എത്ര ഭാരമുള്ള കല്ലുകളും മുകളിലേക്ക് കൊണ്ടു പോകാൻ കഴിഞ്ഞ അന്നത്തെ ആ സാങ്കേതിക വിദ്യ എന്തായിരുന്നു ?

0
181

Wilfred Raj David എഴുതിയത്

എങ്ങനെ?
ദക്ഷിണേന്ത്യൻ ക്ഷേത്ര നിർമ്മാണ പാരമ്പര്യം അതിന്റെ പൂർണതയിൽ എത്തിയത് തഞ്ചാവൂർ ബൃഹദേശ്വര ക്ഷേത്രം പണി കഴിപ്പിച്ചതോടെയാണ്. രണ്ടാം ചോഴ സാമ്രാജ്യത്തിലെ ഏറ്റവും പ്രബലനായ രാജരാജ ചോഴൻ്റെ കാലത്താണ് (984-1010 AD) ഈ ക്ഷേത്രം പണി കഴിപ്പിക്കപ്പെട്ടത്. കൃത്യമായി AD 1000ലാണ് ഇത് പൂർത്തിയായതെന്ന് കരുതപ്പെടുന്നു. കാവേരി നദിയുടെ തീരത്ത് പണികഴിക്കപ്പെട്ട ഒരു ശിവക്ഷേത്രമാണ് ബൃഹദേശ്വര ക്ഷേത്രം. പിൽക്കാലത്ത് പണി കഴിപ്പിക്കപ്പെട്ട പല ദക്ഷിണേന്ത്യൻ ക്ഷേത്രങ്ങളും ഈ ക്ഷേത്രത്തിൻ്റെ മാതൃകയെ അടിസ്ഥാനമാക്കിയവയാണ്. ദ്രാവിഡ ശിൽപ്പകലാ പാരമ്പര്യം പറയുമ്പോൾ ബൃഹദേശ്വര ക്ഷേത്രത്തെ പരാമർശിച്ചില്ലെങ്കിൽ അത് പൂർണമാകില്ല.

Brihadeeswarar Temple|| Thanjavur Tourismവിപുലമായ വാസ്തുവിദ്യയാണ് ഈ ക്ഷേത്രത്തിൻ്റെ മുഖ്യ ആകർഷണം. കരിങ്കല്ലിൽ തീർത്ത ഈ കൂറ്റൻ നിർമ്മിതി ആകെ 241 മീറ്റർ നീളവും 122 മീറ്റർ വീതിയുമുള്ള ഒരു ക്ഷേത്ര പരിസരമാണ്. ബൃഹദേശ്വര ക്ഷേത്രത്തിൻ്റെ മുഖ്യ ആകർഷണം ഇതിൻ്റെ വിമാനമാണ്. ശ്രീകോവിലിൻ്റെ (ഗർഭഗൃഹത്തിൻ്റെ) മുകളിൽ ഉള്ള ഗോപുരത്തിനെയാണ് വിമാനം എന്ന് പറയുന്നത്. ഈ ക്ഷേത്രത്തിൻ്റെ വിമാനം പതിനാറ് നിലകളുള്ള കൂറ്റൻ ഗോപുരമാണ്. ശ്രീകോവിലിൽ നിന്ന് മുകളിലേക്ക് നോക്കിയാൽ സമചതുരാകൃതിയിലാണ് ഇതിൻ്റെ ഉൾവശം.

തഞ്ചാവൂർ ക്ഷേത്രത്തിലെ വിമാനത്തിൻ്റെ ആകെ ഉയരം 63.4 മീറ്ററാണ്. പതിനാറ് നിലകൾക്ക് മുകളിൽ 80 മെട്രിക് ടൺ ഭാരമുള്ള ഒരു കരിങ്കൽ പീഠമുണ്ട്. അഷ്ഠഭുജാകൃതിയിലുള്ള (octagonal) ഈ പീഠത്തിന് മുകളിൽ 25 മെട്രിക് ടൺ ഭാരമുള്ള കരിങ്കല്ലിൽ തീർത്ത ഒരു താഴികക്കുടം (dome) പണിതിരിക്കുന്നു.

ഇത്രയും ഭാരമുള്ള രണ്ട് കല്ലുകൾ എങ്ങനെയാണ് വിമാനത്തിന് മുകളിൽ എത്തിച്ചത്? ഇവിടെ പഠനം നടത്തിയ പാശ്ചാത്യ ചരിത്രകാരന്മാരെ ആദ്യ കാലത്ത് കുഴക്കിയ ഒരു ചോദ്യമായിരുന്നു, ഇത്. എന്നാൽ ഇരുപതാം നൂറ്റാണ്ടിൽ ഈജിപ്തിലെ പിരമിഡുകളിൽ നടത്തിയ പഠനങ്ങൾ ഇക്കാര്യത്തിൽ പുതിയ വെളിച്ചം പകർന്നു തന്നു. പിരമിഡുകളിലെ ചിത്രങ്ങളുടെയും അവയുടെ പരിസരത്തെ മറ്റു തെളിവുകളുടെയും അടിസ്ഥാനത്തിൽ, അവർ ഭാരമുള്ള കല്ലുകൾ ഉയർത്താൻ ഉപയോഗിച്ച സാങ്കേതിക വിദ്യയെപ്പറ്റി അറിവ് ലഭിച്ചു. നാലായിരം കൊല്ലം മുമ്പ് പണികഴിപ്പിക്കപ്പെട്ട പിരമിഡുകളിൽ ഓരോന്നിലും ഏകദേശം 23 ലക്ഷം കല്ലുകളാണ് ഒന്നിനു മുകളിൽ ഒന്നായി ഉയർത്തി വച്ചിരിക്കുന്നത്. ഓരോന്നിനും ഏകദേശം ആറ് മെട്രിക് ടൺ ഭാരമുണ്ട്. നൂറ്റമ്പത് മീറ്ററിനടുപ്പിച്ച് ഉയരമുള്ള പിരമിഡുകളുണ്ട്.

