അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പും ഇലക്ടറൽ കോളേജ് സമ്പ്രദായത്തിൻ്റെ വളർച്ചയും

41

Wilfred Raj David

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പും ഇലക്ടറൽ കോളേജ് സമ്പ്രദായത്തിൻ്റെ വളർച്ചയും

2016ലെ അമേരിക്കൻപ്രസിഡന്റ് തെരഞ്ഞെടുപ്പിൽ അയോവ (Iowa) സംസ്ഥാനത്തു നിന്ന് ഡീസ് നട്സ് (Deez Nuts) എന്നൊരാൾ സ്വതന്ത്രനായി മത്സരിക്കുന്നതായി പ്രഖ്യാപിച്ചു. ആ സംസ്ഥാനത്ത് ആവേശം സൃഷ്ടിച്ച ഒരു വാർത്തയായിരുന്നു അത്. നിലവിലുള്ള രണ്ട് പ്രധാന പാർട്ടികളോടും വിരക്തി ഉണ്ടായിരുന്ന ചിലർ സംഗതി ഏറ്റെടുത്തു. 2015 അവസാനം നടന്ന അഭിപ്രായ വോട്ടെടുപ്പിൽ അയോവയിലെ ഏകദേശം എട്ടു മുതൽ പത്ത് വരെ ശതമാനം വോട്ടുകൾ ഈ സ്വതന്ത്രൻ നേടി. അപ്പോഴാണ് അതുവരെ ‘അജ്ഞാത’നായിരുന്ന ഡീസ് നട്സ് രംഗത്ത് വരുന്നത്. പതിനഞ്ച് വയസ്സുള്ള ഒരു സ്കൂൾ കുട്ടിയായിരുന്നു, അത്. യഥാർത്ഥ പേര് ബ്രാഡി ഓൾസൻ (Brady Olson).

ഇക്കാര്യം അമേരിക്കയിൽ മുഴുവൻ ചർച്ചയായി. യു.എസ്. ഏയുടെ ഭരണഘടനയിൽ, പ്രസിഡന്റായി സത്യപ്രതജ്ഞ ചെയ്യാൻ കുറഞ്ഞത് മുപ്പത്തഞ്ച് വയസ്സ് വേണമെന്ന് വ്യവസ്ഥയുണ്ട്. എന്നാൽ, നമ്മുടെ നാട്ടിലെപ്പോലെ അവിടെ ഒരു സ്വതന്ത്രമായ തെരഞ്ഞെടുപ്പ് കമ്മീഷനോ അതുപോലുള്ള സംവിധാനമോ ഇല്ല. ബാലറ്റ് അച്ചടിക്കുന്നതും തെരഞ്ഞെടുപ്പ് നടത്തുന്നതുമൊക്കെ ഓരോ സംസ്ഥാനങ്ങളും തങ്ങളുടെ നിയമമനുസരിച്ച് ചെയ്യുന്നു. ഫലമോ, തെരഞ്ഞെടുപ്പ് നിയമങ്ങൾക്ക് ഐകരൂപ്യമില്ല.

അയോവ ഉൾപ്പെടെ മൂന്നു സംസ്ഥാനങ്ങളിൽ, പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കുറഞ്ഞ പ്രായം നിഷ്കർഷിക്കുന്ന നിയമം പാസ്സാക്കിയിട്ടില്ല. അതിന്റെ അർത്ഥം, ഈ മൂന്നു സംസ്ഥാനങ്ങളിലും ഓൾസൻ്റെ പേര് ബാലറ്റ് പേപ്പറിൽ ഉണ്ടാവും. അയാൾക്ക് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്യാൻ നിയമതടസ്സം ഉണ്ടെങ്കിലും മൂന്നു സംസ്ഥാനങ്ങളിൽ നിന്ന് മത്സരിക്കാൻ തടസ്സമില്ലെന്നർഥം. എന്തായാലും ചില സാങ്കേതിക കാരണങ്ങൾ പറഞ്ഞ് ഡീസ് നട്സിനെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് അയോവ ഭരണകൂടം വിലക്കിയതോടെ ഭരണഘടനാപരമായ ഒരു അബദ്ധത്തിൽ നിന്ന് തൽക്കാലത്തേക്കെങ്കിലും ആ രാജ്യം തലയൂരി.

