ആത്മഹത്യാപ്രവണതയുടെ പ്രധാനകാരണങ്ങളിൽ ഒന്നായ വിഷാദരോഗത്തെ എങ്ങനെ പ്രതിരോധിക്കാം ?

291

പ്രശസ്ത സൈക്യാട്രിസ്റ് Abdul Sadiq എഴുതുന്നു.

പോരാടാം പ്രതിരോധിക്കാം നമുക്കൊരുമിച്ച്.
—————————-
ഒക്ടോബർ10. ലോകമാനസീകാരോഗ്യദിനം 2019. ‘ആത്മഹത്യാ പ്രതിരോധം ‘ എന്നതാണ് ലോക മാനസികാരോഗ്യദിനത്തിന്റെ ഈ വർഷത്തെ സന്ദേശവിഷയം.

ലോകത്ത് ഓരോ നാല്പതു സെക്കന്റിലും ഒരാൾ ആത്മഹത്യ ചെയ്യുന്നു. അതിന്റെ പതിന്മടങ്ങ് ആത്മഹത്യാശ്രമങ്ങൾ നടക്കുന്നു. ആത്മഹത്യ യുടെ കാരണങ്ങൾ പലതാണെങ്കിലും
ഏറ്റവും പ്രധാനകാരണം എന്നും എവിടേയും വിഷാദരോഗം തന്നെയാണ്. അനുയോജ്യമായ ഇടപെടലുകൾ കൊണ്ട് നമുക്ക് ഏറ്റവും നന്നായി പ്രതിരോധിക്കാൻ കഴിയുക വിഷാദരോഗത്തിന്റെ ഭാഗമായി ഉണ്ടാവുന്ന ആത്മഹത്യാപ്രവണത തന്നെയാണെന്നതിൽ ഒരു സംശയവുമില്ല.

വിഷാദം എന്ന രോഗാവസ്ഥയെക്കുറിചുള്ള നമ്മുടെ സാധാരണക്കാരിൽ മിക്കവരുടെയും അവബോധം വളരെ പരിതാപകരവും തെറ്റിദ്ധാരണാജനകവുമാണ്. അതിന്റെ തെളിവാണ് കേൾക്കുന്ന ഓരോ ആത്മഹത്യവാർത്തകളോടുമുള്ള നമ്മുടെ പ്രതികരണങ്ങൾ. ഈ അടുത്ത കാലത്തായി പലപ്പോഴും നമ്മളത് കാണുകയുണ്ടായി.
വളരെ സാധാരണമായ ഈ രോഗത്തെ അസാധാരണവും അസംഭാവ്യവുമായ ഒന്നായിട്ടാണ് പലരും മനസ്സിലാക്കി വെച്ചിരിക്കുന്നത്. പല സന്ദർഭങ്ങളിലും ചികിത്സ ദുഷ്കരമായിപ്പോകുന്നത് രോഗത്തെ ക്കുറിച്ചുള്ള ഈ അവബോധമില്ലായ്‌മ ഒന്ന്കൊണ്ട് മാത്രമാണ്.

ലോകാരോഗ്യ സംഘടന ഈ വർഷത്തെ ലോക മാനസികാരോഗ്യദിനത്തിന്റെ വിഷയമായി ‘ആത്മഹത്യാ പ്രതിരോധം ‘ തെരഞ്ഞെടുക്കപ്പെട്ടത് അതിന്റെ പ്രാധാന്യത്തേയാണ് സൂചിപ്പിക്കുന്നത്.

