2007-ല്‍ ഹോര്‍മോണ്‍സ് ആന്‍ഡ് ബിഹേവിയര്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനമനുസരിച്ച് അണ്ഡവിസര്‍ജനത്തോടനുബന്ധിച്ച ദിവസങ്ങളില്‍ സ്ത്രീകളുടെ ദിവാസ്വപ്നങ്ങളില്‍ കൂടുതല്‍ കടന്നുവരുക ഇത്തരം ആണത്തമുള്ള മസിലന്മാര് ആയിരിക്കുമത്രെ. ഇതിന് ഒരു ജീവശാസ്ത്രപരമായ വിശദീകരണം കൂടിയുണ്ട്. ഈ സമയമാണ് സ്ത്രീകള്‍ക്ക് ഗര്‍ഭവതികളാകാന്‍ ഏറ്റവും അനുയോജ്യമായത്. ഏറ്റവും മികച്ച ഒരു തലമുറയെ സൃഷ്ടിക്കാനുള്ള ജൈവപരവും പ്രകൃത്യാലുള്ളതുമായ ചോദനയുടെ പരോക്ഷ പ്രതിഫലമാണത്രെ മികച്ച പുരുഷന്മാരേക്കുറിച്ചുള്ള ഈ പകല്‍ സ്വപ്നങ്ങള്‍.
ഒരു പുരുഷനെ ഇണയായി തെരഞ്ഞെടുക്കുമ്പോഴും ഇങ്ങനെയൊരു കരുതല്‍ സ്ത്രീക്കുണ്ട്. അതുകൊണ്ടാണ് സ്ത്രീ എപ്പോഴും ഗുണപരമായതും സ്ഥിരവുമായ ബന്ധങ്ങളോടു കൂടുതല്‍ താല്പര്യം കാണിക്കുന്നത്. അണ്ഡവിസര്‍ജന ദിനങ്ങളില്‍ സ്ത്രീകള്‍ ലൈംഗികമായി കൂടുതല്‍ ആക്ടീവായിരിക്കുമെന്നും ചില പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഈ സമയത്തു നടക്കുന്ന ഹോര്‍മോണ്‍ മാറ്റങ്ങളാണ് ലൈംഗികവികാരം തീവ്രമാക്കാന്‍ കാരണം.
ഇതിന്റെയൊക്കെ പ്രായം കഴിഞ്ഞില്ലേ….എന്ന് മധ്യവയസെത്തുന്നതോടെ സ്ത്രീ ചോദിച്ചുതുടങ്ങും. ലൈംഗികവികാരങ്ങളുടെ കാര്യത്തില്‍ മാത്രമല്ല അവയുടെ ഏറ്റക്കുറച്ചിലുകളുടെ കാര്യത്തിലും വ്യത്യസ്തരാണ് സ്ത്രീ-പുരുഷന്മാര് എന്നതു തന്നെ കാരണം. പുരുഷന്റെ ലൈംഗികവികാരം പ്രായമേറുമ്പോഴും വലിയ കുറവില്ലാതെ നിലനില്ക്കും. എന്നാല്‍ സ്ത്രീകളില്‍ പ്രായഭേദമനുസരിച്ച് ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകാം. ഒരു പ്രായം കഴിയുന്നതോടെ അവള് ഉത്തരവാദിത്വമുള്ള കുടുംബിനിയും കുട്ടികളുടെ അമ്മയുമാകുന്നു. കാമുകിയുടെയും കിടപ്പറ പങ്കാളിയുടെയും വേഷങ്ങള്‍ കെട്ടിയാടുന്നത് അതോടെ കുറയുന്നു.
ലൈംഗികഅഭിനിവേശം ഇല്ലാതാകുന്നതല്ല പലപ്പോഴും ഇതിനു കാരണം. മറ്റു പല തിരക്കുകളും ഉത്തരവാദിത്വങ്ങളും മൂലം മാറ്റിവയ്ക്കാവുന്ന ഒന്നായ ലൈംഗികത അവഗണിക്കപ്പെടുകയാണ്. മുപ്പതുകളിലും നാല്‍പ്പതുകളിലുമുള്ള സ്ത്രീകള്‍ക്ക് ചെറുപ്പക്കാരികളെ അപേക്ഷിച്ച് കൂടുതല്‍ ലൈംഗിക അഭിനിവേശം കാണുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. 18 വയസിനും 26 വയസിനുമിടയിലുള്ള പെണ്‍കുട്ടികളേക്കാള്‍ കൂടുതല്‍ രതിഭാവനകള്‍ കാണുന്നത് 27 വയസിനും 45 വയസിനും ഇടയിലുള്ള സ്ത്രീകളാണെന്നാണ് കണ്ടെത്തല്‍.
