മലയാളം സിനിമയും മനോവൈകല്യങ്ങളും!

877

Wriiten by ‘The Mallu Analyst’

മലയാളം സിനിമയും മനോവൈകല്യങ്ങളും!

The Mallu Analyst
The Mallu Analyst

മനുഷ്യമനസ്സുകളുടെ അതിൻറെ താളപ്പിഴകളുടെ കഥ പറയാൻ മലയാള സിനിമ എന്നും ഉത്സാഹം കാണിച്ചിട്ടുണ്ട്. നമ്മുടെ സിനിമയുടെ സുവർണ കാലഘട്ടത്തിൽ അത്തരം ഒരുപാട് സിനിമകൾ നമുക്ക് ലഭിച്ചിട്ടുണ്ട്. താളപ്പിഴകളുടെ കഥ പറയുമ്പോൾ ചിലയിടത്തെല്ലാം ചില വസ്തുതാപരമായ പിഴവുകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ പോലും വെറും ഭ്രാന്ത് എന്ന ഒരു പേരിൽ അഡ്രസ്സ് ചെയ്യാതെ പാകപ്പിഴകളുടെ വൈവിധ്യങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാൻ നമ്മുടെ സിനിമയ്ക്ക് കഴിഞ്ഞിട്ടുണ്ട്. അത്തരത്തിലുള്ള കഥാപാത്രങ്ങളെ നമുക്കൊന്നു ഓർത്തു നോക്കിയാലോ. എക്സിൻട്രിക് ആയ കഥാപാത്രങ്ങളെകുറിച്ച് പറയുമ്പോൾ നമ്മൾ ഹോളിവുഡിലേക്കാണ് നോക്കുക. മലയാളത്തിൽ എക്സിൻട്രിസിറ്റിയെ കഥാപരിസരവുമായി ചേർത്തുവച്ച് അവതരിപ്പിച്ച ഒരുപാട് കഥാപാത്രങ്ങൾ ഉണ്ടെങ്കിലും എപ്പോഴും നമ്മൾ ഓർക്കുന്നത് ഒരുപക്ഷേ നാഗവല്ലിയെ മാത്രമായിരിക്കും. മറ്റ് കഥാപാത്രങ്ങളെക്കൂടി നമുക്കൊന്നു തരംതിരിച്ച് അടുക്കി വച്ചു നോക്കാം.

(വീഡിയോ )

പേഴ്സണാലിറ്റി ഡിസോഡർ/സ്വഭാവ വൈകല്യം
ആത്മവിശ്വാസമില്ലായ്മക്കും അപകർഷതയ്ക്കുമപ്പുറം അന്തര്‍മുഖത നിത്യജീവിതത്തെ തന്നെ ബാധിക്കുന്ന തരത്തിലേക്ക് മാറിയ രണ്ടു കഥാപാത്രങ്ങളാണ് അകലെയിലെ ഗീതു മോഹൻ ദാസിന്റെ കഥാപാത്രവും മിലിയിലെ അമലയുടെ കഥാപാത്രവും. തന്നിലേക്ക് തന്നിലേക്ക് ഒതുങ്ങി ഒതുങ്ങി അവസാനം തീർത്തും ഒറ്റപ്പെട്ട മരിക്കുന്ന അകലെയിലെ കഥാപാത്രം രോഗത്തിൻറെ പ്രോഗ്രെഷൻ കാണിക്കുമ്പോൾ മിലിയിൽ ആ അവസ്ഥയെ മറികടക്കുന്ന നായികയാണ് കാണിക്കുന്നത് .
സ്വഭാവവൈകല്യം ഏകദേശം ഒരേ തരത്തിൽ പ്രകടിപ്പിക്കുന്ന രണ്ട് കഥാപാത്രങ്ങളാണ് എൻറെ സൂര്യപുത്രിക്ക് എന്ന സിനിമയിലെ അമലയുടെ കഥാപാത്രവും മഴയെത്തും മുൻപേയിലെ ആനിയുടെ കഥാപാത്രവും. അക്സെപ്റ്റൻസ് കൊതിക്കുന്ന, അതിനു വേണ്ടി എന്തും ചെയ്യാൻ തയ്യാറായ പേഴ്സണാലിറ്റി ഉള്ളവരാണ് രണ്ടുപേരും.