രോഗത്തെയും രോഗലക്ഷണങ്ങളേയും , പ്രത്യേകിച്ച് ശാരീരിക ലക്ഷണങ്ങളാകുമ്പോൾ അതിനെ തിരിച്ചറിയാൻ കഴിയാത്ത രോഗിയും ബന്ധുക്കളും ഒരു വശത്ത്, എങ്ങാനും ഏതെങ്കിലും വിധേന ഒരു ഡോക്ടറുടെ അടുത്തെത്തുമ്പോൾ രോഗത്തെ ശാരീരിക പ്രശ്നം മാത്രമായി കണ്ട് ‘കുഴപ്പമില്ല ‘എന്ന് പറഞ്ഞു വിടുന്ന ജനറൽ കെയർ ഡോക്ടർമാരും മറ്റു സ്പെഷ്യലിസ്റ്റുകളും മറുവശത്തും നിൽക്കുമ്പോൾ രോഗി നിൽക്കുന്നിടത്ത് തന്നെ നിന്നു പോകും..!

സൈക്യാട്രിസ്റ്റിനെ കാണിക്കാൻ പേടിയുള്ള രോഗികളുടെ കുടുംബാങ്ങളെ പിന്നീട് നാനാവിധ മതവിഭാഗങ്ങളുടെ ലേബൽ ഉപയോഗപ്പെടുത്തി വരുന്ന മത മന്ത്രവാദചികിത്സകരും , സ്ഥിരം തട്ടിപ്പ് തരികിട വ്യാജചികിത്സകൻമാരും എല്ലാം ചേർന്ന് രോഗിയെ ഒരു വഴിക്കാക്കും.
ഡോക്ടർമാർ പറയുന്ന ‘ഒരു കുഴപ്പവുമില്ല’ കേട്ട് വീട്ടുകാർ സന്തോഷത്തോടെ മടങ്ങുമ്പോൾ വിഷാദരോഗി മാടമ്പള്ളിയിലെ യഥാർത്ഥ മനോരോഗിയെപ്പോലെ രക്ഷപ്പെടാനാകാതെ തന്റെ ദുരവസ്ഥയിൽ ഒടുങ്ങിപ്പോകുകയും കുടുങ്ങിപ്പോകുകയും ചെയ്യുന്നു.
അവസാനം ശ്രമവും കൈവെള്ളയിൽ നിന്ന് ഊർന്നിറങ്ങുന്നത് നോക്കി നിൽക്കാൻ മാത്രമേ രോഗിക്ക് പലപ്പോഴും സാധിക്കൂ. അപ്പോൾ കാണാം അവസാന പ്രതീക്ഷയും തകർന്നടിയുന്നതിന്റെ ഒരു തേങ്ങൽ…!
ഒരു ‘cry ‘..! എതിർപ്പിന്റേയും വെറുപ്പിന്റെയും നിഷേധത്തിന്റേയും കലർപ്പുള്ള രക്ഷിക്കണേ എന്ന ഒരു cry. അതാണ്‌ cry for help. ഒന്ന് തേങ്ങാൻ പോലും ആകാതെ ഉള്ളിൽ നിന്ന് വരുന്ന തേങ്ങൽ പോലത്തെ ആ വിങ്ങൽ.. അതാണ്‌ നമ്മൾ തിരിച്ചറിയാതെ പോകുന്നത്.

നമ്മുടെ മെഡിക്കൽ കരിക്കുലത്തിൽ വിഷാദത്തിന് അർഹമായ പ്രാധിനിത്യം ലഭിക്കുന്നില്ല എന്നതാണ് സത്യം. അതുകൊണ്ടാണ് മെഡിക്കൽ കോളേജുകളിൽ നിന്നും മറ്റും റിട്ടയർ ചെയ്ത വളരെ പരിചയ സമ്പന്നരായ മറ്റു മെഡിക്കൽ സ്പെഷ്യാലിറ്റിയിലെ പ്രൊഫസർമാർ പോലും അവരുടെ മുമ്പിൽ പല ശാരീരിക ലക്ഷണങ്ങളുമായി വഴി തെറ്റി ഒരു കൈ സഹായത്തിന് കൈ നീട്ടാൻ പോലും കഴിയാതെ അവശരായി എത്തുന്ന വിഷാദരോഗിയെ വേണ്ടത്ര ഗൗരവമായി കാണാതെ പോകുന്നത്.

