Wilfred Raj David എഴുതുന്നു 

1944ൽ, രണ്ടാം ലോക മഹായുദ്ധകാലത്ത് ജപ്പാൻ ഇന്ത്യയെ ആക്രമിച്ചിരുന്നു. ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യൻ മണ്ണിൽ ഒരു വിദേശ ശക്തി നടത്തിയ ഒരേയൊരു പടയോട്ടം എന്ന നിലയിൽ ഇതിന് ചരിത്രത്തിൽ വലിയ പ്രാധാന്യമാണുള്ളത്. അതിനെക്കാളുപരി, യുദ്ധത്തിൽ ജപ്പാന് ആദ്യമായി തിരിച്ചടി ലഭിച്ചത് ഇവിടെയാണ്. ഇന്ത്യൻ പട്ടാളത്തിൻ്റെ ചരിത്രത്തിൽ അതിനുള്ള പ്രാധാന്യം വഴിയേ പറയാം.

Wilfred Raj David

1943ൽ സിംഗപ്പൂർ കീഴടക്കിക്കൊണ്ട് ജപ്പാൻ ബ്രിട്ടനെ ഞെട്ടിച്ചു. തുടർന്ന് മലേഷ്യൻ ഉപദ്വീപ് മുഴുവനും ജപ്പാൻ്റെ പിടിയിലായി. എന്താണ് സംഭവിക്കുന്നതെന്ന് ബ്രിട്ടൻ ശരിക്കും മനസ്സിലാക്കുന്നതിനു മുമ്പേ ബർമ്മയും (മ്യാൻമാർ) വീണു. മുമ്പേ തന്നെ ചൈനയുടെ ഒരു ഭാഗം കൈവശപ്പെടുത്തിയ ജപ്പാൻ ഇതോടെ ബ്രിട്ടനെയും സഖ്യകക്ഷികളെയും വിറപ്പിച്ചു. സിംഗപ്പൂരിൻ്റെ വീഴ്ചയ്ക്ക് ശേഷം, നേതാജി സുഭാസ് ചന്ദ്രബോസിൻ്റെ INAയും ജപ്പാൻ്റെ സൈന്യത്തോടൊപ്പം ഉണ്ടായിരുന്നു. ആൻഡമാൻ നിക്കോബാർ ദ്വീപുകൾ പിടിച്ചെടുത്ത ജപ്പാൻ അതിന്റെ നിയന്ത്രണം INAയ്ക്ക് കൂടെ പങ്കാളിത്തമുള്ള ഒരു
സമിതിയെ ഏൽപ്പിച്ചു. കീഴടങ്ങിയ ബ്രിട്ടീഷ് സൈന്യത്തിൽ നിന്ന് പന്ത്രണ്ടായിരത്തോളം ഇന്ത്യക്കാരെ INAയിൽ ചേർത്തു..

ഈ പ്രദേശങ്ങൾ തിരികെ പിടിക്കാൻ ബ്രിട്ടൻ പ്രത്യാക്രമണം അഴിച്ചു വിടാൻ സാധ്യതയുണ്ടെന്ന് മനസ്സിലാക്കിയ ജപ്പാൻ, ബ്രിട്ടീഷ് സപ്ലൈ ലൈൻ തകർക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് നാഗാലാണ്ട് ആക്രമിച്ചത്. ഇന്ന് നാഗാലാണ്ടിൻ്റെ തലസ്ഥാനമായ കൊഹിമ, തുടർന്ന് ഇന്ത്യയിലേക്ക് കടക്കാൻ ഏറ്റവും മികച്ച പാതയാണെന്ന് ജപ്പാൻ മനസ്സിലാക്കി. ഇംഫാൽ (ഇന്നത്തെ മണിപ്പൂരിൻ്റെ തലസ്ഥാനം) വഴി അന്ന് ഇന്ത്യയുടെ ഭാഗമായിരുന്ന ഇന്നത്തെ ബംഗ്ലാദേശിൽ കടക്കാം എന്നായിരുന്നു അവരുടെ കണക്കുകൂട്ടൽ.

ജപ്പാൻ്റെ ഭീഷണി പടിവാതിൽക്കലെത്തിയിട്ടും ഈ പ്രദേശത്തിൻ്റെ തന്ത്രപരമായ പ്രാധാന്യം മനസ്സിലാക്കി വേണ്ടത്ര മുൻകരുതലെടുക്കാൻ ബ്രിട്ടന് കഴിഞ്ഞില്ല.

