കേരളം സിംഗപ്പൂർ ആകുമോ ?

  137

  Nazeer Hussain Kizhakkedathu ന്റെ കുറിപ്പ് വായിക്കാം

  കേരളം സിംഗപ്പൂർ ആകുമോ ?

  എന്തുകൊണ്ടാണ് ഒരേ സമയത്ത് സ്വാതന്ത്ര്യം കിട്ടിയ രാജ്യങ്ങളിൽ ചിലവ സമ്പന്നവും, മറ്റുള്ളവ ദരിദ്രവും ആയിരിക്കുന്നത്? ഖത്തർ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങൾ എണ്ണ വില്പന കൊണ്ടാണ് സമ്പന്നമായി നിൽക്കുന്നത് എന്ന് നമുക്കറിയാം. പല പാശ്ചാത്യ രാജ്യങ്ങളും നൂറ്റാണ്ടുകളോളം മറ്റു രാജ്യങ്ങളിലെ സ്വത്ത് കൊള്ളയടിച്ചും അവിടെയുള്ള വിഭവങ്ങൾ ചൂഷണം ചെയ്തും ഇന്നത്തെ നിലയിൽ ആയതാണ്. പല രാജ്യങ്ങളും ഇപ്പോഴും മറ്റു രാജ്യങ്ങളും പ്രദേശങ്ങളും കൈവശം വച്ചിരിക്കുകയും ചെയ്യുന്നുണ്ട്. മറ്റു ചിലവ ചരിത്രപരമായി അടിമത്വം പോലെയുള്ള ദുരാചാരങ്ങൾ വളരെ വർഷങ്ങൾ കൊണ്ടുനടന്നു സമ്പന്നമായതാണ്. പക്ഷെ പ്രകൃതി വിഭവങ്ങൾ കുറഞ്ഞ, 1965 മാത്രം സ്വാതന്ത്ര്യം കിട്ടിയ, കേരളവുമായി പല കാര്യങ്ങളിലും താരതമ്യം ചെയ്യാവുന്ന സിങ്കപ്പൂർ എങ്ങിനെയാണ് ഒരു വികസിത രാജ്യമായി മാറിയത്? ഇന്ന് കേരളത്തിലെ പ്രതിശീർഷ വാർഷിക ജിഡിപി 3200 ഡോളർ മാത്രം ഉള്ളപ്പോൾ സിംഗപ്പൂരിൽ അത് 65,000 ഡോളറാണ്. അതിന്റെ ഏറ്റവും വലിയ ക്രെഡിറ്റ് പോകുന്നത് സിംഗപ്പൂരിന്റെ ആദ്യത്തെ പ്രധാനമന്ത്രിയായ ലീ ക്വാൻ യൂ ആണ്.

  Lee Kuan Yew | Biography, Education, Achievements, & Facts | Britannicaആദ്യമായി ഒരു രാജ്യത്തിൻറെ പുരോഗതിയുടെ അതിലെ മനുഷ്യരുടെ അടിസ്ഥാന പുരോഗതിയുമായി ബന്ധപ്പെട്ടതാണ്. ഇവ ഒരു പിരമിഡ് രൂപത്തിൽ എഴുതിയാൽ താഴെ കാണുന്ന പോലെ വരും. ഒന്നാം നമ്പർ ഐറ്റം പിരമിഡിന്റെ ചുവട് ആയി കണക്കാക്കുക. ഈ പിരമിഡിന്റെ അടിയിൽ ഉള്ള നിലകൾ കിട്ടിക്കഴിഞ്ഞാൽ മാത്രമേ മുകൾ നിലകൾ പണിയാൻ കഴിയൂ. 1943 ൽ എബ്രഹാം മാസ്‌ലോ എന്നൊരു ശാസ്ത്രജ്ഞൻ ആണ് മനുഷ്യന്റെ ആവശ്യങ്ങളുടെ പിരമിഡ് എന്ന ഈ ആശയം അവതരിപ്പിച്ചത്. അതിലെ രാജ്യഭരണവുമായി ബന്ധപ്പെട്ട ചില പടികൾ താഴെ കൊടുക്കുന്നു.

  1. മനുഷ്യരുടെ ഭൗതിക ആവശ്യങ്ങൾ.