ഒരൽപ്പം ചരിത്രം

അമേരിക്കയിൽ ഇങ്ങനെയൊരു വ്യത്യസ്ത നിയമങ്ങൾ ഉണ്ടായതിനു പിന്നിൽ ചരിത്രപരമായ കാരണങ്ങളാണ് ഉള്ളത്. 1776 ജൂലൈ നാലിനാണ് അന്ന് അമേരിക്കയിൽ ഉണ്ടായിരുന്ന പതിമൂന്ന് ബ്രിട്ടീഷ് കോളനികൾ ഒന്നിച്ചു ചേർന്ന് അമേരിക്കൻ ഐക്യനാടുകൾ (യൂ. എസ്. ഏ.) എന്ന രാജ്യം രൂപീകരിക്കുകയും തങ്ങളുടെ സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയും ചെയ്തത്. 1783 സെപ്റ്റംബർ 3ന് പാരീസ് ഉടമ്പടി പ്രകാരം അമേരിക്കൻ കോളനികളുടെ സ്വാതന്ത്ര്യം ബ്രിട്ടൻ അംഗീകരിച്ചു. 1788 ജൂൺ 21ന് അമേരിക്കയുടെ പുതിയ ഭരണഘടന അംഗീകരിച്ചു. പതിമൂന്ന് കോളനികളാണ് അമേരിക്കയുടെ രൂപീകരണത്തിന് കാരണമായ പതിമൂന്ന് സംസ്ഥാനങ്ങൾ (The thirteen original States).

1788 ഡിസംബർ -1789 ജനുവരി മാസങ്ങളായി ആദ്യ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടന്നു. തെരഞ്ഞെടുപ്പിൽ ആദ്യം സ്ഥാനാർഥികൾ ഉണ്ടായിരുന്നില്ല. ആരെ പ്രസിഡന്റാക്കണം എന്ന കാര്യത്തിൽ ഒരു രൂപവും ഉണ്ടായിരുന്നില്ല. അന്ന് പാർട്ടി സമ്പ്രദായവും ഉടലെടുത്തിരുന്നില്ല.ഒടുവിൽ കോളനികൾ ഒരു തീരുമാനത്തിലെത്തി; ഓരോ സംസ്ഥാനവും തങ്ങളുടെ സംസ്ഥാനത്തുനിന്നുമുള്ള കോൺഗ്രസ് (പാർലമെന്റ്) അംഗങ്ങൾക്ക് തുല്യമായ പ്രതിനിധികളെ തെരഞ്ഞെടുത്തയക്കുക. അവർ സമ്മേളിച്ച് ഒരു പ്രസിഡന്റിനെ തെരഞ്ഞെടുക്കട്ടെ. ഈ വ്യവസ്ഥ ഭരണഘടനയിൽ ഉൾപ്പെടുത്തി. അങ്ങനെ കോൺഗ്രസ്സിൻ്റെ അധോമണ്ഡലമായ (Lower House) പ്രതിനിധി സഭയിലേക്കും (House of Representatives) ഉപരിമണ്ഡലമായ (Upper House) സെനറ്റിലേക്കും ഓരോ സംസ്ഥാനവും അയക്കുന്ന അംഗങ്ങൾക്ക് തുല്യമായ ‘ഇലക്ടർമാരെ’ അവർ തെരഞ്ഞെടുത്തു. (ഒരു കാര്യം സൂചിപ്പിക്കട്ടെ; വലുപ്പച്ചെറുപ്പമില്ലാതെ എല്ലാ സംസ്ഥാനങ്ങളും സെനറ്റിലേക്ക് രണ്ട് അംഗങ്ങളെ വീതമാണ് അയക്കുന്നത്).

