തോമസ് ഐസക്കിന്റെ ഡോക്ടറല്‍ ബിരുദത്തിന്റെ പേരില്‍ ‘കയറുപരി’ എന്ന് പരിഹസിക്കുന്നത് എന്തിനാവും ?

80

Yacob Thomas എഴുതുന്നു

തോമസ് ഐസക്കിന്റെ ഡോക്ടറല്‍ ബിരുദത്തിന്റെ പേരില്‍ ‘കയറുപരി’ എന്ന് പരിഹസിക്കുന്നത് എന്തിനാവും ?

Representatives expected to get paid | Thomas Issac | Salary ...

‘കയറുശാസ്ത്രജ്ഞന്‍’‍, ‘കയറുപിരിയന്’‍, ‘കയറുപിരിശാസ്ത്രജ്ഞന്’‍ എന്നൊക്കെ പരിഹാസവിളി നമ്മുടെ രാഷ്ട്രീയമണ്ഡലത്തില്‍ കുറേക്കാലമായി കേള്‍ക്കാം. ഇന്ത്യയിലേതെങ്കിലും രാഷ്ട്രീയക്കാരന്‍ അയാളുടെ ഏതെങ്കിലും ബിരുദത്തിന്റെ പേരില്‍ പരിഹസിക്കപ്പെടുന്നുണ്ടോ എന്നറിയില്ല. തോമസ് ഐസക് എന്തെങ്കിലും വിടുവായത്തം രാഷ്ട്രീയമായോ സാമ്പത്തികമായോ പറഞ്ഞതായി പറയാനില്ല. (എന്നാല്‍ ധനവകുപ്പ് കൈകാര്യംചെയ്ത് വലിയ നേട്ടങ്ങളും സൃഷ്ടിച്ചതായി പറയാന്‍ കഴിയില്ല.പക്ഷേ ഭേദമാണ്). പക്ഷേ അദ്ദേഹത്തിന്റെ ഡോക്ടറല്‍ ബിരുദത്തിന്റെ പേരില്‍ ഇങ്ങനെ പരിഹസിക്കുന്നത് എന്താവും? ഇന്നലെമുതല്‍ ‘കയറുപിരി’വിളി കൂടിയിരിക്കുന്നു.

എനിക്കുതോന്നുന്നത് കയറിന് കേരളസമൂഹത്തിലുള്ള രാഷ്ട്രീയം കാരണമാണ് ഈ പരിഹാസമെന്നാണ്. കേരളത്തിലെ ആദ്യത്തെ ഫാക്ടറി 1859ലെ ഡേറാസ്മെയില്‍ കയറുകമ്പനിയാണ്. അങ്ങനെ ഫ്യൂഡല്‍ വ്യവസ്ഥയില്‍നിന്ന് ആധുനിക തൊഴില്‍സംസ്കാരത്തിലേക്ക് കേരളസമൂഹം പ്രവേശിച്ചു. ഈ തൊഴില്‍ മേഖലയില്‍ പ്രധാനമായും ഉണ്ടായിരുന്നത് വേട്ടുവ- ഈഴവസ്ത്രീകളും പുരുഷന്മാരുമാണ്. ഇതിന്റെ വിജയത്തോടെ ആലപ്പുഴയിലാകെ കയറും മറ്റും കേന്ദ്രീകരിച്ച് നിരവധി കമ്പനികളുണ്ടായി വന്നു. ഇതിന്റെ സാമ്പത്തികനേട്ടം അവരുടെ ജീവിതങ്ങളെ ചെറുതായി പച്ചപിടിപ്പിച്ചു.

