അവിസ്മരണീയംസ്..!!
പൊതുവേ എനിക്ക് ദൈവവിശ്വാസം തീരെയില്ല. എന്നാല്‍ ഈ കതക് തുറക്കാന്‍ പ്രിയപ്പെട്ട ഒരു ഹിന്ദു റിസേര്‍വ്വ്ഡ് ദൈവത്തെ വിളിച്ച് രണ്ടും കല്‍പ്പിച്ച് ഹാന്‍ഡിലില്‍ പിടിച്ച് വലിച്ചു. നോ രക്ഷ. പല പല ദൈവങ്ങളെ പരീക്ഷിച്ചു. അതിലാരും കനിഞ്ഞില്ല.
95 total views

മൊബൈല്‍ അടിക്കുന്നു. അതിരാവിലെ എന്നും ഇങ്ങനെയാ. അച്ഛന് അപ്പുറത്തെ മുറിയില്‍ നിന്നും വിളിക്കുന്നത് മൊബൈലിലാ. ശാസ്ത്രസാങ്കേതിക വിദ്യയുടെ ഒരു വളര്‍ച്ചയേ. തലയിലൂടെ ബ്ലാങ്കറ്റ് വലിച്ചിട്ട് ഒന്നു കൂടെ ചുരുണ്ട് കിടന്നു.
ദാ പിന്നെയും കോള്‍, ഇനി എഴുന്നേറ്റില്ലെങ്കില്‍ മുഖത്ത് വെള്ളം തളിക്കുകയാ അടുത്ത പരിപാടി, അതുകൊണ്ടാ മുന്‍കൂട്ടി തലമറച്ച് പുതപ്പ് വലിച്ചിട്ടത്. എന്നോടാ കളി…!
എന്താ സുഖം…ഒരു ജോലിയും ചെയ്യാതെ, ഒരു ബേജാറും ഇല്ലാതെ ഇങ്ങനെ പത്ത് മണിവരെ ഉറങ്ങാന്‍.
ഒരു നനവ്..!! ബ്ലാങ്കറ്റിന് മുകളീലൂടെ വെള്ളം..! ചാടിയെഴുന്നേറ്റു.
‘ഡീ എനിക്ക് പോണം, ചായ ദാ ഇരിക്കുന്നു..ബ്രേക്ഫാസ്റ്റ് ഉണ്ടാക്കി വെച്ചിട്ടുണ്ട്, ഞാന്‍ കഴിച്ചൂട്ടോ..!!’
‘ഇത്ര കാലത്തേ ഡ്യൂട്ടിയോ..?’
‘മണി എത്രായെന്നാ വിചാരം കുഞ്ഞേ..?. കുളിച്ച് കുട്ടപ്പനായി, ടൈ ഒക്കെ കെട്ടി പോകാന്‍ റെഡിയായി ദാ…നില്ക്കുന്നു മൈ ഫാദര്ജി..!
‘ക്ലോക്കില്‍ 7 മണീകഴിഞ്ഞ് പതിനഞ്ച് നിമിടം..!!’
അപ്പോള്‍ ഒന്നാമത്തെ മൊബൈല്‍ ബെല്ലിനും ഈ വെള്ളം തളിച്ചതിനും ഇടക്ക് ഒരുപാട് കാര്യങ്ങള്‍ കഴിഞ്ഞു. ബ്രേക്ഫാസ്റ്റ് വരെ റെഡി…! അച്ഛന് എന്നും ഇങ്ങനാ, അമ്മ നാട്ടില്‍ പോയിട്ട് രണ്ട് ആഴ്ച കഴിഞ്ഞു. അമ്മയുണ്ടായിരുന്നേല്‍ എന്നെ അടിച്ചെഴുന്നേല്പ്പിച്ച് ചായ ഇടാന്‍ പറഞ്ഞേനെ. നല്ല സ്നേഹമുള്ള അച്ഛന്..! നന്ദിയുണ്ട്..ഇത്രേം സ്നേഹിക്കുന്നതിന് ഞാന്‍ എന്താ തിരിച്ചു തരിക. എല്ലാ മക്കളും വിഷമങ്ങള്‍ മാത്രമേ മാതാപിതാക്കള്‍ക്ക് തിരിച്ച് നല്‍കാറുള്ളൂ….എന്ന സത്യം ഞാന്‍ അല്പനേരം വിസ്മരിച്ചു.
