ഇന്ന് ലോകജലദിനം. നമ്മൾ മലയാളികൾ ജലസമൃദ്ധിയിൽ ജീവിക്കുന്നു എന്ന് അഹങ്കരിക്കുമ്പോഴും നമ്മുടെ നിരത്തുകളിൽ പ്രത്യക്ഷപ്പെടുന്ന ടാങ്കർ ലോറികൾ ആ അഹങ്കാരത്തെ നശിപ്പിക്കുന്നു. നമ്മൾ ജലദൗർല്ലഭ്യത്തിലേക്ക് നീങ്ങുകയാണ്. ലോകമെങ്ങും ഇതുതന്നെയാണ് അവസ്ഥ. ഇനിയൊരു ലോകമഹായുദ്ധം ഉണ്ടാകുന്നെങ്കിൽ അത് ജലത്തിനുവേണ്ടി ആയിരിക്കുമെന്ന് ഉറപ്പ്. ജലദിനത്തിന് അനുഭവങ്ങൾ പങ്കുവച്ചുകൊണ്ടു അപ്സര ആലങ്ങാട്ടിന്റെ (Apsara Alanghat)പോസ്റ്റ്

=====

ഈ വരികള്‍ എഴുതാന്‍ എന്നെ പ്രേരിപ്പിച്ച ,
എന്‍റെ പ്രിയ സുഹൃത്ത്, ഞാന്‍ സ്നേഹപൂര്‍വ്വം ‘ജോ’ എന്ന് വിളിക്കുന്ന ശ്രീ. ജോണ്‍ ബേബി മൂത്തേടത്തിന് ഒത്തിരിയൊത്തിരി നന്ദി…!

പൊതുവേ, നമ്മള്‍ മലയാളികള്‍ക്ക് എന്തിനും ഏതിനും ധാരാളം വെള്ളം വേണം.
അത് ചിലവഴിക്കുന്നത് ആവശ്യത്തിനോ അനാവശ്യത്തിനോ എന്നുപോലും പലപ്പോഴും ചിന്തിക്കാറില്ല…
അതിന് പ്രധാന കാരണം ,ചിലവില്ലാതെ പ്രകൃതിയില്‍ നിന്ന് സുലഭമായ് ലഭിക്കുന്നു എന്നത് തന്നെയാണ്. വെറുതെ കിട്ടുന്നതെന്തും പരമാവധി ഉപയോഗിക്കുക എന്നത് ഒരു ശരാശരി മനുഷ്യന്‍റെ മനഃശാസ്ത്രപരമായ കാഴ്ചപ്പാട് തന്നെയാണ് .

നമ്മുടെ അയല്‍ സംസ്ഥാനമായ തമിഴ്നാട്ടില്‍ കുറെ വര്‍ഷം താമസിക്കാന്‍ ഇടയായി.
അവിടെ അപ്പാര്‍ട്ട്മെന്‍റില്‍, ടാങ്കര്‍ ലോറിയില്‍ വെള്ളം കൊണ്ട് വന്ന് വാട്ടര്‍ ടാങ്ക് നിറയ്ക്കുമ്പോള്‍,
അല്പം കൗതുകത്തോടെയും ഒരുപാട് അവജ്ഞയോടെയും ആ കാഴ്ച കണ്ടുകൊണ്ട് നില്‍ക്കുന്ന പതിവ് എനിക്കുണ്ടായിരുന്നു.
കൗതുകം, വെള്ളം നിറയ്ക്കുന്ന രീതിയോടായിരുന്നു.

അവജ്ഞ…അങ്ങനെയൊരു വികാരം അപ്പോള്‍ തോന്നിയത് നമ്മുടെ കൊച്ചു കേരളത്തിന്‍റെ ജലസമൃദ്ധിയെക്കുറിച്ചോര്‍ത്തുള്ള അഭിമാനത്തില്‍ നിന്നാണ്.
ഈ ഒരു ഗതികേട് ഒരു കാലത്തും ഇത്രയും സന്തുലിതമായ ഒരു കാലാവസ്ഥയുള്ള നമ്മുടെ കേരളത്തിന് ഉണ്ടാവുകയില്ല എന്നത് ഉറച്ച വിശ്വാസമായിരുന്നു.

