ലോകത്തിലെ ഏറ്റവും ഒറ്റപ്പെട്ട ആന – കാവൻ

136

Josemon Varghese

കാവൻ: ലോകത്തിലെ ഏറ്റവും ഒറ്റപ്പെട്ട ആന

ഇന്ത്യക്കാർക്ക് ആന പരിചിതമായ ജീവിയാണ്.എന്നാൽ ലോകത്തെ മറ്റു രാജ്യങ്ങളിൽ പലതിലും ആളുകൾ ആനയെ കണ്ടിരിക്കുന്നത് മൃഗശാലകളിലും, ചിത്രങ്ങളിലുമൊക്കെയായാണ്.കഴിഞ്ഞ കുറേ വർഷങ്ങളായി ചർച്ചയായത് പാകിസ്‌ഥിനിലെ അവസാനത്തെ ആനായായ കാവനെക്കുറിച്ചുള്ള വാർത്തകളായിരുന്നു.കഴിഞ്ഞ 35 വർഷങ്ങളായി ഇസ്ലാമാബാദ് മൃഗശാലയിലാണ് കാവന്റെ ജീവിതം. കൂട്ടായുണ്ടായ പിടിയാന ചരിഞ്ഞതോടെ കാവൻ ലോകത്തെ ഒറ്റപ്പെട്ട ആനയായി മാറുകയായിരുന്നു.
കാവൻ പാകിസ്ഥാനിലെത്തിയത്…

world's loneliest elephant" Kavan to be transported to Cambodia | palpalnewshub1985ൽ പാകിസ്ഥാനിലെ പട്ടാള മേധാവിയായിരുന്ന ജനറൽ സിയാ ഉൾഹഖിന്റെ മകളായ സെയ്ൻ സിയ ‘ഹാത്തി മേരാ സാത്തി’ എന്ന ഹിന്ദി ചലച്ചിത്രം കാണുന്നതോടെ ആനപ്രേമിയായി മാറി.സിയയുടെ വാക്കുകളിൽ പറഞ്ഞാൽ “ഒറ്റക്കിരിക്കുമ്പോൾ തനിക്ക് സുഹൃത്തായി ഒരാനയെ കിട്ടിയിരുന്നെങ്കിൽ എന്ന്‌ ദൈവത്തോട് പ്രാർത്ഥിച്ചിട്ടുണ്ട്.”ഏറെനാളുകൾ കഴിഞ്ഞ് രാവിലെ സ്‌കൂളിൽ പോകാൻ തയാറായ സിയക്ക് പിതാവ് ഒരു അപ്രതീക്ഷിത സമ്മാനം നൽകുകയുണ്ടായി.സിയ ആഗ്രഹിച്ചതുപോലെ ഒരു കുട്ടിയാനയായിരുന്നു ആ സമ്മാനം.പാകിസ്ഥാന്റെ പിടിയിലായ ശ്രീലങ്കൻ പട്ടാളക്കാരെ വിട്ടയച്ചതിന് പ്രത്യുപകാരമായി ജനറലിന് ശ്രീലങ്ക നൽകിയ സമ്മാനമായിരുന്നു ആ കുട്ടിയാന.കാവൻ എന്നുപേരുള്ള ആ ഒരു വയസ്സുകാരൻ കുട്ടിയാനയെ വീട്ടിൽ വളർത്താൻ സിയ വാശി പിടിച്ചെങ്കിലും സിയാ ഉൾഹഖിനറിയാമായിരുന്നു കാവനാവശ്യമായ പരിചരണം വീട്ടിൽ നൽകാനാവില്ലെന്ന്.തുടർന്ന് കാവനെ ഇസ്ലാമബാദിലെ മർഗസർ മൃഗശാലയിലേക്ക് മാറ്റുകയായിരുന്നു.