ശാരീരികരോഗലക്ഷണങ്ങൾ പ്രധാന ലക്ഷണങ്ങളായി വരുന്ന എത്രയധികം വിഷാദരോഗികളാണ് നമുക്കിടയിലും നമ്മുടെ ചുറ്റുപാടിലും ജീവനും ജീവിതത്തിനും വേണ്ടി പോരാടിക്കൊണ്ടിരിക്കുന്നത്…!
എത്ര പേരാണ് ഇല്ലാത്ത പണം കൊണ്ട് വിഷാദം പ്രകടിപ്പിക്കുന്ന ശാരീരിക രോഗ ലക്ഷണങ്ങൾക്കായി അനാവശ്യ ലാബ് പരിശോധനകളും കണ്സൾട്ടേഷനുകളുമായി ഹോസ്പിറ്റൽ തിണ്ണകൾ കേറിയിറങ്ങിക്കിതക്കുന്നത്. എല്ലാ ടെസ്റ്റുകളും പരിശോധനകളും നോർമലാകുമ്പോൾ ‘ ഒരു കുഴപ്പവുമില്ല വീട്ടിൽ പൊയ്ക്കോളൂ ‘ എന്ന് പറഞ്ഞു വിടുന്നവർ രോഗിയെ വീട്ടിലേക്കല്ല മരണത്തിലേക്കാണ് പറഞ്ഞു വിടുന്നത്.
മരണമല്ലാതെ അവർക്ക് വേറെ മറ്റു മാർഗ്ഗമില്ലല്ലോ. ആത്മഹത്യ ചെയ്യുന്ന ഭൂരിഭാഗം വിഷാദരോഗികളും ആത്മഹത്യചെയ്യുന്നതിന്റെ
മുൻ ദിവസങ്ങളിൽ പല മെഡിക്കൽ ഡോക്ടർ മാരേയും കൺസൾട്ട് ചെയ്തിട്ടുള്ളതായിട്ടാണ് എല്ലാ പഠനങ്ങളും പറയുന്നത്. ഒന്ന് റഫർ ചെയ്തിരുന്നെങ്കിൽ മരണത്തിൽ നിന്ന് രക്ഷപ്പെടുമായിരുന്നു അവർ.

പത്തു ലക്ഷത്തിൽ ഒരാളിൽ മാത്രം കണ്ടു വരുന്ന ഏതെങ്കിലും ഒരു അപൂർവ്വരോഗത്തെക്കുറിച്ച് പത്തു മിനുട്ട് നിന്ന നില്പിൽ സംസാരിക്കും നമ്മൾ..! എന്നാൽ മൂന്നിൽ ഒരാൾക്ക് ജീവിതത്തിൽ ഏറ്റവും മിനിമം ഒരു ഘട്ടത്തിലെങ്കിലും വരാൻ സാധ്യതയുള്ള വിഷാദരോഗം തിരിച്ചറിയാതിരിക്കുക മാത്രമല്ല ചെയ്യുന്നത് പകരം തെറ്റിദ്ധരിപ്പിക്കുക കൂടി ചെയ്യുന്ന ഒരു മെഡിക്കൽ ഫ്രറ്റേർണിറ്റിയുടെ ഭാഗമാണ് നമ്മളെന്നത് ലജ്‌ജാകരമാണ്.
ഇത് മാറിയില്ലെങ്കിൽ നമ്മുടെ ആത്മഹത്യാ നിരക്ക് താഴോട്ട് വരില്ല.

ഒരാൾക്ക് വിഷാദം ഉണ്ടാകുമ്പോൾ അത് എന്താണെന്ന് തിരിച്ചറിയാതെ ശാപം എന്നും ദുർവിധിയെന്നും കരുതി ജീവിതം തള്ളി നീക്കുമ്പോൾ അവരെ മതത്തിന്റെ പേരും പറഞ്ഞ് തെറ്റിദ്ധരിപ്പിക്കുകയും ചൂഷണം ചെയ്യുകയും ചെയ്യുന്ന ഒരു കൊള്ള സംഘം സമാന്തരമായി കൊഴുക്കുന്നുണ്ട്. ഇത്തരം ഗബ്ബർ സിങ്ങുകൾക്കെതിരെ ഒരു ചെറുവിരൽ പോലും അനക്കാൻ കഴിവില്ലാത്തതാണ് നമ്മുടെ സർവ്വവ്യവസ്ഥിതികളും.

