ഉത്തർപ്രദേശിൽ ആദിത്യനാഥിന്റെ കിരാതവാഴ്ചയാണ്

273

Saeed Aby

രാഹുൽ ഗാന്ധി തിരിച്ചെത്തിയോ എന്നറിയില്ല.സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഡൽഹിയിൽ തന്നെയാണ് എന്നാണ് കരുതുന്നത്. ഇവർ മൂന്ന് പേരും വൈകിയാണെങ്കിലും ആവശ്യമുള്ള പൊതുഇടത്തിലേക്ക് വരും എന്നാണ് വിചാരിക്കുന്നത്.ഒട്ടും ആത്മാർത്ഥതയില്ലാത്ത ഒന്നിനോട് ഇടപെടാൻ അനിവാര്യമായ താമസം രാഹുലിൽ നിന്ന് ഉണ്ടായിട്ടുണ്ട്.പക്ഷെ, ‘പക്വതയുള്ള’ കോൺഗ്രസിന്റെ നേതൃത്വം എവിടെ നിന്നായിരിക്കണം ഇനി സമരം തുടങ്ങേണ്ടത് ??

സമരത്തിന്റെ പ്രാഥമികഘട്ടം വിജയകരമായി പൂർത്തിയാക്കിയ മുക്കത്തോ, കൊടിയത്തൂരോ, ബാംഗ്ലൂരിലോ,ഡെൽഹിയിലോ,ബോംബെയിലോ രാഹുൽ സമരം നയിക്കേണ്ടതുണ്ടോ? സമരത്തിൽ പങ്ക് കൊള്ളുന്ന മനുഷ്യരോട് ഏതെങ്കിലും തരത്തിൽ രാഹുലിന് ആത്മാർത്ഥമായ ഐക്യമുണ്ടെങ്കിൽ രാഹുൽ തോറ്റിടത്തേക്കാണ് പോകേണ്ടത്. നെഹ്‌റു കുടുംബത്തെ ഒരുപാട് കാലം നെഞ്ചിലേറ്റിയ ഒരു ജനത ഇപ്പോൾ യോഗി ആതിഥ്യനാദിന്റെ വംശീയ-വർഗീയ നിലപാടുകൾക്കുള്ളിൽ കിടന്ന്‌ മരിക്കുകയാണ്.10 വയസ് തികയാത്ത മദ്രസാകുട്ടികളെ പോലീസുകാർ പിടിച്ച് കൊണ്ട് പോകുന്നു.കറന്റ് ഉണ്ടായിട്ടും ബൾബ് ഇട്ടാൽ റോന്ത് ചുറ്റുന്ന പോലീസുകാർ വീട് തിരിച്ചറിയും എന്ന ഭയത്താൽ ഇരുട്ടിൽ അത്താഴം കഴിക്കുന്നുണ്ട് മുസാഫിർനഗറിലെ മുസ്ലിങ്ങൾ.