ഇന്ത്യൻ മണ്ണിൻ്റെ ഏകദേശം നൂറു കിലോമീറ്റർ ഉള്ളിലേക്ക് ജപ്പാൻ മിന്നൽ വേഗത്തിൽ പാഞ്ഞുകയറി. കാര്യമായ എതിർപ്പ് നേരിടാതെ അവർ കൊഹിമയിലെത്തി. ലെഫ്റ്റനൻ്റ് ജനറൽ കോടൊക്കു സാട്ടോ (Kōtoku Satō)യുടെ നേതൃത്വത്തിലുള്ള ജാപ്പനീസ് സൈന്യം കൊഹിമയിലെ ഡപ്യൂട്ടി കമ്മീഷണറുടെ ഓഫീസിൻ്റെ ടെന്നീസ് കോർട്ട് പിടിച്ചെടുത്തു.

കൊഹിമ അക്രമിക്കാൻ സോട്ടോ തെരഞ്ഞെടുത്തത് ഫാൻസി നമ്പരുള്ള ഒരു തിയതി ആയിരുന്നു – 04.04.44. (1944 ഏപ്രിൽ 4).

കൊഹിമയിൽ ജപ്പാൻ നിലയുറപ്പിച്ചതോടെ ദിമാപ്പൂരിലെ ബ്രിട്ടീഷ് ക്യാമ്പിലേക്കുള്ള സപ്ലൈ ലൈൻ താറുമാറായി. അങ്ങനെ അക്ഷരാർഥത്തിൽ ദിമാപൂർ ഉപരോധത്തിലായി (seige).

കൊഹിമ വീണാൽ അത് സഖ്യകക്ഷികളുടെ (Allied Forces) അന്ത്യമായിരിക്കുമെന്ന് കരുതപ്പെട്ടു. എന്നാൽ ഈ നീക്കം പൊളിയുമെന്ന് ഏറ്റവും നന്നായി അറിയാവുന്ന ഒരാളുണ്ടായിരുന്നു; ജാപ്പനീസ് കമാൻഡർ കോടകു സാട്ടോ. 1938ൽ ഒരു കുന്നിൻ്റെ നിയന്ത്രണത്തെച്ചൊല്ലിയുണ്ടായ കശപിശയിൽ സോവിയറ്റ് യൂണിയനെ മുട്ടുകുത്തിച്ച് ജപ്പാൻ്റെ ഹീറോ ആയ സാട്ടോ, ഈ യുദ്ധത്തിൽ തനിക്ക് വേണ്ടത്ര പരിഗണന കിട്ടാത്തതിൽ അസ്വസ്ഥനായിരുന്നു. കൊഹിമ ഉപരോധിച്ച സമയത്ത് ജപ്പാനിൽ നിന്ന് ലഭിച്ച പല ടെലഗ്രാം സന്ദേശങ്ങൾക്കും ധിക്കാരപൂർവ്വം സാട്ടോ നൽകിയ മറുപടികൾ സൈനിക ചരിത്രത്തിൻ്റെ ഏടുകളിലെ തമാശകളാണ്.

ബ്രിട്ടൻ തിരിച്ചടിക്കുന്നു

വേണ്ടത്ര സൈനിക ശേഷി സംഭരിക്കാൻ ബ്രിട്ടന് ഏകദേശം ഒരു മാസം വേണ്ടിവന്നു. ബ്രിട്ടീഷ് കോളനികളിൽ നിന്നുള്ള സൈന്യവും (The Commonwealth Army), ഇന്ത്യൻ സൈനികരടങ്ങുന്ന ബ്രിട്ടീഷ് ഇന്ത്യൻ സൈന്യവും എത്തിച്ചേർന്നതോടെ ജാപ്പനീസ് ക്യാമ്പിലേക്ക് ആക്രമണം ആരംഭിച്ചു.

മെയ് നാലിന് നടത്തിയ ആക്രമണം ജപ്പാൻ തുരത്തി. എങ്കിലും തുടർച്ചയായ ഷെല്ലാക്രമണത്തിൽ ജപ്പാൻ്റെ അടിതെറ്റി. പതിനൊന്നാം തിയതിയോടെ കൊഹിമയുടെ ചുറ്റുമുള്ള ചില ഗ്രാമങ്ങളിൽ നിലയുറപ്പിക്കാൻബ്രിട്ടന് കഴിഞ്ഞു. മെയ് പതിമൂന്നോടെ അവർ ഒരു ടാങ്കുമായി കൊഹിമ കുന്നുകളിലേക്ക് കയറിപ്പറ്റി. ജപ്പാൻ്റെ ട്രഞ്ചുകളും ബങ്കുകളും കനത്ത വെടിവയ്പ്പിൽ തകർന്നു. ടെന്നീസ് കോർട്ടും ഡപ്യൂട്ടി കമ്മീഷണറുടെ ബംഗ്ലാവുമൊക്കെ പ്രേതഭൂമിയായി.