അച്ഛനെ പുറത്തേക്ക് വിട്ട്, കതക് പൂട്ടി…!!
ടി.വി ഓണ്‍ ചെയ്ത്…ഓ ഇന്നലത്തെ അതേ ന്യൂസ് വീണ്ടും വീണ്ടും ടെലികാസ്റ്റ് ചെയ്ത്കൊണ്ടിരിക്കുന്നു..! അരോചകമായതുകൊണ്ട് ചാനല്‍ മാറ്റിക്കളിച്ചു. അതിനിടയില്‍ ചൂട് ചായ അകത്താക്കി. ഇനി ഒന്ന് ഫ്രെഷ് ആയിട്ട് മറ്റുകാര്യങ്ങളിലേക്ക് കടക്കാം.
ബ്രേക്ക് ഫാസ്റ്റ് ഒന്ന് പൊക്കി നോക്കി. അച്ഛന്റെ സ്പെഷ്യല്‍ പ്രിപ്പറേഷന്‍..നല്ല പ്രത്യേക രുചിയുള്ള ഉപ്പുമാവ്..! അച്ഛന് ഉപ്പ്മാവ് സ്പെഷ്യലിസ്റ്റാ. പണ്ട് പഠിച്ചിരുന്ന സമയത്ത് എന്നും ഇതാണത്രേ ഉണ്ടാക്കിക്കഴിച്ചിരുന്നത്..!
ബ്രേക്ക്ഫാസ്റ്റ് കണ്ടപ്പോള്‍ വിശപ്പ് കൂടി. എന്തായാലും ഇനി കുളിച്ച് ഫ്രെഷ് ആയിട്ട് ഉപ്പുമാവിന്റെയും പഴത്തിന്റെയും ജീവനെടുക്കാം എന്ന് തീരുമാനിച്ചു. അതല്ലേ അതിന്റെ ഒരു ശരി. രാവിലേ ഇത്ര വിശപ്പോ. ഇന്നലെയും വളരെ ലേറ്റായിട്ടാ ഉറങ്ങിയത്. അതുകൊണ്ടായിരിക്കുമോ വിശപ്പ് കൂടിയത്..? എന്തായാലും വൈകിട്ട് അച്ഛന് വരുമ്പോള്‍ ഒരു അടിപൊളി ചായ ഉണ്ടാക്കിക്കൊടുക്കണം, ഒപ്പം ചപ്പാത്തിയും ഉണ്ടാക്കിവെയ്ക്കണം. ..!
ടവ്വലുമെടുത്ത് നേരേ ബാത്ത് റൂമിലേക്ക്. ഡോര്‍ ലോക്കിട്ട്, ഹീറ്ററിന്റെ സ്വിച്ചില്‍ വിരലമര്‍ത്തി. ചൂടുവെള്ളത്തിലാ കുളി. ഹോ ഈ ഡിസംമ്പറിലെ തണുപ്പ്..!!
