ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി

പുതിയ തമിഴ് സിനിമയായ വിറ്റ്നസ് (Witness ) എന്ന സിനിമയുടെ പ്രമേയം ആയ തോട്ടിപ്പണി (manualScavenging ) അല്ലെങ്കിൽ തോട്ടിവേല ഇപ്പോഴും ഇന്ത്യയിൽ നിലവിൽ ഉണ്ടോ?⭐
????നിയമം മൂലം നിരോധിച്ചെങ്കിലും ഇന്ത്യയിൽ തോട്ടിപ്പണി തുടരുന്നതായി ലോകാരോഗ്യ സംഘടനയുടെ (WHO) റിപ്പോർട്ട് ഉണ്ട്. നിയമം നടപ്പിലാക്കുന്നതിൽ വീഴ്ച്ച വരുത്തിയതും, സാമ്പത്തിക കാരണങ്ങളുമാണ് രാജ്യത്തെ തോട്ടിപ്പണി തുടരാൻ കാരണമായി റിപ്പോർട്ടിൽ പറയുന്നത്.

ഇന്ത്യക്ക് പുറമെ ബൊളീവിയ, ബുർക്കിനാ ഫസോ, ബംഗ്ലാദേശ്, ഹെയ്തി, കെനിയ, സെനഗൽ, ദക്ഷിണാഫ്രിക്ക, ഉഗാണ്ട എന്നീ എട്ട് രാജ്യങ്ങളിലും മാന്വൽ സ്കാവഞ്ചിങ് നിർലോഭം തുടരുന്നതായി ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഹെൽത്ത്, സേഫ്റ്റി ആൻഡ് ഡിഗ്നിറ്റി ഓഫ് സാനിറ്റേഷൻ വർക്കേഴ്സ് ആൻ ഇനീഷ്യൽ അസസ്മെന്റ് എന്ന പഠനത്തിലാണ് സംഘടന ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
തോട്ടിപ്പണി ചെയ്യുന്നവർക്ക് വ്യക്തമായ കൂലി ലഭിക്കാത്തതും, ചിലയിടങ്ങളിൽ കൂലിയായി പണത്തിന് പകരം ഭക്ഷണം മാത്രം നൽകുന്ന സംഭവങ്ങളും രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ഗുരുതരമായ സാമൂഹ്യ വിവേചനത്തിന് തോട്ടിപ്പണിക്കാർ വിധേയമാകുന്നുണ്ടെന്നും പഠനം കണ്ടെത്തി.

തോട്ടിപ്പണി (manualScavenging ) അല്ലെങ്കിൽ തോട്ടിവേല എന്ന് വിളിക്കുന്ന മനുഷ്യത്വ രഹിതമായ ജോലി ചെയ്യുന്നവരായി ഇപ്പോഴും നിരവധി പേർ ഇന്ത്യയിൽ ഉണ്ട് . ഇത്തരം ഹീനമായ ജോലികൾ ഇല്ലാതാക്കാൻ ഗവൺമെന്റുകൾ പല നടപടികളും സ്വീകരിക്കുന്നുണ്ടെങ്കിലും ഇപ്പോഴും നിരവധി ആളുകൾ പണിയെടുക്കുന്ന ഒരു മേഖലയാണ് ഇത്. 14678 തൊഴിലാളികൾ ഇന്ത്യ ഒട്ടുക്കെ തോട്ടിപ്പണിയെടുക്കുന്നുണ്ട് എന്നാണ് ലോക്സഭയിൽ 2018 ൽ നിൽകിയ റിപ്പോർട്ടിൽ പറയുന്നത്.

നിലവിൽ തൊഴിലാളികളുടെ എണ്ണത്തിൽ വലിയ വർദ്ധനവില്ല എന്നതാണ് ആശ്വാസം. തോട്ടിവേല എടുക്കുന്നവരെ പുനരധിവസിപ്പിക്കാനുള്ള പദ്ധതികളും ഉണ്ട്. പദ്ധതി പ്രകാരം തൊഴിലാളികൾക്ക് സാമ്പത്തിക സഹായവും പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റത്തവണ ധനസഹായമായി 40,000 രൂപയും, 15 ലക്ഷം രൂപ വരെ പലിശ കുറഞ്ഞ ലോൺ സൗകര്യവും, 3.25 ലക്ഷം രൂപയുടെ സബ്സിഡിയും, ഒരു മാസം 3000 രൂപ സ്റ്റെപ്പെന്റ് ഉൾപ്പെടുന്ന പരിശീലന പരിപാടികൾ എന്നിവയാണ് സഹായ പദ്ധതികൾ. തോട്ടിവേല ചെയ്യുന്നവരുടെ മക്കൾക്കുള്ള സ്കോളർഷിപ്പ് പദ്ധതിയും നടപ്പിലാക്കുന്നുണ്ട് .