ആത്മഹത്യാ പ്രവണതയുടെ ഏറ്റവും വലിയ അവകാശി വിഷാദരോഗം തന്നെയാണ്. അത് കഴിഞ്ഞേ മറ്റു മാനസീകരോഗാവസ്ഥകൾ വരൂ. എല്ലാത്തിനോടും ഒരു വിരക്തിയായി തുടങ്ങി നെഗറ്റീവ് ചിന്തകൾ പതിയെ ‘worthlessness ‘ ൽ എത്തുകയും
പിന്നീട് ‘helplessness ‘ എന്ന അവസ്ഥയും കടന്ന് ദൈനംദിനജീവിതം കൂടുതൽ പ്രയാസകരമാക്കുന്നു. താൻ ഇനി ജീവിച്ചിട്ട് യാതൊരു പ്രയോജനവുമില്ല എന്നുള്ള ‘hopelessness ‘ ഉം മരണത്തിന് മാത്രമേ തന്നെ രക്ഷിക്കാനാകൂ എന്ന വളഞ്ഞ ‘distorted ‘ചിന്തയുമാണ് വിഷാദത്തിന്റെ കാതൽ. ഉറക്കമില്ലായ്മയും അമിത ക്ഷീണവും തെറ്റിദ്ധരിക്കാൻതക്ക എമ്പാടും ശാരീരികലക്ഷണങ്ങളും ഒത്ത് വരുമ്പോൾ വിഷാദം അതിന്റെ സിൻഡ്രോം രൂപം പൂർണ്ണമായി പ്രാപിക്കുന്നു. മുന്നിൽ മരണം മാത്രം പോംവഴി എന്ന് ചിന്തിക്കുന്ന ഒരവസ്ഥ. മറ്റൊരു രോഗത്തിലും കാണാത്ത ആരാലും തിരിച്ചറിയപ്പെടാത്ത ഒരു ദുരാവസ്ഥ.
ദൈനംദിന ജീവിതസംഭാഷണങ്ങളിൽ ഇടവും വലവും വരാറുള്ള സാധാ ‘മൂഡ് ഔട്ട് ‘ അല്ല വിഷാദം എന്ന രോഗാവസ്ഥ എന്ന് പലർക്കുമറിയില്ല.
പല പ്രധാന ശാരീരിക രോഗങ്ങളുടെയും കൂടെപ്പിറപ്പുമാണ് ഈ കില്ലർ രോഗം.

വ്യത്യസ്തമായ ശാരീരികരോഗ ലക്ഷണങ്ങളുമായി വന്ന് രോഗിയേയും അവന് വേണ്ടപ്പെട്ടവരെയും പിന്നെ ചികില്സിക്കുന്ന ഡോക്ടർമാരേയുംവരെ കബളിപ്പിച്ച് അയാളുടെ മരണം തീറെഴുതി വാങ്ങുവാൻ കെല്പുള്ള മറ്റേത് രോഗമുണ്ട് വിഷാദമല്ലാതെ…
അതെ… അത് വിഷാദരോഗം തന്നെയാണ്.
ലോകത്ത് ഏറ്റവും ‘ഡിസബിലിറ്റി ‘ ഉണ്ടാക്കുന്ന പത്ത് രോഗങ്ങളിൽ ഒരുവൻ. അവൻ നമുക്ക് ചുറ്റുമുണ്ട് , നമ്മുടെ പ്രിയപ്പെട്ടവരുടെ ജീവൻ അവരെക്കൊണ്ട് തന്നെ അപഹരിക്കാൻ പര്യാപ്തമായി.

