ആരും ഞെട്ടണ്ട, ഇവിടെ ഇങ്ങനെയാണ്

0
321

ശാസ്താ നടയിലെ പെൺകുട്ടിയുടെ ആത്മഹത്യ കേട്ടപ്പോൾ ഞെട്ടിയില്ല കാരണം ഇവിടിങ്ങനാണ് . കൊല്ലം ജില്ലയുടെ മാത്രം പ്രത്യേകതയാണ് പതിനെട്ട് വയസ്സാവുമ്പോൾ വലിയ സ്ത്രീധനം കൊടുത്ത് കെട്ടിച്ച് വിട്ട് അന്തസ് കാണിക്കുന്ന പെൺ വീട്ടുകാരും ആണാണെന്ന പ്രിവിലേജിന് പോലും വില പറഞ്ഞ് കാശ് വാങ്ങുന്ന മൊണ്ണകളുടെ അച്ഛനമ്മമാരും. ഗവൺമെൻ്റ് ഉദ്യോഗമുണ്ടെന്ന കാരണം പറഞ്ഞ് ഒരേക്കർ ഇരുപത് സെൻ്റ് വസ്തുവും 50 പവനും പത്ത് ലക്ഷത്തിൻ്റെ കാറും കൊടുത്തു എന്ന് സമ്മതിക്കുന്ന ആ പെൺകുട്ടിയുടെ മാതാപിതാക്കൾക്കെതിരെയും കേസെടുക്കണം.

പ്രതികരിക്കേണ്ട സമയത്ത് പ്രതികരിച്ചില്ലെങ്കിൽ ഇനിയും ഇത് പോലെ .ഒരു ബന്ധത്തിൽനിന്ന് എപ്പോഴാണ് ഇറങ്ങിപ്പോരേണ്ടത്…?അദൃശ്യമെങ്കിലും ഉറച്ചുപോയ ചങ്ങലക്കണ്ണികൾ എപ്പോഴാണ് മുറിച്ചു മാറ്റേണ്ടത്…?ഒറ്റ അടി, ആദ്യത്തെ ഒരൊറ്റ അടിമാത്രം മതിയായിരുന്നു ഥപടിലെ നായികക്ക് ഇറങ്ങിപ്പോരാൻ: നിങ്ങൾ നിങ്ങളുടെ കമ്പനിയിൽ എങ്ങനെയാണോ നിങ്ങളെ നിക്ഷേപിച്ചിട്ടുള്ളത്, അതിനേക്കാൾ കൂടുതൽ ഞാനെന്നെ മുഴുവനായി നിങ്ങളിൽ നിക്ഷേപിച്ചിരിക്കയാണ് .

എന്റെ വിശ്വാസങ്ങൾ, പ്രതീക്ഷകൾ, സ്വപ്നങ്ങൾ … അവയുടെ വേലിയേറ്റത്തിന് നിങ്ങളൊരു കാരണം ആ കുമ്പോൾ എല്ലാം മറന്ന് വിശ്വാസം അർപ്പിക്കുമ്പോൾ എല്ലാം മറന്നു നില്ക്കുന്ന ആ നിമിഷം ദാ, നിങ്ങളെന്റെ നേരെ കയ്യുയർത്തുന്നു..ആദ്യത്തെ തവണ അവസാനത്തെ തവണയുമാണ്. മതിയേ മതി….
അപ്രതീക്ഷിതമായി ഒരു പൗർണമി അമാവാസിയാവുകയാണ്.ഒരടിയാകണമെന്നില്ല പ്രകോപനം. ഒരു നോട്ടമാവാം…ഒരു മൂളലാവാം…വെറും മൗനമാകാം..എനിക്കും തനിക്കും തമ്മിലെന്ത് എന്ന് തോന്നിപ്പോകുന്ന നിമിഷമാവാം.നമുക്കുള്ള പ്രാധാന്യം കുറയുന്ന നിമിഷം, നമ്മുടെ സംസാരം പോലും അവർക്ക് അരോചകമായി തോന്നുന്നുവെന്ന് തിരിച്ചറിയുന്ന നിമിഷം ഇറങ്ങിപ്പോരണം ആ ബന്ധത്തിൽ നിന്ന്.