ഋതുഭേദങ്ങള്‍ നമ്മില്‍ ജനിപ്പിക്കുന്ന അനിര്‍വ്വചനീയമായ സന്തോഷം പറഞ്ഞറീക്കാന്‍ പറ്റില്ല. ഓരോ കാലവും അനുഭവിച്ചറിയാന്‍ കിട്ടുന്ന സുന്ദരനിമിഷങ്ങള്‍..!ഈ കാലങ്ങളില്ലെങ്കില് ജീവിതം എത്ര ബോറായിപ്പോയേനെ. പുതുവസ്ത്രങ്ങള്‍ വാങ്ങാനും, ആഘോഷിക്കാനും, വിളവിറക്കാനും, പൂക്കള്‍ക്ക് ചിരിക്കാനും ഓരോരോ കാലങ്ങള്‍.അരോചകങ്ങളായ ദിവസങ്ങളെ പ്രതീക്ഷയുടെ സ്പന്ദനങ്ങള്‍ കൊണ്ട് കാലം മുന്നോട്ട് ചലിപ്പിക്കുന്നു. ഒറ്റക്കിരിക്കുമ്പോള്‍ ഈ ലോകം ഇത്ര സുന്ദരമായതിനെക്കുറിച്ച് ആലോചിച്ച് തല പുകയ്ക്കാറുണ്ട്..!
പെപ്സോഡന്റ് ബ്രെഷിലേയ്ക്ക് പരസ്യത്തിലൊക്കെക്കാണുന്നതുപോലെ വച്ചു. അതുപോലെതന്നെ ശാസ്ത്രീയമായി പല്ല് തേച്ചു. എല്ലാ ബാക്റ്റീരിയയും ചാകുന്നത് വരെ നന്നായി ബ്രഷ് ചെയ്തു. പല്ലിന്റെ മുക്കിലും മൂലയിലും വരെയെത്തുന്ന ബ്രഷ് നോക്കി വാങ്ങിയത് ചുമ്മാതെയാണോ. കണ്ണാടിയില്‍ നോക്കി ‘കോക്രി’ കാട്ടി.
മേല്‍ച്ചുണ്ടിന് മുകളില്‍ ഇടത്തേ വശത്ത് ഒരു രോമം വളര്‍ന്നു നില്ക്കുന്നു. ഇതെന്താ ഇത്രയും ദിവസമില്ലാത്ത ഒരു രോമവളര്‍ച്ച..! അതിനെ അങ്ങ് വെട്ടിക്കളഞ്ഞാലോ എന്ന് ആലോചിച്ചു. ഇനി മറ്റു വല്ല ചേഞ്ചും ആണോ..ഹേയ് അല്ലന്ന് തപ്പി നോക്കി ഉറപ്പ് വരുത്തി. അവിടെയിരുന്ന് ചെറു കത്രികയെടുത്ത് അവനെ വെട്ടിക്കളഞ്ഞു. ആശ്വാസമായി..!
വിശാലമായി കുളിച്ചു. നല്ല ചൂട് വെള്ളം..! തലയൊക്കെ തുവര്‍ത്തി. കുളിച്ച് കഴിഞ്ഞപ്പോള്‍ വല്ലാതെ തണുക്കുന്നു. എത്രയും പെട്ടന്ന് പുറത്ത് കടക്കണം. കണ്ണാടിയിലൂടെ ഒന്നും കാണാന്‍ കഴിയുന്നില്ല, മൂടല്‍ മഞ്ഞ് പറ്റിപ്പിടിച്ചതുപോലെ നീരാവിയുടെ ഇഫെക്റ്റ്..!!
ബാത്ത് റൂമിന്റെ കതക് തുറക്കാന്‍ ശ്രമിച്ചു , പറ്റുന്നില്ല പിന്നെയും പിന്നെയും ഹാന്‍ഡിലില്‍ ആഞ്ഞു വലിച്ചു. ലോക്കില്‍ തിരിച്ച് നോക്കി. ഒരു രക്ഷയുമില്ല.
എന്നാലും ഒന്നു കൂടെ ശ്രമിക്കാം.ശ്രമിച്ചു . ഫലം തഥൈവ. കതകിന്റെ താഴെയിരുന്ന് ഒന്നു കൂടെ ശ്രമിച്ചു. ഇനി എന്താ ചെയ്യുക.