മരണത്തിനും ജീവിതത്തിനും ഇടക്കുള്ള ‘ആമ്പിവാലെൻസ് ‘ എന്ന നൂൽപ്പാലത്തിൽ നിന്ന് അവസാന കച്ചിത്തുരുമ്പിൽ പിടിച്ച് രക്ഷപെടാൻ നടത്തുന്ന ശ്രമമാണ് ഓരോ വിഷാദരോഗിയും ചെയ്തു കൊണ്ടിരിക്കുക.
ആ ശ്രമങ്ങളെയാണ് നാം തിരിച്ചറിയാതെ പോകുന്നത്.
വഴുതിപ്പോകാൻ വെമ്പുന്ന ജീവന്റെ മേലുള്ള അവസാനത്തെ മുറുക്കിപ്പിടിത്തം.
അത് തന്നെയാണ് ആ ഓരോ ശ്രമവും.
ആ ശ്രമത്തിന് ശക്തി നൽകാനാവണം നമ്മുടെ ഓരോ ഇടപെടലുകളും.
അതുതന്നെയാണ് ലോകാരോഗ്യ സംഘടനയുടെ നമ്മോടുള്ള ലോകമാനസികാരോഗ്യദിന സന്ദേശവും .

മരണമുഖത്ത് നിൽക്കുന്ന ആളുകളോട് നമ്മൾ പറയുന്ന കുറച്ച് സ്ഥിരം പല്ലവികളുണ്ട്…..!
‘ഹോ… പിന്നെ.. നിനക്ക് വെറുതേ തോന്നണതാ’
‘എന്നാ പിന്നെ ഞാനൊക്കെ എപ്പഴോ മരിക്കണം ‘
‘നിനക്കെന്തിന്റെ കുറവാ.. മക്കൾക്കൊക്കെ ജോലിയായില്ലേ.. വീടായില്ലേ.. ‘
‘ഇതിലും കഷ്ടപ്പാടുള്ള സമയത്ത് തോന്നാത്തതാണോ ഇപ്പൊ തോന്നണത്’ ‘വെറുതെ ആളെ പേടിപ്പിക്കാൻ ‘
‘എന്നാ പോയി അങ്ങ് ചാക് ‘
‘വിഡ്ഢിത്തം പറയാതെ.. മാഷേ ‘
‘ഇത്രയും ധൈര്യമുള്ള നീയാണോ… മരിക്കാൻ നടക്കുന്നത് ‘

ഒരു കാര്യവുമില്ല…! നമ്മൾ വലിയ കാര്യമെന്ന് കരുതി പറയാറുള്ള മുകളിൽ പറഞ്ഞ വാക്കുകൾ ഒന്നും തന്നെ ആത്മഹത്യാ പ്രവണതയുള്ള ഒരാളെ അതിൽ നിന്ന് പിന്തിരിപ്പിക്കാൻ സഹായിക്കില്ല…എന്നതാണ് സത്യം. ഒരു പക്ഷെ അത് വിപരീതഫലം ഉണ്ടാക്കുകയും ചെയ്യാം.
ഒരാൾ ആത്മഹത്യ പ്രവണത പ്രകടിപ്പിച്ചാൽ ആദ്യം നമ്മൾ ഏറ്റവും മിനിമം ചെയ്യേണ്ടത് അയാൾക്ക് പറയാനുള്ളത് അല്പം നേരം കേൾക്കാൻ തയ്യാറാകുക എന്നതാണ്. അയാളുടെ പ്രയാസങ്ങൾ നമ്മൾ ഉൾക്കൊണ്ടു എന്ന് തോന്നിപ്പിക്കണം.
ഒരു വിദഗ്ധന്റെ മുമ്പിൽ അയാളെ എത്തിക്കുന്നത് വരേ… അയാളുടെ ജീവൻ നമ്മുടെ കൈകളിലാണ്.
ഒരാളിൽ ആത്മഹത്യ പ്രവണത ഉള്ളതായി നമുക്ക് തോന്നുന്നു പക്ഷെ അയാൾ പ്രകടിപ്പിച്ചില്ല എങ്കിൽ അത് കൂടുതൽ ഗൗരവത്തോടെ വേണം കാണാൻ.
ആത്മഹത്യാ പ്രവണത മനസ്സിൽ വെച്ച് നടന്ന് അത് ചോദിക്കുമ്പോൾ നിരാകരിക്കുന്നവരെ തിരിച്ചറിയാൻ നമുക്ക് സ്കിൽ ഉണ്ടാവണം.

