പക്ഷി വന്നിടിച്ചാല്‍ വിമാനം തകരുമോ ? അത്രയ്ക്ക് ബലക്കുറവാണോ വിമാനത്തിൻ്റെ ബോഡിയ്ക്ക്..?

68

Ayisha Kuttippuram

 

പക്ഷി വന്നിടിച്ചാല്‍ വിമാനം തകരുമോ….?

അത്രയ്ക്ക് ബലക്കുറവാണോ വിമാനത്തിൻ്റെ ബോഡിയ്ക്ക്..? ഈ സംശയം പലര്‍ക്കുമുള്ളതാണ്. ഇതിന്റെ യാഥാര്‍ത്ഥ്യം നമുക്ക് നോക്കാം.പലരും സംശയിക്കുന്നതു പോലെ പക്ഷികള്‍ വന്നിടിച്ചാല്‍ വിമാനം പൂർണ്ണമായും തകരില്ല. ചിലപ്പോഴൊക്കെ പക്ഷികള്‍ വന്നിടിക്കുമ്പോള്‍ വിമാനത്തിന്റെ പുറംചട്ടയ്ക്ക് ചതവോ, വിള്ളലോ സംഭവിക്കാം. ഇത്തരം വിള്ളലുകള്‍ ക്യാബിനുള്ളിലെ വായുസമ്മര്‍ദ്ദത്തെ സ്വാധീനിക്കും. തത്ഫലമായി ആള്‍ട്ടിറ്റിയൂഡ് ലോസ് (Altitude Loss) പോലുള്ള പ്രശ്‌നങ്ങള്‍ വിമാനത്തില്‍ ഉടലെടുക്കാന്‍ സാധ്യതയുണ്ട്.

വിമാനം പറന്നിറങ്ങുമ്പോഴും, പറന്നുയരുമ്പോഴുമാണ് സാധാരണയായി പക്ഷികള്‍ വന്നിടിക്കുന്നത്.ബേര്‍ഡ് സ്ട്രൈക്ക് (Bird strike) എന്നാണ് ഈ സംഭവം അറിയപ്പെടുന്നത്. പക്ഷിയുമായുള്ള ഇത്തരം കൂട്ടിയിടിയില്‍ വിമാനങ്ങള്‍ക്ക് തകരാര്‍ സംഭവിച്ചാലും ഇല്ലെങ്കിലും മുന്‍കരുതല്‍ എന്നവണ്ണം തൊട്ടടുത്തുള്ള എയർപോർട്ടിൽ ഇറങ്ങാറാണ് പതിവ്. പിന്നീട് യാത്രക്കാരെ മറ്റൊരു വിമാനത്തിൽ എയര്‍ലൈനുകള്‍ ലക്ഷ്യസ്ഥാനത്ത് എത്തിക്കുകയും ചെയ്യും. അതിനാല്‍ ഇത്തരത്തിലുള്ള ബേർഡ് സ്ട്രൈക്ക് പലപ്പോഴും എയര്‍ലൈനുകള്‍ക്ക് കൂടുതല്‍ ബാധ്യതയായിരിക്കും വരുത്തുക.

പക്ഷികള്‍ വന്നിടിക്കാനുള്ള സാധ്യതകള്‍ മുന്നില്‍ കണ്ടാണ് വിമാനങ്ങളുടെ എഞ്ചിനുകള്‍ നിര്‍മ്മിക്കപ്പെടുന്നത്. 3.5 കിലോഗ്രാം ഭാരമുള്ള പക്ഷികള്‍ എഞ്ചിനില്‍ അകപ്പെട്ടാലും കാര്യമായ തകരാറില്ലാതെ പ്രവര്‍ത്തിക്കാന്‍ എഞ്ചിന്‍ പര്യാപ്തമാണ്. വിമാന എഞ്ചിന്‍ ടര്‍ബൈനിന് നടുവിലായി സുരക്ഷയെ മുൻനിർത്തി വെള്ള വരകൾ നൽകാറുണ്ട്. വിമാനം പറക്കുന്ന വേളയില്‍, അതിവേഗതയില്‍ കറങ്ങുന്ന എഞ്ചിന്‍ ടര്‍ബൈനിലുള്ള വെള്ള വരകള്‍ എതിര്‍ ദിശയില്‍ നിന്നുമുള്ള പക്ഷികളെ ഭയപ്പെടുത്തും. കൂടാതെ, ടര്‍ബൈന്‍ കറങ്ങുന്നുണ്ടെന്നുള്ള ഗ്രൗണ്ട് സ്റ്റാഫിനുള്ള നല്‍കുന്ന മുന്നറിയിപ്പ് കൂടിയാണ് ഈ വെള്ള വരകള്‍.

എന്തൊക്കെയാണെങ്കിലും പൈലറ്റുമാരുടെ പേടിസ്വപ്നമാണു പക്ഷിക്കൂട്ടം. എതിർ ദിശയിൽ വരുന്ന പക്ഷി ചെറുതായാലും വലുതായാലും, വിമാനത്തിന്റെ വേഗതയ്ക്കനുസരിച്ചായിരിക്കും പക്ഷിയിടിക്കലിന്റെ ആഘാതമുണ്ടാകുക. പക്ഷി ഇടിച്ചാൽ വിമാനത്തിന്റെ ചിറകുകൾ, ഫ്ളാപ്പ്, എൻജിനുകളുടെ ബ്ലേഡ് എന്നിവ തകരാറിലാകും. വിമാനങ്ങൾക്ക് ഭീഷണിയാവുന്ന പക്ഷികളെ തുരത്താനായി വിമാനത്താവളത്തിൽ ബേർഡ് സ്കെയേഴ്സ് എന്ന ജീവനക്കാരെ നിയോഗിക്കാറുണ്ട്.
വിമാനം പറന്നിറങ്ങുമ്പോഴും പറന്നുയരുമ്പോഴും പക്ഷികള്‍ വന്നിടിക്കുന്നതുമൂലം ഓരോവര്‍ഷവും ഇങ്ങനെ ആയിരക്കണക്കിനു പക്ഷികള്‍ക്ക് ജീവഹാനി സംഭവിക്കുന്നുമുണ്ട്.