നിരോധന-പുന:രധിവാസ നിയമം(2013) നിലവില്‍ വന്ന ശേഷവും തോട്ടിപ്പണിയ്ക്കായി തൊഴിലാളികളെ നിയമിക്കുന്നത് കൂടിയിട്ടുണ്ട്.എല്ലാ മുനിസിപ്പാലിറ്റികളും ഇപ്പോഴും തോട്ടിപ്പണി ചെയ്യാൻ യന്ത്രങ്ങൾ ഉപയോഗിക്കുന്നതിന് പകരം തൊഴിലാളികളെ നിയമിക്കുന്നുണ്ട്.തോട്ടിപ്പണി ചെയ്യുന്ന തൊഴിലാളികളെ തിരിച്ചറിയാനും , പേരുവിവരങ്ങൾ രേഖപ്പെടുത്താനും ഡെല്‍ഹി ഗവണ്മെന്‍റിന്‍റെ നിർദേശമുണ്ടായിരുന്നിട്ടും അത് പ്രാദേശിക ഭരണസമിതികൾ വേണ്ട രീതിയിൽ ചെയ്തിട്ടില്ല.സെപ്റ്റിക് ടാങ്കുകൾ വൃത്തിയാക്കുന്നതിനാണ് ഈ തൊഴിലാളികളെ കരാറടിസ്ഥാനത്തിൽ ജോലിക്കെടുക്കുന്നത്.

സുരക്ഷാ സംവിധാനങ്ങളും , മാസ്കും ധരിച്ച് സെപ്റ്റിക് ടാങ്കുകളും , ഡ്രെയ്നേജുകളും വൃ‍ത്തിയാക്കാൻ ഇറങ്ങുന്ന തൊഴിലാളികൾ മേൽപറഞ്ഞ നിയമത്തിന്‍റെ പരിധിയിൽ പെടുന്നില്ല. സ്വകാര്യ കമ്പനികൾ വാടകക്കെടുക്കുന്ന തൊഴിലാളികളാണ് സ്വകാര്യ കോളനികളിൽ സെപ്റ്റിക് ടാങ്കുകൾ വൃത്തിയാക്കുന്നത്. സ്വകാര്യ കരാർ അടിസ്ഥാനത്തിൽ വാടകയ്ക്കെടുക്കുന്ന തൊഴിലാളികൾക്ക് ജീവന് സുരക്ഷ ഉറപ്പാക്കുന്ന യാതൊരു നിയമവും നിലവിലില്ല. മനുഷ്യ വിസര്‍ജ്യം നീക്കം ചെയ്യുന്ന ജോലി ചെയ്ത് ധാരാളം ആളുകൾ കൊല്ലപ്പെടുന്നുണ്ടെങ്കിൽ അതിന് ചിലർ അതിന്‍റെ ശിക്ഷ അനുഭവിക്കേണ്ടി വരുമെന്ന് പല കോടതികളും വ്യക്തമാക്കിയിട്ടുണ്ട്.

കരാറടിസ്ഥാനത്തിൽ തോട്ടിപ്പണി ചെയ്യുന്ന തൊഴിലാളികളെ ജോലിക്കെടുക്കുന്നവർക്ക് മതിയായ സർട്ടിഫിക്കറ്റ് നൽകണമെന്നും അതിന് ശേഷം മാത്രമേ സുരക്ഷാ ഉപകരണങ്ങൾ നൽകി തൊഴിലാളികളെ സെപ്റ്റിക് ടാങ്കുകളിലേക്ക് ഇറക്കാവൂ എന്നുമുള്ള വസ്തുത കോടതി അംഗീകരിച്ചുണ്ട്. തൊഴിലാളികളെ വാടകയ്ക്കെടുക്കുന്ന പല കരാറുകാർക്കും ഇത്തരമൊരു നിയമത്തെക്കുറിച്ച് അറിയുക പോലുമില്ല എന്നതാണ് സത്യം. ഈ നിയമം നിലവിൽ വന്നിട്ടുപോലും ഇത്രയേറെ തോട്ടിപ്പണി ചെയ്യുന്ന തൊഴിലാളികൾ കൊല്ലപ്പെടുന്നു എങ്കിൽ ഇവരിൽ പലരും തൊഴിൽ ചെയ്യുന്നത് നിയമവിരുദ്ധമായിട്ടാണ് .
വിസര്‍ജ്യ ടാങ്കുകളും , ഓവുചാലുകളും വൃത്തിയാക്കുന്നതിനിടെ അഞ്ചുദിവസത്തില്‍ ഒരാള്‍വീതം രാജ്യത്ത് മരണത്തിനിരയാകുന്നുഎന്നാണ് പഠനങ്ങൾ . 2017 മുതല്‍ 123 പേര്‍ക്ക് ശുചീകരണത്തിനിടെ ജീവന്‍ നഷ്ടമായെന്നാണ് നാഷണല്‍ കമ്മിഷന്‍ ഫോര്‍ സഫായ് കരംചാരീസ് (എന്‍.സി.എസ്.കെ.) തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാലിതിന്റെ ഇരട്ടിയിലേറെപ്പേര്‍ (മുന്നൂറിന് മുകളില്‍) ഈ കാലയളവില്‍ മരിച്ചെന്നാണ് സഫായി കര്‍മചാരീസ് ആന്ദോളന്‍ നടത്തിയ സര്‍വേയിലെ കണ്ടെത്തല്‍.

