ജലദിനത്തിൽ ദേവിയാറിനെ കുറിച്ചുള്ള ബാല്യകാലസ്മരണകൾ

779

നമ്മുടെയൊക്കെ ഓർമകളിൽ ഒരു പുഴയുണ്ടാകും. കൂട്ടുകാർക്കൊപ്പം കുളിച്ചും നീന്തിത്തിമിർത്തും ആഘോഷിച്ച പുഴ. എന്നാൽ നാം വളർന്നതിനൊപ്പം പുഴകൾ വളർന്നില്ല, അവ തളരുകയാണുണ്ടായത്. മാലിന്യമടിഞ്ഞും ആഫ്രിക്കൻ പായലിന്റെ ആക്രമണത്തിലും മണലൂറ്റുകാരുടെ ആക്രമണത്തിലും പുഴകൾ അന്ത്യശ്വാസം വലിക്കുകയാണ്. ഇത്തരമായൊരു ഭയാനകമായ അവസ്ഥയിൽ നിന്നുകൊണ്ടാണ് നമ്മൾ ജലദിനത്തെ വിങ്ങലോടെയെങ്കിലും ആഘോഷിക്കുന്നത്. ഈ മനോഹരമായ പോസ്റ്റിന് നിങ്ങളോടു പലതും പറയാനുണ്ട്. പോസ്റ്റ് താഴെ വായിക്കാം .

Maina Umaiban  

===============

ഒരു ആറിന്റെ തീരത്താണ് ഞാന്‍ ജനിച്ചു വളര്‍ന്നത്. ഗ്രാമത്തിന് ആറിന്റെ പേരായിരുന്നു. ദേവിയാര്‍ ഞങ്ങളുടെ ദാഹത്തെ ശമിപ്പിച്ചു. മീന്‍ തന്ന് രുചിയെ ശമിപ്പിച്ചു. ഞങ്ങളെ കുളിപ്പിക്കുകയും കളിപ്പിക്കുകയും സ്വപ്‌നം കാണാന്‍ പഠിപ്പിക്കുകയും ചെയ്തു.
വാല്‍മാക്രിയെ നീന്താന്‍ പഠിപ്പിക്കേണ്ട എന്നു പറയുംപോലെയായിരുന്നു ഞങ്ങള്‍ നീന്താന്‍ പഠിച്ചത്. അത് എപ്പോള്‍ എങ്ങനെ പഠിച്ചു എന്നറിയില്ല. മുതിര്‍ന്നപ്പോള്‍ നന്നായി നീന്താനറിയാം എന്നേ അറിയുമായിരുന്നുള്ളു. ഏതു മഴയിലും വെള്ളത്തിലും ഞങ്ങള്‍ തിമിര്‍ത്തു നീന്തി. വേനലില്‍ വെള്ളം തട്ടിത്തെറിപ്പിച്ച് തീരത്തുകൂടെ നടന്നു.
ഞങ്ങളുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു ആറ്. അമ്മയെപ്പോലെയായിരുന്നു എന്നു പറഞ്ഞാല്‍ ഒട്ടും അതിശയോക്തിയില്ല. രാത്രി ഉറങ്ങുമ്പോള്‍ ഞങ്ങള്‍ കേട്ടത് അവളുടെ താരാട്ടായിരുന്നു. പുഴയുടെ ശബ്ദം, വെള്ളത്തിന്റെ മന്ത്രണമാണ് ഞങ്ങളെ ഉറക്കിയതും ഉണര്‍്ത്തിയതും. ആറ്റിലെ വെള്ളത്തിന്റെ അളവിനെപ്പറ്റിയൊക്കെ ഞങ്ങള്‍ക്ക് നിശ്ചയമായിരുന്നു-അതെത്ര വരുമെന്ന് പ്രത്യേകിച്ച് മഴയുള്ള രാത്രികളില്‍…ആറ്റിലെ വെളളത്തിന്റെ ഉയര്‍ച്ചതാഴ്ചകള്‍ അത്രയ്ക്ക് ഞങ്ങള്‍ക്ക് നിശ്ചയമായിരുന്നു.
ഇടയ്ക്ക് ആറ് അവളുടെ രൗദ്രരൂപം വെളിപ്പെടുത്തിക്കൊണ്ട് സംഹാരരൂപിണിയായി..ഞങ്ങളപ്പോള്‍ വിറച്ചു. എന്നിട്ട് ശാന്തരൂപിണിയാവുന്ന വേനലില്‍ കണക്കറ്റ് ഞങ്ങള്‍ കുത്തി മറിഞ്ഞു.
നട്ടുച്ചയിലും പാതിരാത്രിയിലും മറുതകള്‍ ഇറങ്ങുമെന്ന് ഞങ്ങളെ പേടിപ്പിക്കാനായി അമ്മുമ്മമാര്‍ കഥകള്‍ മെനഞ്ഞു. സ്വര്‍ണ്ണശകലങ്ങളുള്ള മത്സ്യകന്യകമാരുടെ കഥകള്‍ കേട്ടുവളര്‍ന്നു. രാത്രി പുഴയില്‍ നിന്നു കേട്ട അലക്കുശബ്ദം മുമ്പ് പുഴയിലൂടെ ഒഴുകിപ്പോയവരുടെ ആത്മാക്കളാണെന്ന് പറഞ്ഞു.

