Sudhakaran Kunhikochi എഴുതുന്നു 

ലോകത്തിലെ ഏറ്റവും ചെറിയ രാജ്യം ഏതാണെന്ന് ചോദിച്ചാൽ ആദ്യം മനസിലേക്ക് വരിക ഹോളി സീ എന്നറിയപ്പെടുന്ന 0.44 ചതുരശ്ര കിലോമീറ്റർ മാത്രമുള്ള വത്തിക്കാൻ സിറ്റിയായിരിക്കും. എന്നാൽ ഏറ്റവും ചെറുരാഷ്ട്രമെന്ന പദവി സീലൻഡ് എന്ന രാജ്യത്തിന് അവകാശപ്പെട്ടതാണെന്ന് പറഞ്ഞാൽ എത്ര പേർ വിശ്വസിക്കും ! അങ്ങനെയും ചില ചെറു രാജ്യങ്ങൾ ഈ ലോകത്തുണ്ട്.

Sudhakaran Kunhikochi
Sudhakaran Kunhikochi

ചില വ്യക്തികൾ സ്വതന്ത്രരാഷ്ട്രങ്ങളായി പ്രഖ്യാപിച്ച ഇത്തരം പ്രദേശങ്ങൾ മൈക്രോനേഷനുകൾ എന്നറിയപ്പെടുന്നു. ഏതെങ്കിലും രാജ്യത്തിനുള്ളിലോ സമുദ്രാതിർത്തിക്കുള്ളിലോ ദ്വീപ് സമൂഹത്തിലോ ആണ് വലുതായി ആളും പേരുമൊന്നുമില്ലാത്ത ഈ സൂഷ്മരാഷ്ട്രങ്ങൾ നിലനിൽക്കുന്നത്. യഥാർത്ഥത്തിൽ ഇവ ഒരു രാഷ്ട്രമല്ല എന്നത് പോലെ യാതൊരുവിധ അംഗീകാരവും ഇല്ലായെന്നതാണ് സത്യം. എന്നാൽ ഇവയെ രാഷ്ട്രമായി പ്രഖ്യാപിച്ചിട്ടുള്ളവർ അത് സമ്മതിച്ചു തരില്ല എന്നതാണ് വസ്തുത. അങ്ങനെയൊരു രാഷ്ട്രമാണ് സീലാൻഡ്.

ഇംഗ്ലണ്ടിലെ രണ്ടാമത്തെ വലിയ തുറമുഖമായ ഫെലിക്സ് ടൗണിൽ നിന്ന് 10 കിലോമീറ്റർ അകലെ കടലിൽ രണ്ട് പടുകൂറ്റൻ തൂണുകളിൽ ഉറപ്പിച്ചിട്ടുള്ള ഒരു പ്ലാറ്റ്‌ഫോം ആണ് സീലൻഡ് എന്ന സൂക്ഷ്മരാഷ്ട്രം. റഫ്‌സ് ടവർ എന്നും ഫോർട്ട്‌ റഫ്‌സ് (Fort Roughs ) എന്നും പേരുള്ള ഈ തട്ടിൻപ്പുറ രാജ്യത്തിന്‌ 550 ചതുരശ്ര മീറ്റർ (550 m.sq) മാത്രമാണ് വലിപ്പം.

രണ്ടാം ലോകമഹായുദ്ധകാലത്ത് കാവലിന് വേണ്ടി ബ്രിട്ടൻ സ്ഥാപിച്ച നിരവധി കടൽക്കൊട്ടകളിൽ ഒന്നാണ് ഫോർട്ട്‌ റഫ്‌സ്. ഗയ് മോൺസൽ എന്ന ഇന്ത്യൻ വംശജനായ എൻജിനിയർ രൂപകൽപ്പന ചെയ്ത ഫോർട്ട്‌ റഫ്‌സ് “ഗയ് മൊൺസൽ സീഫോർട്ട് ” എന്നും അറിയപ്പെട്ടിരുന്നു. ജർമൻകാരുടെ ഭീഷണിയിൽ നിന്ന് എസെക്‌സിലെ ഹാർവിച്ച് തുറമുഖത്തിന്റെ സംരക്ഷണത്തിനായും അന്താരാഷ്ട്ര കപ്പൽ ചാനലിലൂടെയുള്ള കപ്പൽ ഗതാഗതം സംരക്ഷിക്കുന്നതിനും വേണ്ടിയുമാണ് 1943- ൽ ഫോർട്ട്‌ റഫ്‌സ് സ്ഥാപിച്ചത്. രണ്ട് കൂറ്റൻ തൂണുകൾക്ക്മേൽ ഉറപ്പിച്ച വീതിയുള്ള ഓയിൽ റിഗ് പോലുള്ള ഒരു പ്ലാറ്റ്‌ഫോമാണിത്. രണ്ടാം ലോകയുദ്ധകാലത്ത് നൂറു മുതൽ മുന്നൂറ് വരെ നാവിക ഉദ്യോഗസ്ഥർ ഇവിടെ തങ്ങിയിരുന്നത്രെ. യുദ്ധമവസാനിച്ചപ്പോൾ ജർമൻ ആക്രമണത്തെ തടയാൻ നിർമ്മിച്ച ഈ കടൽക്കോട്ട ബ്രിട്ടീഷ് നാവികസേന ഉപേക്ഷിക്കുകയായിരുന്നു.