രാജ്യത്ത് നിയമത്തിലൂടെ നിരോധിച്ച തൊഴിലാണിതെങ്കിലും അത് ഫലപ്രദമായിട്ടില്ല. കണക്കുകളിലെ വ്യക്തതയില്ലായ്മ തന്നെയാണ് തോട്ടിപ്പണി നിരോധനം ഫലപ്രാപ്തിയിലെത്തിക്കാനുള്ള പ്രധാന തടസ്സം. സംസ്ഥാനസര്‍ക്കാരുകളും , റെയില്‍വേയടക്കമുള്ള സ്ഥാപനങ്ങളും യഥാര്‍ഥവിവരം വെളിപ്പെടുത്താത്തതാണ് കണക്കുകളിലെ വൈരുധ്യത്തിന് ഇടയാക്കുന്നത്.
രാജ്യത്ത് എത്രപേര്‍ തോട്ടിപ്പണിയില്‍ ഏര്‍പ്പെട്ടിരിക്കുന്നുവെന്ന കണക്ക് ഇക്കാലം വരെയും ലഭ്യമല്ല. മുമ്പ് തോട്ടിപ്പണിക്കാരുടെ കണക്കെടുക്കാനുള്ള ശ്രമം നടത്തിയെങ്കിലും ഓട വൃത്തിയാക്കുന്നവരെയും , വിസര്‍ജ്യടാങ്ക് വൃത്തിയാക്കുന്നവരെയും ഇതില്‍ നിന്നൊഴിവാക്കുകയായിരുന്നു. കണക്കെടുപ്പ് നഗരപ്രദേശങ്ങളിലേക്ക് കടന്നതുമില്ല. ആദ്യം തോട്ടിപ്പണി ചെയ്യുന്നവരുടെ കൃത്യമായ കണക്കെടുപ്പ് നടത്തുകയാണ് വേണ്ടത്.

കഴുത്തോളം മാലിന്യത്തിലും, വിസര്‍ജ്യത്തിലും മുങ്ങിനില്‍ക്കുന്ന തൊഴിലാളികള്‍ക്ക് ഇതുമൂലമുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ ചെറുതല്ല. തോട്ടിപ്പണി ചെയ്യുന്നവരില്‍ 60 വയസ്സുവരെ ജീവിച്ചിരിക്കുന്നവര്‍ വിരളമാണ്. തോട്ടിവേല ചെയ്യുന്നവരുടെ ആയുര്‍ദൈര്‍ഘ്യം ദേശീയ ശരാശരിയേക്കാള്‍ പത്തുവര്‍ഷം കുറവാണെന്നാണ് പഠനത്തില്‍ കണ്ടെത്തിയത്.
ഓടകളിലും ആള്‍ത്തുളകളിലും നിറഞ്ഞിരിക്കുന്ന മീഥെയ്ന്‍, ഹൈഡ്രജന്‍, സള്‍ഫൈഡ്, അമോണിയ, കാര്‍ബണ്‍ ഡയോക്സൈഡ്, സള്‍ഫര്‍ ഡയോക്സൈഡ്, നൈട്രജന്‍ ഓക്സൈഡ് എന്നീ വാതകങ്ങള്‍ ശ്വസിക്കുന്നതുമൂലം ഗുരുതര ശ്വാസകോശ രോഗങ്ങള്‍ ഉണ്ടാകുന്നു. അണുബാധ മൂലമുണ്ടാകുന്ന രോഗങ്ങള്‍ വേറെ.

ഇന്ത്യൻ റെയില്‍വേയിലാണ് ഏറ്റവുംകൂടുതല്‍ തോട്ടിപ്പണിക്കാര്‍ ഉള്ളത്. ‘ഇത് സമ്മതിക്കാനോ കൃത്യമായ കണക്കുനല്‍കാനോ അധികൃതര്‍ തയ്യാറല്ല. നിയമംവഴി നിരോധിച്ച ഒരു തൊഴിലാണ് സര്‍ക്കാര്‍സ്ഥാപനം ചെയ്യിക്കുന്നതെന്ന് എങ്ങനെ തുറന്നു സമ്മതിക്കാനാകും? തോട്ടിപ്പണിക്കാര്‍ മരിക്കുമ്പോള്‍ മാത്രമാണ് തൊഴിലുടമയുടെ പേരില്‍ കേസെടുക്കുന്നതും പിഴയീടാക്കുന്നതും. ഈ തൊഴില്‍ ചെയ്യിക്കുന്നവരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരണം. തോട്ടിപ്പണി ചെയ്യിച്ചതിന്റെ പേരില്‍ ഇതേവരെ ഒരാള്‍പോലും ശിക്ഷിക്കപ്പെട്ടിട്ടില്ല’ .