പ്രസിഡന്റിനെ തെരഞ്ഞെടുക്കാൻ ഈ ഇലക്ടർമാർ ഒരുമിച്ച് കൂടി. പത്തു സംസ്ഥാനങ്ങൾ മാത്രമേ ആദ്യ തെരഞ്ഞെടുപ്പിൽ ഇലക്ടർമാരെ അയച്ചിരുന്നുള്ളൂ. ആകെ 69 പേർ. അമേരിക്കൻ കോളനികളെ സ്വാതന്ത്ര്യത്തിലേക്ക് നയിച്ച സൈന്യത്തലവനായ ജ്യോർജ്ജ് വാഷിംഗ്ടൺ റിട്ടയർ ചെയ്ത് വിശ്രമജീവിതം നയിക്കുകയായിരുന്നു. വാഷിംഗ്ടണോടൊപ്പം രാഷ്ട്രത്തിന്റെ സ്ഥാപക നേതാക്കളായി കണക്കാക്കപ്പെടുന്നവരാണ് തോമസ്‌ജെഫേഴ്സൺ, ബഞ്ചമിൻ ഫ്രാങ്ക്ളിൻ, ജോൺ ആഡംസ്, അലക്സാണ്ടർ ഹാമിൽട്ടൺ എന്നിവർ. ഇവരുടെ നിർബന്ധത്തിനു വഴങ്ങി വാഷിംഗ്ടൺ റിട്ടയർമെന്റിൽ നിന്ന് തിരികെ വന്നു. അങ്ങനെ ജ്യോർജ്ജ് വാഷിംഗ്ടൺ എതിരില്ലാതെ ആദ്യ അമേരിക്കൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.

ആദ്യ വൈസ് പ്രസിഡന്റ്

തുടർന്ന് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനും പ്രമുഖരായ ആരും മുന്നോട്ടു വന്നില്ല. ഒടുവിൽ തോമസ് ജെഫേഴ്സൺ പറഞ്ഞു; മസാച്ചുസെറ്റ്സിൽ നിന്നുള്ള നേതാക്കളായ ജോൺ ആഡംസും ജോൺ ഹാൻകോക്കും വൈസ് പ്രസിഡന്റാകാൻ മത്സരിക്കട്ടെ. തുടർന്ന് നടന്ന തെരഞ്ഞെടുപ്പിൽ ജോൺ ആഡംസ് 34 വോട്ട് നേടി വിജയിച്ചു. ബാക്കി 35 വോട്ടുകൾ പത്ത് സ്ഥാനാർഥികൾക്കായി ചിതറിപ്പോയി. തുടർന്നുള്ള ചുരുങ്ങിയ കാലം കൊണ്ട് ജോൺ പിന്തുണയ്ക്കുന്നവർ ‘ഫെഡറലിസ്റ്റ് പാർട്ടി’ എന്നറിയപ്പെടാൻ തുടങ്ങി. ആദ്യ ന്യൂ യോർക്ക് ഗവർണർ ജ്യോർജ്ജ് ക്ലിൻ്റൻ്റെ നേതൃത്വത്തിൽ ഒരു വിഭാഗം, ‘ആൻ്റി – ഫെഡറലിസ്റ്റുകൾ’ എന്നറിയപ്പെട്ടു. ഇവർ ക്രമേണ ‘ഡമോക്രാറ്റിക് റിപ്പബ്ലിക്കൻ പാർട്ടി’ എന്നറിയപ്പെടാൻ തുടങ്ങി. വാഷിംഗ്ടൺ നിഷ്പക്ഷത പുലർത്തി.