പക്ഷേ ,ഒരു ദിവസം രാവിലെ, ഞാനും മകനും
നടക്കാനിറങ്ങിയപ്പോള്‍ കണ്ട കാഴ്ച അക്ഷരാര്‍ത്ഥത്തില്‍ എന്നെ ഞെട്ടിച്ചു..
നിരയായ് നീങ്ങുന്ന പത്തിരുപത് ടാങ്കര്‍ ലോറികള്‍…!
അതില്‍ വലിയ അക്ഷരങ്ങളില്‍ എഴുതിവെച്ചിരിക്കുന്നു..’കുടിവെള്ളം..!’
സത്യത്തില്‍ എന്താ നടക്കുന്നതെന്ന് മനസ്സിലായില്ല. പിന്നീട് അന്വേഷിച്ചപ്പോഴാണ് മനസ്സിലായത് ഭാരതപ്പുഴ (പാലക്കാട് , എന്‍റെ വീടിനടുത്ത് യാക്കരപ്പുഴ എന്നു പറയും) യുടെ തീരത്ത് നിറയെ ബോര്‍വെല്ലുകള്‍ കുഴിച്ച് അതില്‍ നിന്നുള്ള വെള്ളം ശേഖരിച്ച് നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും ടാങ്കര്‍ വഴി കുടിവെള്ളം എത്തിക്കുകയാണെന്ന്.
തമിഴ്നാടിനോട് തോന്നിയ പുച്ഛം ഒരു നിമിഷം കൊണ്ട് ആവിയായ്പ്പോയി. ഇന്ന് കുടിവെള്ളവുമായ് നീങ്ങുന്ന ടാങ്കര്‍ ലോറികള്‍ ഒരു സാധാരണ കാഴ്ചയായ് മാറി, ദൈവത്തിന്‍റെ ഈ സ്വന്തം നാട്ടിലും….!

നമ്മള്‍, മനുഷ്യരുടെ വീണ്ടുവിചാരമില്ലാത്ത പ്രവൃത്തികള്‍ തന്നെയാണ് കാലാവസ്ഥാവ്യതിയാനങ്ങള്‍ക്ക് കാരണമായ്ത്തീര്‍ന്നതും …
അതിന്‍റെ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളെക്കുറിച്ച് നല്ല അവബോധം ഉണ്ടായിട്ടും സ്വന്തം ആവശ്യങ്ങള്‍ എന്തു വില കൊടുത്തും നടപ്പിലാക്കാനുള്ള മനുഷ്യന്‍റെ സ്വാര്‍ത്ഥചിന്താഗതി, നമ്മളെ ഇന്ന് ഈ ദുരവസ്ഥയില്‍ എത്തിച്ചിരിക്കുന്നു.

ലോകത്തിന്‍റെ മുക്കാല്‍ഭാഗവും ഉപയോഗ ശൂന്യമായ കടല്‍വെള്ളമാണ്.
ബാക്കി കാല്‍ ഭാഗത്തില്‍, കുറച്ചു ശതമാനം മാത്രമാണ് കുടിവെള്ള സ്രോതസ്സുകളുള്ളത്.
അതും വറ്റി വരണ്ടുകൊണ്ടിരിക്കുന്നു….