തോട്ടിപ്പണി ഒഴിവാക്കാനുള്ള ഏക പോംവഴി യന്ത്രവത്കരണമാണ്. ഇക്കാര്യത്തില്‍ നഗരവികസനമന്ത്രാലയത്തിന്റെ കൃത്യമായ ഇടപെടല്‍ വേണം.നമുക്ക് എത്ര ഐ.ഐ.ടി.കളും , എന്‍ജിനീയറിങ് കോളേജുകളുമുണ്ട്. ഓടകളും കക്കൂസ് ടാങ്കുകളും വൃത്തിയാക്കാന്‍ കഴിയുന്ന യന്ത്രങ്ങള്‍ രൂപകല്പനചെയ്ത് നിര്‍മിക്കുകയെന്നത് ഇന്ത്യക്ക് അസാധ്യമല്ല. പക്ഷേ ആരും മെനക്കെടുന്നില്ലെന്നുമാത്രം. തോട്ടിജോലി ചെയ്യുന്നതിനിടെ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം ഉറപ്പാക്കേണ്ടതും അവരെ പുനരധിവസിപ്പിക്കേണ്ടതും സാമൂഹികനീതി മന്ത്രാലയമാണ്. എന്നാല്‍, ഈ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ വകുപ്പ് തയ്യാറാകുന്നില്ല.

അങ്ങേയറ്റം അപകടംപിടിച്ച തൊഴിലുകളിലൊന്നാണ് ആള്‍ത്തുള വൃത്തിയാക്കല്‍. ബലമില്ലാത്തതും , ഉപയോഗിച്ചുപഴകിയതുമായ കയര്‍ മാത്രമാണ് ശുചീകരണത്തൊഴിലാളികളുടെ ആകെയുള്ള ‘സുരക്ഷാ ഉപകരണം’. ഇവര്‍ക്ക് ഉപയോഗിക്കാന്‍ 43 തരം സുരക്ഷാ ഉപകരണങ്ങളുടെ പട്ടിക കേന്ദ്രം തയ്യാറാക്കിയിട്ടുണ്ട്. എന്നാല്‍, ഇതിലൊന്നുപോലും തൊഴിലാളികള്‍ക്ക് വിതരണം ചെയ്തിട്ടില്ല. കൈയുറപോലും ധരിക്കാതെയാണ് കൂടുതല്‍പേരും മാലിന്യം കോരിക്കളയുന്നത്.
1993-ലാണ് ഇന്ത്യയില്‍ തോട്ടിപ്പണി നിരോധിച്ചത്. ഇതില്‍ പിന്നീട് പല ഭേദഗതികളുമുണ്ടായി. 2013 വരെ ഓടകളും സെപ്റ്റിക് ടാങ്കുകളും വൃത്തിയാക്കുന്നത് തോട്ടിപ്പണിയില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. 2013-ല്‍ ഇവരെയും ഉള്‍പ്പെടുത്തി ഭേദഗതി വന്നു. നിലവില്‍ നിയമ പ്രകാരം തോട്ടിപ്പണിയില്‍ ഏര്‍പ്പെട്ടാല്‍ വ്യക്തിക്കോ ഏജന്‍സിക്കോ അഞ്ചു ലക്ഷം രൂപ വരെ പിഴയും അഞ്ചു വര്‍ഷം വരെ തടവുമാണ് ശിക്ഷ. ഇതു രണ്ടും ഒന്നിച്ചും ലഭിക്കാം. ഈ നിയമം നിലവിലുണ്ടെങ്കിലും ഇന്ത്യയില്‍ പലയിടത്തും ഇപ്പോഴം മനുഷ്യര്‍ നേരിട്ട് തോട്ടിപ്പണിയില്‍ ഏര്‍പ്പെടുന്നുണ്ട്. നിയമം കര്‍ശനമാക്കുന്നതിന്റെ ഭാഗമായി തടവു ശിക്ഷാ കാലാവധിയും പിഴ തുകയും ഈയിടെ വര്‍ധിപ്പിച്ചിരുന്നു.