വേനലില്‍ പാറകള്‍ക്കിടയില്‍ ആറ്റുവഞ്ഞികള്‍ പൊടിച്ചു പന്തലിച്ചു. കമ്മല്‍പ്പൂവും ഇലഞ്ഞിപ്പൂവും ഒഴുകിയെത്തി.
ചൂണ്ടയുമായി പോയവര്‍ എത്രപെട്ടെന്നാണ് കോര്‍മ്പിലില്‍ മീനുമായി എത്തിയത്. തീരത്ത് പലതരം മുളകള്‍, നായങ്കണ, ഒരുപാട് വേരുകളുമായി കണ്ടല്‍ സസ്യങ്ങള്‍, കൈതകള്‍…
വേനലില്‍ കുന്നുകളില്‍ വെളളമുണ്ടായിരുന്നില്ല. ആറ്റിറമ്പില്‍ ഓലികുത്തി. ഓലിയ്ക്കലേക്ക് ഒരുപാടു പെണ്ണുങ്ങള്‍ കുടങ്ങളും കലങ്ങളുമായി വന്നു. തണുത്ത, കണ്ണീരുപോലെയുളള തെളിനീര്‍…

ഞണ്ടും കൊഞ്ചും ഞവണിക്കയും പൂമീനും കല്ലടാമുട്ടിയും പരലും വൈലേപ്പുള്ളിയും ….എത്രയെത്ര മീനുകള്‍, ജലസസ്യങ്ങള്‍, ജീവികള്‍…

കുറേക്കഴിഞ്ഞപ്പോള്‍ ഞങ്ങളുടെ തോട്ടിലൂടെ പരിചിതമല്ലാത്ത ഒരുസസ്യം ഒഴുകി വരാന്‍ തുടങ്ങി. ആഫ്രിക്കന്‍ പായലായിരുന്നു അത്. അന്നുവരെ കേട്ടുകേഴ്‌വി മാത്രമായിരുന്ന തിലോപ്പിയ കൂട്ടമായി വന്നെത്തി..മിക്ക പറമ്പില്‍ നിന്നും മോട്ടോറുകളുടെ വാല്‌വുകള്‍ പച്ചപാമ്പെന്നപോലെ തോട്ടിലേക്ക് നീണ്ടു.
ആദ്യമൊക്കെ മണലെടുപ്പ് വളരെക്കുറവായിരുന്നു. പിന്നെ പിന്നെ മത്സരിച്ച് മണലുകോരലായി..ചുഴികള്‍ അപൂര്‍വ്വമായിരുന്നിടം മണല്‍ക്കുഴികളെകൊണ്ട് നിറഞ്ഞു. വേനലിലും നിറം മാറി..തോട്ടുപുറമ്പോക്കുകള്‍ കൈയ്യേറി കെട്ടിടങ്ങള്‍ വന്നു. ഗ്രാമത്തിന്റെ ഛായ മാറുന്നതിനനുസരിച്ച് അഴുക്ക് ആറ്റിലേക്കൊഴുകി. എവിടെയും പ്ലാസ്റ്റിക്, സര്‍വ്വ അഴുക്കും അവള്‍ വഹിച്ചു. ഒരുപാട് പാറക്കൂട്ടങ്ങളുണ്ടായിരുന്നു. അവയൊക്കെ പൊട്ടിച്ചെടുത്തു തീരവാസികള്‍..
കേരളത്തില്‍ ഏറ്റവും കൂടുതല്‍ മഴപെയ്യുന്ന നേര്യമംഗലം കാടിനിടയിലൂടെയാണ് ആറ് ഒഴുകിയിരുന്നത്. പെരിയാറിന്റെ കൈവഴിയായി. പക്ഷേ, മഴ നിന്നാല്‍ പുഴയുടെ ഒഴുക്കും നില്ക്കുന്നു ഇപ്പോള്‍.. പതുക്കെ പതുക്കെ വെള്ളമേ ഇല്ലാതാകുന്നു. പുഴ ചാലുമാത്രമായി, ചിലയിടത്ത് കറുത്തവെള്ളത്തിന്റെ കുളങ്ങളായി മാത്രം മാറുന്നു.
വെള്ളത്തെ തടഞ്ഞു നിര്‍ത്തേണ്ട പാറകളോ, അവയോട് പറ്റിച്ചേര്‍ന്നു നിന്ന ചെടികളോ ഇല്ല. മണലെടുപ്പില്‍ കരയിടിഞ്ഞു തീരത്തെ മിക്കവാറും ചെടികളൊക്കെപ്പോയി. മീനുകള്‍ ചത്തുപൊങ്ങുന്നു. കുളിച്ചാല്‍ ചിരങ്ങും ചോറിയും വരുന്നു.