പൊതുവേ എനിക്ക് ദൈവവിശ്വാസം തീരെയില്ല. എന്നാല്‍ ഈ കതക് തുറക്കാന്‍ പ്രിയപ്പെട്ട ഒരു ഹിന്ദു റിസേര്‍വ്വ്ഡ് ദൈവത്തെ വിളിച്ച് രണ്ടും കല്‍പ്പിച്ച് ഹാന്‍ഡിലില്‍ പിടിച്ച് വലിച്ചു. നോ രക്ഷ. പല പല ദൈവങ്ങളെ പരീക്ഷിച്ചു. അതിലാരും കനിഞ്ഞില്ല.
പടിപടിയായി മറ്റ് മതങ്ങളുടെ ദൈവങ്ങളിലും വിശ്വാസമര്‍പ്പിച്ചു, വീണ്ടും ശ്രമിച്ചു..ഫലം തഥൈവ..!!ഇനി ബാത്ത്റൂമിന്റെ കതകായതുകൊണ്ടായിരിക്കുമോ ദൈവങ്ങള്‍ക്ക് ഒരു പുച്ഛം.
ബുദ്ധനെയും, മഹാവീരനെയും മറ്റും െ്രെട ചെയ്താലോ? അതും ചെയ്തു…ഫലം ഹാന്‍ഡില്‍ ഇളകി കൈയ്യില്‍ വന്നു..! ഇനിയെന്ത്..? കഴിക്കാന്‍, അച്ഛന് ഉണ്ടാക്കിവച്ച ഉപ്പുമാവ് തണുത്ത് ഒരു ഗതിയായിക്കാണും..!
ഇവിടെ നിന്ന് നിലവിളിച്ചാല്‍ ആരേലും കേള്‍ക്കുമോ? ഞാന്‍ ഇതുവരെ ആരും ബാത്ത് റൂമില്‍ നിന്ന് നിലവിളിച്ച് കേട്ടിട്ടില്ല. എന്തായിരിക്കും ബാത്ത് റൂമിന്റെ കതകിന് സംഭവിച്ചത്. അതിന്റെ ലോക് ജാം ആയതായിരിക്കുമോ? അല്ല. ആണെങ്കില്‍ തിരിയില്ലല്ലോ?
നിലവിളിച്ചാല്‍ ആള്ക്കാര് ഓടിക്കൂടുമോ..? പോലീസ് വരും, ഫയര്‍ഫോര്‍സ് വരും ആകെ ബഹളമയം ആകും. എന്തായാലും ഒന്ന് നിലവിളിച്ച് നോക്കാന്‍ തീരുമാനിച്ചു. എങ്ങനെ നിലവിളിക്കും…
‘അയ്യോ ഓടിവായോ..രക്ഷിക്കണേ..’
ഹേയ് ഇതുവേണ്ട..സിനിമേലൊക്കെ റേപ്പ് ചെയ്യുമ്പോള്‍ നായിക വിളീച്ച് കൂവുന്നത് പോലെയുണ്ട്.
‘ഹലോ ഞാന്‍ ബാത്ത് റൂമില്‍ കുടുങ്ങിയേ..രക്ഷിക്കോ..!’
ഇതും അത്ര രസമായി തോന്നിയില്ല.
മലയാളത്തില്‍ വിളിച്ചാല്‍ മലയാളികള്‍ക്കല്ലേ മനസ്സിലാകൂ. ഹിന്ദിക്കാര് കൂടുതല്‍ ഉള്ള ഫ്ലാറ്റ് ആണ്.
‘ബചാവോ..ബചാവോ..!’
ആംഗലേയവും പരീക്ഷിക്കാം
‘പ്ലീസ് ഹെല്പ് മീ..ഹലോ..ഹലോ..’
നൈസ്..! ഇതു കൊള്ളാം. മുകളില്‍പ്പറഞ്ഞ എല്ലാ രീതിയിലും ഭാഷകളിലും വിളിച്ച് കൂവി. ആരും വന്നില്ല. സിനിമയിലൊക്കെ ആയിരുന്നെങ്കില്‍ നായകന് രംഗപ്രവേശം ചെയ്യാന്‍ പറ്റിയ സന്ദര്‍ഭം..! ഇത്ര അരസികന്മാരുടെ ഒരു നാട്..! നായക പരിവേഷമുള്ള ആരെയും കണ്ടെത്താന്ന് ഇതുവരെ എനിക്ക് കഴിഞ്ഞിട്ടില്ല. ബസില്‍,ഷോപ്പിങ്ങ് സെന്ററുകളില്‍, കോളജില്‍ എവിടെയെല്ലാം നോക്കിയിരിയ്ക്കുന്നു. നോ ഫലം..!!