ഇരുപതാംനൂറ്റാണ്ടിന്റെ രണ്ടാംദശകത്തില്‍ തൊഴിലാളിപ്രസ്ഥാനങ്ങള്‍‍ രൂപംകൊണ്ടതും ഈ കയറുഫാക്ടറികളിലാണ്. അക്കാലത്തെ ക്രൂരമായ തൊഴില്‍ രീതികളിലും കൂലിസമ്പ്രദായങ്ങളിലും പ്രതിഷേധിച്ചുകൊണ്ട് തൊഴിലാളി സംഘടനകള്‍ ഉണ്ടായി. കയര്‍ത്തൊഴിലാളികളുടെ ലേബര്‍യൂണിയനാണ് ആദ്യമുണ്ടായ തൊഴിലാളി സംഘടന. പിന്നീടത് തിരുവിതാംകൂര്‍ ലേബര്‍ അസോസിയേഷനായി മാറുകയും കേരളത്തിലെ ഇടതുപക്ഷ തൊഴിലാളിസംഘടനകളുടെ ശക്തമായ രൂപമായി മാറുകയും ചെയ്തു. 1930കളില്‍ ആലപ്പുഴയിലെ അമ്പതിനായിരത്തിലേറെ കയര്‍ത്തൊഴിലാളികളുടെ പങ്കാളിത്തമുള്ള സമരങ്ങള്‍ രൂപപ്പെട്ടു. കേശവദേവ്, സുഗതന്‍ എന്നിവരെപ്പോലുള്ളവര്‍ ഈ സംഘടനയുടെ നേതൃത്വത്തിലേക്ക് വന്നതോടെ സരോത്സുകമായി ഇവ മാറിയതായാണ് ചരിത്രം. സുഗതന്റെ ‘മുതലാളരേ കൂലി പണമായി തരവേണം’ എന്ന പാട്ട് അക്കാലത്തെ തൊഴിലാളിസംഘടനകളുടെ മുദ്രാവാക്യമായിരുന്നു. കയര്‍ത്തൊഴിലാളികളുടെ കൂലി- സേവനപ്രശ്നങ്ങള്‍ ഉന്നയിച്ചുകൊണ്ട് 1935ല്‍ ആലപ്പുഴയില്‍ പണിമുടക്കം നടന്നു. ആലപ്പുഴയില്‍ ആദ്യമായിതൊഴിലാളി പ്രകടനം നടന്നത് ഇതോടെയാണ്. അതിനുശേഷം തൊഴില്‍ പ്രശ്നങ്ങള്‍ പരിഹൃതമാവാത്തതിനാല്‍ മുപ്പത്തിയെട്ടില്‍ അതിശക്തമായ സമരം നടന്നു. അതുമായി ബന്ധപ്പെട്ട സമ്മേളനത്തിലാണ് ആദ്യമായി അരിവാള്‍ ചുറ്റികപതിച്ച് ചുവന്നകൊടി ഉണ്ടായതെന്നാണ് ചരിത്രം.

ചുരുക്കത്തില്‍ കേരളത്തിലെ തൊഴില്‍ മേഖലയുടെ പരിണാമത്തെയും തൊഴിലാളികളുടെ സംഘടിതശക്തിയെയും അടയാളപ്പെടുത്തുന്ന വാക്കാണ് കയറെന്നത്. കീഴാള/ തൊഴിലാളി സംഘടിതശക്തികളുടെ ഉയിര്‍ത്തെഴുന്നേല്പിനെയും അതിലൂന്നിയുള്ള സാമൂഹിക പരിവര്‍ത്തനങ്ങളെയും ഭയക്കുന്ന വലതുപക്ഷ- സംഘി ആശയധാരകള്‍ക്ക് അതിനാല്‍ കയറ് പരിഹസിക്കേണ്ട വിഷയമാണ്. അടിസ്ഥാനജനവിഭാഗങ്ങളോടുള്ള വെറുപ്പില്‍നിന്നു രൂപംകൊള്ളുന്ന വിദ്വേഷമാണ് ആ പരിഹാസത്തിന്റെ ആകെത്തുക.