ഇത് പത്തുമുപ്പതു വര്‍ഷംകൊണ്ട് ഞാന്‍ കണ്ട ഒരു പുഴയാണ്. കേരളത്തിലെ എല്ലാ പുഴകളും ഇങ്ങനെതന്നെയാണ്.
നാലുതരത്തിലാണ് പുഴകളില്ലാതാവുന്നത്. ഇല്ലാതാവുന്നത് എന്നാല്‍ ഉപയോഗയോഗ്യമല്ലാതാകുന്നത്.
വനനശീകരണം, മണലെടുപ്പ്, അണക്കെട്ട്, പിന്നെ മലിനീകരണവും.
വനനശീകരണം എതാണ്ടെല്ലാ അറ്റത്തും എത്തിക്കഴിഞ്ഞു. അതിലൂടെ ജൈവവൈവിധ്യം തന്നെ ഇല്ലാതാകുന്നു. എത്രയെത്ര സസ്യങ്ങളും ജീവികളുമാണ് ഇല്ലാതാകുന്നത്. അവരുടെ ആവാസകേന്ദ്രമാണ് ഇല്ലാതാവുന്നത്. സൂക്ഷ്മജീവികള്‍ മുതല്‍ ആനകള്‍ വരെയുള്ള ആവാസസ്ഥലങ്ങള്‍. ഇവയെല്ലാം പ്രകൃതിയില്‍ ഒറ്റദിവസംകൊണ്ടുണ്ടായതല്ല. കാലാനുക്രമമായ വികാസ പരിണാമങ്ങളിലൂടെ സംഭവിച്ചതാണ്. അതാണ് കുറഞ്ഞ കാലം കൊണ്ട് അമിതമായ ചൂഷണത്തില്‍ ഇല്ലാതാകുന്നത.

മണലൂറ്റിനെപ്പറ്റി പറയാതിരിക്കുകയാണ് ഭേദം. നിരോധനം വരുമ്പോള്‍..കളവു തുടങ്ങും. വലിയവലിയ രമ്യഹര്‍മ്യങ്ങളും മാനത്തുതൊടുന്ന അവകാശവാദവുമായെത്തുന്ന ഫഌറ്റുകളും മതി നമുക്ക്. നാളെത്തേക്ക്, ഭാവിക്കുവേണ്ടി ഒന്നും ആവശ്യമില്ല. ഒന്നും വേണ്ടെന്നല്ല. എല്ലാം വേണം. പക്ഷേ, അത് പ്രകൃതിയുടെ അവസ്ഥ അറിഞ്ഞുമാത്രമാവണം. ഈ രമ്യഹര്‍മ്യങ്ങളുടേയും ഫഌറ്റുകളുടേയും ആയുസ്സ് എത്രയാണ്? ഭൂമിക്കും ആ ആയുസ്സ് മതിയെന്നാണോ?