ഇറങ്ങിപ്പോകുന്നത് നാം ആകാമെങ്കിലും അതിന് പ്രകോപിപ്പിക്കുന്നത് അയാളാണല്ലോ…മനസ്സ് നീറുന്നുണ്ടാകും.അവഗണനയുടെ പൊള്ളലിനേക്കാൾ ഭേദമുണ്ടാകും ആ നീറ്റലിന്.എങ്കിലും.കണ്ണു നിറയാതെ, ചുണ്ട് വിതുമ്പാതെ ഇറങ്ങിപ്പോരാനാവുമോ നമുക്ക്, എനിക്കും നിങ്ങൾക്കും…?എങ്കിലും ആത്മഹത്യ ചെയ്യുന്നതിലും നല്ലത് ഇറങ്ങി പോക്ക് തന്നെ … ഇനിയും ഇത് തുടരും എന്ന വേദനയോടെ ….

Dr. Shimna Azeez ന്റെ കുറിപ്പ് ചുവടെ വായിക്കാം

ഇരുപത്തിനാല് വയസ്സുള്ള ഒരു പെൺകുട്ടി മരണപ്പെട്ടിരിക്കുന്നു. മരിച്ചിരിക്കുന്നത്‌ ഒരു തുണ്ട്‌ കയറിനാലാണെന്ന്‌ പറയപ്പെടുന്നു. നിയമപരമായ അന്വേഷണം നടക്കുന്ന നേരത്ത്‌ ആത്മഹത്യയോ അല്ലയോ എന്നൊന്നും പറയാനില്ല, വിഷയം അതല്ല താനും.

അവൾ അവളുടെ സ്വന്തം കുടുംബാംഗങ്ങൾക്ക്‌ അയച്ച അവളുടെ മുഖം കൃത്യമായി പതിഞ്ഞ ചിത്രങ്ങളടക്കം വാർത്തയിൽ കണ്ടു. തല്ലി ചുവന്ന പാടുകളും നെറ്റി മുഴച്ചതും കൈയിലെ ചോര കല്ലിപ്പും പിന്നെയും വേദന നുരയുന്ന വേറെ കുറേ പടങ്ങളും. സ്‌ത്രീധനമായിരുന്നത്രേ വിഷയം. ബാക്കിയുള്ള സ്‌ത്രീധനം ചോദിച്ച്‌ അവന്റെ കൊടിയ പീഡനമായിരുന്നത്രേ നിത്യം. തെളിയിക്കപ്പെടാത്തിടത്തോളം ഇതെല്ലാം ആരോപണങ്ങളാണെന്ന്‌ വേണമെങ്കിൽ പറയാം. പക്ഷേ, അവളുടെ ചാറ്റ്‌ സ്‌ക്രീൻഷോട്ടടക്കം പലയിടങ്ങളിലായി കാണുന്നു. മിനിയാന്ന്‌ തല്ലിയെന്നും, അടി കൊണ്ട്‌ കിടന്നപ്പോൾ മുഖത്ത്‌ ചവിട്ടിയെന്നും, ഇടക്കിടെ അയാൾ തല്ലുമായിരുന്നെന്നും…