ശുചീകരണ തൊഴിലാളികള്‍ ഒരു ദിവസം പണിമുടക്കിയാല്‍ മാലിന്യക്കൂമ്പാരങ്ങളും , പൊട്ടിയൊഴുകുന്ന അഴുക്കുചാലുകളുംകൊണ്ട് ദുര്‍ഗന്ധപൂരിതമാകും നമ്മുടെ നഗരങ്ങള്‍. എന്നിട്ടും സമൂഹത്തിന്റെ അരികുകളില്‍ അവജ്ഞയും അവഗണനയും നേരിട്ട് കഴിയാനാണ് അവരുടെ വിധി.
ഒരു നാടിനാകെ മാലിന്യത്തില്‍ നിന്നും ദുര്‍ഗന്ധത്തില്‍നിന്നും മോചനം നല്‍കുന്നവരാണ് ശുചീകരണ തൊഴിലാളികള്‍. അടുക്കള മാലിന്യവും ആശുപത്രി മാലിന്യവും തുടങ്ങി അഴുകിയ ജഡവും മനുഷ്യ വിസര്‍ജ്യവുംവരെ വെറുമൊരു കൈയുറയുടെ മാത്രം സുരക്ഷിതത്വത്തില്‍ (ചിലപ്പോള്‍ അതുപോലുമില്ലാതെ) കോരിയെടുത്ത് വൃത്തിയാക്കുന്നവര്‍. നാടിനെ വൃത്തിയാക്കാനായി മാലിന്യവും കോരിയെടുത്ത് പോകുന്ന അവരെ കാത്തിരിക്കുന്നത് പലപ്പോഴും അവഗണനയും ഗുരുതര ആരോഗ്യപ്രശ്നങ്ങളുമാണ്.

കാലം മാറി, മനുഷ്യന്‍ മാറി, മാലിന്യം മാറി. എന്നാല്‍ ശുചീകരണ തൊഴിലാളികളോടുള്ള സമൂഹത്തിന്റെ മനോഭാവത്തിനുമാത്രം വലിയ മാറ്റമൊന്നും സംഭവിച്ചിട്ടില്ല. ഇന്നും തുടരുന്ന കടുത്ത അവഗണന, അവജ്ഞ. അവകാശങ്ങള്‍ നിഷേധിക്കപ്പെട്ട്, സ്വന്തം ആരോഗ്യംപോലും കണക്കിലെടുക്കാതെ ലക്ഷക്കണക്കിനാളുകള്‍ ശുചീകരണമേഖലയില്‍ തൊഴിലെടുക്കുന്നു.
മനുഷ്യവിസര്‍ജ്യം വൃത്തിയാക്കുന്നതില്‍പ്പോലും ശക്തമായ ജാതിവ്യവസ്ഥ നിശ്ചയിക്കപ്പെട്ടിരിക്കുന്ന നാടാണ് ഇന്ത്യ. അതുകൊണ്ടാണ് പലപ്പോഴും ശുചിത്വപ്രശ്നവും , ജാതിയും ഒരുമിച്ച് ചര്‍ച്ചചെയ്യേണ്ടിവരുന്നത്. ജാതിവ്യവസ്ഥയ്ക്കകത്ത് നിലനില്‍ക്കുന്ന വിഭിന്ന ജോലികളില്‍ ഏറ്റവും അധമമെന്ന് കരുതുന്നതാണ് വിസര്‍ജ്യം കോരുന്ന ജോലി-അഥവാ തോട്ടിപ്പണി (manual scavenging). ഈ തൊഴിലെടുക്കുന്നവര്‍ രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ പല പേരിലറിയപ്പെടുന്നു.ഇന്ത്യയില്‍ നിയമം മൂലം തോട്ടിപ്പണി നിരോധിച്ചിട്ടുണ്ടെങ്കിലും ജാതീയമായ കാരണങ്ങളാല്‍ അടുത്ത തലമുറ ഈ പണി തുടരാന്‍ നിര്‍ബന്ധിതരാകുന്നു.

ഇന്ത്യയില്‍ ഒരു കാലത്ത് കുഴിക്കക്കൂസുകള്‍ (dry latrine) വ്യാപകമായിരുന്നു. 1993-ലെ Employment of Manual Scavengers and Construction of Dry Latrines (Prohibition) Act പ്രകാരം കുഴിക്കക്കൂസുകള്‍ നിര്‍മിക്കുന്നത് പിഴയും ,തടവുശിക്ഷയും ലഭിക്കാവുന്ന കുറ്റങ്ങളാക്കി. ഇതിലൂടെയാണ് ശരിക്കും ഇന്ത്യയില്‍ തോട്ടിപ്പണി നിരോധിച്ചത്.

2013-ല്‍ വന്ന തോട്ടിപ്പണി നിരോധന പുനരധിവാസ ചട്ടങ്ങള്‍ പഴയനിയമത്തിനെക്കാള്‍ കുറച്ചധികം മുന്നോട്ടുപോയി. തുറന്ന ഓടകള്‍, മാലിന്യക്കുഴികള്‍ എന്നിവയിലെല്ലാം മനുഷ്യരെ ഉപയോഗിച്ചുള്ള വൃത്തിയാക്കല്‍ കുറ്റകരമാക്കി. എന്നാല്‍, സുരക്ഷാസംവിധാനങ്ങളും മാസ്‌കും ധരിച്ച് സെപ്റ്റിക് ടാങ്കുകളും ഡ്രെയ്‌നേജുകളും വൃത്തിയാക്കാനിറങ്ങുന്ന തൊഴിലാളികള്‍ പലപ്പോഴും മേല്‍പ്പറഞ്ഞ നിയമത്തിന്റെ പരിധിയില്‍പ്പെടാറില്ല. വിസര്‍ജ്യം ജീര്‍ണിച്ചുപോയ കക്കൂസുകുഴികള്‍ വൃത്തിയാക്കുന്ന പണി ഈ നിയമത്തിന് കീഴില്‍ തോട്ടിപ്പണിയായി കണക്കാക്കപ്പെട്ടിട്ടുമില്ല.