സഹ്യന്റെ ഏതോ മലയിടുക്കില്‍ നിന്നും ഉത്ഭവിക്കുന്ന അരുവികള്‍ ഒരുമിച്ചുകൂടി പുഴയാകുന്നു. നൂറ്റാണ്ടുകളെടുത്താണ് കല്ലുകള്‍ പൊടിഞ്ഞ് പൊടിഞ്ഞ് മണലായി മാറുന്നത്. ഇതിനൊന്നും എളുപ്പ വഴികളില്ല. അമിതോപയോഗം പ്രകൃതിയുടെ നിലനില്പിനെ തന്നെ ബാധിക്കും.
നദിക്കുകുറുകെയുള്ള അണകെട്ടല്‍ ശിശുഹത്യാപാപത്തിനു തുല്യമാണെന്ന് കാളിദാസന്‍ എഴുതിയിട്ടുണ്ട്. എക്കാലത്താണ് പറഞ്ഞതെന്നോര്‍ക്കണം! അണക്കെട്ടുകള്‍ വരുമ്പോള്‍ ഒരുകൂട്ടമാളുകള്‍ പലായനം ചെയ്യേണ്ടി വരുന്നു. ഒരുകൂട്ടമാളുകള്‍ക്ക് വെള്ളം നിഷേധിക്കപ്പെടുന്നു. എപ്പോഴും സമൂഹത്തിലെ താഴെതട്ടിലെ ജനവിഭാഗം മാത്രമായിരിക്കും ചൂഷണത്തിന് വിധേയരാവേണ്ടി വരിക.
നര്‍മ്മദയിലും ചാലിയാറിലും ആതിരപ്പള്ളിയിലും മുല്ലപ്പെരിയാറിലും പൂയംകുട്ടിയിലും എന്‍മകജെയിലും സൈലന്റ്‌വാലിയിലായാലും.. ..
ശബ്ദത്തിന് കനം കുറഞ്ഞവരെ എളുപ്പത്തില്‍ നിശബ്ദരാക്കാം എന്നൊരു തന്ത്രം എക്കാലത്തും ഭരണകൂടം എടുത്തിട്ടുണ്ട്. പ്രകൃതിയുടെ ശബ്ദവും അവര്‍ കേള്‍ക്കാറില്ല.

സംസ്‌ക്കാരങ്ങളെല്ലാം ഉടലെടുത്തത് നദീതീരത്താണ്. സിന്ധുനദീതടസംസ്‌ക്കാരമായാലും ഈജിപ്ഷ്യന്‍ സംസക്കാരമായാലും ടൈഗ്രിസിന്റെയും യൂഫ്രട്ടീസിന്റെയും ഹൊയാങ്‌ഹോയുടേയും മിസിസിപ്പിയുടേയും അങ്ങനെ അങ്ങനെ…
ആദിയില്‍ ജലം മാത്രമായിരുന്നു സര്‍വ്വം എന്നും ജലത്തില്‍ നിന്നാണ് സര്‍വ്വവും ഉടലെടുത്തതെന്നും …
എന്നിട്ട് ജലമില്ലാതായാല്‍, പെയ്യുന്ന മഴമുഴുവന്‍ വേണ്ടപോലെ ഉപയോഗിക്കപ്പെടാതിരുന്നാല്‍?

ഇപ്പോള്‍ പുഴകള്‍ നേരിടുന്ന ഏററവും വലിയ പ്രശ്‌നം മലിനീകരണമാണ്. പലതരം മലിനീകരണങ്ങള്‍…പെരിയാറിന്റെയും ചാലിയാറിന്റേതുമൊക്കെ നമുക്കറിയാം. കീടനാശിനി പ്രയോഗങ്ങള്‍, രാസവസ്തക്കള്‍ ഒഴുക്കിവിടല്‍, പ്ലാസ്റ്റിക്കും സര്‍വ്വമാലിന്യങ്ങളും ഒഴുക്കിവിടുന്നു. എങ്ങോട്ടാണ് നമ്മള്‍…?
പ്രകൃതിയുടെ മരണം സംസ്‌ക്കാരത്തിന്റെ മരണമാണ്. നമ്മുടെ തന്നെ മരണമാണ്.
-നിങ്ങള്‍ക്ക് എഴുതാന്‍ നിറഞ്ഞൊഴുകുന്ന പുഴയുണ്ടായിരുന്നു. ഞങ്ങള്‍ക്ക് അങ്ങനെയുളള അനുഭവങ്ങള്‍ ഇല്ല. വറ്റിയ പുഴയാണ് ഞങ്ങള്‍ കാണുന്നത്…അതിനെപ്പറ്റി മാത്രമേ ഞങ്ങള്‍ക്ക് എഴുതാനാവുന്നുള്ളു. അപ്പോള്‍ ഭാവി തലമുറ എന്തിനേപ്പറ്റിയാവും കഥയും കവിതയും എഴുതുക- എന്ന് അടുത്തൊരിക്കല്‍ ഒരു സാഹിത്യസദസ്സില്‍ ഒരുകുട്ടി ചോദിച്ചു.
ഉത്തരം ഇത്തിരി തീഷ്ണമായിപ്പോകുമോ എന്ന ഭയത്തോടെയാണ് പ്രതികരിച്ചത്.
പുഴകള്‍ മരിച്ചാല്‍ അതോടെ മനുഷ്യജീവന്റെ അവസാന കണികയും അപ്രത്യക്ഷമാകും.
ആരെങ്കിലും അവശേഷിച്ചാല്‍ അവര്‍ കഥയും കവിതയും എഴുതിയാല്‍ അത് വായിക്കാന്‍ ഇവിടെ ഒരു ജനത അവശേഷിക്കില്ല.
ജലമില്ലാഞ്ഞാല്‍ എന്തു സംസക്കാരവും എന്തു ജീവിതവും എന്തു ജീവനും?

