പെണ്ണിന്റെ സാമ്രാജ്യം

652

പെണ്ണിന്റെ ഐഹിക രാജ്യം വീടകത്തിന്റെ ഭൂപടത്തിൽ കടുക് മണിയോളം ചെറുതെങ്കിലും

അവളുടെ മനോരാജ്യം വിത്ത് മുളച്ചു വളർന്നു ലോകം നിറയുന്നൊരു
വിശാലമായ സാമ്രാജ്യം ആണ്

ഏറ്റവും ചെറുതാണെങ്കിൽപോലും
വത്തിക്കാനെ പ്പോലെ
സ്വയം ഭരണാവകാശം ഉണ്ട്

പെൺമനോരാജ്യത്തിന്റെ വിസ്തീർണം കണക്ക്കൂട്ടി കൂട്ടി വട്ടായതും വട്ടത്തിലായതും പുറത്തായതും മിച്ചം

വ്യാസം വ്യാസനു പോലും നിശ്ചയം ഇല്ല

ചുറ്റോടു ചുറ്റു ആരും
അടി(ച്ചു )അളന്നു തിട്ടപ്പെടുത്തിയിട്ടില്ല

കമ്പോടു കമ്പ് ആരും വായിച്ചു തീർത്തിട്ടില്ല

ശയന പ്രദക്ഷിണത്തിലോ സാഷ്ടാംഗ ദണ്ഡ നമസ്ക്കാരങ്ങളിലോ അവിടുത്തെ
ദേവി പ്രീതിപ്പെടില്ല

വേലികൾ, മതിലുകൾ, കയ്യാലകൾ
കെട്ടിത്തിരിയ്ക്കാത്ത മഹാസാമ്രാജ്യം

കെട്ടും തോറും തകർന്നു വീഴും
പണിയും തോറും ഉടഞ്ഞു വീഴും
വീഴും തോറും ഉയർത്തെഴുന്നേൽക്കും

അതിർത്തികൾ നിർണ്ണയിക്കാൻ
ഇനിയുംനൂറ്റാണ്ടുകൾതമ്മിലുള്ള മഹായുദ്ധത്തിനും കഴിഞ്ഞിട്ടില്ല

ആ മായാ രാജ്യത്തേക്ക് കടന്നാലോ
വിഷയമ്പുകളോ തീപ്പന്തങ്ങളോ
ജലപീരങ്കികളോ കണ്ണീർ വാതകങ്ങളോ തടയില്ല

റഡാറുകളും ചെക് പോസ്റ്റുകളും
കാലഹരണപ്പെട്ട നാണയങ്ങൾ ആണ്
(മ്യൂസിയത്തിലെ ഫോസിൽ വിഭാഗത്തിൽ കണ്ടേക്കാം )

മിസൈലുകൾ ടാങ്കുകൾ തോക്കുകൾ തുടങ്ങിയവ നിരോധിയ്ക്കപ്പെട്ട പണിയായുധങ്ങൾ

കൂട്ടം വെട്ടിയതും തെറ്റിയതും കൂടാനോ ചേരാത്തത് ചേർക്കാനോ പാടില്ല

വാക്കാണിവിടെ ആയുധം
പ്രേമം, സ്നേഹം, അനുകമ്പ, കാരുണ്യം തുടങ്ങിയ വാക്കായുധക്കൂമ്പാരങ്ങൾ
കലവറകൾ നിറഞ്ഞു കവിഞ്ഞു കിടക്കുന്നു

തെറി വിളി, ബലാത്സംഗം, സ്ത്രീ വിരുദ്ധത നിറയാതെ തുളുമ്പാതെ, ഒഴിഞ്ഞ ഭണ്ഡാരങ്ങൾ അന്തഃപുര മൂലയ്ക്ക്
കൂട്ടി ഇട്ടിരിയ്ക്കുന്നു

ആജ്ഞകളും നിന്ദാ വാക്കുകളും പരിഹാസ കൂക്കി വിളികളും, പുകയാത്ത അടുപ്പിൽ പൂച്ച പെറ്റു കിടക്കുന്നു

പെണ്ണിന് വേണ്ടാത്ത വർണ്ണ- വർഗ്ഗ- ജാതി മത – അധികാര- സമ്പന്ന -ഖജനാവുകൾ, സപ്രമഞ്ചത്തിനടിയിൽ
മലകളെ പെറുന്ന എലികൾ
കൈയ്യടക്കിയിരിയ്ക്കുന്നു

മുള്ളു വേലിയ്ക്കപ്പുറത്തു അഗാധ കിടങ്ങുകളിൽ
വാപിളർത്തും മുതലകൾ ഇല്ല
മുതലക്കണ്ണീർ കൊണ്ട് കിടങ്ങുകൾ നിറയാറും ഇല്ല

സൗന്ദര്യ -അഴകളവു- മത്സര ചീട്ടുകൾ കീറി ദർബാർ പുരയിൽ തോരാൻ തൂക്കിയിട്ടിരിയ്ക്കുന്നു

മനോരാജ്ഞിയുടെ നേർ വാക്കോ നോക്കോ ചിരിയോ തെളിവായി സമർപ്പിച്ചാൽ

ആകാശം തുളയ്ക്കും കോട്ട വാതിലുകൾ തുറക്കപ്പെടും
തുറക്കപ്പെടുന്നത് മിഥ്യാ ഗോപുരം ആണ്
അങ്ങനെ ഒരു വാതിൽ അവിടെയില്ല