എലികളും ഈച്ചയും നിറഞ്ഞ അന്തരീക്ഷത്തിലാണ് ജാപ്പനീസ് സൈന്യം ഇത്രയും നാൾ ക്യാമ്പ് ചെയ്തത് എന്ന വസ്തുത ബ്രിട്ടീഷ് സൈനികരെ അമ്പരപ്പിച്ചു. മരിച്ചു വീഴുന്ന പട്ടാളക്കാരെ വേണ്ടത്ര ആഴത്തിലല്ലാതെ കുഴിച്ചിട്ടത് പലയിടത്തും പകുതി മണ്ണിനു മുകളിൽ ആയ നിലയിലായിരുന്നു.

കൊഹിമയിൽ നിന്ന് പിന്മാറിയ ജാപ്പനീസ് സൈന്യം ഒരു ഗ്രാമം പിടിച്ചെടുത്തു. Aradura Spur എന്ന നാഗാ ഗ്രാമം വീണ്ടെടുക്കാൻ ബ്രിട്ടീഷ് സൈന്യത്തിന് രണ്ടാഴ്ച വേണ്ടി വന്നു. കൊഹിമയ്ക്ക് വേണ്ടി നടത്തിയതിനെക്കാൾ രൂക്ഷമായ പോരാട്ടമാണ് ഇവിടെ നടന്നത്. രണ്ടു വശത്തും ധാരാളം പടയാളികൾ മരണമടഞ്ഞു.

ജപ്പാൻ്റെ കൈയ്യിൽ സപ്ലൈ കുറഞ്ഞു വന്നു. അവർ ഒരു ബ്രിട്ടീഷ് ഗോഡൗൺ പിടിച്ചെടുത്തു.
‘മൂന്നു വർഷത്തേക്ക്’ വേണ്ടത്ര ആഹാരം അവിടെയുണ്ടെന്ന് അവർ കരുതി. എന്നാൽ ബ്രിട്ടീഷുകാർ ഇതിനെ ബോംബിട്ട് തകർത്തുകളഞ്ഞു. ഒരു ഘട്ടത്തിൽ, ജപ്പാനിൽ നിന്നുള്ള ഉത്തരവുകൾ ലംഘിച്ച് ട്രൂപ്പിനെ പിൻവലിക്കുന്ന കാര്യം പോലും സാട്ടോ ചിന്തിച്ചിരുന്നു. ഒടുവിൽ മെയ് 31ന്, ജപ്പാൻ്റെ ചരിത്രത്തിലാദ്യമായി മേലധികാരികളുടെ ഉത്തരവ് ലംഘിച്ച് സാട്ടോ ആ ഗ്രാമത്തിൽ നിന്ന് പിന്മാറി.

പിന്നീട് ജപ്പാൻ മണിപ്പൂർ വഴി ബർമ്മയിൽ നിന്നും ആൻഡമാൻ ദ്വീപുകളിൽ നിന്നും പിന്മാറി.

പ്രാദേശിക വികാരം

ഈ യുദ്ധത്തിൽ നാഗന്മാരുടെ പിന്തുണ ആർക്കായിരുന്നു? ഉത്തരം വിഷമകരമാണ്. തങ്ങളുടെ ‘ദേശീയതയെ’ തച്ചുടച്ച ബ്രിട്ടീഷുകാർ യുദ്ധത്തിൽ തോൽക്കണമെന്ന് ഭൂരിപക്ഷം നാഗന്മാരുംം ആഗ്രഹിച്ചിരുന്നതായി അവരുടെ പിന്മുറക്കാർ സാക്ഷിക്കുന്നു. എന്നാൽ, കീഴടക്കുന്ന രാജ്യങ്ങളിൽ ജപ്പാൻ്റെ ‘ട്രാക്ക് റെക്കോർഡ്’ അത്ര നല്ലതല്ലാത്തതിനാൽ അവരെ ഭീഷണിയായി കണ്ടവരും കുറവല്ല.