1993-ലെ നിയമത്തിനുശേഷം, സുപ്രീംകോടതിയുടെ കര്‍ശനനിര്‍ദേശവും വന്നതോടെ സെപ്ടിക് ടാങ്ക് വൃത്തിയാക്കാന്‍ ഔദ്യോഗികമായി ആളെയെടുക്കുന്നത് ഇന്ത്യയില്‍ പലഭാഗത്തും സര്‍ക്കാര്‍ സംവിധാനങ്ങള്‍ നിര്‍ത്തലാക്കി. എന്നാല്‍, ഈ ജോലിയേറ്റെടുത്ത കരാറുകാര്‍, ഇതേ ആളുകളെ ഉപയോഗിച്ച്, ഈ ജോലി സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കായി ചെയ്തുകൊടുക്കുന്നു, ഇപ്പോഴും ചെയ്തുകൊണ്ടിരിക്കുന്നു.
മതിയായ സുരക്ഷയുറപ്പാക്കി ചില ശുചിത്വ പ്രവൃത്തികള്‍ നടത്താമെന്ന വ്യവസ്ഥയുടെ പിന്‍ബലത്തില്‍ പല കരാറുകാരും തൊഴിലാളികളെക്കൊണ്ട് തോട്ടിപ്പണി ചെയ്യിക്കുന്നുണ്ട്. ചുരുക്കത്തില്‍, നിയമങ്ങളും നിര്‍ദ്ദേശങ്ങളുമെല്ലാം പലതുണ്ടെങ്കിലും ഇന്ത്യയില്‍ പലയിടങ്ങളിലും ഇപ്പോഴും മനുഷ്യന്‍ നേരിട്ട് തോട്ടിപ്പണിയിലേര്‍പ്പെടുന്നു.

രാജ്യത്ത് എത്രപേര്‍ തോട്ടിപ്പണിയില്‍ ഏര്‍പ്പെട്ടിരിക്കുന്നുവെന്ന കൃത്യമായ കണക്കുകളുടെ അഭാവവും വ്യക്തതയില്ലായ്മയും തോട്ടിപ്പണി നിരോധനം ഫലപ്രാപ്തിയിലെത്തിക്കാനുള്ള പ്രധാന തടസ്സങ്ങളിലൊന്നാണ്.
കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയത്തിന്റെയും (MoHUA) സാമൂഹിക നീതി, ശാക്തീകരണ മന്ത്രാലയത്തിന്റെയും (MoSJE) സംയുക്തസംരംഭമെന്ന നിലയില്‍ MoSJEയുടെ ഒരു കേന്ദ്ര മേഖലാ പദ്ധതിയാണ് നമസ്‌തേ (NAMASTE-National Action for Mechanised Sanitation Ecosystem). ശുചീകരണത്തിന് വേണ്ട അടിസ്ഥാനസൗകര്യങ്ങളൊരുക്കാനും മെച്ചപ്പെട്ടതും സുരക്ഷിതവുമായ യന്ത്രങ്ങള്‍ ലഭ്യമാക്കുക വഴി സുസ്ഥിരമായ ഉപജീവനമാര്‍ഗം സാധ്യമാക്കാന്‍ ശുചീകരണത്തൊഴിലാളികളെ പ്രാപ്തമാക്കാനും ഉദ്ദേശിച്ചുള്ള പദ്ധതിയാണിത്. ഇന്ത്യന്‍ നഗരങ്ങളിലെ ശുചീകരണത്തൊഴിലാളികളുടെ സുരക്ഷയും , അന്തസ്സും ഉയര്‍ത്തലാണ് നമസ്‌തേ പദ്ധതി ലക്ഷ്യമിടുന്നത്.

