Yadu EZr
Gnr :- Comedy Drama
Lang :- മലയാളം
കാർഗിൽ യുദ്ധത്തിനിടെ പാക്കിസ്ഥാൻ പട്ടാളത്തിന്റെ പിടിയിലായി അവിടുത്തെ ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വന്ന ഒരു പട്ടാളക്കാരൻ, നീണ്ട 19 വർഷത്തിനുശേഷം അയാൾ ജയിൽ മോചിതനാവുകയും സ്വന്തം രാജ്യത്തിലേക്കും നാട്ടിലേക്കും തിരിച്ചെത്തുകയും ചെയ്യുന്നു… കഴിഞ്ഞുപോയ വർഷങ്ങൾക്കിടെ അയാളുടേതായ എല്ലാം പൂർണ്ണമായും മാറിയിരുന്നു… ഭാര്യയെ സ്വന്തം സഹോദരൻ കല്യാണം കഴിച്ചിരുന്നു, ഖബറടക്കിയതിന്റെ പത്തൊമ്പതാം വാർഷികവും രാജ്യസ്നേഹത്താൽ കൊണ്ടാടപ്പെട്ടിരുന്നു, സർക്കാർ നൽകിയ ആനുകൂല്യങ്ങളെല്ലാം തന്നെ ഒരു രൂപയില്ലാതെ ചിലവായി കഴിഞ്ഞിരുന്നു..എന്നാൽ ഇതിനേക്കാളേറെ അയാളെ യഥാർത്ഥത്തിൽ സമ്മർദ്ദത്തിലാക്കിയത് സ്വന്തം ‘ഐഡന്റിറ്റി തെളിയിക്കുക എന്ന വലിയ ഉത്തരവാദിത്തമായിരുന്നു..ഇങ്ങനെയൊരു പട്ടാളക്കാരന്റെ കഥയാണ് ” മേം ഹൂം മൂസ ” പറയുന്നത്.
വിനയൻ സംവിധാനം ചെയ്ത ”ബ്ലാക്ക് ക്യാറ്റ്” എന്ന സിനിമയുടെ വൺലൈനായ് ഏറെ സാദൃശ്യം തോന്നിക്കുന്ന ഒരു കഥ, അത് വെറുപ്പിച്ചും രസിപ്പിച്ചും സ്ക്രീനിലെത്തിയ കാഴ്ചയാണ് മേം ഹൂം മൂസ.പടവലങ്ങ പോലെ ക്വാളിറ്റിയിൽ താഴോട്ട് പോകുന്ന ജിബു ജേക്കബ് രീതിയുടെ തുടർച്ച കൂടിയാണ് ഈ ചിത്രം, വെള്ളിമൂങ്ങയിൽ നിന്നും മൂസയിലെത്തുമ്പോൾ തരക്കേടില്ലാത്ത ആദ്യപകുതിയും ക്ഷമ പരീക്ഷിക്കുന്ന ബാക്കിയും കണ്ടു തീർക്കുക എന്നത് ഭാരിച്ച ജോലി തന്നെയാകുന്നുണ്ട്.വരനെ ആവശ്യമുണ്ട്, കാവൽ, പാപ്പൻ എന്നീ സിനിമകൾക്ക് ശേഷം സുരേഷ് ഗോപിയുടേതായ് പുറത്തിറങ്ങിയ മൂസ. മുൻ ചിത്രങ്ങളെ അപേക്ഷിച്ചു സുരേഷ് ഗോപിയെ അത്യാവശ്യം പണിയെടുപ്പിച്ച സിനിമയാണെന്ന് കൂടി പറയാം… പല ഇമോഷൻസിലൂടെ പോകുന്ന ഒരു കഥാപാത്രം സുരേഷ് ഗോപിയെ സംബന്ധിച്ച് ഒരു സുഖയാത്രയല്ലാത്ത തമാശ നിറഞ്ഞൊരു കഥാപാത്രം അത് ചെയ്തു ഫലിപ്പിക്കാൻ തന്നാലാവും വിധം ശ്രമിക്കുമ്പോൾ ആകെ തുകയിൽ വിജയമാവുകുകയും രണ്ടാം പകുതിയിലെ മോശമെഴുത്തിനാൽ സിനിമ കൂപ്പ് കുത്തുന്ന കാഴ്ച കൂടിയാണ് കാണാൻ സാധിക്കുന്നത്.
പൊളിറ്റിക്കലി കറക്റ്റായ ഇക്കാലത്ത് മഷിയിട്ടു നോക്കിയാൽ പോലും അതിൻറെ ഒരംശം പോലും എവിടെയും കാണാനില്ലാത്ത മേം ഹൂം മൂസ ‘ വിവാദമുണ്ടാക്കാൻ മാത്രമല്ലാതെ പോസ്റ്ററിലെഴുതി വെച്ച രണ്ടുവരി വൃത്തികേട് മുതൽ സിനിമയൊന്നാകെ നാലാംകിട ഡയലോഗുകൾ കൊണ്ട് സമ്പന്നമാണ്…
കൂടാതെ മേജർ രവി ട്രാക്കും ഒരു തമിഴ് പെൺകുട്ടിയുമായുള്ള ട്രാക്കും സിനിമയുടെ കഥയ്ക്ക് ആവശ്യമാണെങ്കിലും ആകെ മൊത്തത്തിൽ മുഷിപ്പിക്കുന്നുണ്ട്.എന്നാൽ നേരമ്പോക്കിന് കൊട്ടകയിലെത്തുന്ന സാധാരണ പ്രേക്ഷകരെ സംബന്ധിച്ച് രണ്ടര മണിക്കൂറിൽ പൊകയും തീയും തപ്പിയിറങ്ങലല്ലല്ലോ പ്രധാനം… തമാശ സിനിമകൾക്കുള്ള പഞ്ഞം അതിൻറെ പൂർണ്ണതയിൽ തിരിച്ചറിയാൻ ഇത്തരം പാഴ് പടപ്പുകളാൽ സാധിപ്പിക്കുന്നുമുണ്ട്. സുരേഷ് ഗോപിയുടെ നല്ല പ്രകടനവും ഹരീഷ് കണാരനുമായുള്ള വാട്സ്ആപ്പ് ചളി കോമഡികളും തരക്കേടില്ലാത്ത ആദ്യ പകുതിയും മാത്രം ആസ്വദിക്കാമെങ്കിൽ തിയേറ്ററിൽ കാണാവുന്ന സിനിമയാകുന്നുണ്ട് മേം ഹൂം മൂസ , അതല്ലാത്തവർക്ക് OTTയിൽ പോലും ആസ്വാദ്യകരമാകില്ല എന്നുറപ്പ്.