തിങ്കൾ മുതൽ വെള്ളി വരെ എന്ന സിനിമയിലെ റിമിയുടെ കഥാപാത്രവും അങ്ങനെയൊരു സ്വഭാവവൈകല്യം കാണിക്കുന്ന കഥാപാത്രം ആക്കാനാണ് എഴുത്തുകാരൻ ഉദ്ദേശിച്ചതെങ്കിലും കഥാപാത്രം കൈവിട്ടുപോയി എന്നുപറയാം. കഥാപാത്രത്തിൻറെ സ്വഭാവത്തെപ്പറ്റി വ്യക്തമായ ധാരണയില്ലാതെ ചെയ്ത സിനിമയായി മാറി അത്. മാനത്തെ വെള്ളിത്തേര് എന്ന സിനിമയിലെ വിനീതിനെ കഥാപാത്രവും പേഴ്സണാലിറ്റി ഡിസോർഡർ കാണിക്കുന്ന ആളാണ്. അതിന് ദുരന്തപൂർണമായ ഒരു കുട്ടികാലത്തിൻറെ പശ്ചാത്തലവും അയാൾക്കുണ്ട്.

ഡിപ്രഷൻ അഥവാ വിഷാദം
ആളുകളിൽ ഏറ്റവും കൂടുതൽ കണ്ടുവരുന്നതും എന്നാൽ സിനിമകളിൽ വേണ്ടവിധം ഉപയോഗിക്കാതെ പോയതുമായ ഒരു അസുഖമാണ് ഇത്. വളരെ കുറച്ച് സിനിമകളിലെ ഈ വിഷയം ഫലപ്രദമായി വന്നിട്ടുള്ളൂ. വിഷാദരോഗം ഏറ്റവും നന്നായി അവതരിപ്പിച്ചത് പത്മരാജൻ സിനിമയായ നവംബറിന്റെ നഷ്ടത്തിലാണ്. വൾനറബിളായ, പ്രണയനഷ്ടം താങ്ങാൻ കഴിയാതെ വരുന്ന നായികയെ മാധവി മനോഹരമാക്കിയിട്ടുണ്ട്. ഒരേ കടൽ എന്ന സിനിമയിലാണ് പിന്നീട് വിഷാദരോഗത്തെ കാര്യമായി ചിത്രീകരിച്ചിട്ടുള്ളത് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഒരുപക്ഷേ പോസ്റ്റ് പാർട്ടം ഡിപ്രെഷൻ അതായത് ഗർഭ സമയത്തും അതിനു ശേഷവും കണ്ടുവരുന്ന വിഷാദ രോഗത്തെ കുറിച്ച് പറയാതെ പറഞ്ഞ ഒരേയൊരു മലയാളം സിനിമയും ഇതായിരിക്കാം.

സംശയരോഗം അഥവാ ഒഥല്ലോ സിൻഡ്രോം
സംശയ രോഗത്തെ മലയാള സിനിമ വേണ്ട രീതിയിൽ ഉപയോഗിച്ചിട്ടുണ്ട്. സംശയരോഗം എന്നുകേൾക്കുമ്പോൾ വടക്കുനോക്കിയന്ത്രത്തിലെ തളത്തിൽ ദിനേശനെയാണ് ആദ്യം ഓർമ്മവരുന്നതെങ്കിലും അതിനു മുമ്പും ശേഷവും സംശയ രോഗത്തെ മനോഹരമായി ചിത്രീകരിച്ച ഒരുപാട് സിനിമകൾ വന്നിട്ടുണ്ട്. സത്യയുടെ വാഴ്‌വേമായം, അനുഭവങ്ങൾ പാളീച്ചകൾ എന്നീ സിനിമകളിലും സുന്ദരിയായ ഭാര്യയെ സംശയിക്കുന്ന ഭർത്താവാണ് നായകൻ. ഷേക്സ്പിയറിന്റെ ഒഥല്ലോ എന്ന നോവലിൻറെ മലയാളം അഡാപ്റ്റേഷനായ സുരേഷ് ഗോപിയുടെ കളിയാട്ടം എന്ന സിനിമയിലും സംശയ രോഗത്തെ മനോഹരമായി ചിത്രീകരിച്ചിട്ടുണ്ട്. ആണിന്റെ സംശയരോഗം മാത്രമല്ല പെണ്ണിൻറെ സംശയരോഗവും നമ്മൾ സിനിമയാക്കിയിട്ടുണ്ട്. കുങ്കുമച്ചെപ്പ് ഒരു ഉദാഹരണമാണ്, പകുതിക്കു വെച്ച് കഥ വഴി മാറി സഞ്ചരിക്കുന്നുണ്ടെങ്കിലും.

