ഒരു പ്രഗ്നൻസി ഡിറ്റക്ഷൻ കിറ്റിന്റെ ചിത്രം താരങ്ങൾ പങ്കുവച്ചത് വലിയ ചർച്ചകൾക്ക് വഴിവച്ചിരുന്നു. നിത്യ മേനോൻ, പാർവ്വതി തിരുവോത്ത് തുടങ്ങിയ താരങ്ങളാണ് ആ ചിത്രം പങ്കുവച്ചത്. എന്നാൽ അത് താൻ സംവിധാനം ചെയുന്ന ‘വണ്ടർ വുമൺ’ എന്ന ചിത്രത്തിന്റെ ഒരു പ്രമോഷൻ എന്നാണു സംവിധായിക അഞ്ജലിമേനോൻ പിന്നീട് വെളിപ്പെടുത്തിയത്. നിത്യ മേനോൻ, പാർവ്വതി തിരുവോത്ത് തുടങ്ങി ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന താരങ്ങൾ അവരുടെ സോഷ്യൽ മീഡിയ വഴി പ്രേക്ഷകർക്ക് പങ്കുവെച്ചുകൊണ്ട് തികച്ചും വ്യത്യസ്തമായ രീതിയിലാണ് ‘വണ്ടർ വുമൺ’ന്റെ പ്രഖ്യാപനം അഞ്ചലി മേനോൻ നടത്തിയത്.‘ബാഗ്ലൂർ ഡെയ്സ്’ എന്ന സൂപ്പർഹിറ്റ് ചിത്രം പ്രേക്ഷകർക്ക് സമ്മാനിച്ച മലയാളികളുടെ പ്രിയപ്പെട്ട സംവിധായിക അഞ്ജലി മോനോൻ തിരക്കഥയെഴുതി സംവിധാനം നിർവ്വഹിക്കുന്ന വണ്ടർ വുമൺ’ന്റെ ട്രെയിലർ റിലീസ് ചെയ്തിരിക്കുകയാണ് അണിയറപ്രവർത്തകർ.
ട്രെയിലറിൽ പാർവതിയും നിത്യയും സയനോരയും പത്മപ്രിയയും ഗർഭിണികളായെത്തുന്നു. അമ്മയാകാൻ തയാറെടുക്കുന്ന സ്ത്രീകൾ ഗർഭകാലത്ത് അനുഭവിക്കുന്ന മാനസിക സങ്കർഷങ്ങളും സമ്മർദങ്ങളും ജീവിതസാഹചര്യങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ചിത്രം നവംബർ 18 ന് സോണി ലിവ്വിലൂടെ പ്രേക്ഷകരിലേക്കെത്തും.റോണയായി നിത്യയും മിനിയായി പാർവ്വതിയും വേണിയായി പത്മപ്രിയയും സയയായി സയനോരയും എത്തുന്ന ചിത്രത്തിൽ നദിയ മൊയ്തു, അർച്ചന പത്മിനി, അമൃത സുഭാഷ് എന്നിവരാണ് മറ്റ് താരങ്ങൾ. ഛായാഗ്രഹണം മനീഷ് മാധവൻ , സംഗീതം : ഗോവിന്ദ് വസന്ത.