എനിക്ക്‌ മനസ്സിലാകാത്തത്‌ ഇതൊന്നുമല്ല-ഇന്ന്‌, ഈ കാലത്തും നിലനിൽക്കുന്ന ”പെൺകുട്ടിയെ പറഞ്ഞയക്കുന്നതല്ലേ, വെറും കൈയോടെ എങ്ങനെ” എന്ന്‌ പറഞ്ഞ്‌ വളർത്തി വലുതാക്കിയ കുഞ്ഞിനെ അങ്ങോട്ട്‌ കാശ്‌ കൊടുത്ത്‌ തല്ല്‌ കൊള്ളാൻ പറഞ്ഞയക്കുന്ന, എന്ത് സംഭവിച്ചാലും “അവന്റെ കാൽച്ചോട്ടിൽ ആണ്‌ മോളേ സ്വർഗം, ക്ഷമിക്കണം, സഹിക്കണം” എന്ന് ‘ആശ്വസിപ്പിക്കുന്ന’, മകൾ വീട്ടിലേക്ക്‌ തിരിച്ച്‌ പോന്നാൽ ‘നാണക്കേട്’ വിചാരിക്കുന്ന, തലക്ക്‌ മുകളിൽ വട്ടംചുറ്റുന്ന ദുരിതം സഹിക്കുന്നത്‌ നിർത്തി ഇറങ്ങിപ്പോരാൻ ഭയന്ന്‌ സർവ്വംസഹയായി പെൺകുട്ടികൾ നില കൊള്ളുന്ന, സ്വന്തംകാലിൽ നിൽക്കാനുള്ള വിദ്യാഭ്യാസവും തന്റേടവും ലോകപരിചയവും എത്തുന്നതിന്‌ മുൻപ്‌ ഒരു കപ്പ്‌ ചായ കൊടുത്ത സൗഹൃദം മാത്രം മകൾക്കുള്ള ഒരപരിചിതന്റെ കൂടെ മിക്കപ്പോഴും പറഞ്ഞയക്കുന്ന വ്യവസ്‌ഥയെയാണ്‌, വ്യവസ്‌ഥിതിയെയാണ്‌.

എത്ര പെൺമക്കളെ ബലി കൊടുത്താലാണ്‌ പുറമേ കാണുന്ന മുറിപ്പാടുകളും, പുറമേ കാണാത്ത മാനസികപീഡനത്തിന്റെ അഴുകിയ പൊള്ളലുകളും വലിച്ച്‌ ദൂരെക്കളഞ്ഞ്‌ ജീവിക്കാൻ തീരുമാനിച്ച്‌ കാൽചുവടുകളിൽ നിന്ന്‌ ഇറങ്ങിപ്പോരാൻ മാത്രം പക്വത നമ്മുടെ പെണ്ണുങ്ങൾക്കുണ്ടാകുക.
എന്തിനാണീ സഹനമെല്ലാം??

“ഞാൻ ജീവിക്കും,നീ പോടാ പുല്ലേ” എന്ന്‌ പറഞ്ഞ്‌ ഇറങ്ങിപ്പോന്നിരുന്നെങ്കിൽ ഉള്ളളറിഞ്ഞ്‌ ചിരിക്കുമായിരുന്ന, ആത്മാവോടെ ജീവിക്കുമായിരുന്ന ഒരു പെണ്ണിനെയെങ്കിലും ഇത്‌ വായിക്കുന്ന ഓരോരുത്തർക്കുമറിയില്ലേ? ഇറങ്ങിപ്പോന്നൂടെ? ജീവിച്ചൂടെ?

എന്തിനാണിങ്ങനെ സ്വയം ഇല്ലാതെയാകുന്നത്‌? ഓരോ നിമിഷവും മരിച്ച്‌ ജീവിക്കുന്നത്‌? ആ പെൺകുട്ടിക്ക്‌ ആത്മശാന്തി നേരുന്നു. ഒപ്പം, ഇന്നും ജീവനോടെയിരിക്കേണ്ടിയിരുന്ന ഒരുവളെയോർത്ത്‌, അല്ല ഒരുപാട്‌ സ്‌ത്രീകളെയോർത്ത്‌ നെഞ്ച്‌ പിടയുകയും ചെയ്യുന്നു…വല്ലാതെ വേദനിക്കുന്നുണ്ട്‌.