കഴിഞ്ഞ ദിവസം എറണാകുളം ലോ കോളജിൽ യൂണിയൻ ഉദ്ഘാടനവും ‘തങ്കം’ സിനിമയുടെ പ്രമോഷനുമായും ബന്ധപ്പെട്ടു ദേശീയവാർഡ് ജേതാവ് നടി അപർണ്ണ ബാലമുരളി, നടനും ഗായകനും സംവിധായകനുമായ വിനീത് ശ്രീനിവാസൻ, സംഗീതസംവിധാകൻ ബിജിബാൽ ..തുടങ്ങിയവർ വിശിഷ്ടാതിഥികൾ ആയി എത്തിയിരുന്നു. വേദിയിൽ വച്ച് ഒരു വിദ്യാർത്ഥി നടി അപർണ്ണ ബാലമുരളിയോട് മോശമായി പെരുമാറിയത് വിവാദം സൃഷ്ടിച്ചിരുന്നു. നടി അവിടെവച്ചുതന്നെ പ്രതികരിക്കുകയും ചെയ്തു. കോളേജ് യൂണിയൻ അപർണ്ണയോട് ക്ഷമചോദിക്കുകയും ശിക്ഷാനടപടിയായി കോളജധികൃതർ വിദ്യാർത്ഥിയെ സസ്പെന്റ് ചെയുകയും ചെയ്തു. എന്നാൽ അതെചൊല്ലിയുള്ള വിവാദം സമൂഹ മാധ്യമങ്ങളിൽ ഇപ്പോഴും സജീവമാണ് . അപർണ്ണയ്ക്കും വിദ്യാർത്ഥിക്കും അനുകൂലമായി പലരും പോസ്റ്റുകൾ ചെയുന്നുണ്ട്. അപർണ്ണയ്ക്കാണ് ഭൂരിപക്ഷ പിന്തുണ. വ്യക്തിസ്വാതന്ത്ര്യത്തിന്റെ വിഷയമായും ഒരാളുടെ സ്വാതന്ത്ര്യത്തിനു എവിടെവരെയാണ് പരിധികൾ എന്നതിനെ കുറിച്ചും ചർച്ചകൾ പുരോഗമിക്കുകയാണ്. ഇപ്പോൾ അല്പം വിവാദമാകുന്നത് നോവലിസ്റ്റ് ശ്രീകണ്ഠൻ കരിക്കകത്തിന്റെ പോസ്റ്റ് ആണ്. അദ്ദേഹം ഈ വിഷയത്തിൽ വിദ്യാർത്ഥിക്കൊപ്പം ആണ് തന്റെ നിലപാട് വ്യക്തമാക്കുന്നത്. അദ്ദേഹത്തിന്റെ കുറിപ്പ് ഇങ്ങനെ
Sreekantan Karikkakom
🍂താരാരാധനയുടെ ഭാരമോ അമിത വിനയത്തിൻ്റെ കെട്ടുകാഴ്ചകളോ ഇല്ലാത്ത ചെറുപ്പക്കാരുടെ തലമുറയിൽ നിന്നുള്ള ഒരു പ്രതിനിധിയെ ( അതും ഒരു നിയമ വിദ്യാർത്ഥിയെ!) ഞരമ്പുരോഗിയും അക്രമിയും വിഷയാസക്തനുമൊക്കെയാക്കിക്കൊണ്ടുള്ള അവതരണങ്ങൾ തുടരുകയാണ്.
🌿നടി അപർണ മുരളിയെ ലൈംഗിക താൽപ്പര്യത്തോടെ സ്റ്റേജിൽ കയറി ചെന്ന് സെൽഫി എടുക്കാൻ പിടിച്ചെന്നും അതിൽ അമിതസ്വാതന്ത്ര്യം എടുത്തു – തുടങ്ങിയുള്ള വർത്തമാനങ്ങളാണ് പരക്കുന്നത്. തികച്ചും തെറ്റിദ്ധാരണാജനകവും അപക്വവുമായ ഒരു നിരീക്ഷണമായേ ഇതിനെ കാണാനാകൂ.