രണ്ടാം പ്രസിഡന്റ് തെരഞ്ഞെടുപ്പ്

1792ൽ രണ്ടാം പ്രസിഡന്റ് തെരഞ്ഞെടുപ്പിലും സംസ്ഥാനങ്ങൾ യാതൊരു മുൻ ധാരണയും ഇല്ലാതെ ഇലക്ടർമാരെ തെരഞ്ഞെടുത്തയച്ചു. എങ്കിലും വാഷിംഗ്ടണ് ഒരു അവസരം കൂടെ നൽകണം എന്ന കാര്യത്തിൽ എല്ലാവരും യോജിച്ചിരുന്നു.
ആകെ 132 ഇലക്ടർമാർ ഉണ്ടായിരുന്നു. ഓരോ അംഗത്തിനും രണ്ട് വ്യത്യസ്ത സ്ഥാനാർഥികൾക്ക് വോട്ട് ചെയ്യാൻ അവസരം ഉണ്ടായിരുന്നു. ഏറ്റവും കൂടുതൽ വോട്ട് കിട്ടുന്നയാൾ പ്രസിഡന്റും റണ്ണർ അപ്, വൈസ് പ്രസിഡന്റും ആകും എന്നതായിരുന്നു ഭരണഘടനയിലെ ആദ്യ വ്യവസ്ഥ.

132 ഇലക്ടർ വോട്ടുകളും നേടിയ വാഷിംഗ്ടൺ ഒരിക്കൽക്കൂടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. മുഴുവൻ ഇലക്ടർമാരുടെയും ഒരു വോട്ട് അദ്ദേഹം നേടിയതിനാൽ സാങ്കേതികമായി എതിരില്ലാതെയാണ് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്. രണ്ടു പാർട്ടികളും പ്രസിഡന്റ് സ്ഥാനത്തേക്ക് അദ്ദേഹത്തെ നോമിനേറ്റ് ചെയ്തിരുന്നു. 77 വോട്ടുമായി ജോൺ ആഡംസ് ഒരിക്കൽക്കൂടെ വൈസ് പ്രസിഡന്റായി.

ജോൺ ആഡംസും തോമസ് ജെഫേഴ്സണും

താൻ ഇനി പ്രസിഡന്റാകില്ലെന്ന് ജ്യോർജ്ജ് വാഷിംഗ്ടൺ മുൻകൂട്ടി പ്രഖ്യാപിച്ചു. എതിരില്ലാതെ ഒരാൾ തന്നെ ഇങ്ങനെ വീണ്ടും വീണ്ടും തെരഞ്ഞെടുക്കപ്പെടുന്നത് ജനാധിപത്യ മര്യാദ അല്ലെന്നായിരുന്നു വാഷിംഗ്ടൻ്റെ നിലപാട്. അങ്ങനെ, 1796ലെ തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരമുണ്ടാകുമെന്ന് ഉറപ്പായി. എങ്കിലും ഇപ്പോഴത്തെപ്പോലെ
മുൻകൂട്ടി സ്ഥാനാർഥിയെ പ്രഖ്യാപിച്ചുള്ള പ്രചരണങ്ങൾ ഉണ്ടായില്ല.
ഇതിനിടയിൽ രാജ്യത്ത് ശക്തമായ രാഷ്ട്രീയ ധ്രുവീകരണം ആരംഭിച്ചിരുന്നു. ജോൺ ആഡംസിനെ ആദ്യ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നിർദ്ദേശിച്ച തോമസ് ജെഫേഴ്സൺ തന്നെ അദ്ദേഹത്തിന്റെ എതിരാളികൾ നേതൃത്വം നൽകുന്ന ഡെമോക്രാറ്റിക്-റിപ്പബ്ലിക് പാർട്ടിയുടെ മുൻനിരയിലെത്തി. അമേരിക്കൻ ഭരണഘടന രൂപീകരിക്കുന്നതിൽ ഏറ്റവുമധികം പങ്കു വഹിച്ച ബുദ്ധിജീവിയായിരുന്നു ജെഫേഴ്സൺ.

