നിങ്ങൾ സമ്പാദിക്കാൻ ശ്രമിക്കുമ്പോൾ നിങ്ങളുടെ ശക്തി മുഴുവൻ അർത്ഥശൂന്യതയിൽ നിക്ഷേപിക്കേണ്ടി വരുന്നു

11

ഓഷോ

ബുദ്ധൻ പറയുന്നു:
ഒന്നും സ്വന്തമായില്ലാതെ ഒന്നും ആവശ്യപ്പെടാതെ……

നിങ്ങൾ സമ്പാദിക്കാൻ ശ്രമിക്കുമ്പോൾ, സ്വന്തമാക്കാൻ ശ്രമിക്കുമ്പോൾ നിങ്ങളുടെ ശക്തി മുഴുവൻ അർത്ഥശൂന്യമായ കാര്യങ്ങളിൽ നിക്ഷേപിക്കേണ്ടി വരുന്നു. നിങ്ങൾക്ക് കാമനയുണ്ടാവുമ്പോൾ നിങ്ങളുടെ ഊർജ്ജം കാമനയായിത്തീരുന്നു. കാമനകളാകട്ടെ അനന്തവും. ഓരോ കാമനയും നിങ്ങളുടെ ശക്തിയെ ചോർത്തിക്കളയുന്ന ഒരു ദ്വാരമായി മാറുന്നു. എല്ലാ സ്വാർത്ഥതയും എല്ലാ ” കാമനകളും നിഷ്ഫലമാണെന്ന് മനസ്സിലാക്കി അവയെ പൊഴിച്ചു കളയുമ്പോൾ നിങ്ങൾ ശക്തിയുടെ ഒരു സംഭരണിയായിത്തീരുന്നു. അങ്ങനെ ശക്തിയുടെ സംഭരണിയായിത്തീരുന്ന അനുഭവം മാത്രമാണ് ദൈവമുണ്ട് എന്ന് നിങ്ങളെ അനുഭവപ്പെടുത്തുന്നത്. കാരണം, ദൈവം എന്നത് ശക്തിയാണ്, ഊർജ്ജമാണ്.

നിങ്ങൾക്കുള്ളിൽ ശക്തി, ഊർജം, അനന്തമായ ഊർജ്ജം കരകവിഞ്ഞൊഴുകുമ്പോൾ നിങ്ങൾ ദൈവമുണ്ട് എന്നറിയുന്നു. നിങ്ങൾ ശൂന്യരായിരിക്കുകയാണെങ്കിൽ, ഊർജമില്ലാതെ, ക്ഷീണിതരായി, കാമനകളിൽ സ്വയം നശിച്ച് നിലകൊള്ളുകയാണെങ്കിൽ ദൈവം ഉണ്ട് എന്നതിന്റെ തെളിവുകളൊന്നും നിങ്ങളെ സഹായിക്കാൻ പര്യാപ്തമല്ല. ആ തെളിവുകളെല്ലാം ഷണ്ഡൻമാരായ ആളുകൾക്കുള്ളതാണ്.
യഥാർത്ഥ മനുഷ്യന് ദൈവത്തെപ്പറ്റിയുള്ള തെളിവുകളൊന്നും ആവശ്യമില്ല. അയാൾ സ്വന്തം അന്തർശക്തിയുടെ അനുഭവത്തിൽ നിന്നും ദൈവത്തെ അറിയുന്നു. സ്വന്തം ആന്തരിക പ്രകാശത്തിൽ അയാൾ ദൈവത്തെ അറിയുന്നു.
ബുദ്ധൻ പറയുന്നു വീണ്ടും…