ജനസംഖ്യ മാത്രം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു.
ആനുപാതികമായ് വര്‍ദ്ധിക്കേണ്ട കുടിവെള്ളം,
പകുതിയിലും താഴെയായ് കുറഞ്ഞു കൊണ്ടിരിക്കുന്നു…

നമുക്കിതെല്ലാം അറിയാമെങ്കിലും സൗകര്യപൂര്‍വ്വം ഈ സത്യത്തിനുനേരെ കണ്ണടയ്ക്കുകയാണ് നമ്മളോരോരുത്തരും ചെയ്യുന്നത്.
ഇതിന്‍റെ തിക്തഫലം പരിപൂര്‍ണ്ണമായും അനുഭവിക്കാന്‍ പോകുന്നത് നമ്മള്‍ ലാളിച്ചു വളര്‍ത്തുന്ന നമ്മുടെ മക്കളും അവരുടെ തലമുറകളുമായിരിക്കും…!

പ്രകൃതിയില്‍ നിന്ന് കിട്ടുന്ന ഓരോ വസ്തുവും അമൂല്യമാണ്..
അത് പ്രകൃതിയില്‍ത്തന്നെ നിലനിര്‍ത്തേണ്ടത് നമ്മുടെ സുഗമമായ ജീവിതത്തിന് അത്യന്താപേക്ഷിതമാണ്. അതിനുള്ള ശ്രമങ്ങള്‍ നമ്മള്‍ കൂട്ടായ്ത്തുടങ്ങണം.

ഇന്ന് പൊന്നിനും പെണ്ണിനും സമ്പത്തിനും വേണ്ടിയാണ് മനുഷ്യനും രാഷ്ട്രങ്ങളും പരസ്പരം പോരടിക്കുന്നതെങ്കില്‍ ,
സമീപഭാവിയില്‍ അത് ഒരിറ്റുവെള്ളത്തിനു വേണ്ടിയായിരിക്കും എന്നതില്‍ തര്‍ക്കമില്ല….!

നാളത്തെ ലോകം, ഈശ്വരനെന്നും കോടീശ്വരനെന്നും വാഴ്ത്തുന്നത് ഏറ്റവൂം കൂടുതല്‍ ജലസമ്പത്ത് കൈവശം സൂക്ഷിക്കുന്ന ആളെയായിരിക്കും…!

വൈകിയിട്ടില്ല,തിരുത്താം…
തെറ്റെന്നറിഞ്ഞാല്‍ തിരുത്തുക തന്നെവേണം..
ഓരോ തുള്ളി വെള്ളം അനാവശ്യമായി ചിലവഴിക്കുമ്പോഴും, കുടിക്കാന്‍ ഒരു തുള്ളിവെള്ളം പോലുമില്ലാതെ തൊണ്ട വരണ്ട് മരണത്തോട് മല്ലടിക്കുന്ന നമ്മുടെ പൊന്നോമന മക്കളുടെയും ചെറുമക്കളുടെയും ദയനീയമുഖം നമ്മുടെ കണ്‍മുന്നില്‍ തെളിഞ്ഞു വരട്ടെ…

അവരുടെ ആ ദാരുണ അന്ത്യത്തിന് പരിപൂര്‍ണ്ണ ഉത്തരവാദികള്‍ വീണ്ടു വിചാരമില്ലാതെ സ്വാര്‍ത്ഥജീവിതം നയിക്കുന്ന നമ്മള്‍ തന്നെയായിരിക്കും .

അടുത്ത തലമുറയ്ക്കായ് പൊന്നും പണവും കരുതേണ്ട…
കരുതേണ്ടത് കുറച്ച് കുടിവെള്ളവും ശുദ്ധവായുവും മാത്രമാണ്…
ഇത് രണ്ടുമില്ലെങ്കില്‍, നമ്മള്‍ കരുതിവെക്കുന്ന പൊന്നും പണവും അനുഭവിക്കാന്‍ ആ തലമുറ തന്നെ ഉണ്ടാകില്ല.

ഓര്‍ക്കുക…
”ഓരോ തുള്ളി വെള്ളവും ഒരു ജീവന്നാധാരമാണ്..”

അപ്സര ആലങ്ങാട്ട്

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.