  ശുദ്ധ വായു, ശുദ്ധമായ ജല ലഭ്യത, ഭക്ഷണം ലഭ്യത , വീട് , വസ്ത്രം, ആരോഗ്യം തുടങ്ങിയ ഒരു രാജ്യത്തിലെ ആളുകളുടെ അടിസ്ഥാന ആവശ്യമാണ് എന്നത് സർക്കാരുകൾ തിരിച്ചറിയേണ്ട വസ്തുതയാണ്. ഭൂരിപക്ഷം ജനതയ്ക്കും മേല്പറഞ്ഞവ മുട്ടില്ലാതെ കിട്ടാൻ വഴി ഉണ്ടാക്കാതെ അടുത്ത നിലയിലേക്ക് ഒരു രാജ്യത്തിന് പോകാൻ കഴിയില്ല. ജലം, വീട്, ഭക്ഷണം തുടങ്ങിയവയ്ക്ക് ഒരു രാജ്യത്തെ ജനം വളരെ കൂടുതൽ സമയം ചിലവഴിക്കുന്നത് ആ രാജ്യത്തിൻറെ പുരോഗതിക്ക് തടസമായി തീരും.
  സിംഗപ്പൂരിൽ ഏറ്റവും ദുർഘടമായ സംഗതി സ്ഥല ലഭ്യതയാണ്. ആളുകൾക്കു താമസിക്കാൻ വീടുണ്ടാക്കുക എന്നതായിരുന്നു ലീ ക്വാൻ യൂ ആദ്യമായി ചെയ്തത്. സിങ്കപ്പൂർ ഹൗസിങ് ബോർഡ് ഫ്ലാറ്റുകൾ പണിത് ആളുകൾക്ക് ലീസിനു കൊടുക്കാൻ തുടങ്ങി. അടുത്ത നാല്പത് വർഷത്തേക്കുള്ള ജനസന്ഖ്യ വർധന മുന്നിൽ കണ്ടുകൊണ്ടാണ് സിങ്കപ്പൂർ ഫ്ലാറ്റുകൾ പണിതത്. കടലിൽ നിന്നടിക്കുന്ന കാറ്റു വരെ തടസമില്ലാതെ നഗരത്തിനു അകത്തേക്ക് കടക്കുന്ന വിധത്തിൽ രൂപകൽപന ചെയ്ത ഗവണ്മെന്റ് പണിത ഫ്ളാറ്റുകളിലാണ് സിംഗപ്പൂരിൽ എൺപത് ശതമാനം ആളുകളും ഇന്ന് താമസിക്കുന്നത്. ജല ലഭ്യതയുടെ കാര്യത്തിലും ഭക്ഷണ ലഭ്യതയുടെ കാര്യത്തിലും സിങ്കപ്പൂർ ഇതേപോലെ അടിസ്ഥാന കാര്യങ്ങൾ പ്ലാൻ ചെയ്ത നടപ്പിലാക്കി.
  Singapore real estate will endure as popular asset class, Government & Economy - THE BUSINESS TIMESകേരളത്തിൽ ജല ലഭ്യത , ഭക്ഷണം, വീട് തുടങ്ങിയവയിൽ ഇപ്പോഴുള്ള സർക്കാർ തുടങ്ങിവച്ച പദ്ധതികൾ മേല്പറഞ്ഞ പിരമിഡും ആയി ചേർന്ന് നിൽക്കുന്നവയാണ്. ഭൂമി ലഭ്യത കേരളത്തിൽ സിങ്കപ്പൂർ പോലെ ഒരു പ്രശ്നമല്ല, അതുകൊണ്ട് തന്നെ സർക്കാർ ഭൂമി ഏറ്റെടുക്കേണ്ട ആവശ്യമില്ല. പക്ഷെ വീട് ഒരു അടിസ്ഥാന ആവശ്യമായി അംഗീകരിച്ച്‌ എന്നത് ഈ സർക്കാർ ചെയ്ത വലിയ ഒരു മാറ്റമാണ്. അടുത്ത സർക്കാർ അതാരായാലും മേല്പറഞ്ഞ പദ്ധതികൾ തുടരുകയോ, കൂടുതൽ നന്നായി നടപ്പിലാക്കുകയോ ചെയ്യേണ്ടതുണ്ട്. എന്നാൽ മാത്രമേ നമുക്ക് വികസനത്തിന്റെ അടുത്ത പടിയിലേക്ക് പോകാൻ കഴിയൂ.
  ഒരു മുതലാളിത്ത രാജ്യമെന്ന പറയപ്പെടുന്ന സിംഗപ്പൂരിൽ ലോകോത്തര ചികിത്സ നൽകുന്ന ആശുപത്രികൾ സൗജന്യമാണ്. കേരളത്തിൽ സർക്കാർ ആശുപത്രികൾ സ്വകാര്യ ആശുപത്രികളോട് കിടപിടിക്കുന്ന രീതിയിൽ പുതുക്കി പണിതത് ഇതോടെ ചേർത്ത് വായിക്കേണ്ട കാര്യമാണ്.