നിർമ്മാണം പുരോഗമിക്കുന്നതിനനുസരിച്ച് മണ്ണുകൊണ്ട് നിർമ്മിതിയുടെ വശങ്ങളിൽ പരന്ന പ്രതലം നിർമ്മിക്കുന്ന Straight Ramp എന്ന സിവിൽ എഞ്ചിനീയറിംഗ് സാങ്കേതിക വിദ്യയാണ് ഈജിപ്തിൽ പിരമിഡുകൾ നിർമ്മിക്കാൻ ഉപയോഗിച്ചിരിക്കുന്നത്. കഴിയുന്നിടത്തോളം ദൂരത്തിൽ മണ്ണ് നിക്ഷേപിച്ച് പ്രതലത്തിൻ്റെ ചരിവ് കുറയ്ക്കുന്നു. ഈ ചരിഞ്ഞ പ്രതലത്തിലൂടെ ചക്രങ്ങളുടെയും മൃഗങ്ങളുടെയും സഹായത്തോടെ ഭാരമുള്ള കല്ലുകൾ മുന്നോട്ടു നീക്കി നിർമ്മിതിയുടെ ഏറ്റവും മുകളിൽ എത്തിക്കുന്നു. ഓരോ ഘട്ടം പുരോഗമിക്കുമ്പോഴും മൺതിട്ടയുടെ ഉയരവും നീളവും വർദ്ധിച്ചു വരുന്നു. മൺതിട്ടയിലൂടെ (ramp) ഓരോ ഘട്ടത്തിലും ഭാരമുള്ള കല്ലുകളും മൃഗങ്ങളും മുകളിലേക്കും താഴേക്കും പോകുന്നത് കൊണ്ട് അതിന് നല്ല ഉറപ്പുണ്ടാകും.

എത്ര ഭാരമുള്ള കല്ലുകളും ഈ സാങ്കേതിക വിദ്യ ഉപയോഗിച്ച് മുകളിലേക്ക് കൊണ്ടു പോകാൻ കഴിയും. നിർമ്മാണം പൂർത്തിയായാൽ ഈ മൺതിട്ട ശ്രദ്ധാപൂർവ്വം നീക്കം ചെയ്യുന്നു. വളരെ വൈദഗ്ധ്യവും ശ്രദ്ധയും വേണ്ട ഒരു നിർമ്മാണ രീതിയാണ് ഇത്. ഇന്ത്യയുടെ പല ഭാഗങ്ങളിലും ഉയരമുള്ള ക്ഷേത്രങ്ങൾ നിർമ്മിക്കാൻ ഈ രീതി ഉപയോഗിച്ചിരിക്കാമെന്ന് അനുമാനിക്കുന്നു. ഈജിപ്തിൽ നിന്ന് ഈ സാങ്കേതിക വിദ്യ ഇന്ത്യയിൽ വന്നതാണോ, അതോ സഹസ്രാബ്ദങ്ങൾക്ക് ശേഷം ഇത് നമ്മുടെ നാട്ടിൽ പുനർജനിച്ചതാണോയെന്നത് ഇപ്പോഴും അജ്ഞാതമായി തുടരുന്നു.

അനുബന്ധം

(ഈ ക്ഷേത്രത്തിന്റെ മറ്റൊരു പ്രത്യേകതയെന്തെന്നാൽ ഇതിനു ബേസ്മെന്റ് സ്ട്രക്ച്ചർ ഇല്ല. നിരത്തിയ തറയിൽ ആണ് വെച്ചിരിക്കുന്നത്. പിന്നെ ചുണ്ണാമ്പോ സിമന്റ്‌ ഓ ഒന്നും ഉപയോഗിക്കാതെ puzzle technique ആണ് use ചെയ്തിരിക്കുന്നത്…. മറ്റൊന്ന് red granite stone ഈ ക്ഷേത്രത്തിനു അടുത്തെങ്ങും കിട്ടാനില്ല പക്ഷെ ക്ഷേത്രത്തിൽ പണിയാൻ കൂടുതലായും ഉപയോഗിച്ചിരിക്കുന്നത് ആ കല്ലാണ്…. Unesco പൈതൃക പട്ടികയിൽ ഉള്ള ഒരു ശ്രെഷ്ഠമായ സൃഷ്ടിയാണ് തഞ്ചവൂർ പെരിയ കോയിൽ…. അഥവാ ബ്രിഗദീശ്വര ക്ഷേത്രം )