അങ്ങനെ ജോൺ ആഡംസും തോമസ് ജെഫേഴ്സണും തമ്മിൽ മൂന്നാം പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഏറ്റുമുട്ടി. ഫെഡറലിസ്റ്റുകൾക്ക് ഇലക്ടറൽ കൊളെജിൽ ഭൂരിപക്ഷം ഉണ്ടായിരുന്നു. എന്നാൽ, ഒരു പാർട്ടിയുടെ ഒരു പ്രസിഡന്റ് സ്ഥാനാർഥിയും ഒരു വൈസ് പ്രസിഡന്റ് സ്ഥാനാർഥിയും എന്ന ഇന്നത്തെ രീതി അന്നില്ലായിരുന്നു. ഫെഡറലിസ്റ്റ് പാർട്ടിയുടെ അഞ്ചോളം സ്ഥാനാർഥികൾ ഉണ്ടായിരുന്നു. ആ പാർട്ടിയുടെ ഇലക്ടർമാർ ഒന്നാം വോട്ട് ജോൺ ആഡംസിന് ചെയ്തു. രണ്ടാം വോട്ട് പലർക്കായി ചിതറിപ്പോയി. മിക്കവാറും ഇലക്ടർമാർ സ്വന്തം സംസ്ഥാനത്തുനിന്നുമുള്ള സ്ഥാനാർഥി എന്ന പരിഗണനയിൽ വോട്ട് ചെയ്തു. ഫലമോ, തോമസ് ജെഫേഴ്സൺ ഏറ്റവും കൂടുതൽ വോട്ട് കിട്ടിയ രണ്ടാമത്തെ സ്ഥാനാർഥി എന്ന നിലയിൽ വൈസ് പ്രസിഡന്റായി!
പ്രസിഡന്റിൻ്റെ ഏറ്റവും വലിയ വിമർശകൻ തന്നെ വൈസ് പ്രസിഡന്റാകുന്നതാണ് തുടർന്നുള്ള വർഷങ്ങൾ കണ്ടത്. ഫ്രാൻസിൽ നെപ്പോളിയൻ്റെ ഉയർച്ചയുടെ കാലമായിരുന്നു അത്. ഫ്രാൻസിനെ ഞെരുക്കാൻ ബ്രിട്ടൻ നടത്തിയ യുദ്ധങ്ങളിൽ ആഡംസ് ബ്രിട്ടനെ തുണച്ചു. സെനറ്റിൻ്റെ അദ്ധ്യക്ഷൻ കൂടെയായ ജെഫേഴ്സൺ ഫ്രാൻസിനെ തുണച്ചു. അമേരിക്കൻ സ്വാതന്ത്ര്യ സമരത്തിൽ കോളനികളെ സഹായിച്ച ഫ്രാൻസിനെ അമേരിക്കയും സഹായിക്കണം എന്ന നിലപാടായിരുന്നു ജെഫേഴ്സണ്.
പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്ക് പ്രത്യേകം പ്രത്യേകം വോട്ടെടുപ്പ് നടത്തണമെന്നും രണ്ട് സ്ഥാനങ്ങളിലേക്കും മുൻകൂട്ടി സ്ഥാനാർഥികളെ പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് നടത്തണമെന്നുമുള്ള നിർദ്ദേശങ്ങൾ അമേരിക്കൻ കോൺഗ്രസ്സിൽ വന്നെങ്കിലും ഒന്നും സംഭവിച്ചില്ല.