  2. മേല്പറഞ്ഞ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റി കഴിഞ്ഞാൽ പിന്നീട് ഒരു രാജ്യത്തെ ജനങ്ങൾക്ക് വേണ്ടത് മൂന്ന് വൈദ്യതി, പെട്രോൾ, ഗ്യാസ് തുടങ്ങിയ ഊർജ വിഭവങ്ങളും, വിദ്യാഭ്യാസവും, വിവരസാങ്കേതിക വിദ്യയ്ക്ക് വേണ്ട ഇന്റർനെറ്റ് കണക്ഷനും ആണ്. തടസമില്ലാതെ ലഭിക്കുന്ന വൈദ്യതി മനുഷ്യന്റെ ജീവിത ഗുണനിലവാരത്തിൽ ഉണ്ടാകുന്ന വ്യത്യാസം പറയാതെ തന്നെ അറിയാമല്ലോ. വിദ്യാഭ്യസത്തിന്റെ കാര്യത്തിൽ പാവപ്പെട്ടവനും പണക്കാരനും ഒരേ പോലെ ഗുണനിലവാരമുള്ള വിദ്യാഭ്യാസം ലഭിക്കേണ്ടത് ഒരു രാജ്യത്തിൻറെ പുരോഗതിക്ക് അത്യാവശ്യമാണ്. കാരണം ഒരു ഇന്നത്തെ ഒരു രാജ്യത്തിൻറെ പുരോഗതി അതിലെ സ്ത്രീകൾ ഉൾപ്പെടെയുള്ള പൗരന്മാർ എത്രമാത്രം വിദ്യാസമ്പന്നരാണ് എന്നതിന്റെ അടിസ്ഥാനം ആക്കിയാണ്.

  Singapore may be small, but it is quickly becoming a massive global tech hub — Quartzലീ ക്വാൻ യൂ വിദ്യാഭ്യാസത്തെ കുറിച്ച് വലിയ സങ്കല്പങ്ങൾ ഉള്ള ഒരാളായിരുന്നു. തന്റെ രാജ്യത്തെ ഏറ്റവും വലിയ ധനം വിദ്യാഭ്യാസം നേടിയ ജനങ്ങൾ ആയിരിക്കും എന്ന് അറിയാമായിരുന്ന അദ്ദേഹം സിംഗപ്പൂരിൽ ലോക നിലവാരമുള്ള പ്രാഥമിക വിദ്യാഭ്യാസം സൗജന്യം ആക്കി . ആധുനിക സൗകര്യങ്ങൾ ഉള്ള ഹൈ ടെക് വിദ്യാലയങ്ങൾ സ്ഥാപിച്ചു.എത്ര മുതലാളിത്തം പറഞ്ഞാലും ലോക ഹാപ്പിനെസ് ഇൻഡക്സിൽ മുകളിൽ വരുന്ന പല വികസിത രാജ്യങ്ങളിലും ഉന്നത വിദ്യാഭ്യാസം സൗജന്യമാണ്, കാനഡ, ഫിൻലൻഡ്‌, നോർവേ, ജർമനി എന്നിങ്ങനെ ഒരു വലിയ ലിസ്റ്റ് ആണിത്. കുട്ടികളെ ഇന്ന് നമ്മൾ സൗജന്യം ആയി പഠിപ്പിച്ചാൽ നാളെ വലിയ ലോക നിലവാരം ഉള്ള കമ്പനികൾ ഉണ്ടാക്കി അവർ അതിന്റെ നൂറിരട്ടി പണം സമൂഹത്തിനു തിരികെ നൽകും എന്നത് ലളിതമായ ഒരു സത്യമാണ്.
  ഇതിന്റെ അടിസ്ഥാനത്തിലാണ് കേരളത്തിൽ ഈ സർക്കാർ സ്കൂളുകൾ ഹൈടെക് ആക്കിയത് നമ്മൾ കാണേണ്ടത്. ഇനി ഇതിന്റെ തുടർച്ചയായി വരേണ്ടത് സിലബസ് പരിഷ്കരണവും ഉന്നത വിദ്യാഭ്യാസ രംഗത്ത് വേണ്ട സമൂല മാറ്റവുമാണ്. ഭാഗ്യവശാൽ രണ്ടു യുഡിഫ് പ്രകടനപത്രികയും എൽഡിഎഫ് പ്രകടനപത്രികയും വിശദമായി ഉന്നതവിദ്യാഭ്യാസ രംഗത്ത് വരുത്താൻ ഉദ്ദേശിക്കുന്ന മാറ്റങ്ങളെ കുറിച്ച് പറയുന്നുണ്ട്. അവ നടപ്പിൽ വരുത്തുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. പ്രകടനപത്രിക നടപ്പിലാക്കാൻ ഉള്ളതാണ് എന്ന് കാണിച്ചു എന്നതാണ് ഈ സർക്കാരിന്റെ ഏറ്റവും വലിയ മേന്മയായി ഞാൻ കാണുന്നത്. അടുത്ത തവണ വരുന്ന സർക്കാർ അങ്ങിനെ ചെയ്തില്ലെങ്കിൽ ആളുകൾ അടുത്ത തിരഞ്ഞെടുപ്പിൽ അവരെ പുറന്തള്ളും. (വിദ്യാഭ്യാസത്തെ കുറിച്ച് ദീർഘമായി പറയാൻ ഉണ്ട്, പിന്നീട് വേറെ ഒരു പോസ്റ്റ് ആയി ഇടാം.)

