വംശഹത്യയുടെ ഗദ്ഗദം അടക്കിപ്പിടിച്ച ദാറുൽ ഉലൂം മസ്ജിദ് സ്നേഹത്തിന്റെ വിളംബരമായിത്തീരുന്നു

25

Yahya Abdul Bari

വദോധര- വെന്ത മാംസത്തിന്റെ ഗന്ധം അരിച്ചിറങ്ങുന്ന ഇന്ത്യൻ ഫാഷിസത്തിന്റെ ചരിത്രത്തിലെ കറുത്ത താളുകളിൽ നാം വായിച്ച പേരാണത്. ഗുജറാത്ത് കലാപം എന്ന പേരിൽ കുരുക്ഷേത്ര യുദ്ധ ഭീകരർ തിമർത്താടിയ ചരിത്രമുറങ്ങുന്ന മണ്ണ്. ജീവനും മാനവും സമ്പാദ്യങ്ങളും ഒറ്റ നിമിഷം കൊണ്ട് ചാമ്പലായിപ്പോയതിന്റെ ഓർമകൾ അയവിറക്കാൻ ആഗ്രഹിക്കാത്ത മുസ്‌ലിം ന്യൂനപക്ഷങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശം. ബെസ്റ്റ് ബേക്കറി എന്ന ഒറ്റ സംഭവം മതി, കലാപത്തിന്റെ വേദനയൂറുന്ന വദോധരയെക്കുറിച്ച് അറിയാൻ. പിന്നീട് 2006 ലും മറ്റൊരു കലാപത്തിന് ഈ നാട് സാക്ഷിയായി.

കലാപത്തിന്റെ രണ്ട് പതിറ്റാണ്ട് പിന്നിടുമ്പോൾ പുതിയ അധ്യായം കുറിച്ചിടുന്നു വദോധരയിലെ ഇരകളായ മുസ്‌ലിംകൾ. ഗുജറാത്ത് കൊവിഡ് ബാധയുടെ പ്രേതഭൂമിയായി മാറിക്കൊണ്ടിരിക്കുന്നു. നിറഞ്ഞു കവിഞ്ഞ ആതുരാലയങ്ങൾ രോഗികൾക്ക് നേരെ വാതിലടക്കുന്നു. മരിച്ചവരെ കൂട്ടത്തോടെ ചുട്ടെരിക്കുന്നു.ഇവർക്ക് മുന്നിലേക്കാണ്  മസ്ജിദുകൾ ആശ്രയവും അഭയവുമായി മാറുന്നത്. കോവിഡ് ബാധിച്ച നൂറുകണക്കിന് രോഗികൾക്ക് സകല സൗകര്യങ്ങളും ഒരുക്കി ആശുപത്രികളെ വെല്ലുന്ന അത്താണിയായി മാറുന്നത്.

കിടക്കകളും തലയിണകളും വിരിച്ചിരിക്കുന്നു. ഫ്രിഡ്ജും നിറയെ പഴങ്ങളും സജ്ജമാക്കിയിരിക്കുന്നു. കുടിക്കാൻ പാലും കഴിക്കാൻ ബിസ്ക്കറ്റ്റും റെഡി. രോഗികൾ പെരുകുമ്പോൾ അടുത്ത പള്ളികൾ കൂടി ഇവരെ ഉൾക്കൊള്ളാൻ ഒരുങ്ങുന്നു. അതിന് വേണ്ടി പണവും സമയവും ഊർജവും മനസും നൽകാൻ വിശ്വാസികൾ ആവേശം കാണിക്കുന്നു. വംശഹത്യയുടെ ഗദ്ഗദം അടക്കിപ്പിടിച്ച ദാറുൽ ഉലൂം മസ്ജിദ് .തീ പിടിപ്പിക്കുന്ന ഓർമകളെ മറന്ന് സ്നേഹത്തിന്റെ വിളംബരമായിത്തീരുന്ന മിമ്പറും മിഹ്റാബും..

മായാ കൊട്നാനിയുടെയും ബാബു ബജ്റംഗിയുടെയുമൊക്കെ വർഗീയ വിഷബാധയെ അതിജീവിച്ച് മുന്നേറാൻ തയ്യാറായ വദോധരക്കാർക്ക് മുന്നിൽ കോവിഡ് ഒന്നുമല്ലെന്ന് തെളിയിക്കുന്നു ന്യൂനപക്ഷങ്ങൾ. മധുരപ്രതികാരത്തിന് കാലം കാത്തുവെച്ച വിധി പോലെ🔥