12 മാസം ജോലി ചെയ്താൽ 13 മാസത്തെ ശമ്പളം

0
209
അഡ്വ.വി.ടി.പ്രദീപ് കുമാർ
9947243655

12 മാസം ജോലി ചെയ്താൽ 13 മാസത്തെ ശമ്പളം.

കേൾക്കുമ്പോൾ വിശ്വാസം വരില്ല. പക്ഷേ ഇത് കേരളത്തിലെ മുഴുവൻ സർക്കാർ ജീവനക്കാരും വാങ്ങിക്കുന്നുവെന്നതാണ് യാഥാർത്ഥ്യം. നിലവിൽ ഒരു വർഷത്തിൽ 52 ഞായറാഴ്ചകളും 12 രണ്ടാം ശനിയാഴ്ചകളും 21 മറ്റ് അവധി ദിവസങ്ങളും കൂടി 85 ദിവസത്തെ അവധി കഴിച്ചാൽ ബാക്കി 280 ദിവസമാണ് ഒരു വർഷത്തെ പ്രവർത്തി ദിവസങ്ങൾ. ഇതിൽ ഹർത്താലുകളും പൊതുപണിമുടക്കുകളും സർക്കാർ പ്രഖ്യാപിക്കുന്ന അപ്രതീക്ഷിതമായ ഒഴിവുകൾ കൂടി ഒരു വർഷം ശരാശരി 30 ഒഴിവ് ദിവസങ്ങൾ കൂടി ലഭിക്കുന്നു. യഥാർത്ഥത്തിൽ വർഷത്തിൽ പ്രവർത്തി ദിനങ്ങൾ 250.
ഈ 250 ദിവസങ്ങളിൽ 20 ദിവസം കാഷ്വൽ ലീവ് ലഭിക്കും. ലീവ് ആണെങ്കിലും കാഷ്വൽ ലീവ് ഡ്യൂട്ടിയായാണ് പരിഗണിക്കുക. കാഷ്വൽ ലീവ് ജീവനക്കാരൻ്റെ അവകാശമല്ല. കലണ്ടർ വർഷത്തിൻ്റെ ഏത് സമയത്ത് സർവ്വീസിൽ ജോയിൻ ചെയ്യുന്നവർക്കും 20 കാഷ്വൽ ലീവും എടുക്കാവുന്നതാണ്. എന്നാൽ ഇത് മേലധികാരിയുടെ വിവേചനാധികാരത്തിന് വിധേയമാണ്. അതായത് ഡിസംബറിൽ ജോയിൻ ചെയ്യുന്നയാൾക്കും മേലധികാരിക്ക് 20 കാഷ്വൽ ലീവും നൽകാൻ അധികാരമുണ്ട്. എന്നാൽ നൽകിയില്ല എന്ന് കരുതി പരാതിപ്പെടാനാവില്ല. കാഷ്വൽ ലീവ് നിഷേധിക്കാൻ മേലധികാരിക്ക് അധികാരമുണ്ട്. എന്നുകരുതി ചുമ്മാ കേറി അങ്ങ് നിഷേധിക്കാനൊന്നും പറ്റില്ല. ലീവ് അനുവദിച്ചാൽ സ്ഥാപനത്തിൻ്റെ പ്രവർത്തനം തടസ്സപ്പെടുന്നതുപോലെയോ മറ്റോ ഉള്ള ഗൗരവമായ കാരണങ്ങൾ ഉണ്ടാവുകയും അവ രേഖാമൂലം ലീവിനപേക്ഷിച്ച ഉദ്യോഗസ്ഥനെ ബോധ്യപ്പെടുത്തുകയും ചെയ്യണം. യൂനിയനുകൾ ശക്തമായതിനാൽ ഒരാൾക്കും കാഷ്വൽ ലീവ് നിഷേധിക്കാറില്ല. അതുകൊണ്ട് തന്നെ പ്രായോഗികമായി കാഷ്വൽ ലീവ് അവകാശമായാണ് ജീവനക്കാർ കണക്കാക്കുന്നത്. അപ്പോൾ അതും കൂടി കുറയ്ക്കുമ്പോൾ പ്രവർത്തി ദിവസങ്ങൾ 230 ആയി കുറഞ്ഞു.
ഇതിന് പുറമെ ഒരു രോഗിക്ക് രക്തം നൽകിയാൽ രണ്ട് ദിവസത്തെ അവധി. ഒരു വർഷം രണ്ട് തവണയായി നാല് അവധി. സ്ത്രീകൾക്ക് 180 ദിവസത്തെ പ്രസവാവധിയും ഭർത്താവിന് 10 ദിവസത്തെ പിതൃത്വാവധിയും. കാലിൽ മുള്ള് തറച്ചാലും പട്ടി കടിച്ചാലും എല്ലാം പ്രത്യേകം അവധികൾ വേറെയും. അങ്ങനെ അവധികൾ അനവധിയുണ്ട്.
ഇതിനെല്ലാം പുറമെ സഹ പ്രവർത്തകരുടെ വിവാഹം, ഗൃഹപ്രവേശനം, പാലുകുടിയും ചോറൂണും, യൂനിയൻ സമ്മേളനങ്ങൾ, യാത്രയയപ്പുകൾ, സഹജീവനക്കാരുടെ ബന്ധുക്കളുടെ മരണം തുടങ്ങിയ അനൗദ്യോഗിക അവധികളും ഔദ്യോഗിക അവധികളും എല്ലാം കഴിച്ചാൽ യഥാർത്ഥത്തിൽ ജോലി ചെയ്യുന്നത് വർഷത്തിൽ 200 ദിവസം. (ജോലി ഭാരം കൊണ്ട് അവധി ദിവസങ്ങളിലും ഓഫീസിൽ വന്ന് ജോലി ചെയ്യുന്ന ചില വകുപ്പിലെ ചില ഉദ്യോഗസ്ഥരുടെ സേവനം മറക്കുന്നില്ല.)