  വിവരസാങ്കേതിക വിദ്യ ഇന്നത്തെകാലത്ത് ഒഴിച്ച് കൂടാനാകാത്ത ഒന്നാണ്. സ്കൂളുകളും കോളേജുകളും ഇന്റർനെറ്റ് വഴി ബന്ധിപ്പിക്കുന്നത് മാത്രമല്ല മറിച്ച് എല്ലാ സർക്കാർ ഓഫീസുകളും ഇന്റർനെറ്റ് വഴി ബന്ധിപ്പിച്ച് വേഗത്തിൽ തീരുമാനം എടുക്കാനുള്ള വഴി ഒരുക്കുക കൂടി ചെയ്യണം. കാസർഗോഡ് ഒരു വ്യക്തിക്ക് വ്യവസായം തുടങ്ങുന്ന കാര്യത്തിൽ തിരുവനന്തപുരം വരെ പോയി കാര്യങ്ങൾ ശരിയാക്കാൻ വഴി വെക്കാതെ ഓൺലൈനിൽ തന്നെ എല്ലാം നടക്കുന്ന ഒരു സംവിധാനം വരണം.
  സിംഗപ്പൂരിൽ ഒരു കമ്പനി തുടങ്ങാൻ അപേക്ഷിക്കാൻ എടുക്കുന്ന സമയം ഒരു ദിവസമാണ്. ഡോക്യുമെന്റ് എല്ലാം ശരിയാണെങ്കിൽ രണ്ടാഴ്ച കൊണ്ട് സർക്കാർ അത് രജിസ്റ്റർ ചെയ്ത നമ്പർ അയച്ചു തരും. ഞാൻ താമസിക്കുന്ന ന്യൂ ജേഴ്സിയിൽ ഞാൻ കൊച്ചി കൺസൾട്ടിങ് LLC എന്ന പേരിൽ ഒരു കമ്പനി രജിസ്റ്റർ ചെയ്തത് പത്ത് മിനിറ്റ് കൊണ്ടാണ്, ഒരാഴ്ച കഴിഞ്ഞു രെജിസ്ട്രേഷനും കിട്ടി.