സമയം എന്തായിക്കാണും..? ആവോ ആര്‍ക്കറിയാം എന്തായാല്ലും എട്ട് മണി ആയിട്ടില്ലാ എന്നുറപ്പ്. എട്ട് മണിക്ക് അച്ഛന് എത്തും. മൊബൈല്‍ കൂടെ എടുത്തിരുന്നെങ്കില്‍ എത്ര നന്നായിരുന്നു.., എത്ര ഈസിയായി പുറത്ത് വരാന്‍ സാധിച്ചേനെ..! ഇനി മുതല്‍ ബാത്ത് റൂമില്‍ പോകുന്ന എല്ലാവരും മറക്കാതെ മൊബൈല്‍ ഫോണും കരുതണം എന്ന് കക്കൂസില്‍ നിന്ന് തന്നെ ഉറക്കെ പ്രഖ്യാപിക്കാന്‍ തോന്നി.
എന്താ ഒരു വിശപ്പ്..! ദാഹിക്കുകയും ചെയ്യുന്നു. മഗ്ഗില്‍ കക്കൂസിലെ പൈപ്പില്‍ നിന്നും വെള്ളം കുടിച്ചു. നല്ല തണുപ്പ്..! വീണ്ടും വീണ്ടും കുടിച്ചു. എന്തെങ്കിലും കഴിക്കാന്‍ കിട്ടിയിരുന്നെങ്കില്‍. നോക്കിയപ്പോള്‍ പേസ്റ്റ് മാത്രം..!! കക്കൂസ്സില്‍ ഒരു ഫ്രിഡ്ജ് ഉണ്ടായിരുന്നെങ്കില്‍ ഇത്തരം അത്യാവശ്യ ഘട്ടത്തില്‍ ഫ്രൂട്ട്സ് ഒക്കെ കഴിച്ച് ജോളിയായിട്ട് ഇരിക്കാമായിരുന്നു. ദാഹമകറ്റാനെങ്കിലും ഇവിടെ വകുപ്പ് ഉണ്ട്. നന്നായി..!. ഇത്രയും നാളായിട്ടും കക്കൂസിലെ വെള്ളം ഞാന്‍ കുടിച്ചിരുന്നില്ല. മറ്റു പൈപ്പുകളില്‍ വരുന്ന വെള്ളത്തിന്റെ അതേ രുചി തന്നെയാ ഇതിനും.
സമയം കൊല്ലാന്‍ കക്കൂസില്‍ എന്താ ഒരു വഴി ? ഇനിമുതല്‍ പത്രം കരുതുന്നത് നല്ലതാ..! എത്രയോ മഹാന്മാര് പത്രവും ആയിട്ടാണ് പണ്ട് മുതലേ കക്കൂസില്‍ പോയിരുന്നത്. പത്രം വായിക്കുന്നതോടൊപ്പം ബീഡീ , സിഗരറ്റ് എന്നിവ വലിച്ച് രസിക്കുകയും ആവാം. വായന ഒരു അനുഭവം ആകുന്നത് ഇത്തരം അവസരങ്ങളില്‍ ആയിരിക്കും. അത്തരം നല്ല നല്ല രീതികള്‍ക്കൊക്കെ പുല്ലുവില നല്കിയ എന്നെപ്പോലയുള്ളവര്ക്ക് ഈ ഗതി തന്നെ വരണം..!