ശ്രീലങ്കക്കാരനായിരുന്ന കാവൻ ഇസ്ലാമാബാദ് മൃഗശാലയിൽ എത്തിയതോടെ ജീവിതം മാറി മറിയുകയായിരുന്നു.നടത്തിപ്പിൽ അഴിമതിയും മൃഗങ്ങളെ പരിപാലിക്കുന്നതിൽ അലംഭാവവും കാട്ടിയിരുന്ന മർഗസർ മൃഗശാല അധികൃതരുടെ നടപടികൾ നരകയാതനയായിരുന്നു അന്തേവാസികളായ മൃഗങ്ങൾക്ക് നൽകിയിരുന്നത്.ആനകൾ വിരളമായ പാകിസ്താനിലെ ജനങ്ങൾക്ക് കാവൻ ഒരു അദ്‌ഭുത കാഴ്ചയായിരുന്നു. എന്നാൽ കരയിലെ ഏറ്റവും വലിയ ജീവിയായ ആനയെ മൃഗശാല അധികൃതർ ഉപയോഗിച്ചത് കാണികളിൽ നിന്നും ഭിക്ഷയെടുക്കാനായിരുന്നു.കമ്പി വേലിക്കെട്ടുകൾക്ക് പിന്നിൽ നിൽക്കുന്ന കാണികൾ നൽകുന്ന പണം തുമ്പിക്കൈയിൽ വാങ്ങി പരിചാരകർക്ക് കൈമാറും.പലപ്പോഴും പരിചാരകരുടെ ക്രൂരമായ തോട്ടി പ്രയോഗങ്ങൾക്ക് കാവൻ വിധേയനാകേണ്ടി വരികയും ചെയ്തു.

വനത്തിൽ വിഹരിച്ചു നടക്കേണ്ട ആന വർഗ്ഗത്തിന് മർഗസർ മൃഗശാലയിൽ മാറ്റി വച്ചിരുന്നത് അര എക്കർ സ്ഥലം മാത്രമായിരുന്നു. കോണ്ക്രീറ്റ് തറയുള്ള ചെറിയ ഒരു താമസ സൗകര്യം മാത്രമാണ്‌ കാവനായി ഒരുക്കിയിരുന്നത്.ഏറെക്കാലത്തെ ഒറ്റപ്പെടലുകൾക്ക് ശേഷം 1990ൽ ബംഗ്ലാദേശിൽ നിന്നും എത്തിച്ച സഹേലി (ഉറുദു ഭാഷയിൽ കൂട്ടുകാരി) എന്ന പിടിയാന കാവന് കൂട്ടായി മാറി.മാനസിക പ്രക്രിയയിൽ മനുഷ്യനുമായി അടുത്ത സാമ്യമുള്ള ആനകൾക്ക് ഇണകൾ ഒഴിച്ചുകൂടാനാവാത്ത കാര്യമാണ്.മനുഷ്യരുടേതുപോലെ 60 മുതൽ 70 വർഷം വരെ ആയുസ്സുള്ള ആനകൾ ശക്തമായ കുടുംബ ബന്ധങ്ങൾ പിന്തുടരുന്ന ജീവി വർഗ്ഗമാണ്.

എന്നാൽ വർഷങ്ങൾക്കപ്പുറം 2012ൽ സഹേലിയുടെ മരണത്തോടെ കാവൻ ഏകനായി മാറുകയായിരുന്നു.തുടർന്ന് പലപ്പോഴും അക്രമാസക്തി കാണിക്കാൻ തുടങ്ങിയപ്പോൾ മൃഗശാല അധികൃതർ കാവനെ ദീർഘകാലം ചങ്ങലയിലാക്കുകയായിരുന്നു.
2016ൽ പാകിസ്ഥാനിലെ മൃഗസ്നേഹികളുടെ കൂട്ടായ്മയായ ഫോർ പൗസ് ഇന്റർനാഷണൽ (എഫ് പി ഐ) വോളന്റിയർമാർ മൃഗശാലയിലെത്തി നടത്തിയ പരിശോധനയിൽ ചങ്ങലയിൽ അവശനായ കാവനെ കണ്ടെത്തുകയായിരുന്നു.ഏറെ നാൾ സ്വാഭാവികമായ നടത്തവും വ്യായാമം ഇല്ലാത്തതിനാൽ സൂക്കോസിസ് എന്ന രോഗാവസ്ഥ കാവനെ ബാധിച്ചിരുന്നു.അസാധാരണ മാനസിക അവസ്ഥക്കൊപ്പം അമിത ഭാരവും അടക്കമുള്ള ശാരീരിക ആരോഗ്യ പ്രശ്നങ്ങളും കാവനിൽ വോളന്റിയർമാർ കണ്ടെത്തി.
കാവന്റെ രക്ഷക അമേരിക്കയിൽ നിന്നെത്തുന്നു