  3. പുതിയ ആശയങ്ങൾ, കണ്ടുപിടുത്തങ്ങൾ, വ്യവസായങ്ങൾ.
  വിദ്യഭ്യാസം നേടിയ , വിവരസാങ്കേതി വിദ്യയും, അതിനുള്ള ഇന്റർനെറ്റും കയ്യിലുള്ള ഒരു ജനത, തങ്ങളുടെ ക്രീറ്റിവിറ്റി ഉപയോഗിച്ച് പുതിയ ആശയങ്ങൾ പുറപ്പെടുവിക്കും എന്നും, അത് ലോകത്തെ മാറ്റി മറിക്കുന്ന കമ്പനികൾ ആയും വ്യവസായങ്ങൾ ആയി മാറും എന്നതാണ് ഇതിന്റെ അവസാനത്തെ പടി. ഉദാഹരണത്തിന് യൂബർ , ഒയോ തുടങ്ങിയ സംരംഭങ്ങൾ എടുക്കുക. ഒരു കാർ പോലുമില്ലാതെ ലോകത്തിലെ ഏറ്റവും വലിയ ടാക്സി കമ്പനി ആയും, ഒരു ഹോട്ടൽ പോലും സ്വന്തമായില്ലാതെ ലോകത്തിലെ ഏറ്റവും വലിയ ഹോട്ടൽ ചെയിൻ ആയും കമ്പനികൾ മാറുന്ന അത്ഭുതം സംഭവിക്കുന്നത് വിദ്യാഭ്യാസമുള്ള ഒരു ജനതയുടെ ക്രീറ്റിവിറ്റിയുടെ ഫലമായാണ്.
  പക്ഷെ മേല്പറഞ്ഞ പല കാര്യങ്ങളുടെ കൂടെയും ഒരേ പ്രാധാന്യത്തോടെ പറയേണ്ട, ഈ പിരമിഡിന്റെ ഭാഗം അല്ലാത്ത ചില കാര്യങ്ങൾ താഴെ.

  1. അഴിമതി ഇല്ലാത്ത കാര്യക്ഷമതയുള്ള , കാര്യങ്ങൾ നടപ്പിലാക്കാൻ ഇച്ഛാശക്തിയുള്ള ഭരണകൂടം.

  ലോകത്തിലെ ഏറ്റവും അഴിമതി കുറഞ്ഞ രാജ്യമാണ് സിങ്കപ്പൂർ. ഒരു പക്ഷെ നമ്മുടെ നാട്ടിൽ നമുക്ക് നേരിടേണ്ടി വരുന്ന ഏറ്റവും വലിയ പ്രശ്നം അഴിമതി ആയിരിക്കും. അടുത്ത സർക്കാർ ഏറ്റവും വലിയ ശ്രദ്ധ പതിപ്പിക്കേണ്ട ഒരു കാര്യമാണിത്. അഴിമതി ആരോപണം തെളിഞ്ഞാൽ ഒരു സാദാരണക്കാരനു അഞ്ച് വര്ഷം തടവ് കിട്ടുമെങ്കിൽ ഒരു പാർലിമെന്റ് അംഗത്തിന് ഏഴു വര്ഷം തടവ് കിട്ടുന്ന രീതിയിലുള്ള നിയമങ്ങളാണ് സിംഗപ്പൂരിൽ ഉള്ളത്. നിയമങ്ങൾ ശക്തമായി വേഗത്തിൽ നടപ്പിലാക്കുന്ന രാജ്യങ്ങൾ ആണ് പലപ്പോഴും വികസനത്തിൽ മുന്നേറുക. നീതിപൂർവം ആയ ഒരു വ്യവസായം തുടങ്ങാനും നടത്തിക്കൊണ്ടു പോകാനും കാര്യക്ഷമമായ ഒരു നീതിന്യായ വ്യവസ്ഥ അത്യാവശ്യമാണ്.

  2. ഭരണ സ്ഥിരത

  സ്വാതന്ത്ര്യം കിട്ടിയതിനു ശേഷം സിംഗപ്പൂരിന് ആകെ മൂന്നു പ്രധനമന്ത്രിമാർ ആണുണ്ടായിട്ടുള്ളത്. ലീ ക്വാൻ യൂ ഏതാണ്ട് മുപ്പത് വർഷത്തിലേറെ സിംഗപ്പൂർ ഭരിച്ചു എന്നാണോർമ. ഒരു സർക്കാരിന്റെ നയങ്ങൾ കൂടുതൽ കാര്യക്ഷമം ആയി നടപ്പിലാക്കാൻ ഭരണ സ്ഥിരത വേണമെങ്കിലും സിംഗപ്പൂരിൽ നടന്ന പോലെ ഒരു ഓട്ടോക്രറ്റിക് ഭരണ നേതൃത്വം ഇന്ത്യ പോലെ ഒരു ജനാധിപത്യ രാജ്യത്തിന് അഭികാമ്യം അല്ല. പക്ഷെ ഭരണ കർത്താക്കൾ മാറിയാലും പോളിസി മാറേണ്ട കാര്യമില്ല. പോളിസിയിൽ ഉള്ള സ്ഥിരതയാണ് വികസനത്തിന് അടിസ്ഥാനം. ( നോട്ട് : ഇടതുപക്ഷം ജയിച്ചാൽ ശൈലജ മുഖ്യമന്ത്രി ആയി കാണാൻ ആഗ്രഹിക്കുന്ന ഒരാളാണ് ഞാൻ, പിണറായിയോട് വിരോധം ഉണ്ടായിട്ടല്ല, കേരളത്തിൽ ഒരു വനിതാ മുഖ്യമന്ത്രി വരേണ്ട സമയം പണ്ടേ കഴിഞ്ഞു എന്നതുകൊണ്ടാണ്).