അവൻ ശക്തിയുടെ നിറകുടം ആകുന്നു.ഭയരഹിതൻ, ബുദ്ധിമാൻ, ഉയർത്തപ്പെട്ടവൻ,അവൻ എല്ലാറ്റിനേയും ജയിച്ചു കഴിഞ്ഞു. അവന്റെ പരിശുദ്ധിയുടെ മേന്മയാൽ അവൻ ദർശിക്കുന്നു.നിങ്ങളിൽ പൂർണ്ണമായും ഊർജ്ജം നിറയുമ്പോൾ മരണം അപ്രത്യക്ഷമാകുന്നു. നിങ്ങൾ അത്രക്ക് ശക്തിഹീനനാകുന്നതുകൊണ്ടാണ് മരണം പ്രത്യക്ഷമാകുന്നത്. നിങ്ങളുടെ കാമനകൾ നിങ്ങളുടെ ഊർജ്ജത്തെ ചൂഷണം ചെയ്യുന്നതു കൊണ്ടാണ്, നിങ്ങളുടെ ശക്തിയെ വലിച്ചു കുടിക്കുന്നതുകൊണ്ടാണ് മരണം പ്രത്യക്ഷമാകുന്നത്. കാമനകൾ ചോര കുടിയൻമാരാണ്. പരാന്നഭോജികളാണ്. അവർ നിങ്ങളെ ശൂന്യരാക്കി മാറ്റുന്നു. എന്നാൽ നിങ്ങളിൽ ഊർജ്ജം കരകവിഞ്ഞൊഴുകുമ്പോൾ മരണം വരുന്നതേയില്ല. ഊർജ്ജം കരകവിഞ്ഞൊഴുകുന്ന അനുഭവം നിങ്ങൾക്ക് മരണമില്ല എന്ന് സംശയാതീതമാംവണ്ണം തീർച്ചപ്പെടുത്താൻ നിങ്ങളെ സഹായിക്കുന്നു. ശരീരം അപ്രത്യക്ഷമായേക്കാം. മനസ്സും അപ്രത്യക്ഷമായേക്കാം. എന്നാൽ നിങ്ങൾക്കനുഭവപ്പെട്ട ഊർജ്ജം എന്നെന്നും നിലനില്ക്കാൻ പോകുന്നതാണ്. അത് വികസിക്കാൻ പോകുന്നതാണ്. അതിനെ നശിപ്പിക്കാൻ യാതൊരു വഴിയുമില്ല. നിങ്ങൾ കാമനകളിൽ നഷ്ടപ്പെടുത്തുന്നില്ലെങ്കിൽ മരണത്തിന് അതിനെ നിങ്ങളിൽ നിന്ന് എടുത്തു മാറ്റാനാവില്ല.

മരണം ഇല്ല, എങ്കിൽ ഭയവും ഉണ്ടാകുന്നില്ല. എല്ലാ പേടികളും മൃത്യുന്മുഖമാണ്. എല്ലാ ഭയങ്ങളും മരണത്തിന്റെ നിഴൽ മാത്രമാണ്. നിങ്ങൾ ഒന്നും സ്വന്തമാക്കാത്തപ്പോൾ നിങ്ങൾ ഭയരഹിതനായിത്തീരുന്നു. നിങ്ങൾക്ക് സ്വന്തമായിട്ടൊന്നും ഇല്ലാത്തതു കൊണ്ട് ആർക്കും ഒന്നും നിങ്ങളിൽ നിന്നും എടുത്തു മാറ്റാനാകില്ല. നിങ്ങൾക്ക് കാമനകളൊന്നും ഇല്ലാത്തതു കൊണ്ട് നിങ്ങളെ ഒരാൾക്കും തടസ്സപ്പെടുത്തുവാനാവില്ല. നിങ്ങളുടെ പാതയിൽ ഒരാൾക്കും വിലങ്ങുതടിയാകാനാവില്ല. ഒരാൾക്കും നിങ്ങൾക്ക് ശത്രുക്കളാകാനാകില്ല. അസ്തിത്വം മുഴുവനും പൊടുന്നനെ സൗഹൃദപരമായിത്തീരുന്നു.

ഊർജ്ജം നിറയുമ്പോൾ, ഭയരഹിതനായിത്തീരുമ്പോൾ ജ്ഞാനം ഉദയം ചെയ്യുന്നു. ജ്ഞാനം എന്നത് സത്യം കാണാനുള്ള നിങ്ങളുടെ കഴിവാണ്. നിങ്ങൾ ഒരു ദൃഷ്ടാവായി മാറുന്നു. നിങ്ങൾക്ക് ഖുറാനോ, ഗീതയോ, ബൈബിളോ, അറിയാമെന്നതല്ല കാര്യം, ഇപ്പോൾ നിങ്ങൾ ബോധത്തിന്റെ ആന്തരിക വേദങ്ങൾ അറിയാൻ തുടങ്ങുന്നു. നിങ്ങൾക്കുള്ളിലെ ക്രിസ്തുവിനെ നിങ്ങൾ അറിയുന്നു. നിങ്ങൾക്കുള്ളിലെ കൃഷ്ണനെ നിങ്ങൾ അറിയുന്നു. മുഹമ്മദ് ദൈവത്തിൽ നിന്നും നേരിട്ട് സന്ദേശം സ്വീകരിക്കുകയായിരുന്നു വെന്ന് നിങ്ങൾക്കറിയാം. നിങ്ങളും ദൈവത്തിൽ നിന്ന് നേരിട്ട് സന്ദേശങ്ങൾ സ്വീകരിച്ചുകൊണ്ടിരിക്കുകയാണ്. നിങ്ങൾ ഒരു മുഹമ്മദിനെക്കാളും താഴെയല്ല. നിങ്ങളും ഒരു പ്രവാചകനും സന്ദേശവാഹകനുമാണ്. നിങ്ങളും ഒരു മിശിഹാ ആയിരിക്കുക. നിങ്ങളിൽ ശക്തി നിറയുമ്പോൾ നിങ്ങൾ സ്വീകാര്യക്ഷമതയുള്ളവരാകുന്നു.നിങ്ങളിൽ ഊർജ്ജം നിറയുമ്പോൾ മാത്രമെ ദൈവത്തിന് നിങ്ങളുമായി ബന്ധപ്പെടാനാവൂ.

