എഴുത്ത് അപകടകരമായ കാലം !

230

Shihabuddin Poithumkadavu

എഴുത്ത് അപകടകരമായ കാലം !!!

‘ എഴുത്ത് എന്നു പറയുന്നത് വളരെ എളുപ്പമുള്ള ഒരു ജോലിയല്ല .ഒട്ടേറെ കാലവും കാലബോധവും ഉൾക്കൊണ്ട ഒന്നാണത് .അത്ര ലളിതാത്മകമായി കടന്നുപോകാവുന്ന ഒന്നല്ല എഴുത്ത് .സത്യാത്മകമായി എഴുത്തിനെ സമീപിച്ചാൽ വളരെ അപകടകരമായ വഴികളിലൂടെ കടന്നുപോകേണ്ടി വരും .സത്യം എന്നത് അങ്ങേയറ്റം സൗന്ദര്യം നിറഞ്ഞതും അതേപോലെ അപകടം നിറഞ്ഞതുമാണ് .എഴുത്ത് സാമൂഹ്യപരമായ കാഴ്ച്ചപ്പാടുകളോടെയാവുമ്പോൾ അത് അങ്ങേയറ്റം അപകടം പിടിച്ച ഒന്നായി ഇന്ന് മാറുന്നു .
എഴുത്ത് ഏറ്റവും അപകടം പിടിച്ച ഒരു ജോലിയായി മാറിക്കൊണ്ടിരിക്കുന്ന കാലമാണിത് .കഥാപാത്രങ്ങൾക്ക് പേരിടുന്നതുപോലും , അല്ലെങ്കിൽ ഒരു വാക്ക് ഉപയോഗിക്കുന്നതുപോലും അപകടം പിടിച്ച ഒരു കാലം .മതം , ജാതി അങ്ങനെ ഒന്നും വ്യക്തമാകാത്ത രീതിയിൽ കഥാപാത്രങ്ങൾക്ക് പേരിടേണ്ട സ്ഥിതി .എഴുത്തിനെ സൂക്ഷ്മാർത്ഥത്തിൽ കാണുന്നതിനുപകരം അതിലെ തിരഞ്ഞെടുത്ത ചില ഭാഗങ്ങൾ , ചില വാക്കുകൾ ദുർവ്യാഖാനം ചെയ്യാനാണ് ഇന്ന് പലരും ശ്രമിക്കുന്നത് .പണ്ട് ബഷീർ എഴുതിയിട്ടുള്ള ഒരു ടൈറ്റിൽ ഇന്നാണെങ്കിൽ എഴുതാൻ പറ്റില്ല .’ അന്തോണി നീയും അച്ചനായോടാ ‘ എന്ന ടൈറ്റിൽ ഒരു പക്ഷെ പൊൻകുന്നം വർക്കിക്കും പറ്റില്ല .എൻ . എൻ പിള്ളയുടെ ‘ ദൈവം അറസ്റ്റിൽ ‘ എന്നതുപോലുള്ള ടൈറ്റിലുകളും അങ്ങനെ തന്നെ .

ഒരു ടൈറ്റിൽ എഴുതാൻ ഇന്ന് എഴുത്തുകാരന്റെ കൈ വിറയ്ക്കുന്നു .നേരത്തെ ഭാര്യയ്‌ക്കോ കുട്ടികൾക്കോ എന്തെങ്കിലും തോന്നുമോ എന്ന് മാത്രമേ എന്തെഴുതുമ്പോഴും എഴുത്തുകാരൻ ആശങ്കിക്കാറുണ്ടായിരുന്നുള്ളൂ .ആ സ്ഥാനത്ത് ഇന്ന് സമൂഹത്തെ മുഴുവൻ നോക്കേണ്ട സ്ഥിതിയാണ് എഴുത്തുകാരന് .സത്യം ഒരു വലിയ ഗദ് ഗതമായി ഉള്ളിൽ നിൽക്കുന്ന അവസ്ഥയാണിന്ന് .കഥയിൽ എന്താണുള്ളതെന്ന് ഇന്ന് നോക്കുന്നില്ല .ഏതെങ്കിലും വിഭാഗത്തെക്കുറിച്ച് എന്താണ് മോശമായ പരാമർശം ഉള്ളതെന്നാണ് ഇന്ന് നോക്കുന്നത് . വായിക്കുന്നവന്റെ അന്വേഷണങ്ങൾ ഇന്ന് ചുരുങ്ങി പോയിരിക്കുന്നു . വായിക്കുന്നവൻ എന്താണോ അന്വേഷിക്കുന്നത് അതാണ് ഇന്ന് കണ്ടെത്തുന്നത് .
ധ്വനിപരമായി എഴുതിയ വളരെ കുറച്ച് എഴുത്തുകാരെ നമുക്കുള്ളൂ .അതിലൊരാളാണ് മാധവിക്കുട്ടി .ധ്വനിപരമായി എഴുതുന്നത് കുറഞ്ഞുകൊണ്ടിരിക്കുകയാണിന്ന് .വൈലോപ്പിള്ളിയുടെ കണ്ണീർപ്പാടം ധ്വനികൾ കൊണ്ട് എത്ര മനോഹരമായിരുന്നു .പകരം. ഇന്ന് എഴുത്തിൽ ലിറ്ററലിസം വളരെയേറെ വന്നുചേർന്നിരിക്കുന്നു .ഒരു വാരികയുടെയും അതിന്റെ വനിതാവിഭാഗത്തിന്റെയും പത്രത്തിന്റെ സൺ‌ഡേ എഡിഷന്റെയും എഡിറ്ററായിരുന്നപ്പോൾ 800 കവിതകൾ വരെ ഒരു മാസം കൈകാര്യം ചെയ്യേണ്ടിവന്നിട്ടുണ്ട് .അതൊക്കെ വായിച്ച് തലതെറ്റുമോ എന്ന് തോന്നിയിട്ടുണ്ട് ….’

[ പ്രശസ്‌ത എഴുത്തുകാരൻ ഷിഹാബുദീൻ പൊയ്ത്തുംകടവിൽ കൊച്ചിയിൽ ‘ താലന്ത് ‘ മാസികയുടെ ‘ വാങ് മയം ‘ പരിപാടിയിൽ നടത്തിയ പ്രഭാഷണത്തിൽ നിന്ന് കേട്ടത് ]

കടപ്പാട് : Joy Peter