നേട്ടങ്ങളുടെ പട്ടികയിലെവിടെയാണ് നമ്മുടെ ആവാസവ്യവസ്ഥിതിയുടെ സുരക്ഷിതത്വം ?

24

Jaison P Joy

തുലാസിൽ തൂക്കി നോക്കിയാൽ നേട്ടങ്ങളുടെ പട്ടികയിലെവിടെയാണ് നമ്മുടെ ആവാസവ്യവസ്ഥിതിയുടെ സുരക്ഷിതത്വം ? ആരുടെ കയ്യിലാണ് നമ്മുടെ ഭാവി തലമുറയുടെ ആരോഗ്യകരമായ, സുസ്ഥിര ജീവിതം ? ആധുനിക നാഗരികതയും, ശാസ്ത്ര സാങ്കേതിക വിദ്യകളും കൈകോർത്തപ്പോൾ മനുഷ്യൻ പ്രലോഭിപ്പിക്കപ്പെട്ട്, സ്വയം മറന്ന് അതിൽ വേരൂന്നിയപ്പോൾ, മനുഷ്യനോടും മനുഷ്യേതരജൈവലോകത്തോടും അവ ചെയ്ത പാതകങ്ങളെ ഓർത്തെടുക്കാൻ നാം ‘മറന്നു പോയി. ഈ ആന്ത്രപ്പോസീൻ യുഗത്തിൽ ചരിത്ര പുസ്തകങ്ങൾ നമ്മെ പഠിപ്പിച്ചത് ശാസ്ത്രലോകത്തിന്റെ നേട്ടങ്ങൾ എണ്ണിയെണ്ണിപ്പറയാനാണ്.

Earth Day 2018 — petsofchampionsശാസ്ത്രലോകം കൊട്ടിഘോഷിക്കുന്ന ശാസ്ത്ര സങ്കേതങ്ങൾ, മനുഷ്യരെ കൊണ്ട് പോകുന്നത് വരും തലമുറക്ക് ഈ ഭൂമിയിൽ ജീവിക്കാനാവാത്ത രീതിയിൽ പരിതസ്ഥിതിയെ തകർത്തു കൊണ്ടാണെന്നതിൽ യാതൊരു തർക്കവുമില്ല.മനുഷ്യൻ പ്രകൃതിക്കു മേൽ ഏൽപ്പിക്കുന്ന പ്രഹരത്തിന്റെ കാഠിന്യം കൂടുന്തോറും അവൻ തന്റെ ശവക്കുഴിയിലേക്കു വേഗത്തിലെത്തിപ്പെടുന്നു. മനുഷ്യരാശിയുടെ നിലനിൽപ്പിനെക്കുറിച്ചും ഭൂമിയുടെ അവസാനത്തേക്കുറിച്ചും പതിറ്റാണ്ടുകളായി എല്ലാ ദിവസവും നമ്മൾ വിലപിച്ചു കൊണ്ടേയിരിക്കുന്നു. അടിവേരറുക്കപ്പെട്ടുകൊണ്ടിരിക്കുന്ന ജന്തുജലജീവികൾ, വിഷലിപ്തമായ ജലസ്രോതസുകൾ,ക്ഷയിക്കുന്ന ധാതു സമ്പത്തും കൽക്കരിപ്പാടവും, എണ്ണപ്പാടവും അസന്തുലിതമായ കാലാവസ്ഥയും. മനുഷ്യസമൂഹത്തിൽ ജാതി, മത, ദേശ, ഭാഷാ, വർഗ്ഗീയ സംഘർഷങ്ങൾ .അകലുന്ന, തകരുന്ന മനുഷ്യ ബന്ധങ്ങൾ.വരൾച്ച, വെള്ളപ്പൊക്കം, പട്ടിണി, പ്രകൃതിദുരന്തങ്ങൾ. അത്യന്തം പരിതാപകരമായ ഈ ഘട്ടത്തിൽ ജീവിക്കുന്ന ഏവർക്കും മനുഷ്യനടക്കമുള്ള ജീവിവർഗത്തിന്റെയും, പ്രകൃതിയുടെയും സുരക്ഷിതത്വം ഒരു വെല്ലുവിളിയാണ്.

ഇതിന്റെ ഉത്തരവാദികളാരെന്നു സത്യസന്ധമായി വിലയിരുത്തിയാൽ ഓരോ ടേമും മാറി മാറി ഭരിക്കുന്ന ഭരണാർത്തിപൂണ്ട ഉദ്യോഗസ്ഥ, അധികാരിവർഗ്ഗമാണെന്ന് നിസംശയം പറയാം. പ്രകൃതി വിഭവശോഷണം തന്നെയാണ് ഇന്നത്തെ സാമ്പത്തിക പ്രതിസന്ധിയുടെ യഥാർത്ഥ കാരണമെന്നറിയാവുന്ന സാമ്പത്തികശാസ്ത്രപുംഗവന്മാരുടെ താത്പര്യവും നിക്ഷേപവും, ഭൂമി വാസയോഗ്യമല്ലാതായിത്തീരുമ്പോഴേക്കും കാശുള്ളവനെ എങ്ങിനെ ചൊവ്വയിലേക്ക് കുടിയേറ്റാം എന്നതിലാണല്ലോ.
മറക്കരുതാത്ത ഒരു കാര്യം, ഏതു ജീവജാലങ്ങൾക്കും ജീവിക്കാനാവശ്യമായ പാരിസ്ഥിതിക വിഭവങ്ങൾ നഷ്ടപ്പെടുന്ന സമയത്താണ് അവയുടെ വംശനാശം സംഭവിക്കുന്നത് എന്നാണ്‌. മുതു മുത്തശ്ശി ലൂസിയെ കണ്ടെത്താനായ തെളിവുകൾ ബാക്കി വെക്കാൻ ഈ ഭൂമിയെ അവർ നമുക്ക് കൈമാറിതന്നു. നമ്മൾ ഹോമോസാപിയൻസ്, ഹോമോ നിയാണ്ടർതാലിയൻസിസിനെ കാലയവനികയിലേക്ക് തള്ളിവിട്ട് സൂപ്പർ ഡ്യൂപ്പർ ഹോമോ ദിയൂസുകളിലേക്കുള്ള യാത്രയിലാണ്. ആസന്നമായ, അനിവാര്യമായ ആ വരാൻ പോകുന്ന, Al യുഗത്തിൽ സുന്ദരമായ പ്രകൃതി ഉണ്ടായിരുന്നുവെന്നതിനൊരു തെളിവ് നൽകാൻ ഒരു പച്ചത്തളിരിലയെങ്കിലും ബാക്കി വേച്ചേക്കണ്ടേ?