Anil Aksharasree

കേരളത്തിലെ ധനമന്ത്രിയെ വിമർശിക്കുന്നതോ നിലപാടുകളെ ഖണ്ഡിക്കുന്നതോ ഒന്നുമല്ല വിഷയം.
ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞും കയറുപിരി ശാസ്ത്രജ്ഞൻ എന്നാക്ഷേപിച്ചുമാണ് സൈബർ സംഘികളും പിന്നെ കോൺഗ്രസ് അനുകൂലികളും അദ്ദേഹത്തെ അപഹസിക്കുന്നത് . കപടനിഷ്പക്ഷ മറയ്ക്കുള്ളിൽ ഒളിച്ചിരിക്കുന്ന ചിലരും ഇതേറ്റു പാടാറുണ്ട്.പൊതുവേ സൗമ്യനും വിവാദങ്ങളിൽ അധികം പെടാത്തയാളുമായ ഇദ്ദേഹം എന്തുകൊണ്ടിങ്ങനെ ആക്ഷേപിക്കപ്പെടുന്നു എന്നറിയില്ല. ഇന്ന് ഒരു ചാനലിൽ പറഞ്ഞ ഒരു അഭിപ്രായത്തെ മുറിച്ചെടുത്താണ് ചിലർ ഈ വ്യാജസൃഷ്ടി ആലോഷിച്ചത് .

പി എച്ച് ഡിക്കായി പലരും തിരഞ്ഞെടുക്കുന്ന വിഷയം യാതൊരു സാമൂഹ്യപ്രസക്തിയുമില്ലാത്തതാണ്. ആ സാഹചര്യത്തിൽ , ” കയർത്തൊഴിൽ മേഖലയിലെ വർഗ്ഗസമരവും വ്യവസായ ബന്ധവും ” എന്ന വിഷയത്തിൽ ഡൽഹിയിലെ ജവഹർലാൽ നെഹ്രു യൂണിവേഴ്സിറ്റിയിൽനിന്നും അദ്ദേഹത്തിനു ലഭിച്ച ഡോക്ട്രേറ്റിന് സവിശേഷ മൂല്യമുണ്ട് . താൻ ജനിച്ചു വളർന്ന ജില്ലയിലെ തീർത്തും സാധാരണക്കാരുടെ ജീവിതവുമായി ഇഴചേർന്നു നിൽക്കുന്ന ഒരു തൊഴിലിനെ അദ്ദേഹം പഠനത്തിനായി തിരഞ്ഞെടുത്തതിൽ ഒരു നിലപാടുണ്ട്. അതിനെ കയറുപിരി എന്നാക്ഷേപിക്കുന്നവർ അടിസ്ഥാനവിഭാഗക്കാർക്ക് ജീവിതം നൽകിയ തൊഴിലിനെക്കൂടിയാണ് അപഹസിക്കുന്നത്.

1989 ലെ കേരളസാഹിത്യ അക്കാദമി അവാർഡു ലഭിച്ച “കേരളം മണ്ണും മനുഷ്യനും” ഉൾപ്പെടെ ഇരുപത്തിരണ്ടിലധികം പുസ്തകങ്ങൾ മലയാളത്തിലും ഇംഗ്ലീഷിലുമായി എഴുതിയിട്ടുണ്ട് ഡോ. തോമസ് ഐസക് . ” ഇപ്പോ വായ്പയുടെ കാര്യം … അതിനെങ്ങും പോകണ്ടാന്നേ .റിസർവ് ബാങ്കിനോടു നോട്ടടിക്കാൻ പറയും . അങ്ങനൊരു രീതിയാണ് 1985 – 90 വരെ നടന്നു വന്നിരുന്നത്…. ” വീഡിയോ തുടരുകയാണ്.ഇതിൽ നോട്ടടിക്കാൻ പറയും എന്ന ഭാഗം മുറിച്ച് സംഘികളും INC online എന്ന കോൺഗ്രസ് ഗ്രൂപ്പും പ്രചരിപ്പിച്ചു. പിന്നെ മുമ്പു പറഞ്ഞ നിഷ്കുകളും . കേരളം കേന്ദ്രത്തോട് വായ്പയ്ക്കനുമതി ചോദിക്കുന്നതാണോ ഇവരുടെ പ്രശ്നം ?കേന്ദ്ര വരുമാനത്തിലേക്ക് കേരളീയർ നൽകുന്ന വിഹിതത്തിൻ്റെ ചെറിയ ഒരംശം പോലും തിരിച്ചു കിട്ടുന്നില്ല എന്നതിൻ്റെ ഏറ്റവും പുതിയ തെളിവാണ് ഇപ്പോൾ പ്രഖ്യാപിച്ച കേന്ദ്രവിഹിതം .

