ഒരു യുവതി ഗ്ലാസ്സ് ഡോറിൽ ഇടിച്ച് ഗ്ലാസ് കുത്തിക്കയറി മരിച്ചിട്ടും ഇവിടെ ഒരു ചുണ്ണാമ്പും സംഭവിച്ചിട്ടില്ല, ബെസ്റ്റ് നാട്

73

Biju Kumar Alakode

നിയമവാഴ്ചയുള്ള ഏതെങ്കിലും നാട്ടിലായിരുന്നെങ്കിൽ പെരുമ്പാവൂരിലെ ആ സ്വകാര്യ ബാങ്കിൻ്റെ മാനേജ്മെൻറും, കെട്ടിട ഉടമസ്ഥനും അതിനു പെർമിറ്റ്‌ നൽകിയ ഉദ്യോഗസ്ഥനും ഇപ്പോൾ ജയിലിൽ റിമാൻഡിൽ കിടന്നേനേ. ഇന്നാട്ടിൽ നിയമങ്ങൾ പാവങ്ങൾക്കു മേലേ നടപ്പാക്കാൻ മാത്രം ഉള്ളതായതു കൊണ്ട് ആർക്കും ഒരു പ്രശ്നവുമില്ല.കോവിഡ് ബാധിച്ച്, ആയുസിൻ്റെ അങ്ങേ അറ്റത്തു നിൽക്കുന്ന ആരെങ്കിലും മരിച്ചാൽ പോലും വലിയ ഭൂകമ്പമുണ്ടാകുന്ന ഈ നാട്ടിൽ, പൂർണ ആരോഗ്യവതിയായ ഒരു യുവതി, ഗ്ലാസ്സ് ഡോറിൽ ഇടിച്ച് ഗ്ലാസ് കുത്തിക്കയറി മരിച്ചിട്ടും ഇവിടെ ഒരു ചുണ്ണാമ്പും സംഭവിച്ചിട്ടില്ല. ബെസ്റ്റ് നാട്!

വഴിയെ പൂർണമായും തടസ്സപ്പെടുത്തുന്ന സുതാര്യവസ്തു – ഗ്ലാസ്സ് – സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതാവണം. ഇടിച്ചാൽ പൊട്ടാത്ത ടെമ്പേർഡ് ഗ്ലാസ് ആയിരിക്കണം. പൊട്ടിയാൽ തന്നെ അത് മൂർച്ചയില്ലാത്ത ചെറു കഷണങ്ങളായി മാറണം. അല്ലെങ്കിൽ ഗ്ലാസ്സിൽ കൂളിംഗ് ഫിലിം or സ്റ്റിക്കർ അതു പോലെ എന്തെങ്കിലും ഉണ്ടായാലും മതി. ഒരു തടസ്സം അവിടെയുണ്ട് എന്ന് കാഴ്ചശക്തി കുറഞ്ഞവർക്കുപോലും തിരിച്ചറിയാനാവണം.ഇതൊന്നുമല്ലാതെയാണ് പെരുമ്പാവൂരിലെ ആ ബാങ്ക് കെട്ടിടം പ്രവർത്തിച്ചത്. അതിൽ പെട്ടാണ് നിരപരാധിയായ ഒരു യുവതി ദാരുണമായി കൊല്ലപ്പെട്ടത്. ഉത്തരവാദികൾക്കെതിരെ ശക്തമായ പ്രതിഷേധം ഉണ്ടാകണം. സമാനസംഭവം ഇനി ഒരിടത്തും ഉണ്ടാവരുത്.

ബാങ്കിൽ നിന്ന് തിരിച്ചിറങ്ങുമ്പോൾ ഡോർ ഗ്ലാസിൽ തട്ടി ഗ്ലാസ് പൊട്ടി വീണ് ചില്ലു കയറി വീട്ടമ്മ മരണപ്പെട്ടു. ചേരാനല്ലൂർ മങ്കുഴി സ്വദേശി ബീന നോബി (43) ആണ് മരിച്ചത്. 12.30ഓടെയാണ് സംഭവം. പെരുമ്പാവൂർ എ എം റോഡ് ബാങ്ക് ഓഫ് ബറോഡ ബ്രാഞ്ചിൽ ടൂ വീലറിലെത്തിയ ബീന ബാങ്കിൽ കയറിയ ശേഷം ചാവി എടുക്കാനായി വേഗത്തിൽ തിരിച്ചിറങ്ങവേ ഡോറിനു ഇടിക്കുകയും ചില്ലു പൊട്ടി ദേഹത്തായി കയറുകയുമായിരുന്നു. വയറിന്റെ ഭാഗത്തായി ചില്ലു കയറി ആഴത്തിലുണ്ടായ മുറിവാണ് മരണ കാരണം. സംഭവ സമയം തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.