ഓസ്കാർ പുരസ്‌കാര ജേതാവും പ്രശസ്ത അമേരിക്കൻ പാട്ടുകാരിയുമായ ഷെറിലിൻ സർ കിഷിയാൻ (ഷേർ) കാവന്റെ കഥയറിഞതോടെയാണ് കാവന് രക്ഷക്കുള്ള വഴിയൊരുങ്ങിയത്‌.ഫ്രീ ദ വൈൽഡ് എന്ന വന്യജീവി സംരക്ഷണ സംഘടനയുടെ സഹസ്ഥാപകയായ ഷേർ കാവന്റെ മോചനത്തിനായി നിയമ വിദഗ്ധരുടെ ഒരു സംഘത്തെ ഏർപ്പാടാക്കി.തുടർന്ന് 2020 മെയ് മാസത്തിൽ കാവനെ മോചിപ്പിക്കാൻ കോടതി ഉത്തരവിട്ടു.

” ലോകത്തിലെ ഏറ്റവും ഒറ്റപ്പെട്ട ആനയെന്നായിരുന്നു കാവനെ കോടതി നിരീക്ഷിച്ചത്.”
വിവിധ വകുപ്പുകളുടെ നടപടി നൂലാമാലകളിൽ കുരുങ്ങി കാവന്റെ മോചനം വൈകിയെങ്കിലും കമ്പോഡിയയിലെ സംരക്ഷിത വനപ്രദേശമായ കുലൻ-പ്രോംതെപ് വന്യജീവി സാങ്കേതത്തിലേക്ക് കാവനെ അയക്കാനുള്ള നടപടികളുമായി എഫ്.പി.ഐയും ഷെറിനൊപ്പം നിന്നു.ഇതിന് മുന്നോടിയായി പാകിസ്താനിലെത്തിയ ഷേർ പ്രധാനമന്ത്രി ഇമ്രാൻ ഖാനുമായി കൂടിക്കാഴ്ച നടത്തി. തുടർന്ന് കാവന്റെ യാത്രാ നടപടികൾ വേഗത്തിലാകുകയായിരുന്നു.

35 വർഷം നീണ്ട നരകയാതനക്ക് ശേഷം ക്ഷീണിതമായ ശരീരവും മനസ്സുമായി മടങ്ങുന്ന കാവനെ അമിത വണ്ണവുമായി നിർത്തിക്കൊണ്ട് മണിക്കൂറുകൾ നീണ്ട വിമാനയാത്ര ദുഷ്കരമാകുമെന്നതിനാൽ പ്രത്യേകം കൂട് തയാറാക്കിയിരുന്നു.മരുന്ന് നൽകി മയക്കിയ ശേഷം കൂട്ടിലാക്കി ലോറിയിൽ ഇസ്ലാമാബാദ് വിമാനത്താവളത്തിലെത്തിച്ച കാവനെ അവിടെ നിന്നും റഷ്യൻ വിമാനത്തിലാണ് കംബോഡിയയിലെ സിയം റീപ്പ് വിമാനത്താവളത്തിൽ എത്തിച്ചത്.എയർപോർട്ടിൽ പഴങ്ങൾ നൽകിയും പ്രാർത്ഥനാ മന്ത്രങ്ങൾ ഉരുവിട്ടും പുഷ്പവൃഷ്ടി നടത്തിയുമാണ് കംബോഡിയയിലെ ബുദ്ധ പുരോഹിതർ സ്വീകരിച്ചത്.അന്യം നിന്നുപോകുന്ന വിവിധയിനം ആന വർഗ്ഗങ്ങളിൽപ്പെട്ട 80ഓളം ആനകളാണ് കാവന് കൂട്ടായി കംബോഡിയയിലെ വനപ്രദേശത്ത് വസിക്കുന്നത്.തുടക്കത്തിൽ പ്രത്യേകം ഒരുക്കിയ സ്ഥലത്തെ താമസത്തിന് ശേഷം മറ്റ് അന്തേവാസികളായ ആനകളുമായി ഇണക്കിയ ശേഷം കാവനെ സ്വച്ഛമായി വിഹരിക്കാൻ വിടും. ഇനി കാവൻ ഒറ്റയാനയല്ല.

KAVAN VIDEO