യോഗയിലെ ചിലപ്രയോഗങ്ങള്‍ നടത്തിയാല്‍ സമയം പോകും..ബാത്ത് ടവ്വല്‍ തറയില്‍ വിരിച്ച് യോഗ ചെയ്തു. പിന്നെ അതും മടുത്തു. വല്യ വല്യ മഹര്‍ഷിമാര്‍ തപസ്സു ചെയ്യ്ത് ദൈവത്തെ ബോറഡിപ്പിച്ച് വരം നേടിയിരുന്ന വിദ്യ ഇവിടെയും ഒന്ന് നോക്കിയാലോ..? യൂറോപ്യന്‍ ക്ലോസറ്റില്‍ ലിഡ് ഇട്ട് ചമ്രം പടിഞ്ഞ് ഇരുന്നു. കുറെ നേരം തപസ്സ് ചെയ്തപ്പോള്‍ കാലുകഴക്കുന്നു. സത്യജ്ഞാനത്തിന് മനുഷ്യന് സര്വ്വസ്വവുപേക്ഷിച്ച് ലളിതജീവിതം നയിക്കണമെന്നും, നിര്‍ബന്ധമായും ഇത്തരം അവസ്ഥകളിലൂടെ കടന്നുപോകണമെന്നും ഞാന്‍ വിശ്വസിക്കുന്നു. ഇതില്‍ നിന്നും പുറത്തിറങ്ങിയിട്ട് വേണം മാറ്റിച്ചിന്തിക്കാന്‍..!!
വല്ലാതെ തണുത്ത് വിറയ്ക്കുന്നു..! എന്താ ചെയ്യുക..എത്രനേരമാ ഇങ്ങനെ ഇരിക്കുക..? കൈകാലുകള്‍ കോച്ചിപ്പിടിച്ച് എഴുനേല്‍ക്കാന്‍ പറ്റുന്നില്ല..കുറെ ചൂടുവെള്ളം കൂടെ ഒഴിച്ച് കുളിച്ചാലോ..? ഒരു വിധത്തില്‍ എഴുന്നേറ്റ് ചൂടുവെള്ളം കാലുകളില്‍ ഒഴിച്ചു. തണുപ്പ് മാറി. വീണ്ടും വീണ്ടും ചൂടുവെള്ളം ഒഴിച്ചു. എത്ര നേരമായി…സ്ഥലകാലങ്ങള്‍ക്ക് അതീതമായി ഒന്നും ഓര്‍ക്കാന്‍ കഴിയുന്നില്ല. ബാത്ത് റൂമിലെ ലോക്ക് എന്താവും തുറക്കാത്തത്? ഇതുവരെ ഇങ്ങനെ ഉണ്ടായിട്ടില്ല. വിധിയെപ്പഴി പറഞ്ഞാല്‍ മതിയാകുമോ. ഈ ലോക്ക് മാറേണ്ട സമയം കഴിഞ്ഞിരിക്കുമോ? ലോക്കിനും എക്സ്പയറി ഡേറ്റ് ഉണ്ടോ? ഉണ്ടാവും …ഈ ദുനിയാവിലെ എല്ലാ വസ്തുക്കള്‍ക്കും എക്സ്പയറി ഡേറ്റ് ഉണ്ട്. അനശ്വരമായി എന്താ ഉള്ളത്? ഒന്നും ഇല്ല…!! എന്റെ എനെര്‍ജി തീര്‍ന്നുകൊണ്ടിരിക്കുന്നു. ഐന്‍സ്റ്റീന്റെ തിയറി ഓഫ് റിലേറ്റിവിറ്റി യിലെ എനര്‍ജിയും മാസും ഒന്നുതന്നെ. അങ്ങനെയാണെങ്കില്‍ എന്റെ എനര്‍ജി എവിടെപ്പോയി..?അതു വേറെന്തെങ്കിലുമായി രൂപാന്തരം പ്രാപിച്ചുകാണും. എന്തെല്ലാമോ ആലോചിക്കുന്നു. ഇപ്പൊ കിടപ്പ് ബാത്തുറൂമിന്റെ തറയില്‍ ആണ്. എഴുന്നേല്ക്കാന് കൂടി വയ്യ…!!
