കേരളത്തിലെ കോൺഗ്രസ്സുകാർ “ധാരാവി ധാരാവി” എന്ന് കേട്ടിട്ടുണ്ടോ?

109

Yahkoob Kizhakoot

കേരളത്തിലെ കോൺഗ്രസ്സുകാർ “ധാരാവി ധാരാവി” എന്ന് കേട്ടിട്ടുണ്ടോ?

ഏഷ്യയിലെ എറ്റവും വലിയ ചേരിയായ മുംബൈയിലെ ധാരാവി കോവിഡ് സാമൂഹ്യ വ്യാപനത്തിന്റെ വക്കിൽ നിന്നും കരകയറി തിരിച്ചുവരികയാണ്. കേരള മോഡൽ കോവിഡ് പ്രതിരോധം വഴിയാണ് ധാരാവി പിടിച്ചുനിന്നതെന്ന് ദേശീയ മാധ്യമങ്ങളും മറാത്താ പത്രങ്ങളും റിപ്പോർട്ട് ചെയ്യുന്നു. Brihanmumbai Municipal Corporation (BMC) ന് കീഴിൽ വരുന്ന ധാരാവിയിൽ പതിനഞ്ചുലക്ഷം ആളുകളാണ് അധിവസിക്കുന്നത്. 1300 ആക്റ്റീവ് കേസുകളും അറുപതോളം മരണങ്ങളുമാണ് ധാരാവിയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ധാരാവിയിലുൾപ്പെടെ മുംബൈ നഗരത്തിലും മഹാരാഷ്ട്രയിലാകെയും കോവിഡ് രോഗം ഭീതി വിതച്ച സാഹചര്യത്തിൽ മേയ് 18 നാണ് സംസ്‌ഥാന ആരോഗ്യമന്ത്രി രാജേഷ് ഭയ്യാ തോപ്പെ കോവിഡ് പ്രതിരോധത്തിലെ കേരള പാഠങ്ങൾ മനസ്സിലാക്കാൻ കേരളത്തിലെ ആരോഗ്യമന്ത്രി കെകെ ഷൈലജ ടീച്ചറെ വീഡിയോ കോൺഫറൻസിങ് വഴി ബന്ധപ്പെടുന്നത്. കേരളം പിന്തുടർന്ന കോവിഡ് പ്രോട്ടോക്കോളും രോഗ പ്രതിരോധ മാർഗ്ഗങ്ങളും ധാരാവിയിൽ നടപ്പിലാക്കാനായിരുന്നു മഹാരാഷ്ട്ര ആരോഗ്യ മന്ത്രി കേരളത്തിന്റെ സഹായം തേടിയത്.

കേരളത്തിൽ നടപ്പിലാക്കിയ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലെ ക്വാറന്റൈൻ രീതികൾ തൊട്ട് കമ്മ്യുണിറ്റി കിച്ചൺ വരെയുള്ള കാര്യങ്ങൾ ഷൈലജ ടീച്ചർ വിശദീകരിച്ചു കൊടുത്തു. മഹാരാഷ്ട്രയിൽ കേരള മോഡൽ കോവിഡ് പ്രതിരോധം തീർക്കാൻ കേരളത്തിൽ നിന്ന് സ്പെഷ്യലിസ്റ്റ് ഡോക്ടർമാരും നഴ്‌സുമാരുമടങ്ങുന്ന 150 അംഗ സംഘത്തെ അയച്ചുതരാനാണ് മഹാരാഷ്ട്ര ആരോഗ്യ മന്ത്രിയും സംസ്‌ഥാനത്തെ കോവിഡ് 19 നോഡൽ ഓഫീസറും സ്റ്റേറ്റ് മെഡിക്കൽ എഡ്യുക്കേഷൻ & റിസേർച് ഡയറക്ടറുമായ ഡോ ടിപി ലഹാണെയും ആവശ്യപ്പെട്ടത്. ഇതിനെ തുടർന്നാണ് കേരളത്തിൽ നിന്നും മെഡിക്കൽ സംഘം മുംബൈക്ക് യാത്ര തിരിച്ചതും തുടർന്നങ്ങോട്ട് അവിടത്തെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചതും.

