ഒരുകാലത്തു ഇന്ത്യൻ സിനിമയുടെ അഭിമാനമായിരുന്നു ബോളിവുഡ് സിനിമകൾ. ഇന്ത്യയിലും ആഗോളതലത്തിലും ബോളിവുഡ് ചിത്രങ്ങൾ കൈവരിച്ച വിജയം സമാനതകൾ ഇല്ലാത്തതാണ്. എന്നാൽ പഴയ പ്രതാപം നഷ്ടപ്പെട്ട് കരകയറാൻ ആകാതെ വിഷമിക്കുകയാണ് ബോളിവുഡ് ഇൻഡസ്ട്രി. ഇപ്പോൾ തെന്നിന്ത്യൻ സിനിമകളെയാണ് നോർത്തിന്ത്യൻസ് ആഘോഷിക്കുന്നത്. ഇപ്പോഴിതാ ഈ വിഷയത്തെ കുറിച്ച് അഭിപ്രായം പറയുകയാണ് നടൻ യാഷ്. .തെന്നിന്ത്യൻ സിനിമകളെ നോർത്തിന്ത്യൻ പ്രേക്ഷകർ കളിയാക്കിയിരുന്ന കാലം ഉണ്ടായിരുന്നുവെന്നും എസ്.എസ് രാജമൗലിയുടെ ബാഹുബലിക്ക് ശേഷമാണ് അത് മാറിയതെന്നും യഷ് പറയുന്നു. ഇന്ത്യ ടുഡെ കോണ്‍ക്ലേവില്‍ സംസാരിക്കവെ ആയിരുന്നു യാഷിന്റെ പ്രതികരണം. അദ്ദേഹത്തിന്റെ വാക്കുകൾ
“10 വര്‍ഷം മുന്‍പ് ഡബ്ബ് ചെയ്ത സിനിമകള്‍ നോര്‍ത്ത് ഇന്ത്യയില്‍ വളരെയധികം ജനപ്രീതി നേടാന്‍ തുടങ്ങി. പക്ഷെ, തുടക്കത്തില്‍ ഈ സിനിമകളെ വ്യത്യസ്ത അഭിപ്രായങ്ങളോടെയാണ് നോര്‍ത്ത് ഇന്ത്യന്‍ പ്രേക്ഷകര്‍ കണ്ടത്. തെന്നിന്ത്യൻ സിനിമകളെ അവര്‍ കളിയാക്കി. എന്ത് ആക്ഷനാണിത്, എല്ലാം പറക്കുന്നു എന്നൊക്കെ പറഞ്ഞു. എന്നാല്‍ പിന്നീട് അവര്‍ അതില്‍ കുടുങ്ങി. ഒടുവില്‍ തെന്നിന്ത്യന്‍ സിനിമകളെ അവര്‍ മനസിലാക്കാന്‍ തുടങ്ങി. ഞങ്ങളുടെ സിനിമകള്‍ ഏറ്റവും കുറഞ്ഞ വിലയില്‍ വില്‍ക്കുകയും നിലവാരം കുറഞ്ഞ ഡബ്ബിങ് ചെയ്യുകയും തമാശ നിറഞ്ഞ പേരുകളാല്‍ അവതരിപ്പിക്കുകയും ചെയ്തു. പിന്നീട് ഞങ്ങളുടെ ഡബ്ബ് ചെയ്ത സിനിമകള്‍ ആളുകള്‍ക്ക് പരിചിതമാകാന്‍ തുടങ്ങി. അതിന് വേണ്ടി ഏറെ നാളായി ഞങ്ങള്‍ കാത്തിരിക്കുകയായിരുന്നു. തെന്നിന്ത്യൻ സിനിമകൾ അവർ ഏറ്റെടുക്കാൻ തുടങ്ങിയതിന് കാരണം എസ് എസ് രാജമൗലി സാറാണ്. നിങ്ങള്‍ക്ക് ഒരു പാറ പൊട്ടിക്കേണ്ടി വന്നാല്‍ അതിന് നിരന്തരമായ പരിശ്രമം ആവശ്യമാണ്. ‘ബാഹുബലി’ അത് ചെയ്തു. കെജിഎഫ് മറ്റൊരു ഉദ്ദേശത്തോടെയാണ് നിര്‍മിച്ചത്. അത് ഭയപ്പെടുത്താനല്ല, മറിച്ച് പ്രചോദനമാവുക എന്നതായിരുന്നു ഉദ്ദേശം. ആളുകള്‍ നിലവില്‍ തെന്നിന്ത്യൻ സിനിമയെ ശ്രദ്ധിക്കാന്‍ തുടങ്ങിയിരിക്കുന്നു”- യാഷ് പറഞ്ഞു