സൈക്കോപാത്ത് & സോഷ്യോപാത്ത്
മലയാള സിനിമയിലെ സൈക്കോപാത്ത് അല്ലെങ്കിൽ സോഷ്യോപാത്ത് ആയ സീരിയൽ കൊലപാതകികളെ ഏറ്റവും നന്നായി അഭിനയിച്ചു ഫലിപ്പിച്ചിരിക്കുന്നതും നമ്മുടെ ബിഗ് ‘M’s തന്നെയാണ്. സദയത്തിലെ മോഹൻലാലും മുന്നറിയിപ്പിലെ മമ്മൂട്ടിയും. എന്നിരുന്നാലും മലയാള സിനിമ വേണ്ടത്ര എക്സ്പ്ലോർ ചെയ്യാത്ത ഒരു മേഖലയാണു സീരിയൽ കൊലപാതകികൾ എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. സദയത്തിലെ സത്യനാഥൻ സോഷ്യോപാത്തിന്റെ ഗുണങ്ങളാണ് കൂടുതലായി കാണിക്കുന്നതെങ്കിൽ മുന്നറിയിപ്പിലെ രാഘവൻ സൈക്കോപാത്തിന്റെതാണ് കാണിക്കുന്നതെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.

ബുദ്ധിമാന്ദ്യം
ബുദ്ധിമാന്ദ്യം ഉള്ളവരുടെ കഥപറഞ്ഞ ചിത്രങ്ങളിലെ കഥാപാത്രങ്ങളാണ് കരുമാടിക്കുട്ടനിലെ കലാഭവൻ മണിയുടെ കഥാപാത്രവും സൂര്യ മാനസത്തിലെ മമ്മൂട്ടിയുടെ പുട്ടുറുമീസും കാക്കത്തൊള്ളായിരത്തിലെ ഉർവശിയുടെ കഥാപാത്രവും ചക്കരമുത്തിലെ ദിലീപിന്റെ കഥാപാത്രവുമെല്ലാം. മുൻനിര നടീനടന്മാരിൽ പലരും തന്നെ ഇത്തരം റോളുകളിൽ കൈവയ്ക്കാൻ ധൈര്യം കാണിച്ചിട്ടുണ്ട്.

ഡിസോസിയേറ്റിവ് ഡിസോഡർ
ഡിസോസിയേറ്റിവ് ഡിസോർഡർ അല്ലെങ്കിൽ മൾട്ടിപ്പിൾ പേഴ്സണാലിറ്റി ഡിസോർഡർ എന്നു കേൾക്കുമ്പോൾ ആദ്യം ഓർമ്മ വരുന്നത് നാഗവല്ലിയെ ആയിരിക്കും. ഡോക്ടർ പേഷ്യന്റ്, നാറാണത്ത് തമ്പുരാൻ എന്നീ സിനിമകളിൽ ഇത്തരം കഥാപാത്രങ്ങൾ ഉണ്ടെങ്കിലും കുറച്ചു വികലമായാണ് ഇത് കാണിച്ചിരിക്കുന്നത്.