എന്നാല്‍, മധ്യവയസെത്തുന്നതോടെ ചിലരില്‍ ലൈംഗികവികാരം കുറയും. അതിന്റെ പ്രധാനകാരണം ആര്‍ത്തവവിരാമമാണ്. ആര്‍ത്തവം നിലയ്ക്കുന്നതോടെ സ്ത്രീ ശരീരത്തില്‍ ഈസ്ട്രജന്റെ അളവു കുറയുന്നു. ഇത് യോനീ വരള്‍ച്ചയുണ്ടാക്കും. തത്ഫലമായി ലൈംഗികബന്ധം വേദനാജനകമാകാം. മാത്രമല്ല, ഈസ്ട്രജന്റെ അളവു കുറയുന്നതു മൂലം വികാരോത്തേജന കേന്ദ്രങ്ങളിലെ സ്പര്ശനങ്ങള് കാര്യമായ ഉത്തേജനവും നല്‍കില്ല. ലൈംഗികമായ തന്റെ ആകര്‍ഷത്വവും ഊര്‍ജവും കുറയുന്നു എന്ന ചിന്ത സ്ത്രീയുടെ ആത്മാഭിമാനത്തെ തന്നെ തകര്‍ത്തുകളയാം.
പുറമേ നിന്നു നോക്കുന്നത്ര നിഷ്ക്രിയമല്ല സ്ത്രീയുടെ ലൈംഗികവികാരലോകം. നിഗൂഢവും വന്യവുമായ അതിലെ ചുഴികളേയും മലരികളേയും തിരച്ചറിയാന്‍ ഇനിയും ഒരുപാട് കാതങ്ങള്‍ സഞ്ചരിക്കേണ്ടിവരും.
ഈസ്ട്രജന്, ടെസ്റ്റോസ്റ്റിറോണ്‍, പ്രൊജസ്ട്രോണ്‍ എന്നിവയാണ് സ്ത്രീ ലൈംഗികതയുമായി ബന്ധപ്പെട്ടു നില്ക്കുന്ന മൂന്നു ഹോര്‍മോണുകള്‍. ഇതില്‍ ടെസ്റ്റോസ്റ്റിറോണ്‍ ആണ് ഏറ്റവുമധികം പ്രാധാന്യമുള്ളത്. ഇത് അടിസ്ഥാനപരമായി ഒരു പുരുഷഹോര്‍മോണ്‍ ആണെങ്കിലും സ്ത്രീ ലൈംഗികതയില്‍ നിര്‍ണായകമായ പങ്കുണ്ട്. ഈസ്ട്രജന് ഉല്പാദിപ്പിക്കപ്പെടാന് ഈ ഹോര്‍മോണ്‍ സഹായിക്കുന്നു. ശരീരത്തില്‍ ഇതിന്റെ അളവു കൂടിയാല്‍ ലൈംഗികവികാരം വര്‍ധിക്കാന്‍ ഇടയാകും.
സ്ത്രീയുടെ സെക്സ് ഡ്രൈവ് ഭാഗികമായി നിയന്ത്രിക്കുന്നത് ഈസ്ട്രജനാണെന്നു പറയാം. അടിസ്ഥാനപരമായി ഇതൊരു സ്ത്രീ ഹോര്‍മോണ്‍ ആണ്. ലൈംഗികാവയവങ്ങളുടെ വളര്‍ച്ചയ്ക്കും ഈ ഹോര്‍മോണ്‍ ആവശ്യമാണ്. ആര്‍ത്തവവിരാമമാകുന്നതോടെ ഈ ഹോര്‍മോണിന്റെ ഉല്പാദനത്തില് പ്രകടമായ കുറവുണ്ടാകാം.