ഇപ്പോൾ നിങ്ങൾ വെറും ശക്തിഹീനരാണ്.
അതുകൊണ്ട് തന്നെ ദൈവവും നിങ്ങളുമായി ഒരു ആശയ വിനിമത്തിനും സാദ്ധ്യതയില്ല. ശക്തിയെ മാത്രമെ ശക്തിയുമായി ബന്ധിപ്പിക്കാനാവൂ. ശക്തിയില്ലായ്മയെ ശക്തിയുമായി ബന്ധിപ്പിക്കാനാവില്ല. ഒരേ തരത്തിൽപ്പെട്ടതിനു മാത്രമെ പരസ്പരം ബന്ധപ്പെടാനാവൂ. നിങ്ങളുടെ കൈവശം തന്നെ ദൈവീകമായ ചിലത് ഉണ്ടായിരിക്കണം. അപ്പോൾ മാത്രമെ നിങ്ങൾ സമ്പാദിക്കാൻ ആരംഭിക്കൂ. അപ്പോൾ മാത്രമെ ദൈവം നിങ്ങളോട് ആശയ വിനിമയം ചെയ്യാൻ നിങ്ങൾ അർഹത നേടൂ.
അദ്ദേഹം ബുദ്ധിമാനായിരിക്കുന്നു. ജ്ഞാനിയായിരിക്കുന്നു, ഉന്നത സ്ഥാനീയനായിരിക്കുന്നു – സത്ത തന്നെ അദ്ദേഹത്തെ ഉയർത്തിയിരിക്കുന്നു. സമൂഹം നിങ്ങളെ ആദരിക്കില്ലായിരിക്കാം, സമൂഹം നിങ്ങളെ പുച്ഛിച്ചേക്കാം, സമൂഹം നിങ്ങളെ ക്രൂശിച്ചേക്കാം. പക്ഷെ സമൂഹത്തിനെ ആര് കണക്കാക്കുന്നു? സമൂഹം മനുഷ്യനിർമ്മിതമാണ്. ജ്ഞാനിയായ മനുഷ്യനെ അസ്തിത്വം തന്നെ ഉയരങ്ങളിലേക്കുയർത്തുന്നു. സ്വയം അറിഞ്ഞവനെ, ദൈവാനുഭവമുണ്ടായ മനുഷ്യനെ, ആധികാരികതയോടെ, ‘വേദങ്ങളിലൂടെയല്ല, അവന്റെ സ്വന്തമനുഭവത്തിലൂടെ ഞാൻ ദൈവത്തെ അറിയുന്നു’ എന്ന് പറയാൻ കഴിയുന്ന ആളെ അസ്തിത്വം തന്നെ ഉയർത്തപ്പെട്ടവനാക്കുന്നു.