  3. മേല്പറഞ്ഞ വികസനത്തിന് എങ്ങിനെ പണം കണ്ടെത്തും.

  കിഫ്ബിയെ കുറ്റം പറയുന്ന , അതെ ശ്വാസത്തിൽ സിംഗപ്പൂരിനേ കണ്ടു പഠിക്കാൻ പറയുന്നവർ അറിയേണ്ട മറ്റൊരു വസ്തുത കൂടിയുണ്ട്. സിംഗപ്പൂരിന്റെ ഈ വളർച്ച പലപ്പോഴും സിങ്കപ്പൂർ സർക്കാരിന്റെ ഫണ്ട് ഉപയോഗിച്ചാണ്. ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ഒരു ഫണ്ടാണ് singapore sovereign wealth fund. പല വ്യവസായങ്ങളും തുടങ്ങാൻ വേണ്ടിയുള്ള സാഹചര്യം ഒരുക്കാൻ പണം മുടക്കിയതും സിങ്കപ്പൂർ സർക്കാരാണ്. വ്യക്തികൾക്ക് വ്യവസായം തുടങ്ങാനും നടത്തികൊണ്ടുപോകാനും ഉള്ള പരിശീലനം നൽകിയതും സർക്കാർ തന്നെയാണ്. ഒരു വ്യവസായം തുടങ്ങി കഴിഞ്ഞാൽ മുടക്കിയ പൈസ പലിശ സഹിതം തിരികെ കിട്ടും. 2008 ലെ സാമ്പത്തിക തകർച്ച കാലത്ത് അമേരിക്കയിൽ ഒബാമ ചെയ്തതും അത് തന്നെയാണ്. എന്റെ ടൗണിൽ ഒരു പുതിയ സ്കൂൾ കെട്ടിടം പോലും ബോണ്ട് ഇറക്കി പണം സമാഹരിച്ച് ആണ് ഉണ്ടാക്കുന്നത്‌. ആളുകളുടെ നികുതി കുറച്ച് കൂടും എങ്കിലും അടുത്ത അനേകം വർഷങ്ങളുടെ കണക്കെടുക്കുമ്പോൾ ഈ കടത്തിന് ഇപ്പോൾ കൊടുക്കുന്ന പലിശ ഒരിക്കലും ഒരു നഷ്ടം ആയിരുന്നില്ല എന്ന് നിങ്ങൾക്ക് മനസിലാകും.
  അപ്പോൾ പറഞ്ഞുവന്നത് ഇതാണ്. വേണമെന്നു വെച്ചാൽ നമ്മുടെ ഭരണകർത്താക്കൾക്ക് കേരളത്തെ സിംഗപ്പൂർ ആക്കാം. മേല്പറഞ്ഞ ലിസ്റ്റിൽ പെട്രോളും ഗ്യാസും മാത്രമേ കേന്ദ്രത്തിന്റെ ആയിട്ടുള്ളൂ. അത് എന്തായാലും കേരളത്തിന് ഗുണം ഉണ്ടാകുന്ന തരത്തിൽ എന്തെങ്കിലും ചെയ്യാൻ ബിജെപിക്കാർ സമ്മതിക്കില്ല. ബാക്കി ഉള്ള കാര്യങ്ങളിൽ കേരളത്തെ സ്നേഹിക്കുന്നവർ ഒന്ന് ഒത്തുപിടിച്ചാൽ അടുത്ത 20 വർഷങ്ങൾക്ക് ഉള്ളിൽ നമുക്കും ഒരു വികസിത ദേശം ആകാം.