Dr Shinu Syamalan

ജീവിക്കാൻ മറന്ന ഭാര്യമാർ (a true story)

കുടുംബത്തിന് വേണ്ടി സ്വന്തം കാര്യം പോലും മാറ്റി വെക്കുന്ന എല്ലാ അച്ഛനമ്മമാർക്ക് വേണ്ടിയും ഈ അനുഭവം ഞാൻ പങ്കുവെക്കുന്നു.

2017 സെപ്റ്റംബർ 19

വൈകിട്ട് 6 മണിയായിട്ടുണ്ടാകും.

ക്ലിനിക്കിലേക്ക് ഒരു 65 വയസ്സുള്ള ഒരു അച്ഛൻ കടന്നു വന്നു.

“ചുമയും പനിയുമാണ്. 2 ദിവസമായി. പനി കുറവുണ്ട്.ചുമയാണു മോളെ കുറയാത്തത്ത്”

ഒറ്റക്കായിരുന്നു. കൂടെ ആരുമില്ല. മഴ തിമിർത്തു പെയ്യുന്നുണ്ടായിരുന്നു.

“നല്ല കഫകെട്ടുണ്ട്.സാരമില്ല. 5 ദിവസം ഗുളിക കഴിക്കുക.2 ദിവസം കഴിഞ്ഞു പനി മാറിയില്ലെങ്കിൽ നമുക്കു രക്തം നോക്കാം.” ഞാൻ പറഞ്ഞു.

“ഒറ്റക്കാണ് മോളെ. കഴിഞ്ഞ ദിവസം കുറച്ചു മഴ കൊണ്ടു. അതാകും”

കണ്ണടയ്ക്കിടയിലൂടെ ആ കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടു.

“മക്കളില്ലേ കൂടെ”?

“3 മക്കളുണ്ട്.മൂത്തവർ രണ്ടും പെണ്മക്കളാണ്. അവരെ കെട്ടിച്ചു വിട്ടു.ഓണത്തിനും ക്രിസ്തുമസിനുമൊക്കെ വല്ലപ്പോഴും അവർ വന്നാലായി.ഒരു മകനുള്ളത് ജോലിയ്ക്കായി പുറത്താണ്.5 വർഷമായി അവനു പെണ്ണാലോചിക്കുന്നു.ഒന്നും ശേരിയാകുന്നില്ല.”

അദ്ദേഹത്തിന്റെ ഭാര്യയെപ്പറ്റി പറയാതിരുന്നപ്പോൾ ഞാൻ മനസ്സിൽ കരുതി മരിച്ചു പോയിട്ടുണ്ടാകുമെന്ന്.
ചോദിക്കണമെന്നുണ്ടായിരുന്നു.പക്ഷെ ഞാൻ മടിച്ചു.

“മകന്റെ കല്യാണം ഒക്കെ നടക്കും. എല്ലാത്തിനും അതിന്റേതായ സമയം ഉണ്ടല്ലോ” ഞാൻ പറഞ്ഞു.

അനുഭവത്തിന്റെ നിഴലിൽ ജീവിതത്തോടുള്ള പുച്ഛം നിറഞ്ഞ ചിരി അദ്ദേഹം എനിക്ക് സമ്മാനിച്ചു.

“എല്ലാവർക്കും അതെ പറയുവാനുള്ളൂ മോളെ. സമയം വരുമെന്ന്. പക്ഷെ ഇതുവരെ എന്റെ ജീവിതത്തിൽ ഞാൻ ആ നല്ല സമയം കണ്ടിട്ടില്ല.”

പുറത്ത് നല്ല മഴയാണ്.6.30 യായി.എനിക്ക് പോകാൻ സമയമായി.പക്ഷെ അദ്ദേഹത്തിന്റെ ആശ്വാസം കണ്ടപ്പോൾ ഞാൻ കേട്ടുകൊണ്ടേയിരുന്നു.

“എന്തു പറ്റി അപ്പച്ചാ?”