ഒരാൾ ബുദ്ധനായിത്തീരുമ്പോൾ, ഒരാൾ ജ്ഞാനോദയം നേടുമ്പോൾ ഈ അസ്തിത്വം മുഴുവനും അയാളെ വാഴ്ത്തുന്നു. മുഴുവൻ അസ്തിത്വവും അയാളെ നമസ്ക്കരിക്കുന്നു.അയാൾ വീട്ടിൽ തിരിച്ചെത്തിയിരിക്കുന്നു. മുഴുവൻ അസ്തിത്വവും അയാൾക്ക് സ്വാഗതമോതുന്നു.എന്തുകൊണ്ട് അസ്തിത്വം മുഴുവൻ അയാളെ വാഴ്ത്തുന്നത്? കാരണം അയാളിലൂടെ സത്ത മുഴുവൻ വാഴ്ത്തപ്പെടുകയാണ്. അതിന്റെ ഒരംഗം കൂടി ഉണർവ്വിന്റെ പരമമായ കൊടുമുടിയിൽ എത്തിച്ചേർന്നിരിക്കുകയാണ്. പരിണാമത്തിന്റെ ഒരു പടി കൂടി അയാൾ മുഖേന സത്ത കടന്നിരിക്കുകയാണ്. ഒരു ഡസനോളം പേരുകൾ മനുഷ്യ ചരിത്രത്തിൽനിന്ന് നീക്കം ചെയ്തു നോക്കുക. ലവോത്സു, മോസസ്സ്, അബ്രഹാം, കൃഷ്ണൻ, ബുദ്ധൻ, മഹാവീരൻ, ക്രിസ്തു, കബീർ, നാനാക്ക്…… ഒരു ഡസൻ പേരുകൾ മാത്രം. അവയെ എടുത്തു കളഞ്ഞു നോക്കൂ. അപ്പോൾ മനുഷ്യസമൂഹം എവിടെയായിരിക്കും? നിങ്ങളെല്ലാം റവറന്റ് ബനാനകളോ, റവറന്റ് ടൊമാറ്റകളോ, റവറന്റ് പൊട്ടറ്റകളോ ഒക്കെ ആയേക്കാം. പക്ഷെ ഒരിക്കലും മനുഷ്യൻമാരാവില്ല എന്നു മാത്രം. നിങ്ങൾക്ക് അറിവുണ്ടായിരിക്കാം, അറിവില്ലായിരിക്കാം, നിങ്ങൾക്ക് ബോധമുണ്ടായിരിക്കാം ഇല്ലായിരിക്കാം. പക്ഷെ മനുഷ്യ ബോധത്തിന്റെ വളർച്ചയ്ക്ക് ഈ പറഞ്ഞ ചുരുക്കം ചിലർ ഗംഭീര സംഭാവനകൾ നൽകിയിട്ടുണ്ട്. ബുദ്ധനെ കൂടാതെ, മഹാവീരനെയോ, കൃഷ്ണനെയോ, ക്രിസ്തുവിനെയോ കൂടാതെ മനുഷ്യസമൂഹം ഇന്നും അമേരിക്കൻ ടൂറിസ്റ്റുകളെപ്പോലെ മരത്തിൽ തൂങ്ങി കിടക്കുമായിരുന്നു.

അവർ കുറച്ചു ദിവസങ്ങൾക്കു മുമ്പാണ് വന്നത്. മാത്രമല്ല, മേൽക്കൂരയിൽ നിന്ന് ഭയങ്കര ശബ്ദം ഉണ്ടാക്കിക്കൊണ്ടിരിക്കുകയും ചെയ്തിരുന്നു അവർ. നിങ്ങൾ അവരെ കുരങ്ങൻമാർ എന്നാണ് വിചാരിച്ചിരുന്നത്. പക്ഷെമേൽക്കൂരയിലായതിനാൽ നിങ്ങൾക്കവരെ കാണാനാകുമായിരുന്നില്ല.എന്നാൽ എനിയ്ക്ക് മേൽക്കൂരയ്ക്കുള്ളിലൂടെ കാണാൻ കഴിയും. പ്പെട്ടന്ന് തന്നെ ഞാനവരെ തിരിച്ചറിഞ്ഞു. അവർ ഗോവയിലേക്കു പോകുന്ന അമേരിക്കൻ ടൂറിസ്റ്റുകളായിരുന്നു. ഇവിടെ ഒരു നിമിഷം ആദര പ്രകടനം നടത്തിയതിനു ശേഷം അവർ പോയ്ക്കളഞ്ഞു. നിങ്ങളെല്ലാവരും അത്തരം അമേരിക്കൻ ടൂറിസ്റ്റുകളാകുമായിരുന്നു. ഈ പറഞ്ഞ കുറച്ചാളുകൾ ലോകത്തിലേയ്ക്ക് വളരെ അധികം ബോധം അഴിച്ചുവിട്ടു. ഓരോ ബുദ്ധനോടൊപ്പവും ബോധോദയം നേടുന്ന ഓരോ ആളോടുമൊപ്പം മനുഷ്യസമൂഹം അല്പം മുമ്പോട്ട് നടക്കുന്നു. ഒരടി കൂടി മുന്നോട്ട്. അതു കൊണ്ട് പ്രപഞ്ചം മുഴുവനും അങ്ങനെയുള്ളവരെ വാഴ്ത്തുന്നു.അവൻ എല്ലാറ്റിനേയും ജയിച്ചു കഴിഞ്ഞു. എല്ലാം എന്ന് ബുദ്ധൻ പറയുന്നത് മനസ്സിന്റെ ലോകത്തിലെ കാര്യങ്ങളെ സംബന്ധിച്ചാണ്. അല്ലാതെ യഥാർത്ഥത്തിലുള്ള എല്ലാറ്റിനേയും അയാൾ ജയിച്ചടക്കിക്കഴിഞ്ഞു എന്ന അർത്ഥത്തിലല്ല. നിങ്ങൾ ഒരിക്കലും യഥാർത്ഥത്തിൽ ജീവിക്കുന്നില്ല. നിങ്ങളുടെ പ്രക്ഷേപണങ്ങളിലാണ് ജീവിക്കുന്നത്.

Advertisements