Image result for sea land1965-ൽ റോയൽ നേവി ഡി കമ്മിഷൻ ചെയ്ത കടൽക്കോട്ട ജാക്ക് മൂർ, മകൾ ജെയിൻ എന്നിവർ പൈറേറ്റ് റേഡിയോ പ്രക്ഷേപണത്തിനായി സ്വന്തമാക്കുകയായിരുന്നു. അനധികൃതമായി റേഡിയോ പ്രക്ഷേപണം നടത്തുന്നതിന് വേണ്ടി പാഡി റോയ് ബെയ്റ്റ്സ് (Paddy Roy Bates ) എന്നയാളും കുടുംബവും1967-ൽ ജാക്ക് മൂറിനെ തല്ലിയോടിച്ച് കടൽത്തട്ടിനെ സ്വന്തമാക്കുകയും, തങ്ങളുടെ റേഡിയോ പ്രക്ഷേപണത്തിന്റെ ആസ്ഥാനമാക്കാൻ തീരുമാനിക്കുകയും ചെയ്തു. പ്രിൻസ് റോയ് ഒന്നാമൻ എന്ന് സ്വന്തം പേര് പരിഷ്കരിച്ച ബെയ്റ്റ്സ്, ഫോർട്ട്‌ റഫ്സിനെ ഒരു സ്വതന്ത്ര പ്രിസിപ്പാലിറ്റിയായും പുത്രൻ മൈക്കേലിനെ പ്രിൻസ് റീജന്റ് മൈക്കേൽ എന്ന യുവരാജാവായും പ്രഖ്യാപിച്ചു.

ബ്രിട്ടീഷ് സർക്കാർ ബലം പ്രയോഗിച്ച് റഫ്‌സ് ടവർ പിടിച്ചെടുക്കാൻ ഒരിക്കൽ ശ്രമിച്ചെങ്കിലും അനിഷ്ടസംഭവങ്ങൾ ഒഴിവാക്കുന്നതിനായി അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി അത് തടഞ്ഞതായി രേഖകൾ വ്യക്തമാക്കുന്നു. ഫോർട്ട്‌ റഫ്‌സ് ബ്രിട്ടന്റെ സമുദ്രാതിർത്തിക്ക് വെളിയിലാണെന്നും, അത്കൊണ്ട് തന്നെ ബ്രിട്ടീഷ് നിയമങ്ങൾ സീലൻഡിന് ബാധകമല്ലെന്നാണ് ബെയ്റ്റ്സ് അവകാശപ്പെട്ടിരുന്നത്.

1978-ൽ ഒരു ജർമ്മൻ കോടതിയും 1990-ൽ അമേരിക്കയിലെ ഒരു കോടതിയും സീലാൻഡ് ഒരു രാജ്യമല്ലെന്ന് വിധിക്കുകയുണ്ടായി. എന്നാൽ ഈ കോടതി വിധികളൊന്നും ബെയ്റ്റ്സ് അംഗീകരിച്ചില്ല. മാത്രമല്ല, 2004 നവംബർ 25 – ന് ബ്രിട്ടനിലെ സണ്ടർലൻഡ് യൂണിവേഴ്സിറ്റി നടത്തിയ മൈക്രോനേഷൻസ് കോൺഫെറൻസിൽ സീലാൻഡിനെ പ്രതിനിധികരിച്ച് അദ്ദേഹം പങ്കെടുക്കുകയും ചെയ്തു. രാജാവാണെന്ന് അവകാശപ്പെട്ട് തന്റെ രാജ്യത്തെ അംഗീകരിക്കണമെന്ന് ലോകരാജ്യങ്ങളോട് അഭ്യർഥിക്കുകയുണ്ടായി. പാഡി ബെയ്റ്റ്സും കുടുംബവും ലോകയാത്രയ്ക്ക് ബ്രിട്ടീഷ് പാസ്പോർട്ടാണ് ഉപയോഗിക്കുന്നത്.

