സാർവ്വത്രിക ആരോഗ്യസേവനം എല്ലാവർക്കും എല്ലായിടത്തും

606

ഇന്ന് ഏപ്രിൽ 7 ലോകാരോഗ്യദിനം . ഡോ.ബി.ഇക്ബാൽ എഴുതുന്നു  

ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിൽ ലോകമെമ്പാടും ഇന്ന് ലോകാരോഗ്യ ദിനം വിവിധ പരിപാടികളോടെ ആചരിക്കുന്നു. ലോകാരോഗ്യ സംഘടനയുടെ സ്ഥാപക ദിനമായ ഏപ്രിൽ 7 നു ലോകാരോഗ്യ ദിനമായി 1950 മുതൽ ആചരിച്ച് വരുന്നു. . ലോകജനതയിൽ ആരോഗ്യ ബോധം വളർത്തുന്നതിനും ആരോഗ്യമേഖല നേരിടുന്ന വെല്ലുവിളികൾ ഭരണാധികാരികളുടെയും ആസൂത്രണ ഏജൻസികളൂടെയും ശ്രദ്ധയിൽ കൊണ്ടുവരുന്നതിനുമാണ് ലോകാരോഗ്യ സംഘടന ലോകാരോഗ്യദിനത്തിൽ നടത്തുന്ന വിവിധ പ്രവർത്തനങ്ങളിലൂടെ ശ്രമിച്ച് വരുന്നത്.

കഴിഞ്ഞ വർഷത്തേത് പോലെ ഈ വർഷവും “സാർവ്വത്രിക ആരോഗ്യസേവനം എല്ലാവർക്കും എല്ലായിടത്തും “ ( Universal Health Coverage: : Everyone, Everywhere) എന്ന ലക്ഷ്യപ്രഖ്യാപനത്തോടെയാണ് ലോകാരോഗ്യദിന പരിപാടികൾ സംഘടിപ്പിച്ചിട്ടുള്ളത്.

മികച്ച ആരോഗ്യ സേവനം ഏവർക്കും സാമ്പത്തിക ബുദ്ധിമുട്ടില്ലാതെ അവശ്യമായ അവസരത്തിൽ ലഭ്യമാക്കുക എന്നതാണ് ഇത് കൊണ്ടുദ്ദേശിക്കുന്നത്. ആരോഗ്യ വിദ്യാഭ്യാസം, രോഗ പ്രതിരോധം, മികവുറ്റ ചികിത്സ, പുനരധിവാസം, സാന്ത്വാന പരിചരണം ഇവയെല്ലാം അടങ്ങിയ സമഗ്രമായ ആരോഗ്യ പരിരക്ഷയാണ് എപ്പോഴും ലഭ്യമാക്കേണ്ടത്.

ലോകജനതയിൽ പകുതിയിലേറെ പേർക്ക് ഉചിതമായ ആരോഗ്യ സേവനം ലഭ്യമല്ല എന്നാണ് ലോകാരോഗ്യ സംഘടന കണ്ടെത്തിയിട്ടുള്ളത്. 10 കോടി പേരെങ്കിലും ചികിത്സാ ചെലവ് മൂലം കടും ദാരിദ്രത്തിന് വിധേയരാവുന്നു. 2030 ഓടെ അംഗരാജ്യങ്ങൾ സാർവ്വത്രിക ആരോഗ്യ സേവനം ജനങ്ങൾക്ക് ലഭ്യമാക്കണമെന്നാണ് ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടിട്ടുള്ളത്.

ഇന്ത്യയെ സംബന്ധിച്ച് പറഞ്ഞാൽ ഏറ്റവുമധികം സ്വകാര്യവൽക്കരിക്കപ്പെട്ട ആരോഗ്യ സംവിധാനമാണ് രാജ്യത്ത് നിലവിലുള്ളത്. ആരോഗ്യത്തിനായി ഏറ്റവും കുറഞ്ഞ തുക സർക്കാർ ചെലവാക്കുന്ന രാജ്യവും ഇന്ത്യയാണ് ( ദേശീയ വരുമാനത്തിന്റെ കേവലം1.1% മാത്രം). കേരളം, തമിഴ് നാട്, ഹിമാചൽ പ്രദേശ് എന്നിങ്ങനെ ചില സംസ്ഥാനങ്ങളൊഴിച്ച് മറ്റ് സംസ്ഥാനങ്ങളിലെ ആരോഗ്യ സംവിധാനത്തിന്റെ സ്ഥിതി അതി ശോചനീയമാണ്. മിക്കയിടത്തും മൊത്തം ആരോഗ്യ ചെലവിന്റെ 85 ശതമാനവും ജനങ്ങൾ സ്വയം വഹിക്കയാണ്. ഇന്ത്യൻ ജനതയെ ദാരിദ്രത്തിലേക്ക് തള്ളിയിടുന്ന പ്രധാന കാരണങ്ങളിലൊന്ന് വർധിച്ച് വരുന്ന ആരോഗ്യ ചെലവാണ്.