“ഞങ്ങൾ ഇവിടെ വന്നിട്ടു കുറച്ചു വർഷമായിട്ടുള്ളൂ. സ്ഥലം വിറ്റതു നഷ്ട്ടക്കച്ചവടമായി.ചതി പറ്റിപ്പോയി. പ്രതീക്ഷിച്ച വില കിട്ടിയില്ല.
അതോടെ എന്റെ ഭാര്യ തകർന്നു പോയി. അവൾ എല്ലാം ഉള്ളിൽ ഒതുക്കി.ഞാൻ എന്റെ ദേഷ്യവും സങ്കടവും പുറത്തു കാണിച്ചു.അവൾ ആരോടും ഒന്നും പറയാതെ എല്ലാം ഉള്ളിലൊതുകി.അതുകൊണ്ടു തന്നെ അവളിൽ മാനസികമായി ചെറിയ മാറ്റങ്ങൾ കണ്ടുതുടങ്ങി. കൂടാതെ പ്രമേഹവും .അവൾ വല്ലപ്പോഴും ഒറ്റയ്ക്കു ആശുപത്രിയിൽ പോയി കാണിക്കും, ഗുളിക വാങ്ങും, തന്നെ എപ്പോഴെങ്കിലും ഗുളിക കഴിക്കും.ചിലപ്പോൾ ശ്രധിക്കില്ല. ഞാനും അവളുടെ കാര്യങ്ങളിൽ ശ്രദ്ധിച്ചില്ല. എന്റെ കയ്യിലും തെറ്റുണ്ട്.മക്കളെ കെട്ടിച്ചു വിടാനുള്ള പ്രാരാബ്ദവും ഒക്കെയായി അവളെ ഞാനും ശ്രദ്ധിച്ചില്ല..”

വർഷങ്ങൾ കടന്നു പോയി.

കളിയും ചിരിയും നിലച്ച ഒരു കളിവീട് പോലെയായി ഞങ്ങളുടെ വീട്.

അവളുടെ കാലിൽ നീര് കൂടിവന്നതു ഞാൻ ശ്രദ്ധിച്ചില്ല.അവൾ പറഞ്ഞതുമില്ല.

വേദന സഹിക്കാൻ വയ്യാതെ അവൾ ഒരു ദിവസം എന്നോടതു പറഞ്ഞു.

പിറ്റേന്ന് തന്നെ ആശുപത്രിയിൽ കൊണ്ടുപോയി. പക്ഷെ
വളരെ വൈകിപ്പോയിരുന്നു.

“സമയത്തു ഭക്ഷണം കഴിക്കാതെയും,ഗുളിക കാഴിക്കാതെയും,പ്രമേഹം കൂടി അവളുടെ കിഡ്നി തകരാറിലായി. അവൾ എല്ലാമുള്ളിലൊതുക്കി സ്വയം ജീവിക്കാൻ മറന്നുപോയി. മറ്റുള്ളവർക്കായി ജീവിക്കുന്ന തിരക്കിൽ അവൾ അവളുടെ ദുഃഖങ്ങൾ കണ്ടില്ലെന്നു നടിച്ചു. അവസാനം കിടപ്പിലായിരുന്നു. കുറെ നാൾ കഴിഞ്ഞു മരിച്ചു. എന്നെ തനിച്ചാക്കി അവൾ പോയി.”

3 മക്കളുണ്ടെങ്കിലും ഞാൻ ആ വീട്ടിലിന്നു തനിച്ചാണ്.

“വിഷമിക്കണ്ട. ഇന്ന് എല്ലാവരുടെയും കാര്യം അങ്ങനെ തന്നെ. എത്ര മക്കളുണ്ടെങ്കിലും മിക്ക വീടുകളിക്കും അച്ഛനമ്മമാർ തനിച്ചാണ്. മക്കളും ജീവിക്കാൻ ഉള്ള നെട്ടോട്ടത്തിൽ ദൂരെ ദേശങ്ങളിൽ. ” ഞാൻ പറഞ്ഞു.

ഒരു നെടുവീർപ്പിനൊപ്പം ഒരിറ്റു കണ്ണീരും ആ കണ്ണുകളിൽ നിന്നും ആശ്വാസസൂചകമായി ഒഴുകി.

മഴയും ശമിച്ചു.

മരുന്നും വാങ്ങി ആ അച്ഛൻ വീട്ടിലേക്ക് യാത്രയായി.

(N.B.. സ്ത്രീകൾ പലപ്പോഴും എല്ലാം ഉള്ളിലൊതുക്കി നീറി പുകയുന്നു. തുറന്നു പറയുക ആരോടെങ്കിലും. ഒരിക്കലും ആ അമ്മയുടെ അവസ്ഥ ആർക്കും ഉണ്ടാകാതെ ഇരിക്കട്ടെ.കുടുംബത്തിന് വേണ്ടി സ്വന്തം കാര്യം പോലും മാറ്റി വെക്കുന്ന എല്ലാ അച്ഛനമ്മമാർക്ക് വേണ്ടിയും ഈ അനുഭവം ഞാൻ പങ്കുവെക്കുന്നു.)
Dr Shinu Syamalan

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.