1978-ൽ ജർമൻകാരനായ അച്ചൻ ബാക് കൂലിപട്ടാളക്കാരെ ഉപയോഗിച്ച് സീലാൻഡ് ആക്രമിച്ചു. പാടി ബെറ്റ്സും ഭാര്യയും അക്രമണസമയത്ത് ഇംഗ്ലണ്ടിലായിരുന്നു. അവരുടെ മകൻ മൈക്കിൾ തടവിലാക്കപ്പെട്ടു. എന്നാൽ പിന്നീട് നടന്ന തിരിച്ചടിയിൽ സീലാൻഡ് തിരിച്ചു പിടിക്കുകയും അച്ചൻ ബാക്കിനെയും കൂട്ടാളികളെയും രാജ്യദ്രോഹ കുറ്റം ചുമത്തി തടവിലാക്കി. തുടർന്ന്, നെതർലാൻഡ്, ഓസ്ട്രിയ, ജർമ്മനി തുടങ്ങിയ രാജ്യങ്ങൾ അട്ടിമറിയിൽ പങ്കെടുത്ത തങ്ങളുടെ പൗരന്മാരുടെ മോചനത്തിനായി ബ്രിട്ടനുമായി നയതന്ത്ര ചർച്ചകൾ ആരംഭിച്ചു. ഒടുവിൽ ജർമ്മനി സീലാൻഡുമായി നടത്തിയ ചർച്ചയെത്തുടർന്ന് തടവിലാക്കപ്പെട്ടവർ മോചിപ്പിക്കപ്പെട്ടു. 35000 അമേരിക്കൻ ഡോളർ പിഴയടക്കേണ്ടിയും വന്നു. അച്ചൻ ബാക്കിന് സീലാൻഡ് പൗരത്വം ഉണ്ടായിരുന്നു. അത്കൊണ്ട് തന്നെ അദ്ദേഹം ജർമനിയിൽ ഇരുന്നുകൊണ്ട് സീലാൻഡിനെതിരായ വിമത നീക്കത്തിന് നേതൃത്വം നൽകി. അദ്ദേഹം തന്റെ പിൻഗാമിയായി യോഹന്നാസ് സൈഗറെ പ്രഖ്യാപിച്ചു.

1969-ൽ സീലാൻഡ് ആദ്യത്തെ തപാൽ സ്റ്റാമ്പ് പുറപ്പെടുവിച്ചിരുന്നു. റഫ്‌സ് ടവറിൽ നിന്ന് നിന്ന് ബെൽജിയത്തിലേക്ക് തപാൽ കൊണ്ട് പോകാൻ ഹെലികോപ്റ്റർ സർവിസും ഏർപ്പെടുത്തി. 1972-ൽ സീലാൻഡ് സ്വന്തം നാണയമായ സീലാൻഡ് ഡോളറും പുറത്തിറക്കി. പ്രത്യേകം മൂല്യമൊന്നുമില്ലാത്ത ഇവ നാണയശേഖരക്കാർക്ക് മാത്രമേ ഉപകാരപ്പെടൂ. 1975-ൽ സ്വന്തമായി ഭരണഘടനയും പാസ്‌പോർട്ടും ദേശിയ പതാകയും ദേശീയഗാനവും ഉണ്ടാക്കിയ പാഡി ബെയ്റ്റ്സ് കുടുംബ വകയായി ഇന്ന് രാജ്യത്തിന്‌ സ്വന്തമായി ഫുട്ബാൾ ടീമും ഉണ്ട്. 2012-ൽ പാഡി ബെയ്റ്റ്സും 2016 -ൽ ഭാര്യ ജോഹനയും അന്തരിച്ചു.

Image result for sea landരാജ്യത്തിന്റെ അമ്പതാം വാർഷികത്തോടനുബന്ധിച്ച് വിപുലമായ ആഘോഷപരിപാടികൾ സംഘടിപ്പിച്ചതായി പറയപ്പെടുന്നു. സ്വയം പ്രഖ്യാപിത രാജാവായ റോയ് ബെയ്റ്റ്സിന്റെ മകൻ മിഷേൽ ബെയ്റ്റസാണ് നിലവിലെ രാജാവ്. ജെയിംസ് രാജകുമാരനാണ് അടുത്ത കിരീടാവകാശി. 2002-ലെ കണക്ക് പ്രകാരം രാജ്യത്തെ ജനസംഖ്യ 27 ആണ്. നാല് പേർ സ്ഥിരതാമസക്കാരായി സീലാൻഡിൽ ഉണ്ട്. കാര്യങ്ങൾ ഇങ്ങനെയൊക്ക ആണെങ്കിലും സീലാൻഡിന്റെ കൂറ്റൻ തൂണുകൾ നിൽക്കുന്ന കടലും അതുവഴി സീലാൻഡിന്റെ കരയായ ആ ചെറിയ പ്ലാറ്റ്‌ഫോമും ബ്രിട്ടന്റെ വകയാണ്..

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.