പുഴയെപ്പറ്റി വായിച്ചിട്ടുള്ളതില്‍ വെച്ച് ഏറ്റവും പ്രിയപ്പെട്ട വരികള്‍ സിയാറ്റില്‍ മൂപ്പന്റെ പ്രസംഗമാണ്.
അമരേന്ത്യക്കാരുടെ ഭൂമി വേണമെന്ന ആവശ്യവുമായി വരുന്ന വെളുത്ത വര്‍ഗ്ഗക്കാരായ അമേരിക്കക്കാരോട് അമരേന്ത്യന്‍ മൂപ്പന്‍ പറയുന്ന വാക്കുകള്‍…
‘പുഴകളിലും നദികളിലും തിളങ്ങിയൊഴുകുന്ന ജലം വെറും ജലമല്ല, ഞങ്ങളുടെ പൂര്‍വ്വികരുടെ രക്തമാണ്. ഞങ്ങള്‍ നിങ്ങള്‍ക്ക് ഭൂമി വിറ്റാല്‍ ആ ജലം പാവനമാണെന്ന് നിങ്ങള്‍ക്ക് ഓര്‍മയുണ്ടാവണം. അതു പാവനമാണെന്നുമാത്രമല്ല, സ്ഫടികംപെലയുള്ള തടാകപ്പരപ്പിലെ ഓരോ ഭൂതാവിഷ്ടനിഴലാട്ടവും പറയുന്നത് എന്റെ ജനതയുടെ ജീവിതസംഭവങ്ങളെപ്പറ്റിയും അവയുടെ ഓര്‍മകളെപ്പറ്റിയുമാണെന്നും നിങ്ങളുടെ മക്കളെ പഠിപ്പിക്കണം.

ജലത്തിന്റെ മര്‍മ്മരം എന്റെ അച്ഛന്റെയച്ഛന്റെ ശബ്ദമാണ്.
നദികള്‍ ഞങ്ങളുടെ സഹോദരരാണ്. അവര്‍ ഞങ്ങളുടെ ദാഹം തീര്‍ക്കുന്നു. ഞങ്ങളുടെ വഞ്ചികളെ ചുമക്കുന്നു. ഞങ്ങളുടെ കുഞ്ഞുങ്ങളുടെ വിശപ്പ് ശമിപ്പിക്കുന്നു. ഞങ്ങള്‍ നിങ്ങള്‍ക്ക് ഭൂമി വിറ്റാല്‍ നദികള്‍ ഞങ്ങളുടേയും നിങ്ങളുടേയും സഹോദരരാണെന്ന് നിങ്ങള്‍ക്ക് ഓര്‍മ്മയുണ്ടായിരിക്കണം. നിങ്ങളുടെ കുഞ്ഞുങ്ങളെ അത് പഠിപ്പക്കുകയും ചെയ്യണം. മാത്രമല്ല, അന്നുമുതല്‍ നിങ്ങള്‍ ഏതൊരു സഹോദരനോടും കാണിക്കുന്ന കാരുണ്യം നദികളോടും കാണിക്കണം…’

എല്ലാം നഷ്ടപ്പെടാന്‍ പോകുന്നു എന്ന് അറിഞ്ഞുകൊണ്ട് തന്നെ ഈ പ്രസംഗം അവസാനിപ്പിക്കുന്നത് ഇപ്രകാരമാണ്. അതിലെല്ലാമുണ്ട്.
‘ഇത് ഞങ്ങളുടെ ജീവിക്കലിന്റെ അന്ത്യമാണ്. അതിജിവനത്തിന്റെ തുടക്കവും’.

ചിന്തിച്ചു നോക്കുക-നമ്മുടെ ജീവിതവും അവസാനിച്ചു കഴിഞ്ഞു. ഇന്നത്തെ ജനത അതിജീവനത്തിന്റെ പാതയിലാണ്. അതിജീവനം മാത്രമാണ് നമുക്കു മുന്നിലുളളത്. അതിജീവനം മാത്രം.