കേരളം സാർവ്വത്രിക ആരോഗ്യ സേവനത്തിന്റെ പാതയിലൂടെ മുന്നേറികൊണ്ടിരിക്കയാണ്. 1990 കളിൽ കേവലം 28% പേർക്കാണ് സർക്കാർ ആശുപത്രികളുടെ സേവനം ലഭിച്ചിരുന്നത്. ആർദ്രം മിഷന്റെ ഫലപ്രദമായ നടത്തിപ്പിലൂടെ ആധുനിക ഉപകരണങ്ങൾ അടക്കമുള്ള അടിസ്ഥാന സൌകര്യങ്ങൾ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ മുതൽ മെഡിക്കൽ കോളേജുകളിൽ വരെ ലഭ്യമാക്കിയും ഡോക്ടർമാർ, നഴ് സുമാർ മറ്റ് ആരോഗ്യ പ്രവർത്തകർ തുടങ്ങിയ മനുഷ്യ വിഭവശേഷി വർധിപ്പിച്ചും സർക്കാർ ആശുപത്രികളുടെ സേവന നിലവാരത്തിൽ വിസ്മയകരമായ വളർച്ച കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ട്. ഇപ്പോൾ 40 ശതമാനത്തോളം ജനങ്ങൾ സർക്കാർ ആശുപത്രികളിൽ പരിചരണത്തീനായെത്തുണ്ട്. ഇത് ഈ സർക്കാരിന്റെ ഭരണകാലത്ത് 50 ശതമാനമായി വർധിക്കുമെന്നും പ്രതീക്ഷിക്കുന്നു.

ഏകീകൃത ആരോഗ്യ ഇൻഷ്വറൻഷ് സ്കീമായ “കാരുണ്യ സാർവ്വത്രിക ആരോഗ്യ സുരക്ഷ പദ്ധതി” കേരള സർക്കാർ തുടക്കം കുറിച്ചിട്ടുണ്ട്. ഇപ്പോൾ ആർഎസ് ബി വൈയിൽ അംഗങ്ങളായിട്ടുള്ള 42 ലക്ഷം കുടുംബങ്ങൾക്ക് പുതിയ പദ്ധതിയിൽ അർഹതയുണ്ടാകും. ആരോഗ്യ ഇൻഷ്വറൻസുള്ള ജീവനക്കാരെയും പെൻഷൻകാരെയും പോലുള്ള വിഭാഗക്കാരെ മാറ്റി നിർത്തിയാൽ പിന്നെയും ബാക്കി വരുന്ന 20 ലക്ഷം കുടുംബങ്ങൾക്ക് സ്വന്തം കൈയിൽ നിന്നും പ്രീമിയം അടച്ച് ഈ പദ്ധതിയിൽ അംഗത്വം എടുക്കുകയും ചെയ്യാം. അങ്ങനെ കേരളത്തിലെ മുഴുവൻ കുടുംബങ്ങളെയും ഉൾക്കൊള്ളിക്കുന്ന സാർവ്വത്രിക ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയാണ് നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്.

അനുദിനം വിലവർധിച്ച് വരുന്ന ആരോഗ്യ ചെലവിന്റെ നാല്പത് ശതമാനത്തോളം മരുന്നുകൾക്കായിട്ടാണ് ചെലവിടേണ്ടത്. ഗുണമേന്മയുള്ള ജനറിക്ക് ഔഷധങ്ങൾ കുറഞ്ഞ വിലക്ക് ലഭ്യമാക്കാൻ പൊതുമേഖല ഔഷധ കമ്പനികൾ വഴിയുള്ള ഉല്പാദനം വൻ തോതിൽ വർധിപ്പിക്കേണ്ടതുണ്ട്. സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള കെ എസ് ഡി പി പുനരുജ്ജീവിപ്പിച്ചതിനെ തുടർന്ന് 150 കോടി രൂപക്കുള്ള മരുന്ന് ഇപ്പോൾ ഉല്പാദിപ്പിക്കുന്നുണ്ട് ഇത് 300 കോടിയായി വർധിപ്പിക്കാൻ ശ്രമിച്ച് വരികയാണ്. 1000 കോടി രൂപക്കുള്ള മരുന്ന് ഉല്പാദിപ്പിക്കാൻ ലക്ഷ്യമിട്ടുകൊണ്ടുള്ള ഫാർമാപാർക്ക് സ്ഥാപിക്കാനുള്ള നടപടികൾ വ്യവസായ വകുപ്പ് ആരംഭിച്ച് കഴിഞ്ഞു.