പൗരത്വ ബില്ലില്‍ നിന്ന് കോണ്‍ഗ്രസ്സിന് കെെ കഴുകി ഒഴിയാന്‍ പറ്റുന്നതെങ്ങനെ.? നിങ്ങളല്ലേ അതിന് വിത്ത് പാകിയത്.?

250

Mansoor ParemmaI

പൗരത്വ ബില്ലില്‍ നിന്ന് കോണ്‍ഗ്രസ്സിന് കെെ കഴുകി ഒഴിയാന്‍ പറ്റുന്നതെങ്ങനെ.? നിങ്ങളല്ലേ അതിന് വിത്ത് പാകിയത്.?

പൗരത്വ പട്ടികയും ബില്ലും ചര്‍ച്ചയാവുമ്പോള്‍ അതിന്‍റെ തുടക്കവും ചര്‍ച്ചയാവണം. ആരായിരുന്നു മുസ്ലിംകളെ രാജ്യമില്ലാതാക്കാന്‍ തുടക്കമിട്ടത്‌?

ബംഗ്ലാദേശില്‍ നിന്നും അധധികൃതമായി കുടിയേറിയവരുടെ എണ്ണം കൂടിയത് കൊണ്ട് ആസാമിന്‍റെ ഭാഷയും കള്‍ച്ചറും ഇല്ലാതാവുകയെന്ന കാരണം പറഞ്ഞ് ആസാം സ്റ്റൂഡന്‍റ് യൂനിയന്‍റെയും ഓള്‍ ആസാം ഗണ സാംഗ്രം പരിഷത്തിന്‍റെയും നേതൃത്വത്തില്‍ നടന്ന പ്രക്ഷോഭത്തില്‍ (കലാപത്തില്‍) 1979 മുതൽ 85വരെ ആസാം കത്തിയെരിയുകയായിരുന്നു ഏകദേശം മൂവായിരം പേര്‍ക്ക് അതില്‍ ജീവന്‍ നഷ്ടമായിട്ടുണ്ട് എന്നാണ് കണക്കുകള്‍. കലാപത്തിനൊടുവില്‍ അന്നത്തെ പ്രധാനമന്ത്രി രാജീവ്ഗാന്ധിയും ആസാം സ്റ്റുഡന്‍റ് യൂനിയനും തമ്മില്‍ ഒപ്പുവെച്ച ആസാം അക്കോര്‍ഡ് എന്ന പേരില്‍ അറിയപ്പെടുന്ന കരാറിലൂടെയായിരുന്നു അതിന് അറുതിയായത്.
കരാറിന്‍റെ ആകെ തുകയെന്നത് 1971 ന് ശേഷം രാജ്യത്തേക്ക് കുടിയേറിയ മുഴുവന്‍ ആളുകളെയും തിരിച്ചയക്കും എന്നതായിരുന്നു. ആസാം കലാപങ്ങള്‍ക്കും അവിടുത്തെ മുസ്ലിംകളെ രണ്ടാം തരം പൗരന്‍മാരായും കാണാന്‍ തുടങ്ങിയതിന്‍റെ അൗദ്യോഗികമായ ആദ്യ അനുമതിയായി ഈ കരാറിനെ വേണമെങ്കില്‍ പറയാം.

തുടര്‍ന്ന് ഇടക്കിടെ കലാപങ്ങളും സംഘര്‍ഷങ്ങളുമായി ആസാമികളുടെ വര്‍ഷങ്ങള്‍ നീണ്ടുപോയി. 1971 ന് മുമ്പ് വന്നവരെല്ലാം അവിടെ വേരുറച്ചു ചിലര്‍ MLA മാര്‍ വരെ ആയി. പണ്ട് കുടിയേറിയവരുടെ മക്കളെല്ലാം അവിടുത്തുകാരായി വളര്‍ന്ന് വലുതായി. 1979 ല്‍ ആണ് 1971ന് മുമ്പുള്ള കുടിയേറ്റക്കാരെ നാടുകടത്തുന്നതെങ്കില്‍ കാര്യമായ പ്രശ്നങ്ങളൊന്നും ഉണ്ടാവില്ലായിരുന്നെങ്കില്‍ ഇന്നത് ഒരു നാട്ടില്‍ ജനിച്ച് ആയുസ്സിന്‍റെ പകുതി ജീവിച്ച നാട്ടില്‍ നിന്നും ആട്ടി പായിക്കുന്നതാവും.