കോളിങ്ങ് ബെല്‍ ..വീണ്ടും വീണ്ടും…പുറത്ത് കതക് തുറക്കുന്ന ശബ്ദം,. അച്ഛന് വന്നു. രക്ഷപെട്ടു.
‘രാത്രി ആണോടി കുളിക്കുന്നത്, പനിപിടിക്കും’ രാവിലെ മുതല്‍ കുളിക്കാന്‍ തുടങ്ങിയ എന്നോടാ ഉപദേശം..!
‘നീ ബ്രേക്ഫാസ്റ്റും കഴിച്ചില്ലേ..?, വേഗം ഇറങ്ങ് എനിക്ക് ഒന്ന് ഫ്രെഷ് ആവണം..!’
എനിക്ക് സംസാരിക്കാന്‍ കഴിയുന്നില്ല..എനര്‍ജി പോയി..! എന്താ ഇപ്പൊ ചെയ്കാ?
അപ്പുറത്തെ ചെറിയ ബാത്ത് റൂമിന്റെ കതക് അടഞ്ഞ് തുറക്കുന്ന ശബ്ദം..! എല്ലാം വ്യക്തം. അച്ഛന് മനസ്സിലാകുമോ ഞാന്‍ ഇവിടെ കുടുങ്ങിക്കിടക്കുകയാണെന്നും, ഒച്ച പോലും എടുക്കാന്‍ കഴിയില്ല എന്നും..! ഒരു വിധത്തില്‍ മഗ്ഗ് തള്ളിത്താഴെയിട്ടു..!
എന്താ ..എന്തുപറ്റീ..!
ഞാന്‍ പതുക്കെ മൂളി , ശബ്ദം പുറത്ത് വരുന്നില്ല. ബാത്ത് റൂമില്‍ ഓക്സിജന്റെ കുറവുണ്ട്. അതായിരിക്കും എനിക്ക് ശ്വസിക്കാനും വലിയ ബുദ്ധിമുട്ട്.
എന്റെ ‘മൂളല്‍’ അച്ഛന് കേട്ട് കാണുമോ?
എന്നെക്കൊണ്ട് അച്ഛന് വിഷമം ആയിക്കാണും. ഡ്യൂട്ടി കഴിഞ്ഞ് വളരെ ക്ഷീണിച്ച് വന്നതാവും. എനിക്ക് സങ്കടംവന്നു.
ദാ കതകിന് ആരോ ഇടിക്കുന്നു. ..വീണ്ടും വീണ്ടും..! കുറെ ആളുകളുടെ ശബ്ദം..!!
അവര്‍ കതക് പൊളിച്ചാല്‍ എനിക്ക് പുറത്ത് കടക്കാം…! എന്നാലും എന്റെ എനര്‍ജി എവിടെ? ആര് തുറക്കും ഈ കതക്?
എന്റെ ചിന്തകള്‍ ശൂന്യമായിക്കൊണ്ടിരുന്നു..ഒപ്പം കതകിലെ മുട്ടലിന്റെ ശക്തി ഏറിവന്നു..!! ഞാന്‍ എവിടേക്കോ പറന്ന് പറന്ന് പോയി..!!
നോട്ട്: ബാത്ത് റൂമില്‍ പോകുമ്പോള്‍ മൊബൈല്‍, പത്രം എന്നിവ കൊണ്ട് പോകുന്നതില്‍ തെറ്റില്ല. എല്ലാ പ്രവാസികള്‍ക്കും,ഫ്ലാറ്റുകളില്‍ താമസിക്കുന്നവര്‍ക്കും, ഒറ്റക്ക് താമസിക്കുന്നവര്‍ക്കും ഉള്ള ഒരു മുന്നറിയിപ്പ്: ഒറ്റക്കാണെങ്കില്‍ ബാത്ത് റൂം ലോക് ചെയ്യരുത്..!!
96 total views, 1 views today