മഹാരാഷ്ട്ര സർക്കാരിന്റെ അഭ്യർത്ഥന മാനിച്ച് മുംബൈയിലേക്കുപോയ കേരള മെഡിക്കൽ സംഘത്തെ നയിച്ചത് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡെപ്യൂട്ടി സൂപ്രണ്ട് ഡോ: സന്തോഷ്, തിരുവനന്തപുരം SP ഫോർട്ട് ഹോസ്പിറ്റലിലെ ഡോ: സജീഷ് എന്നിവരാണ്. മേയ് മുപ്പതിനാണ് ഇവർ മുംബൈയിൽ എത്തിയത്. സേവന സന്നദ്ധരായ 50 ഡോക്ടർമാരും 100 നഴ്‌സുമാരും അടങ്ങുന്ന ആരോഗ്യ പ്രവർത്തകരുടെ സംഘം ഇവരെ അനുഗമിച്ചു. കോവിഡ് പ്രതിരോധത്തിന് കേരളത്തിൽ ചെയ്തതുപോലെ വ്യക്തമായ പ്രോട്ടോക്കോൾ നടപ്പാക്കുകയാണ് ഇവർ ആദ്യം ചെയ്തത്. തുടർന്ന് Brihanmumbai Municipal Corporation അടിയന്തിരമായി ധാരാവിയിൽ കേരള മോഡൽ കോവിഡ് പ്രതിരോധം നടപ്പിലാക്കാൻ ഔദ്യോഗികമായി തീരുമാനിക്കുകയായിരുന്നു. ധാരാവി ഉൾപ്പെടുന്ന മണ്ഡലത്തിലെ എംഎൽഎയും കോൺഗ്രസ് മന്ത്രിയുമായ വർഷ ഗേയ്ക് വാദ് ധാരാവി ചേരിയിൽ നടപ്പിലാകാൻ പോകുന്ന കേരള മോഡൽ കോവിഡ് പ്രതിരോധത്തെക്കുറിച്ച് മേയ് 18 ലെ ഇന്ത്യൻ എക്സ്പ്രസിൽ സംസാരിക്കുന്നുമുണ്ട്.

ഒരു മാസത്തിനുശേഷം ഇന്നിപ്പോൾ ധാരാവി പതുക്കെ തിരിച്ചുവരികയാണ്. കേരളത്തിൽ അനുഭവത്തിന്റെ വെളിച്ചത്തിൽ ധാരാവിയിലെ രോഗികളുടെ കൃത്യമായ കോൺടാക്റ്റ് ട്രെയ്‌സിംഗ് ഉൾപ്പെടെ നടത്താനായതാണ് രോഗവ്യാപനം പിടിച്ചുകെട്ടാൻ കാരണമായത്. 550 ഏക്കറിൽ പതിനഞ്ചുലക്ഷം ജനങ്ങൾ ഇടതിങ്ങിപ്പാർക്കുന്ന ധാരാവിയിൽ സാമൂഹ്യ വ്യാപനമുണ്ടായാൽ മുംബൈ നഗരമാകെ ശവപ്പറമ്പായേനെ. അതുണ്ടായില്ല. മുംബൈയുടെ മറ്റ് ഭാഗങ്ങൾ ഇപ്പോഴും കോവിഡ് ഭീതിയിൽ തന്നെയാണ്. ധാരാവിയിൽ വിജയകരമായ കേരള മോഡൽ രോഗപ്രതിരോധം മറ്റ് മേഖലകളിലേക്ക് കൂടി വ്യാപിപ്പിക്കാനാണ് ആരോഗ്യ വകുപ്പിന്റെ ആലോചനയെന്നാണ് വാർത്തകൾ.

കോൺഗ്രസ് ഭരിക്കുന്ന മഹാരാഷ്ട്രയിലെ ധാരാവി കോവിഡ് സാമൂഹ്യ വ്യാപനഭീതിയിൽ നിന്നും തിരിച്ചുവന്നത് കേരള മോഡൽ രോഗ പ്രതിരോധത്തിലൂടെയാണ്. സംസ്‌ഥാനത്തെ കോൺഗ്രസ് മന്ത്രി വർഷ ഗേയ്ക് വാദ് അത് സാക്ഷ്യപ്പെടുത്തുന്നുമുണ്ട്. കേരളത്തിന്റെ കോവിഡ് പ്രതിരോധത്തെയും സർക്കാരിനെയും കൊഞ്ഞനം കുത്തുന്ന കോൺഗ്രസ്സുകാർ സമയം കിട്ടുമ്പോൾ പൊരുതുന്ന മഹാരാഷ്ട്രയിലേക്കൊന്ന് നോക്കണം.കേരളമോഡൽ നടപ്പിലാക്കിയ ധാരാവിയെ തൊട്ടറിയാനുള്ള സെൻസുണ്ടാവണം, സെൻസിബിൾ ആകണം

Advertisements