ഇന്ത്യയിലെ കോവിഡ് ബാധിതരുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്തുള്ള കേരളത്തിന് അനുവദിക്കപ്പെട്ട തുക വെറും 157 കോടി രൂപ .രണ്ടു പ്രളയത്തെയും ഓഖി , നിപ , കൊറോണകളെയും ആത്മാഭിമാനത്തോടെ നേരിടുന്ന കേരളത്തിനുള്ള “പ്രതികാര സമ്മാനം ” .സ്വന്തമായി കമ്മട്ടമുള്ള കേന്ദ്രമാകട്ടെ റിസർവ് ബാങ്കിൻ്റെ കരുതൽ പണത്തിൽ നിന്നും 1.76 ലക്ഷം കോടി ആദ്യവും പിന്നെ 55000 കോടിയും വാങ്ങി . അതും കഴിഞ്ഞ് കരുതൽ സ്വർണവും വിറ്റു. പിന്നെ ലാഭത്തിലുള്ള ബിപിസിഎൽ ഉൾപ്പെടെ വിറ്റു കാശാക്കി.ജി എസ് റ്റി കുടിശിക ഉൾപ്പെടെ കേന്ദ്രത്തിൽ നിന്നും കേരളത്തിന് കിട്ടാതിരുന്നിട്ടും ക്ഷേമ പെൻഷനുകളുൾപ്പെടെ വീടുകളിലെത്തിക്കുന്നു ഇവിടെ . രാഷ്ട്രീയത്തിൽ , പൊതുപ്രവർത്തനത്തിൽ ഉയർന്ന വിദ്യാഭ്യാസയോഗ്യതയുള്ളവർ മാത്രമേ വരാവൂ എന്നില്ല . വലിയ ബിരുദങ്ങളുടെ പിൻബലമില്ലാത്തവരും ഉയർന്നു വരുന്നത് നമ്മുടെ ജനാധിപത്യത്തെ അർത്ഥപൂർണമാക്കുകയാണ് ചെയ്യുന്നത്.

പ്രൈമറിസ്കൂൾ വിദ്യാഭ്യാസം മാത്രമുള്ള എത്രയോ പേർ കേരളത്തിൽ മന്ത്രിയും മുഖ്യമന്ത്രിയുമായിരുന്നു. അല്ലെങ്കിലും കാര്യശേഷിയും വിദ്യാഭ്യാസവും തമ്മിൽ വലിയ ബന്ധമൊന്നുമില്ല . പ്രയാസകരമായ ജീവിത സാഹചര്യം കാരണം തനിക്ക് സ്കൂൾ വിദ്യാഭ്യാസം മാത്രമേ പൂർത്തിയാക്കാനായുള്ളൂ എന്ന ഇന്ത്യൻ പ്രധാനമന്ത്രിയുടെ പഴയ വെളിപ്പെടുത്തലുണ്ട് . 2014 ൽ ബിരുദക്കാരിയായിരുന്ന ഒരു കേന്ദ്രമന്ത്രി കഴിഞ്ഞ ഇലക്ഷനിൽ പ്ലസ്ടുക്കാരിയായി സ്വയം തരം താഴ്ത്തിയിരുന്നു.അതു കൊണ്ട് , വിമർശനങ്ങൾ വസ്തുതാപരമാവട്ടെ.

Advertisements