ശുചീകരണത്തൊഴിലാളികളുടെ പരാധീനതകള്‍ കുറയ്ക്കുക, സ്വയംതൊഴില്‍ കണ്ടെത്താന്‍ സഹായിക്കുക, തൊഴില്‍ നൈപുണ്യം നല്‍കി ബദല്‍ ഉപജീവനമാര്‍ഗങ്ങള്‍ ലഭ്യമാക്കുന്നതിന് അവരെ പ്രാപ്തരാക്കുക, അതുവഴി കുലത്തൊഴില്‍ എന്ന രീതി തടയുക തുടങ്ങിയവയും നമസ്‌തേ ലക്ഷ്യമിടുന്നു. ജനങ്ങള്‍ക്കിടയില്‍ ശുചീകരണത്തൊഴിലാളികളോടുള്ള പെരുമാറ്റത്തിലും സമീപനത്തിലും മാറ്റംവരുത്തുക, സുരക്ഷിതമായ ശുചിത്വസേവനങ്ങളുടെ ആവശ്യം വര്‍ധിപ്പിക്കുക എന്നിവയും പദ്ധതിലക്ഷ്യങ്ങളില്‍പെടുന്നു.

നമസ്തേ പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങള്‍
⚡1. ഇന്ത്യയില്‍ ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ സംഭവിക്കുന്ന അപകടമരണങ്ങള്‍ ഇല്ലാതാക്കുക.
⚡2. എല്ലാ ശുചീകരണപ്രവര്‍ത്തനങ്ങളും വിദഗ്ധതൊഴിലാളികളെക്കൊണ്ട് നടത്തിക്കുക.
⚡3. ശുചീകരണത്തൊഴിലാളികളാരും മനുഷ്യവിസര്‍ജ്യവുമായി നേരിട്ട് ബന്ധപ്പെടുന്നില്ല എന്ന് ഉറപ്പുവരുത്തുക.
⚡4. ശുചീകരണത്തൊഴിലാളികളെ സ്വയം സഹായ സംഘങ്ങളുമായി കൂട്ടിച്ചേര്‍ത്ത്, ശുചിത്വസംരംഭങ്ങള്‍ നടത്തുന്നതിന് അവര്‍ക്ക് അധികാരം നല്‍കുക.
⚡5. എല്ലാ മലിനജല, സെപ്റ്റിക് ടാങ്ക് ശുചീകരണത്തൊഴിലാളികള്‍ക്കും (എസ്.എസ്.ഡബ്ല്യു.) ഇതര ഉപജീവനമാര്‍ഗങ്ങള്‍ പ്രാപ്തമാക്കുക.
⚡6. സുരക്ഷിതമായ ശുചിത്വപ്രവര്‍ത്തനങ്ങളുടെ നിര്‍വഹണവും നിരീക്ഷണവും ഉറപ്പാക്കുന്നതിന് ദേശീയ, സംസ്ഥാന, നഗര-തദ്ദേശ സ്ഥാപന തലങ്ങളില്‍ സൂപ്പര്‍വൈസറി, മോണിറ്ററിങ് സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുക.
⚡7. രജിസ്റ്റര്‍ചെയ്തതും വൈദഗ്ധ്യമുള്ളതുമായ ശുചീകരണത്തൊഴിലാളികളെ ഉപയോഗിക്കുന്നതിന്, ശുചിത്വസേവനങ്ങള്‍ തേടുന്നവര്‍ക്കിടയില്‍ (വ്യക്തികളും സ്ഥാപനങ്ങളും) അവബോധം വര്‍ധിപ്പിക്കുക.
2022 – 23 മുതല്‍ 2025 – 26 വരെയുള്ള നാലുവര്‍ഷത്തേക്ക് 360 കോടി വകയിരുത്തിയാണ് പദ്ധതിക്ക് അംഗീകാരം ലഭിച്ചത്. യന്ത്രവത്കരണവും , സംരംഭകവികസനവും പ്രോത്സാഹിപ്പിക്കുന്നതാണ് പദ്ധതി. ശുചീകരണ ഉപകരണങ്ങളും വാഹനങ്ങളും വാങ്ങുന്നതിന് ശുചീകരണത്തൊഴിലാളികള്‍, മലിനജല/സെപ്റ്റിക് ടാങ്ക് തൊഴിലാളികള്‍, സ്വയം സഹായ സംഘങ്ങള്‍, സ്വകാര്യ ശുചിത്വ സേവന സംഘടനകള്‍ തുടങ്ങിയവര്‍ക്ക് ധനസഹായവും സബ്സിഡിയും പദ്ധതിവഴി നല്‍കും.