അംനേഷ്യ & ഡിമെൻഷ്യ
രണ്ട് തരത്തിലുള്ള അംനേഷ്യ ആണുള്ളത്. റിട്രോഗ്രേഡ് അംനേഷ്യ അതായത് ഒരു പ്രത്യേക ദിവസത്തിന് മുമ്പുള്ള കാര്യങ്ങൾ ഓർത്തെടുക്കാൻ കഴിയാതെ വരിക. ഒരു ആക്സിഡൻറ് അല്ലെങ്കിൽ ഇഞ്ചുറിക്ക് മുമ്പുള്ള കാര്യങ്ങൾ ആകാം മറന്നു പോകുന്നത്. അന്ട്രോഗ്രിഡ് അംനേഷ്യ പുതിയ കാര്യങ്ങൾ short term മെമ്മറിയിൽ നിന്ന് long term മെമ്മറിയിലേക്ക് പാസ് ചെയ്യാൻ കഴിയാതെ വരുന്ന അവസ്ഥയാണ്. ഗജിനിയിലെ സൂര്യയുടെ കഥാപാത്രത്തെപോലെ.
ഫ്ലാഷിലെ പാർവതിയുടെ കഥാപാത്രം, പ്രേമത്തിലെ സായി പല്ലവിയുടെ കഥാപാത്രം, ഇന്നലെയിലെ ശോഭനയുടെ കഥാപാത്രം ഇവർക്കെല്ലാം സംഭവിച്ചിരിക്കുന്നത് റിട്രോഗ്രേഡ് അംനേഷ്യ ആണ്. അന്ട്രോഗ്രിഡ് അംനേഷ്യ മലയാള സിനിമയിൽ അങ്ങനെ വിഷയം ആയിട്ടില്ല എന്നാണ് തോന്നുന്നത്. ഡിമെൻഷ്യ എന്നതിന് നല്ലൊരു ഉദാഹരണമാണ് തന്മാത്രയിലെ അൽഷിമേഴ്സ് ബാധിച്ച മോഹൻലാലിൻറെ കഥാപാത്രം.

സൈക്കോസിസ്
സൈക്കോസിസ് എന്ന പണ്ട് പറഞ്ഞിരുന്ന നമ്മൾ ഭ്രാന്ത് എന്ന് ഇപ്പോൾ പറയുന്ന അസുഖത്തെ സ്ക്രീനിൽ അടയാളപ്പെടുത്തിയ സിനിമകളാണ് ഭൂതകണ്ണാടി, അഹം, എലിപ്പത്തായം, തനിയാവർത്തനം എന്നിവ. സാമൂഹ്യപരമായ മാറ്റങ്ങൾ വ്യക്തിയിൽ സൈക്കോസിസ് സൃഷ്ടിക്കുന്നത് കാണിക്കുന്ന സിനിമയാണ് അടൂരിന്റെ എലിപ്പത്തായം. അതിൻറെ തന്നെ മറ്റൊരു വകഭേദമാണ് ഭൂതക്കണ്ണാടി. ഒരു മകളുടെ അച്ഛൻ എന്ന നിലയിൽ സമൂഹത്തിനോടുള്ള ഭയം പിന്നീട് ഹാലൂസിനേഷനിലേക്കും ഡെലൂഷനിലേക്കും നയിക്കുന്നതാണ് ഭൂതക്കണ്ണാടി കാണിക്കുന്നത്. തനിയാവർത്തനത്തിൽ സാമൂഹികപരമായ കാരണങ്ങളോടൊപ്പം ജനിറ്റിക്‌സും വരുന്നുണ്ടെങ്കിലും അന്ധവിശ്വാസത്തിലൂടെ അതിനെ നോക്കിക്കാണുന്ന കുടുംബാംഗങ്ങളെയും കാണിക്കുന്നുണ്ട്. ഈ സിനിമകളിലൊക്കെതന്നെ വ്യക്തിയെന്ന നിലയിൽ അവരുടെ വൾനറബിലിറ്റി അല്ലെങ്കിൽ കുട്ടിക്കാലത്തേറ്റ മുറിവ് അസുഖത്തിന് കാരണമായി കാണിക്കുന്നുണ്ട്.

