സ്. എന്റെ തൊട്ടടുത്ത് ആയിരത്തോളം പേർ നിരന്നു നിന്ന് മനോഹരമായി പാടുന്നു. മറുഭാഗത്ത് വയലിൻ പോലുള്ള സംഗീതഉപകരണങ്ങളുമായി കുറേപേർ. എല്ലാവരും മതിമറന്ന് പാടുകയാണ്. ഇളം നീലയും ഇളംപച്ചയും വേഷങ്ങളണിഞ്ഞ്. ആ പാട്ടുകളെല്ലാം ഞാൻ മുൻപ് കേട്ടിട്ടുണ്ട്. എന്നാലും ഇത് വലിയ അത്ഭുതം തന്നെ. ഇതൊന്നും ഇവിടെ ഉണ്ടായിരുന്നില്ലെന്ന് എനിക്കുറപ്പാണ്.
ഞാൻ: എന്നെ പറ്റിക്കുകയാണല്ലേ, ഇതെല്ലാം വെറും തോന്നലാണ്.
പെട്ടന്ന് എല്ലാം മാഞ്ഞു പോയി. ഞാൻ ഒരു തുറന്ന ഭൂമിയിൽ നിൽക്കുന്നു. ചുറ്റും ഒന്നുമില്ല. ഞാൻ മാത്രം. സൗമ്യമായ ഒരു സ്വരം അന്തരീക്ഷത്തിലൂടെ ഒഴുകി വന്നു.

“നീ കണ്ടതെല്ലാം സത്യമാണ്. കാരണം, അതെല്ലാം നീയാണുണ്ടാക്കിയത്. നിന്റെ ചിന്തകൾ. ഓർമ്മയുറയ്ക്കുന്ന കാലം മുതൽ നീ മനസ്സിലാക്കിയ, നിന്റെ സ്വർഗ്ഗമാണ് നീ കണ്ടത്. നീ എന്നെയാണ് അന്വേഷിക്കുന്നതെങ്കിൽ, ഞാൻ നിന്നിലുണ്ടെന്ന് തിരിച്ചറിയൂ. താടിയും മുടിയും നീട്ടി വളർത്തിയ എന്നെ തേടിയാൽ നിനക്ക് അങ്ങനെയേ കാണാനാകൂ. നിന്നിലെ സ്നേഹമാണ് ഞാൻ. നിന്നിലെ സംഗീതമാണ് ഞാൻ, നീയാണ് ഞാൻ. ഏതു പ്രതിസന്ധിയിലും നിനക്ക് തുണയായി ഞാനുണ്ട്. ഒരു കായികതാരം കഠിനമായി പരിശീലിക്കുന്നത് പോലെ, നീ പ്രാർത്ഥിക്കുക, നിന്നിലെ എന്നെ ശക്തിപ്പെടുത്താൻ. എന്നും നീയെന്റെ പ്രിയപ്പെട്ടവൻ” ആ സ്വരം അനന്തതയിലേക്ക് അകന്നു പോയി.

ഞാൻ കണ്ണ് തുറന്നു. ജാലകങ്ങൾ മൂടിയ ഇളം പച്ച തിരശ്ശീലകൾക്കിടയിലൂടെ പ്രഭാതത്തിന്റെ കിരണങ്ങൾ ഭിത്തികളെ തഴുകുന്നു. ഇളം നീല ഭിത്തികൾ. ഞാൻ പതിയെ എഴുന്നേറ്റു. അടുത്ത് സമാധാനമായി ഉറങ്ങിക്കിടക്കുന്ന ഭാര്യ. ഞാനവളെ കുറച്ചു നേരം നോക്കിയിരുന്നു. അനേകം കോടി ജനങ്ങളിൽ നിന്ന് എന്റെ എല്ലാമെല്ലാമാകാൻ തിരഞ്ഞെടുക്കപ്പെട്ടവൾ. ഈ ചേർത്തുവെയ്‌ക്കൽ ആരാണ് നടത്തുന്നത്? ഒരുപക്ഷെ, ദൈവമെന്ന ഒരു വലിയ ശക്തിയുടെ ശതകോടി ഊർജ്ജകണങ്ങളിൽ ഒന്നായിരിക്കും ഞാൻ. മറ്റൊന്ന് അവളും. ദൈവം വസിക്കുന്നയിടമാണ് സ്വർഗ്ഗം. ഞാൻ ചെവിയോർത്തു, സ്വർഗ്ഗത്തിന്റെ സംഗീതം കേൾക്കുന്നുണ്ടോ? ഒരു മൃദുചുംബനം ആ കവിളിൽ നൽകി, ശബ്ദമുണ്ടാക്കാതെ, എന്റെ സ്വർഗ്ഗത്തിലെ സ്വീകരണമുറിയിലേക്ക് ഞാൻ നടന്നു. അടുത്ത മുറിയിൽ രണ്ട് കുഞ്ഞു ദൈവങ്ങൾ ഉറക്കത്തിലാണ്.