ഹിറ്റ്‌ലർ നാസി ഭരണകൂട ഭീരത ഏറ്റുവാങ്ങിയ ജർമനിയുടെ പിന്തലമുറക്കാർക്ക് ഇങ്ങനെയല്ലാതെ മറ്റെങ്ങനെയാണ് ആകാൻ സാധിക്കുക?

0
157

Yama Gilgamesh Rangath

ഹിറ്റ്‌ലർ നാസി ഭരണകൂട ഭീരത ഏറ്റുവാങ്ങിയ ജർമനിയുടെ പിന്തലമുറക്കാർക്ക് ഇങ്ങനെയല്ലാതെ മറ്റെങ്ങനെയാണ് ആകാൻ സാധിക്കുക? അതിർത്തികൾക്കപ്പുറവും വംശീയഭീകരതയുടെ ഇരകളെ അവർക്കു തിരിച്ചറിയാനാവും. നവജിപ്സികളുടെ ലോകത്ത് അതിർത്തികൾ കൊണ്ട് കോട്ടകൾ പണിയാൻ ആഞ്ഞു പരിശ്രമിച്ചുകൊണ്ടിരിക്കുന്ന ഭരണകർത്താക്കളെയും ഭൂരിപക്ഷവംശീയതയുടെ വിഷം പരത്തുന്ന പ്‍സ്യൂഡോ നാഷണലിസ്റ്റുകളെയും ഞെട്ടിച്ചു കൊണ്ട് ഉയർന്നുവരാൻ സാധ്യത ഉള്ള മുന്നേറ്റങ്ങൾക്ക് സാധ്യത കാണുന്നുണ്ട്.

ജിപ്സികൾക്കും വിദ്യാർത്ഥികൾക്കും തെരുതെണ്ടികൾക്കും സഞ്ചാരികൾക്കും മാത്രമേ അതിനുള്ള ആർജ്ജവമുള്ളൂ. കാരണം അവർ അങ്ങനെ തന്നെ ഒരു ജനതയാണ്. രാഷ്ട്രസങ്കൽപ്പനങ്ങൾക്ക് പുറത്ത് നിൽക്കുന്നവർ. ഭൂപടത്തിൽ വരയ്ക്കുന്ന വരകളൊന്നും ഭൂതലത്തിൽ കണ്ടെത്തുന്നില്ലെന്ന് അവർ ലോകത്തോട് വിളിച്ചു പറയും. നിങ്ങളുടെ രാജ്യാതിർത്തിയിലുള്ള നീണ്ട വര ആർത്തുലഞ്ഞ് ഒഴുകുന്ന ഒരു പുഴയാണെന്നും അതിനുള്ളിലും പുറത്തും ജീവജന്തുജാലങ്ങൾ ജീവിച്ചു പോരുന്നു എന്നും അവർക്കു സംവദിക്കാൻ അവരുടേതായ ഭാഷ ഉണ്ടെന്നും അവർ സാക്ഷ്യം പറയും.

ആഫ്രിക്കയിൽ നിന്നും രണ്ടുകാലിൽ നടന്നു തുടങ്ങിയ ശരണാർത്തരായ പുരാതന മനുഷ്യരുടെ ആധുനികപ്പതിപ്പ് മാത്രമാണ് തങ്ങളെന്ന് അവർ വിളിച്ചു പറയുന്പോൾ അവരുടെ വായ തുന്നിക്കെട്ടുന്ന കെട്ട കൈകളുടെ പരുപരുപ്പ് നമ്മൾ തിരിച്ചറിയാതെ പോകരുത്. ഒരു സഞ്ചാരിയായില്ലെങ്കിലും വഴിയിലൂടെ ഒരു ജിപ്സിയോ സഞ്ചാരിയോ പോകുന്നതുകണ്ടാൽ നിങ്ങളുടെ അങ്കലാപ്പ് ഒരു ചിരിയിലൂടെ സംവദിക്കുകയെങ്കിലും വേണം. അത്രയെങ്കിലും വേണം.