ശുചീകരണത്തൊഴിലാളികളുടെ സുരക്ഷയും , ക്ഷേമവും വര്‍ധിപ്പിക്കുന്നതിന് പുതിയ സാങ്കേതികപരിഹാരങ്ങളും തൊഴില്‍രീതികളിലെ നവീകരണവും അത്യാവശ്യമാണ്. നിലവാരമുള്ള ബോഡി സ്യൂട്ടുകള്‍, മാസ്‌കുകള്‍, കൈയുറകള്‍ തുടങ്ങിയ വ്യക്തിഗത സംരക്ഷണ ഉപകരണങ്ങളുടെ (പി.പി.ഇ.) ഉപയോഗമാണ് ഏറ്റവും പ്രധാനം. മനുഷ്യമാലിന്യവുമായി നേരിട്ട് ബന്ധപ്പെടേണ്ടതിന്റെ ആവശ്യകത ഇല്ലാതാക്കാന്‍, ഡിസ്ലഡ്ജിങ്ങിനുള്ള സാങ്കേതിക ഉപകരണങ്ങള്‍ കുറഞ്ഞ ചെലവില്‍ ലഭ്യമാക്കേണ്ടതുണ്ട്. ഇതിനായി, അതത് പ്രദേശങ്ങളില്‍നിന്നുള്ള നൂതന സംരംഭങ്ങളെ (Start-up) കണ്ടെത്തുകയും സഹായം നല്‍കുകയും വേണം. മാന്‍ഹോള്‍ വൃത്തിയാക്കല്‍പോലുള്ള ജോലികള്‍ക്ക് ഉപയോഗിക്കാവുന്ന റോബോട്ടിക് ഉപകരണങ്ങള്‍ പല വിദേശരാജ്യങ്ങളിലും വ്യാപകമാണ്. അത്തരം ഉപകരണങ്ങള്‍ ഇന്ത്യയിലും ലഭ്യമാകേണ്ടതുണ്ട്. ഇതിനകം തന്നെ രാജ്യത്തെ പല സ്റ്റാര്‍ട്ടപ്പുകളും എന്‍ജിനീയറിങ് വിദ്യാര്‍ഥികളും ഇത്തരം ഉപകരണങ്ങള്‍ പരിചയപ്പെടുത്തിയിട്ടുണ്ട്. അവര്‍ക്ക് കൂടുതല്‍ പ്രോത്സാഹനം നല്‍കി ഇത്തരം ഉപകരണങ്ങള്‍ വാണിജ്യാടിസ്ഥാനത്തില്‍ ഉത്പാദിപ്പിക്കാനും ഉപയോഗിക്കാനും കഴിയണം.

ആധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചുകൊണ്ടുള്ള ശുചീകരണത്തൊഴില്‍, തൊഴിലാളികളുടെ സുരക്ഷയും അന്തസ്സും ഉയര്‍ത്തുമെന്ന കാര്യത്തില്‍ സംശയമില്ല. സാങ്കേതികവിദ്യകളും നൂതന ഉപകരണങ്ങളും തങ്ങളുടെ ഉപജീവനമാര്‍ഗം ഇല്ലാതാക്കുകയല്ല മറിച്ച്, മെച്ചപ്പെട്ട അവസരം സൃഷ്ടിക്കുകയാണ് ചെയ്യുക എന്ന ബോധ്യം തൊഴിലാളികള്‍ക്കുണ്ടാവുകയും വേണം. അതിനുവേണ്ട ബോധവത്കരണവും അത്യാവശ്യമാണ്.

Leave a Reply
You May Also Like

ലോകത്തിലെ ആദ്യത്തെ പൂർണ്ണ പെയിന്റിങ് സിനിമ, കാണാത്തവരുണ്ടേൽ തീർച്ചയായും കാണുക, വാൻഗോഗിനെ മനസ്സിലാക്കുക

ഒരു സിനിമയെ മാസ്റ്റർപീസാക്കുന്ന ഗുണങ്ങൾ എല്ലാം തന്നെ ഈ സിനിമയ്ക്കുണ്ട്. അതുകൊണ്ട് അനിമേഷനാണെന്ന് കരുതി ഇനിയും കാണാത്തവരുണ്ടേൽ തീർച്ചയായും കാണുക. വാൻഗോഗിനെ ഒന്ന് മനസ്സിലാക്കുക.

നോളന്റെ മാസ്റ്റർപീസിന് ഇന്നേക്ക് 9 വയസ്സ്, കുറിപ്പ്

എഴുതിയത് : Riyas Pulikkal  കടപ്പാട് : മികച്ച അന്താരാഷ്‌ട്ര സിനിമകൾ ക്രിസ്റ്റഫർ നോളൻ, നോൺ…

താനൊരു വഴക്കാളിയെന്നു പ്രചരിപ്പിക്കുന്നതിനാൽ വിവാഹം കഴിക്കാൻ തോന്നുന്നില്ലെന്ന് കങ്കണ

താനൊരു വഴക്കാളിയെന്നാണ് ചിലരുടെ പ്രചാരണമെന്ന് ബോളീവുഡ് താരം കങ്കണ റൗണത് . അതുകൊണ്ടുതന്നെ തനിക്കു വിവാഹം…

“ഇന്ത്യ നമ്മുടെ കയ്യിൽ നിന്ന് പോയി, നനഞ്ഞ ചന്ദ്രിക സോപ്പുപോലെ…” ‘വെള്ളരിപട്ടണം’ ട്രെയിലർ

‘വെള്ളരിപട്ടണം’ ട്രെയിലർ മാര്‍ച്ച് 24ന് തീയറ്ററുകളിലെത്തുന്ന ”വെള്ളരിപട്ടണം ” എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ റിലീസായി.…