നാർസിസിസം
മലയാള സിനിമ വളരെ മികച്ച രീതിയിൽ ഉപയോഗിച്ച് മറ്റൊരു വൈകല്യമാണ് നാർസിസിസം. തന്നെതന്നെ സ്നേഹിക്കുന്ന, admire ചെയ്യുന്ന മറ്റുള്ളവരും അങ്ങനെ ചിന്തിക്കണമെന്ന് കരുതുന്ന ഒരവസ്ഥ. ഒരേസമയം സ്വാർത്ഥതരും ആരോടും empathi ഇല്ലാത്തതുമായ സ്വഭാവം. ഇതിനെ മനോഹരമായി ചിത്രീകരിച്ച സിനിമകളാണ് ഒരേ കടലും ആർട്ടിസ്റ്റും. ഒരേ കടലിലെ മമ്മൂട്ടിയുടെ കഥാപാത്രവും ആർടിസ്റ്റിലെ ഫഹദിന്റെ കഥാപാത്രവും സ്നേഹിക്കുന്നത് തങ്ങളെതന്നെയാണ്. sympathy-യും സ്നേഹവും അവനവനോട് മാത്രമാണ്. അതിനുവേണ്ടി മറ്റുള്ളവരെ ഉപകരണമാക്കുന്നതിൽ അവർക്ക് തെറ്റൊന്നും കണ്ടെത്താൻ കഴിയുന്നില്ല. വെറുതെ ഒരു ഭാര്യയിലെ ജയറാമിന്റെ കഥാപാത്രവും ഏകദേശം ഈയൊരു സ്വഭാവത്തിനുടമയാണ്.

OCD (ഒബ്‌സെസ്സിവ് കമ്പൽസീവ് ഡിസോർഡർ)
OCD ക്കപ്പുറം റിജിഡ് ആയ പെർഫെക്ഷനിസ്റ് ആയ കഥാപാത്രമാണ് നോർത്ത് 24 കാതം എന്ന സിനിമയിലെ ഫഹദിൻറെത്. ക്ലൈമാക്സിൽ ആ സ്വഭാവങ്ങൾ ഒറ്റയടിയ്ക്ക് മാറുന്നതിൽ ലോജിക് ഇല്ലായ്മ ഉണ്ടെങ്കിലും സിനിമയെ അത് ഫീൽ ഗുഡ് ആക്കി മാറ്റുന്നുണ്ട്.

മൊത്തത്തിൽ നോക്കുമ്പോൾ മാനസിക രോഗങ്ങളെ നമ്മുടെ സിനിമ കൈകാര്യം ചെയ്യുന്നത് പൊതുവേ രണ്ടുതരത്തിലാണ്. മാനസികരോഗം മരണത്തെക്കാൾ ഭയാനകമാണെന്ന് പറഞ്ഞു വയ്ക്കുന്നുണ്ട് നമ്മുടെ പല സിനിമകളും. തനിയാവർത്തനവും താളവട്ടവുമൊക്കെ ഉദാഹരണങ്ങളാണ്. നമ്മുടെ സാമൂഹികാവസ്ഥ ഭ്രാന്തിനെ അങ്ങനെയാണ് കാണാൻ പ്രേരിപ്പിക്കുന്നത് എന്നത് സിനിമയിലും പ്രതിഫലിച്ചു എന്നതിനപ്പുറം സിനിമയെ അക്കാര്യത്തിൽ കുറ്റം പറയാൻ ആവില്ല. ചില മാനസികാവസ്ഥകളെ കോമഡി ആക്കി മാറ്റുന്നതാണ് രണ്ടാമത്തേത്. പല സിനിമകളിലും മാനസിക രോഗം എന്നത് കോമഡിക്ക് വേണ്ടി ഉപയോഗിക്കുന്നത് സിനിമയെ ഒരു എന്റെർറ്റൈനെർ ആക്കാൻ വേണ്ടി എന്ന വാദത്തിനു വേണ്ടി സമ്മതിച്ചു കൊടുത്താൽ തന്നെയും ഈ അടുത്തിറങ്ങിയ എൻറെ ഉമ്മാൻറെ പേര് എന്ന സിനിമയിലെ ഒരു പരാമർശം, അതൊരു ക്രൂരമായ തമാശയായിപോയി എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഇത്തരം തമാശകൾ കേൾക്കുമ്പോൾ ചിരിക്കാൻ കഴിയാത്ത ആളുകളായി നമ്മൾ എല്ലാവരും മാറും എന്ന് നമുക്ക് പ്രതീക്ഷിക്കാം.

Advertisements