സാങ്കല്പിക രാജ്യത്തിന്റെ
മായാ വാതിലുകൾ മതിഭ്രമം ഉണ്ടാക്കും

വാതിലുകൾ എണ്ണിഎണ്ണി കാലം ചെയ്തിട്ടും അകത്തു കടക്കാനാകാഞ്ഞ ഗജകേസരികൾ
നിന്ന് നിന്ന് കാല് കടഞ്ഞിട്ട് വാലാട്ടിയും ചെവിടോർത്തും ഇരുന്നു ജപിച്ചതും
പഴം കഥകൾ

അരക്കില്ലത്തിൽ കത്തിയൊടുങ്ങും വിശന്നു വലഞ്ഞ പെണ്ണിരഭോജികൾ

സ്മൃതി മണ്ഡപത്തിൽ വഴുക്കി വീഴും
ആണഹങ്കാരങ്ങൾ

സദാചാര ഗുണ്ടായിസം തിരഞ്ഞു
സമയം കളയണ്ട
വായന ശാലയുടെ പൊടി പിടിച്ച മൂലയ്ക്ക്
കുരിശിൽ തറച്ചു ശൂലത്തിൽ കോർത്തു തൂക്കിയിട്ടിട്ടുണ്ട്.
(പുരാവസ്തു വിഭാഗത്തിലേക്ക് മാറ്റാനിടയുണ്ട് )

ഭരണം ഏകാധിപത്യം
ആണെന്നതിൽ സംശയം വേണ്ട

കാവൽക്കാർ രാജ്ഞിയുടെ
ആജ്ഞകളെ മാത്രം അനുസരിയ്ക്കുന്ന സ്വപ്ന ഭടർ

ലളിതമെന്നു തോന്നിപ്പിയ്ക്കും വിധം സങ്കീർണം ആണ് പ്രവേശന യോഗ്യതാ നിയമങ്ങൾ

അതിക്രമിച്ചു കടക്കാനാവില്ലൊരിയ്ക്കലും
എന്നാലും
വിസയോ പാസ്പോർട്ടോ ഐഡിയോ ഇല്ലാതെ ആർക്കു വേണേലും
എപ്പോൾ വേണേലും കടന്ന് വരാം പോകാം

സ്നേഹം എന്ന പഞ്ചിങ് മെഷീനിൽ ഹൃദയം അർപ്പിച്ചാൽ കടത്തി വിടും

അക്കൗണ്ട് തുടങ്ങാൻ രാജ്ഞി യുടെ സ്നേഹ മുദ്ര പതിയണം

പിഴ പലിശയോ മിനിമം ബാലൻസോ ഇല്ലാത്ത ഇടപാടുകൾ 100%സുരക്ഷിതം

മായാമനോരാജ്യത്തെ മനോഹരകാഴ്ചകൾ

മുയലുകൾ സിംഹങ്ങളോടും
മുതലകൾ മാൻകൂട്ടങ്ങളോടും
കുശലം ചോദിയ്ക്കുന്നതും ഒരുമിച്ചു സെൽഫി എടുക്കുന്നതും കാണാം

പൂമരങ്ങൾ സൗഹൃദം തേടി ശലഭങ്ങളെയും പക്ഷിദമ്പതികളെയും സന്ദർശിയ്ക്കുന്നത്

മീനുകൾ ഉയർന്നു ചാടി പൊന്മാനിൻകുഞ്ഞിനോട് കളി പറയുന്നത്

മലകൾ ഉച്ചനേരങ്ങളിൽ ബാല്യകാല സുഹൃത്തുക്കളായ കടലുകളെ സന്ദർശിയ്ക്കാൻ പോകുന്നത്

കുന്നുകൾ കുഴികളിലെ അഗാധ മുറിവുകളെ ചേർത്തിരുത്തി പന്തിഭോജനം ചെയ്യുന്നത്
അത്ഭുത കാഴ്ചയേ അല്ല.

ആത്മാവിൽ സത്യസന്ധത പൂക്കുകയും സ്നേഹം വിളയുകയും
വിളവെടുപ്പ് കാലങ്ങൾ വെട്ടു കിളികൾ അപഹരിയ്ക്കുകയും ചെയ്യുന്ന

പെണ്ണിന് മാത്രം കാണാവുന്ന,
അവൾക്കു മുന്നിൽ മാത്രം തെളിയുന്ന
മനോരാജ്യം !

എവിടെ ഈ രാജ്യത്തിന്റെ ഭൂപടം

ആകാശത്തിനും ബഹിരാകാശത്തിനും മേലെയുള്ള ദുരിതാകാശത്തോ

പ്രപഞ്ചത്തിന്റെ എതിർവശത്തോ ന്യൂട്ടണിന്റെ കണ്ടുപിടുത്തങ്ങളിലോ

ഡാർവിന്റെ സിദ്ധാന്തങ്ങളിലോ
ലോഗരിതം മേശയ്ക്ക് അടിയിലോ

അസ്‌ട്രോണോമിയിൽ തെളിയാത്ത
ക്ഷീര പഥങ്ങളിലോ
ധൂമ കേതുക്കളിലെ രാസവസ്തുക്കളിലോ

ഒളിഞ്ഞിരിയ്ക്കുന്നത് എന്ന്
ഗവേഷണം നടത്തി കാലം ചെയ്ത
ചില ദുരന്താത്മാക്കൾ !

പുറം കടലിൽ കിടന്ന് അലറിവിളിയ്ക്കുന്നത് കേൾക്കാൻ തയ്യാർ ആണെങ്കിൽ വന്നോളൂ

മനോരാജ്യത്തിലേയ്ക്ക്

പെണ്ണിന്റെ മാത്രം സ്വന്തം സ്വയംഭരണാവകാശ രാഷ്ട്രം !!

ഗംഗ.എസിന്റെ പോസ്റ്റ്