അങ്ങനെ നാലാം പ്രസിഡന്റ് തെരഞ്ഞെടുപ്പ് വന്നു (1800). ഫെഡറലിസ്റ്റ് പാർട്ടിയുടെ സ്ഥാനാർഥിയായി പ്രസിഡന്റ് ജോൺ ആഡംസ് വീണ്ടും മത്സരിച്ചു. ഇദ്ദേഹത്തെ കൂടാതെ ഇതേ പാർട്ടിയിൽ നിന്ന് വേറെയും ആളുകൾ മത്സരിച്ചു. ഡമോക്രാറ്റിക്-റിപ്പബ്ലിക്കൻ പാർട്ടിയുടെ തോമസ് ജെഫേഴ്സണും ആരോൺ ബറും (Aron Burr) ആയിരുന്നു പ്രമുഖ സ്ഥാനാർഥികൾ.
ഇലക്ഷൻ കഴിഞ്ഞപ്പോൾ രണ്ടു പാർട്ടികൾക്കും 66 ഇലക്ടർമാരെ വീതം ലഭിച്ചു. ഇത് കൂട്ടപ്പൊരിച്ചിലിന് കാരണമായി. ഫെഡറലിസ്റ്റുകളുടെ വോട്ടുകൾ ചിതറിപ്പോയി. കൂടുതൽപേരും സ്വന്തം സംസ്ഥാനത്തു നിന്നുള്ള നേതാവ് പ്രസിഡന്റായി കാണാൻ ആഗ്രഹിച്ചതാണ് കാരണം. ആദ്യ റൗണ്ട് വോട്ടെടുപ്പ് കഴിഞ്ഞപ്പോൾ തോമസ് ജെഫേഴ്സണും ആരോൺ ബറും 66 വോട്ട് വീതം നേടി ‘ടൈ’ ആയി. പ്രസിഡന്റ് ആഡംസ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ടൈ ആയതിനാൽ ഭരണഘടനാ വ്യവസ്ഥ അനുസരിച്ച് തെരഞ്ഞെടുപ്പ് ഹൗസ് ഓഫ് റെപ്രസെൻ്റേറ്റീവ്സീലേക്ക് മാറ്റി (Contingent Vote). അവിടെ ഫെഡറലിസ്റ്റുകൾക്ക് ഭൂരിപക്ഷം ഉണ്ടായിരുന്നു. എന്നാൽ, പട പേടിച്ച് പന്തളത്ത് ചെന്നപ്പോൾ പന്തം കൊളുത്തിപ്പട എന്ന അവസ്ഥയായിരുന്നു അവിടെ. ഫെഡറലിസ്റ്റുകൾ ഓരോരുത്തരും തങ്ങളുടെ സ്റ്റേറ്റുകാർക്ക് വോട്ട് ചെയ്തു. മുപ്പത്തഞ്ച് തവണ വോട്ട് ചെയ്തിട്ടും ആർക്കും നേര് പകുതിയെക്കാൾ ഒരു വോട്ട് കൂടുതൽ കിട്ടിയില്ല. എല്ലാ വോട്ടെടുപ്പിലും ജെഫേഴ്സണും ബറും മുന്നിട്ടു നിന്നു. ഒടുവിൽ, ഫെഡറലിസ്റ്റ് നേതാവ് അലക്സാണ്ടർ ഹാമിൽട്ടൺ തന്നെ പ്രതിസന്ധിയിലെ ഹീറോയായി. എതിർ പാർട്ടിയുടെ നേതാക്കളായ ജെഫേഴ്സണെ പ്രസിഡന്റായും ബറിനെ വൈസ് പ്രസിഡന്റായും തെരഞ്ഞെടുക്കാൻ അഭിപ്രായ സമന്വയം ഉണ്ടാക്കി. അങ്ങനെ, മുപ്പത്താറാം റൗണ്ടിൽ ‘വെള്ളപ്പുക’ കണ്ടു.

പന്ത്രണ്ടാം ഭേദഗതി

അമേരിക്കൻ ഭരണഘടനയുടെ പന്ത്രണ്ടാം ഭേദഗതിയിൽ (1803) ഈ പ്രശ്നത്തിന് ഒരു പരിഹാരം കാണാൻ ശ്രമിച്ചു. പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്ക് ഇലക്ടറൽ കൊളെജിൽ പ്രത്യേകം വോട്ടെടുപ്പ് നടത്തുക എന്നതായിരുന്നു ആദ്യത്തേത്. ടൈ ആയാൽ ആദ്യ മൂന്നു സ്ഥാനക്കാരെ മാത്രം ഹൗസ് ഓഫ് റെപ്രസെൻ്റേറ്റീവ്സിലെ ‘കണ്ടിൻജൻസി വോട്ടി’ന് പരിഗണിക്കുക എന്നതായിരുന്നു മറ്റൊന്ന്. പ്രസിഡന്റും വൈസ് പ്രസിഡന്റും വ്യത്യസ്ത സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണെന്ന് ഉറപ്പു വരുത്താൻ വേണ്ട വ്യവസ്ഥകളും ഉൾപ്പെടുത്തി.