‘എങ്കിൽ’

ചരിത്രത്തിൽ ‘എങ്കിൽ’,’എന്നാൽ’ എന്നീ വാക്കുകൾ ഇല്ല എന്ന് പറയാറുണ്ട് (There are no’ifs’ and ‘buts’ in history). എങ്കിലും 1944ലെ കൊഹിമ ആക്രമണത്തിൽ ജപ്പാൻ ജയിക്കുകയും തുടർന്ന് ഇന്ത്യ ജപ്പാൻ്റെ കൈയ്യിൽ ആവുകയും ചെയ്താൽ എന്ത് സംഭവിക്കുമായിരുന്നു? (ഒരു ‘എങ്കിൽ’ കൂടെയുണ്ട് -അമേരിക്ക ജപ്പാനിൽ അണുബോംബ് ഉപയോഗിക്കാതിരിക്കയും ചെയ്താൽ).

അത്തരമൊരു സാഹചര്യത്തിൽ ജപ്പാൻ്റെ സഹായത്തോടെ നേതാജി സുഭാസ് ചന്ദ്രബോസ് ഇന്ത്യയുടെ ഭരണാധികാരി ആകുമായിരുന്നു എന്നാണ് ഒരു ഉത്തരം. എന്നാൽ അത് അത്ര സരളമായ ഒരു കണക്കുകൂട്ടലല്ല.

1910ൽ തുടങ്ങി ജപ്പാൻ ഏഷ്യയിൽ മഞ്ചൂറിയ (മംഗോളിയ), കൊറിയ ചൈനയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങൾ കീഴടക്കി അവയെ കോളനികളായി മാറ്റി. യൂറോപ്യൻ രാജ്യങ്ങളുടെ മാതൃകയിൽ ഒരു കൊളോണിയൽ ശക്തിയായി ഉയരുക എന്നതായിരുന്നു അവരുടെ അഭിലാഷം. ഹിരോഹിതോ ചക്രവർത്തിയെ പാവയാക്കി ഭരിച്ച ഹിദേകെ ടോജോ (Hideke Tojo) എന്ന ഏകാധിപതിയായ സൈന്യത്തലവൻ ജാപ്പനീസ് വംശ മഹിമയിലും മറ്റു രാജ്യങ്ങളെ ഭരിക്കാൻ ജപ്പാനുള്ള അവകാശത്തിലും വിശ്വസിച്ചിരുന്നു. ഇതിനെക്കാളല്ലാമുപരി ചൈനയിലും മഞ്ചൂറിയയിലും കൊറിയയിലുമൊക്കെ വൻതോതിൽ ജാപ്പനീസ് സൈനികർ നടത്തിയ മനുഷ്യാവകാശ ലംഘനങ്ങൾ ചരിത്രത്തിലെ കറുത്ത അദ്ധ്യായങ്ങളാണ്. ഈ രാജ്യങ്ങളിലെ സ്ത്രീകളെ ലൈംഗിക അടിമകളാക്കിയ ജാപ്പനീസ് സൈനികർക്ക് പിറന്ന കുട്ടികളുടെ തലമുറകൾ ഇന്നും നിന്ദ അനുഭവിക്കുന്നു. ഈ പശ്ചാത്തലത്തിൽ ജപ്പാൻ്റെ വിജയം അനഭിലഷണീയമായിരുന്നു എന്ന് കരുതുന്നവരും ഉണ്ട്.

വാർ സെമിത്തേരി

യുദ്ധത്തിൽ കൊല്ലപ്പെട്ട ‘കോമൺവെൽത്ത്’ (ബ്രിട്ടീഷ് കോളനികളുടെ) സൈനികരുടെ മൃതദേഹങ്ങളാണ് ഇവിടെ മറവുചെയ്തിരിക്കുന്നത്. ഇത് ബ്രിട്ടീഷ് ചരിത്രത്തിലെ വളരെയധികം പ്രാധാന്യം അർഹിക്കുന്ന അഞ്ച് യുദ്ധ സെമിത്തേരികളിൽ ഒന്നായി കരുതപ്പെടുന്നു. 2500ഓളം സൈനികരാണ് ഇവിടെ അന്ത്യവിശ്രമം കൊള്ളുന്നത്. ഇതിൽ 1400ലധികം പേർ ഇന്ത്യക്കാരും മറ്റു ബ്രിട്ടീഷ് കോളനികളിലെ ആളുകളുമായ കൃസ്ത്യാനികൾ ആണ്. ഇവരുടെ ശവക്കല്ലറകൾ ഇവിടെയുണ്ട്. ഒരു ചെറിയ സംഖ്യ മുസ്ലിം പടയാളികളുടെ പേരുകളും ഫലകങ്ങളിൽ ഉണ്ട്. ഇവരുടെ അന്ത്യവിശ്രമ സ്ഥലം നിശ്ചയമില്ല. 975പേർ ഹിന്ദുക്കളും സിഖുകാരുമാണ്. ഇവരെ അവരുടെ മതാചാരപ്രകാരം ദഹിപ്പിച്ചു. അവരുടെ പേരുകൾ കൊത്തിയ രണ്ടാമതൊരു സ്മാരകവും ഉണ്ട്.