ചിലതെറ്റിധാരണകൾ…..

– ആത്മഹത്യ ചെയ്യണം എന്ന് പറയുന്നവർ അത് ചെയ്യാൻ സാധ്യതയില്ല
– ഒരിക്കൽ ആത്മഹത്യക്ക് ശ്രമിച്ചവർ പിന്നീട് അതിന് ശ്രമിക്കില്ല
-ഒരിക്കൽ ആത്മഹത്യക്ക് ശ്രമിച്ചയാൾ എല്ലായിപ്പോഴും ആത്മഹത്യക്ക് ശ്രമിച്ചു കൊണ്ടിരിക്കും
– ആത്‌മഹത്യാസന്നദ്ധത പ്രകടിപ്പിക്കുന്ന ആളോട് അതിനെ ക്കുറിച്ച് ചോദിക്കാൻ
പാടില്ല
-ഭീരുക്കളാണ് ആത്മഹത്യ ചെയ്യുന്നത്
– ആത്മഹത്യ തടയാൻ കഴിയില്ല
ആത്മഹത്യ പല കാരണങ്ങൾ കൊണ്ടാണ് സംഭവിക്കുന്നത്. കേവലം ‘സാരല്ല്യ’ ‘എല്ലാം ശരിയാകും’ എന്നുള്ള പിറകിൽ നിന്നുള്ള തള്ളലുകൾ കൊണ്ട് എല്ലാറ്റിനും പരിഹാരമാകും എന്ന് കരുതരുത് . അതുകൊണ്ട് പ്രാവിണ്യം നേടിയ ഒരാളുടെ മേൽനോട്ടത്തിൽ വേണം അതിൽ ഇടപെടാൻ. യോഗ്യതയുള്ള ഒരു ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റേയോ അല്ലെങ്കിൽ ഒരു സൈക്യാട്രിസ്റ്റിന്റേയോ നിർദേശങ്ങൾക്ക് അനുസരിച്ചു മാത്രമേ മുന്നോട്ട് പോകാവൂ.

ആത്മഹത്യ പ്രവണതയുള്ളവരെ കേൾക്കാനും അവർക്ക് സമയം നല്കുവാനും നമ്മൾ തയ്യാറാകണം. ലോകാരോഗ്യ സംഘടന എല്ലാവരോടും ഈ പോരാട്ടത്തിന്റെ ഭാഗമാകാൻ ആവശ്യപ്പെട്ടിരിക്കുകയാണിപ്പോൾ .
എത്ര സമയം നമ്മൾ അവരെ കേൾക്കണം..?
മിനിമം…
‘ഒരു വിദഗ്ധന്റെ മുമ്പിൽ അവരെ എത്തിക്കുന്നത് വരെയുള്ള സമയം’
അവരെ ഫോള്ളോ അപ് ചെയ്യാനുള്ള ഇച്ഛാശക്തി ഉള്ളവരാകണം നമ്മൾ.
എത്ര വരെ..?
‘മരണ ചിന്തയിൽ നിന്ന് അവർ മുക്ത മാകുന്നത് വരെ ‘
അതെ…
നമുക്കവരെ കേൾക്കാം മനസ്സിലാക്കാം.
ഒരുമിച്ച് പോരാടാം… പ്രതിരോധിക്കാം.

Dr.Abdul sadiq.
Psychiatrist.