വിഷയമാണ് സിനിമ : ധാരാളിത്വമല്ല. വമുൺ വിത്ത് മൂവി ക്യാമറ.
എ.സെബാസ്റ്റ്യൻ
എല്ലാവരും ഉറപ്പായും കാണേണ്ട സിനിമയാണ് വുമൺ വിത്ത് മൂവി ക്യാമറ. സിനിമയേത്, ജീവിതമേത് എന്ന് തിരിച്ചറിയുവാനാകാതെ മുന്നോട്ട് പോകുമ്പോൾ ഇത് എന്തിനാ ഇങ്ങനെ പറയുന്നേ എന്ന് തുടക്കത്തിൽ ആശങ്കപ്പെടുമെങ്കിലും ഒടുക്കമാകുമ്പോൾ സിനിമ കാഴ്ചക്കാരെ കെട്ടി വരിഞ്ഞ് കൊണ്ട് പോകുന്നു. അടങ്ങാത്ത ലൈംഗിക ആസക്തിയാൽ കുട്ടികളെ എങ്ങനെ ലൈംഗികമായി ഉപദ്രവിക്കുന്നവരുടെ നേർക്കാണ് ഈ ചിത്രം തോക്കായി നിറയൊഴിക്കുന്നത്. സദാചാര പോലീസ് ചമയുന്നവരുടെ തനി നിറം തുറന്ന് കാണിക്കുന്നിടത്താണ് സിനിമയുടെ രാഷ്ട്രീയം വെളിപ്പെടുന്നത്. എവിടെ നിന്ന് പോലും ഉപദ്രവം നേരിടാമെന്ന് തന്നെയാണ് പറഞ്ഞു വെയ്ക്കുന്നത്. നല്ല പിള്ള ചമഞ്ഞ് നേർവഴിക്ക് നടത്തുവാൻ കൊട്ടക്കണക്കിന് ഉപദേശങ്ങൾ ചൊരിയുന്നവർ തന്നെയാണ് കുട്ടിയായിരുന്നപ്പോൾ ദ്രോഹിച്ചിട്ടുള്ളത്. ഒന്നും തുറന്ന് പറയുവാൻ കഴിയാതെ അവരെ തന്നെ നല്ല പിള്ളയാക്കി സൽക്കരിക്കുമ്പോൾപോലും ആ കുട്ടി അനുഭവിച്ച മാനസിക വിഷമമുണ്ട്. അത് അറിഞ്ഞിട്ട് പോലും നേരാവണ്ണം പ്രതികരിക്കുവാൻ തയ്യാറാകാത്തവരോടാണ് ഓരോ ചോദ്യങ്ങളും ഉയരുന്നത്.
ഈ സിനിമ കൈകാര്യം ചെയ്യുന്ന വിഷയം വിട്ട് സിനിമയുടെ ഗ്രാമർ പിൻതുടർന്നില്ല എന്ന് പറഞ്ഞ് കുറ്റപ്പെടുത്തുമ്പോഴും. സിനിമയ്ക്ക് അങ്ങനെ പ്രത്യേക ചിട്ടവട്ടങ്ങൾ ഉണ്ടോ? അത് മറികടന്ന് സിനിമ ചെയ്താൽ അംഗീകരിക്കാൻ കഴിയില്ലേ? കണ്ട് മടുത്ത രീതികളിൽ നിന്നും വ്യത്യസ്തമായി പുതിയതൊന്ന് ഉണ്ടാകുമ്പോഴാണ് മാറ്റം സംഭവിക്കുന്നത്. അത് നമ്മുടെ കാഴ്ച ശീലങ്ങളെ വെല്ലുവിളിക്കുന്നതായിരിക്കും. അത് ദഹിക്കാത്തവരോട് തർക്കം വേണ്ട. നിലവിലുള്ളത് മറി കടന്ന് ഉള്ളിൽ തറക്കുന്ന തരത്തിലേക്ക് സിനിമ മുന്നോട്ട് വെയ്ക്കുന്ന ദർശനം കാണിച്ച് കൊടുക്കുക എന്നത് തന്നെയാണ് പ്രധാനം. ഓരോ കുട്ടിയും ഈ പീഢനങ്ങൾക്ക് വിധേയമായി മാനസികമായി തകരുമ്പോൾ സമൂഹത്തിന് എന്തോ പ്രശ്നമുണ്ടെന്ന് തന്നെയല്ലേ. അതിനെ മറിക്കടക്കുവാൻ ഇത്തരത്തിൽ കടന്ന് പോകാതെ ഇരിക്കുവാൻ എന്താണ് ചെയ്യേണ്ടത് എന്ന വലിയ ചോദ്യം ഉയർത്തുന്നുണ്ട്.
നമ്മൾ കുട്ടികൾക്ക് ലൈംഗിക വിദ്യാഭ്യാസം കൊടുക്കുന്നുണ്ടോ? ഇന്നും സിലബസിൽ ഇത് കൂടി ഉൾപ്പെടുത്തണമെന്ന് പറയുമ്പോഴേക്കും സദാചാര വാദികളും മതമേലധ്യക്ഷന്മാരും ശക്തിയുക്തം എതിർപ്പുമായി മുന്നോട്ട് വരും. അതിനെ വിശ്വാസത്തിന് എതിരെന്ന് പറഞ്ഞ് തച്ച് തകർക്കും. അപ്പോഴും ഇത് സമൂഹത്തിൽ കുറയുകയല്ല, കൂടുകയാണ്. ഇവർക്കാണ് ആദ്യം ക്ലാസ് കൊടുക്കേണ്ടത്. എന്നിട്ട് സിലബസിൽ ഉൾപ്പെടുത്തുകയാണ് വേണ്ടത്. ഗുഡ് ടച്ചും ബാഡ് ടച്ചും തിരിച്ചറിയുന്നതിൻ്റൊപ്പം തക്ക സമയത്ത് പ്രതികരിക്കാനും പ്രാപ്തരാക്കുകയാണ് ശരിയായ രീതി. ഇനിയും ഇത് തന്നെ തുടരണമെന്ന് ആഗ്രഹിക്കുന്നവരാണ് ലൈംഗിക വിദ്യാഭ്യാസത്തിനെതിരെ കുട പിടിക്കുന്നത് എന്ന തിരിച്ചറിവിൽ നിന്നേ ഇതിന് പരിഹാരം കാണുവാൻ കഴിയു. കളി പറഞ്ഞ് കാര്യത്തിലേക്ക് സിനിമ മുന്നേറി അവസാനിക്കുമ്പോൾ ആറ്റം ബോംബാണ് നിക്ഷേപിക്കുന്നത്. ഈ സിനിമയുടെ വിഷയത്തിലേക്കാണ് ശ്രദ്ധ പതിയേണ്ടത്. അഭിനയിച്ച് സിനിമയിൽ ജീവിക്കാമെന്ന് സിനിമയും ജീവിതവും വേർതിരിച്ചറിയാതെ മുന്നോട്ട് കൊണ്ട് പോകുവാൻ കഴിയുന്നിടത്താണ് സിനിമ വിജയിക്കുന്നത്.