ആ വീഡിയോ കാണുന്നവർക്കറിയാം, വളരെ തുറന്ന മനസോടെ, സഹോദര ഭാവത്തോടെയുള്ള ഒരു ചേർത്ത് പിടിക്കൽ മാത്രമാണ് അവിടെ നടന്നത്. ഇനിയും അതിൽ സൂഷ്മമായി ശ്രദ്ധിച്ചാൽ മനസിലാകുന്ന ചില കാര്യങ്ങളുണ്ട്. അത് ആ ചെറുപ്പക്കാരൻ ഉൾപ്പെടെ നിരവധി കുട്ടികൾ പഠിക്കുന്ന ലോ കോളേജാണ്. അവിടത്തെ കുട്ടികളുടെ പോക്കറ്റിലെ പണം ലക്ഷ്യമാക്കിക്കൊണ്ട് നടന്ന ഒരു പ്രമോഷൻ പരിപാടിയാണത്.(അതിനൊക്കെ അവർ വേണം. അവരുടെ കാശും വേണം!)
🌿അപർണ മുരളി എന്ന നാഷണൽ അവാർഡ് ജേതാവിൻ്റെ ശിരസിലുള്ള പ്രഭാവലയമൊന്നും ആ കുട്ടികൾ കാണുന്നില്ല. കണ്ടാലും മൈൻഡ് ചെയ്യില്ല! അതാണ് പുതിയ തലമുറ. പിന്നെ അവൻ കറുത്ത് മെലിഞ്ഞ ഒരു സാധാരണ കൗമാരക്കാരനാണ്. പ്രസ്തുത നടിയെ അവരുടെ മുത്തച്ഛൻ്റെ പ്രായമുള്ള മെഗാസ്റ്റാ റോ കൊച്ചിച്ചൻ്റെ പ്രായമുള്ള സൂപ്പർ സ്റ്റാറോ അച്ഛൻ്റെ പ്രായമുള്ള മറ്റ് ഏട്ടന്മാരോ ഇങ്ങനെ പിടിച്ച് ചേർത്ത് നിറുത്തിയെങ്കിൽ ഇവ്വിധം ആ പെൺകുട്ടി പ്രതികരിക്കുമായിരുന്നോ? (അതൊക്കെ വേറെ ലെവൽ ആണല്ലോ… )
🌿ഒരു സ്പർശനത്തിലോ നോട്ടത്തിലോ പങ്കിട്ട് കഴിക്കുന്നതിലോ ഒത്തിരിക്കുന്നതിലോ തമാശ പറയുന്നതിലോ വൈമുഖ്യം തോന്നാത്ത, അതിൽ രതിയുടേയും അശ്ലീലത്തിൻ്റെയും ഹിഡൻ അജണ്ടകൾ തിരുകാത്ത ഒരു യുവതലമുറ ഇവിടെയുണ്ട്. ആഭിജാതത്തിൻ്റെ തിട്ടൂരങ്ങളെ പാരമ്പര്യത്തിൻ്റെ ജാതി വാലുകളെ ഒന്നും അവർ ഗൗനിക്കുന്നില്ല. അത്തരം വടികളെടുത്ത് വീശുന്നവരെ അവർ ഭയക്കുന്നുമില്ല.
🌿ഇത്തരം അടിച്ചാക്ഷേപിക്കലുകൾ കൊണ്ട് തകർക്കാനാകുന്നതല്ല, പുരോഗമന ചിന്തകളുള്ള പുതു തലമുറയെ. അവരാണ് പുരോഗമന പ്രസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്നത്. അവരുടെ ആത്മവിശ്വാസത്തെ ഇത്തരം അധിക്ഷേപിക്കലുകൾ കൊണ്ട് തകർക്കരുത്. ഒരു താരത്തിന് പബ്ലിക്കിൻ്റെ മുന്നിൽ തിളങ്ങാൻ വേറെ എന്തെല്ലാം മാർഗങ്ങളുണ്ട്?
🍂ആ ചെറുപ്പക്കാരൻ്റെ മനസിനേറ്റ മുറിവ് സമൂഹം കാണണം. അവൻ്റെ ആത്മാഭിമാനത്തെ പരിഗണിക്കണം. ആ കാമ്പസിൽ അവന് വീണ്ടും പഠിക്കണമല്ലോ…
ആ നടി അതിനെ ഒരു ചെറിയ ഫലിതമായി കാണണമായിരുന്നു. ഇത്തരം നീലക്കണ്ണടകൾ മാറ്റാത്തതുകൊണ്ടാണ് ശ്വേത മേനോൻ്റെ നിതംബത്തിൽ സ്പർശിച്ച് സായൂജ്യമടഞ്ഞ ഞരമ്പുരോഗി ഉൾപ്പെടെ പലരേയും നമുക്ക് യഥാസമയത്ത് തിരിച്ചറിയാൻ കഴിയാതെ പോയത്.