ഇതിന്‍റെ രണ്ടാം ഘട്ടം ആരംഭിക്കുന്നത്
നരേന്ദ്ര മോഡി അധികാരത്തിലേറിയ ശേഷമാണ്. സംഘപരിവാരം വിദഗ്ദമായി കളി തുടങ്ങി. കുടിയേറ്റക്കാര്‍ക്കെതിരെ നിയമം പാസാക്കിയാല്‍ നേപ്പാളില്‍ നിന്നും ഭൂട്ടാനില്‍ നിന്നും പാക്കിസ്ഥാനില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നുമൊക്കെ കുടിയേറിയ ഹിന്ദുക്കളെയും കുടിയേറ്റക്കാരായി പുറന്തള്ളേണ്ടിവരും. അത് മനസ്സിലാക്കിയ പരിവാരം 1955 ലെ കുടിയേറ്റ നിയമം മാറ്റി മറിച്ചു.
1955ലെ പൗരത്വ നിയമപ്രകാരം രാജ്യത്തു ജനിക്കുന്നവരും ഇന്ത്യക്കാരായ മാതാപിതാക്കൾക്കു ജനിക്കുന്നവരും 11 വർഷം രാജ്യത്തു സ്‌ഥിരതാമസമാക്കിയ വിദേശിയരും ഇന്ത്യൻ പൗരത്വത്തിന് അർഹരാണ്. ഈ നിയമത്തില്‍ വേറെ ഒരു കാര്യം കൂടി പറയുന്നുണ്ട്.അതിന്‍റെ 2(1) ബി സെക്ഷനിൽ അനധികൃത കുടിയേറ്റക്കാരെ നിർവചിച്ചിക്കുന്നത് “നിയമസാധുതയുള്ള പാസ്പോർട്ടോ മതിയായ യാത്രാരേഖകളോ ഇല്ലാതെയും, പാസ്പോർട്ടും യാത്രാരേഖകളും അനുവദിക്കുന്ന സമയപരിധി കഴിഞ്ഞിട്ടും രാജ്യത്തു തങ്ങുന്നവർ അനധികൃത കുടിയേറ്റക്കാരായിരിക്കും ഇവരെ ശിക്ഷിക്കാനും നാടുകടത്താനും നിയമം അനുശാസിക്കുന്നു”