ബ്രിട്ടീഷ് സൈന്യത്തിന്റെ രണ്ടാം ഡിവിഷനിലെ സൈനികരുടെ സ്മാരകത്തിലെ ഓർമ്മ വാക്യം,
“When you go home tell them of us and say for your tomorrow we gave our today” എന്നാണ്. (നിങ്ങൾ വീടുകളിലേക്ക് മടങ്ങുമ്പോൾ അവരോട് പറയുക, നിങ്ങളുടെ നാളെക്ക് വേണ്ടി ഞങ്ങൾ ഞങ്ങളുടെ ഇന്ന് നൽകി).

John Maxwell Edmonds (1875–1958) എന്ന ഇംഗ്ലീഷ് കവി, BC 480ലെ സ്പാർട്ടൻ യുദ്ധത്തിൻ്റെ ഗ്രീക്ക് ചരിത്രത്തിൽ ഉപയോഗിച്ചിരിക്കുന്ന വാചകങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഏഴുതിയ വരികളാണിവ. ഇന്ന് പല സോഷ്യൽ മീഡിയ പ്രചരണങ്ങളിലും ഈ വരികൾ അവസരത്തിലും അനവസരത്തിലും കടന്നു വരുന്നു.ലോക ചരിത്രത്തിൽ തന്നെ ഏറ്റവും പ്രസിദ്ധമായ സ്മാരക വാക്യങ്ങളിൽ (epitaph) ഒന്നാണിത്.

1946ൽ പ്രതിഷ്ഠിച്ച ഈ യുദ്ധ സ്മാരകം സംരക്ഷിക്കുന്നത് Commonwealth War Graves Commission ആണ്. ഈ മനോഹരമായ സ്ഥലത്തേക്ക് പ്രവേശനഫീസ് ഉണ്ട്.
(Posted by Wilfred Raj David)

വാൽക്കഷണം: 1. ജപ്പാൻ സൈന്യം കൊഹിമ ടെന്നീസ് കോർട്ടിൽ നിന്ന് പിന്മാറിയപ്പോഴും മൂന്ന് ജാപ്പനീസ് സൈനികർ ഒരു ചെറി മരത്തിന്റെ പൊത്തിൽ ഒളിച്ചിരുന്നു. ബ്രിട്ടീഷ് സൈനികർ അടുത്തു വരുമ്പോഴൊക്കെ മരത്തിന്റെ ഉള്ളിൽ നിന്ന് വെടിയുണ്ടകൾ ചീറിപ്പാഞ്ഞു വന്നു. നൂറുകണക്കിന് ഭടന്മാർ മരിച്ചു വീണു. വെടിയുടെ ഉറവിടം അറിയാതെ അവർ കുഴങ്ങി. ഒടുവിൽ മൂന്നാം ദിവസം
വെടിയുണ്ടകൾ തീർന്നപ്പോൾ പുറത്തിറങ്ങിയ അവരെ ബ്രിട്ടീഷുകാർ വെടിവച്ചു വീഴ്ത്തി.

2. സ്വന്തം നാടിനെ രക്ഷിക്കാൻ ബ്രിട്ടീഷ് ഇന്ത്യൻ പട്ടാളക്കാർ നടത്തിയ ഒരേയൊരു യുദ്ധം എന്ന പ്രത്യേകയും ഇതിനുണ്ട്. ഇന്ത്യൻ പട്ടാളക്കാരുടെ അസാധാരണ പോരാട്ടവീര്യത്തിൻ്റെ.കാരണം ഇതാണെന്ന് കരുതുന്ന ചരിത്രകാരന്മാരും ഉണ്ട്.

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.