ഇതുവരെ 15 പേരെ വെടിവെച്ച് കൊന്നിട്ട്,ഒരു ബുള്ളറ്റ് പോലും പ്രതിക്ഷേധക്കാർക്ക് നേരെ പ്രയോഗിച്ചില്ല എന്ന്‌ ആവർത്തിക്കുന്ന ഡിജിപിയുള്ള നാടാണ് ഉത്തർപ്രദേശ്. കൊല്ലപ്പെട്ട ആളുകളുടെ മൃതദേഹം വാങ്ങി കബറടക്കാൻ അവർക്ക് ആവുന്നില്ല. കുട്ടികളെ വേഷം മാറ്റി കിട്ടുന്ന വണ്ടിയിൽ കയറ്റി നാട് വിടാൻ നിർബന്ധിക്കുന്നു മാതാപിതാക്കൾ. സിപിഐഎം, (സ്റ്റേറ്റ് കമ്മിറ്റി മെമ്പർമാർ), SP ,BSP കോൺഗ്രസിന്റെ പ്രാദേശികനേതാക്കളൊക്കെ തടവിലാണ്. വലിയ നേതൃത്വം ഉൾവലിഞ് നിൽക്കുകയാണ്. രാഹുലും സോണിയയും അനിവാര്യമായി പോകേണ്ട ഇടം അവിടെയുണ്ട്. 2019 തെരെഞ്ഞെടുപ്പ് പ്രചാരണത്തിൽ റോഡ്ഷോ നടത്തിയ പകുതി സ്ഥലങ്ങളിലെങ്കിലും പ്രിയങ്ക പോകണം. സമരത്തിൽ പങ്കെടുത്ത മനുഷ്യരുടെ ആയുസിലെ വിയർപ്പ് മുഴുവൻ യോഗി എഴുതി എടുക്കുകയാണ്.അതുകണ്ട് കേരളത്തിലെ സംഘികൾ ചിരിക്കുന്നുണ്ട്. കോൺഗ്രസിന്റെ മുസ്ലിം മഹിളാനേതാക്കളെ കാണാനില്ല.പലരേയും പോലീസ് പിടിച്ച് കൊണ്ട് പോയിട്ടുണ്ട്.യൂപി കോൺഗ്രസിന്റെ മാധ്യമവിഭാഗം ഇൻചാർജ് ആയ സഫാദ ജഫ്‌റിന്റെ ഒരു വിവരവും ഇതുവരെ ലഭ്യമല്ല.റായ്‌ബറേലിയിലെ എംപി ഇപ്പോഴും സോണിയ ഗാന്ധിയാണ്, അമേത്തിയിലെ ജനത 6 മാസം മുമ്പ് രാഹുലിനോട് പറഞ്ഞത് ഇടക്ക് എങ്കിലും ഇവിടെ വന്ന് ഞങ്ങളുടെ കാര്യത്തിൽ ഇടപെടണം എന്നാണ്.

പോലീസുകാരനോട് എന്തിനാണ് ഞങ്ങളെ പിടിച്ച് കൊണ്ട് പോകുന്നത് എന്ന്‌ ചോദിക്കാൻ പോലും കെല്പില്ലാത്ത കുട്ടികളുടെ നിലവിളികൾ പോലും റദ്ദ് ചെയ്തിരിക്കുകയാണ് യൂപി സർക്കാർ. കേരളത്തിലെ 4 മുസ്ലിം വോട്ട് പോകുമോ എന്ന ഭയത്താൽ വേണുഗോപാലും മുല്ലപ്പള്ളിയും കൊടുക്കുന്ന ഉപദേശവും കേട്ട് ഇവിടേക്ക്‌ രാഹുൽ വരണമെന്നില്ല. വീട്ടിലേക്ക് സന്ധ്യമയങ്ങും മുമ്പ് എത്താമല്ലോ എന്ന ചിന്തയിൽ രാജ്ഘട്ടിൽ സമരം നടത്തിയാലും ഇവിടെ ഒന്നും സംഭവിക്കാനില്ല.

തോറ്റിടത്തേക്ക് പോയി തോല്പിച്ചവരോട് സംസാരികാൻ ജനാധിപത്യത്തിൽ നേതാക്കൾക്ക് നാണം തോന്നരുത്, അതൊക്കെ നഴ്സ്സറി പിള്ളേരുടെ പിണക്കമാണ്.രാഹുലിന്റെ പഴയ സഹപ്രവർത്തകരായ എംബി രാജേഷും പികെ ബിജുവും രാജീവും തോറ്റിടത്ത് നിന്ന് ഈ സമരത്തിന് ദിവസവും നേതൃത്വം കൊടുക്കുന്നത് നമുക്ക് കാണാനാവും. ഇത്രയൊക്കെ ആയിട്ടും നമ്മൾ പാതിപോലും നടന്ന് തീർത്തിട്ടില്ല എന്ന്‌ തെളിയിക്കുന്നുണ്ട് ഉത്തർപ്രദേശ്!