തുടർന്നുള്ള തെരഞ്ഞെടുപ്പുകൾ

1804 മുതൽ രാജ്യത്ത് നടന്ന എല്ലാ തെരഞ്ഞെടുപ്പിലും പന്ത്രണ്ടാം ഭേദഗതിയാണ് പ്രധാന ആധാരശില. എന്നാൽ, 1824ലെ തെരഞ്ഞെടുപ്പ് എടുത്തു പറയേണ്ടതാണ്. അന്ന് മത്സരിച്ച നാലു സ്ഥാനാർഥികളിൽ ആർക്കും ഇലക്ടറൽ കൊളെജിൽ കേവല ഭൂരിപക്ഷം ലഭിച്ചില്ല. തുടർന്ന് ഹൗസ് ഓഫ് റെപ്രസെൻ്റേറ്റീവ്സിൽ നടന്ന കണ്ടിൻജൻസി വോട്ടിലൂടെ ജോൺ ക്വിൻസി ആഡംസ് (രണ്ടാമത്തെ പ്രസിഡന്റ് ജോൺ ആഡംസിൻ്റെ മകൻ) പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.
ഇതിനിടെ സംസ്ഥാനങ്ങൾ സ്വന്തമായി തെരഞ്ഞെടുപ്പ് നിയമങ്ങൾ പാസാക്കിത്തുടങ്ങി. തങ്ങളുടെ സംസ്ഥാനത്തു നിന്നുള്ള എല്ലാ ഇലക്ടറൽ വോട്ടും ഒരേ സ്ഥാനാർഥിയ്ക്ക് തന്നെ നൽകിയാൽ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ തങ്ങളുടെ ശബ്ദം ശ്രദ്ധിക്കപ്പെടുമെന്ന് വലിയ സംസ്ഥാനങ്ങൾ കരുതി. അങ്ങനെ അവർ, തങ്ങളുടെ സംസ്ഥാനത്ത് നിന്ന് ഭൂരിപക്ഷം നേടുന്ന സ്ഥാനാർഥിയ്ക്ക് എല്ലാ ഇലക്ടറൽ വോട്ടുകളും നൽകുമെന്ന് പ്രഖ്യാപിക്കുന്ന നിയമങ്ങൾ കൊണ്ടുവന്നു. ചെറിയ സംസ്ഥാനങ്ങളും ഈ മാതൃക പിന്തുടർന്നു. ഈ ഭൂരിപക്ഷം നിശ്ചയിക്കുന്നത് തന്നെ പല സംസ്ഥാനത്തും വ്യത്യസ്ത നിയമങ്ങളെ ആധാരമാക്കിയാണ്. ഇത് കാലക്രമേണ ദ്വി – കക്ഷി സമ്പ്രദായം (two party system) ഉടലെടുക്കുന്നതിന് കാരണമായി.

ഈ സമ്പ്രദായം നമുക്ക് വിചിത്രമായി തോന്നാം. എന്നാൽ, അമേരിക്ക എന്ന രാഷ്ട്രം രൂപീകരിച്ചതു തന്നെ സംസ്ഥാനങ്ങൾ ചേർന്നാണ്. അതുകൊണ്ട് തന്നെ അതിന്റെ പ്രസിഡന്റ് ആരാകണമെന്ന് തീരുമാനിക്കുന്നതിൽ ഓരോ സംസ്ഥാനത്തിൻ്റെയും ശബ്ദമാണ് പ്രധാനമെന്ന് ആ രാജ്യത്തെ ജനങ്ങൾ വിശ്വസിക്കുന്നു. എന്തൊക്കെ ന്യൂനതകൾ ഉണ്ടെങ്കിലും ആ രാജ്യത്ത് പ്രതിസന്ധി ഘട്ടത്തിൽ ഒന്നിച്ചു നിൽക്കാൻ രാഷ്ട്രീയക്കാർക്ക് കഴിയുന്നതുകൊണ്ട് അതൊക്കെ മറികടക്കാൻ കഴിയുന്നു.1800ൽ അലക്സാണ്ടർ ഹാമിൽട്ടണെപ്പൊലെ ധാരാളം മാതൃകകൾ അവരുടെ ചരിത്രത്തിൽ ഉടനീളമുണ്ട്.