കുഴപ്പമില്ല. പൊതുജനത്തിന് വേണ്ടി സേവനം ചെയ്യുന്നവരാണല്ലോ എല്ലാവരും. പക്ഷേ ശമ്പളത്തോടെ ഇത്രയും അവധികൾ കിട്ടിയിട്ടും 13 മാസത്തെ ശമ്പളം കൂടി വാങ്ങിക്കുന്നത് ശരിയാണോ ?
ഓരോ ജീവനക്കാരനും 11 ദിവസത്തെ ജോലി ചെയ്താൽ ഒരു ദിവസം അവധിക്ക് അവകാശമുണ്ട്. അതിനെയാണ് ആർജ്ജിതാവധി (earned leave) എന്ന് പറയുന്നത്. ഒരു വർഷം ഒരു ജീവനക്കാരന് ഇത്തരത്തിൽ 30 അവധിക്ക് അർഹതയുണ്ട്. എന്നാൽ അർഹതപ്പെട്ട ഈ അവധി എടുക്കേണ്ട ആവിശ്യം ഉണ്ടാവാറില്ല. കാരണം മുകളിൽ പറഞ്ഞ രീതിയിൽ ഔദ്യോഗികമായും അനൗദ്യോഗികമായും 165 അവധികൾ ഒരു വർഷം അല്ലാതെ തന്നെ കിട്ടുന്നുണ്ട്. അതുകൊണ്ട് ഈ ആർജ്ജിതാവധി സർക്കാറിന് തിരികെ വിൽക്കുകയും പകരം ഒരു മാസത്തെ ശബളമായി വാങ്ങിക്കുകയുമാണ് ചെയ്യുന്നത്. അതായത് 200 ദിവസം ജോലി ചെയ്ത് 395 ( 365+ 30 = 13 മാസം ) ദിവസത്തെ ശമ്പളം കൈപ്പറ്റുന്നു.
കഥ ഇവിടെയും അവസാനിക്കുന്നില്ല. വർഷം 20 ദിവസത്തെ ഹാഫ് പേ ലീവ് അഥവാ അർധ വേതനവധിയുണ്ട്. ഇത് ഹാഫ് പേ ലീവ് എടുക്കാതെ 10 ഫുൾ ലീവ് ആക്കി കമ്മ്യൂട്ടഡ് ലീവ് ആക്കി മാറ്റുന്നു. അങ്ങനെ വിരമിക്കുന്നതുവരെയുള്ള ഹാഫ് പേ ലീവുകൾ കമ്മ്യൂട്ട് ചെയ്ത് ഒന്നിച്ച് സർക്കാറിന് തിരിച്ച് വിൽക്കുന്നു. അങ്ങനെ തിരിച്ച് വിൽക്കുമ്പോൾ അത്രയും ദിവസത്തിന് വിരമിക്കുന്ന മാസത്തെ ശമ്പളത്തിൻ്റെ തോതിൽ പണം നൽകുന്നു. വർഷത്തിൽ 13 മാസത്തെ ശമ്പളത്തിന് പുറമെയാണ് വിരമിക്കുമ്പോൾ കമ്മ്യൂട്ടഡ് ലീവിൻ്റെ എണ്ണത്തിന് അനുസരിച്ച് 7 മുതൽ 13 മാസം വരെയുള്ള ശമ്പളം ഒന്നിച്ച് നൽകുന്നത്. ആരുടെയെല്ലാമോ ബുദ്ധിയിൽ ഉദിച്ച ഇത്തരം ലീവുകളും അത് മറിച്ച് വിറ്റ് പണമുണ്ടാക്കാനുള്ള
അതിബുദ്ധിയും യഥാർത്ഥത്തിൽ സർക്കാർ ഖജനാവിനെ കൊള്ളയടിക്കലാണ്. ഇവരാണ് കർഷക തൊഴിലാളിയും നിർമ്മാണ തൊഴിലാളിയും ഓട്ടോ-ടാക്സി തൊഴിലാളികളും രാപ്പകൽ കഷ്ടപ്പെട്ട് പണിയെടുത്ത് കിട്ടുന്ന 500 രൂപയുടെയും 800 രൂപയുടെയും കൂലിയെ
ചൂണ്ടികാട്ടുന്നത്. ഇവർ രാവിലെ മുതൽ വൈകിട്ട് വരെ പണിയെടുത്ത് തളരുമ്പോൾ വൈകുന്നേരം തൻ്റെ ഞാഡീഞരമ്പുകളെ ഉത്തേജിപ്പിക്കാൻ വേണ്ടി തൊട്ടടുത്ത ബീവറേജസിലേക്ക് ചെല്ലുമ്പോൾ 52 രൂപ 43 പൈസ വിലയുള്ള 750 മില്ലി ബ്രാണ്ടി 560 രൂപക്ക് വിറ്റ് ഇവൻ്റെ കീശയിലുള്ളത് കൂടി ഊറ്റിയെടുത്താണ് ഉദ്യോഗസ്ഥരും മന്ത്രിമാരും ഉൾപ്പെടുന്ന ജനാധിപത്യ സംവിധാനത്തെ നിലനിർത്തുന്നതെന്ന് ആരും മറക്കരുത്.