ഈ നിയമം 2015ല്‍ നരേന്ദ്ര മോഡി ഗവണ്‍മെന്‍റ് മതപരമായി മാറ്റി തിരുത്തി. 1955 ല്‍ കുടിയേറ്റക്കാരെ നിര്‍വചിക്കുന്നതില്‍ മതപരമോയ നിര്‍വചനം ഇല്ലായിരുന്നുവെങ്കില്‍ 2015ല്‍ ബംഗ്ലാദേശ്, പാക്കിസ്‌ഥാൻ, അഫ്ഗാനിസ്‌ഥാൻ എന്നീ രാജ്യങ്ങളിലെ ന്യൂനപക്ഷമായ ഹിന്ദുക്കൾ, സിക്കുകാർ, ബുദ്ധമതക്കാർ, ജൈനർ, പാർസികൾ, ക്രൈസ്തവർ എന്നിവർക്കുള്ള ഇന്ത്യൻ പൗരത്വത്തിന്റെ വ്യവസ്‌ഥകളില്‍ മാറ്റം വരുത്തി മുസ്ലിംകളെ മാത്രം മാറ്റി നിര്‍ത്തി. പൗരത്വം ലഭിക്കാന്‍ 11 വർഷം രാജ്യത്തു സ്‌ഥിരതാമസമാക്കിയാൽ മതിയെന്നത് മുസ്ലിംകള്‍ക്ക് മാത്രമാക്കി ചുരുക്കുകയും മറ്റു മതക്കാരുടെ കാര്യത്തില്‍ ആറുവർഷമായി കുറയ്ക്കുകയും ചെയ്തു.
2015 സെപ്റ്റംബറിൽ വരുത്തിയ ഭേദഗതി പ്രകാരം 2014 ഡിസംബർ 31നു മുമ്പ് ഇന്ത്യയിലെത്തിയ അനധികൃത കുടിയേറ്റക്കാരെ ശിക്ഷിക്കുന്നതും നാടുകടത്തുന്നതും വിലക്കിയിരുന്നു. എന്നാൽ, ബംഗ്ലാദേശ്, പാക്കിസ്‌ഥാൻ, അഫ്ഗാനിസ്‌ഥാൻ എന്നീ രാജ്യങ്ങളിലെ മുസ്ലിംകളെ മാത്രം അതില്‍ നിന്നും ഒഴിവാക്കി. ചുരുക്കി പറഞ്ഞാല്‍ 2015 ല്‍ നരേന്ദ്രമോഡി ഭേതഗതി വരുത്തിയ കുടിയേറ്റ നിയമപ്രകാരം ഹിന്ദുക്കള്‍ക്കും ജെെനര്‍ക്കും ബുദ്ധര്‍ക്കും രാജ്യത്തേക്ക കുടിയേറാന്‍ യാതൊരു പ്രശ്നവും ഇല്ല. മുസ്ലീംകള്‍ മാത്രം കുടിയേറാന്‍ പാടില്ല എന്ന നിലയിലാണ് ഭേതഗതി.അതാണ് ഒടുവില്‍ ഇപ്പോള്‍ കൂടുതല്‍ വംശീയമായ പുതിയ ബില്ലായി സഭയില്‍ എത്തിയിരിക്കുന്നത്.

പൗരത്വ ബില്‍ വിഷയത്തിന്‍റെ തുടക്കം ആസാമിലെ കലാപങ്ങളില്‍ നിന്നാണ്. എല്ലാറ്റിനും കാരണമായ ആസാം അക്കോര്‍ഡ് കരാര്‍ ഒപ്പിട്ട് രാജ്യത്തെ മുസ്ലിംകളെ പൗരന്‍മാരാക്കാന്‍ പരിവാരത്തിന് തുടക്കമിട്ട് കൊടുത്ത കോണ്‍ഗ്രസ്സുകാര്‍ക്ക് ഇപ്പോള്‍ പൗരത്വ ബില്ലിനെ എതിര്‍ത്തെന്ന് പറഞ്ഞ് കെെ കഴുകി ഒഴിയാന്‍ പറ്റുമോ.?
ബീഫ് നിരോധനം പോലെ,ബാബരി മസ്ജിദ് പോലെ,ജി.എസ്.ടി പോലെ കോണ്‍ഗ്രസ്സുകാരാല്‍ തുടങ്ങി സംഘപരിവാരം അതിന്‍റെ ഏറ്റവും വൃത്തികെട്ട രീതിയില്‍ ഇംപ്ലിമെന്‍റ് ചെയ്യുന്ന പദ്ധതികളിലൊന്നാണ് പൗരത്വ പട്ടികയും. ലക്ഷക്കണക്കിന് മുസ്ലിംകളെ രാജ്യമില്ലാതാക്കാന്‍ കാരണമാവുന്ന ബില്‍ നിയമമാവുമ്പോള്‍ മത ന്യൂനപക്ഷങ്ങളോട് അനീതി ചെയ്തവരുടെ കൂട്ടത്തില്‍ പരിവാരത്തോടൊപ്പം കോണ്‍ഗ്രസ്സും ഉണ്ടാവും.

Mansoor ParemmaI