യേശുദാസിന്റെ ശബ്ദവും ചില നടന്മാരും
Shaju Surendran
യേശുദാസിന്റെ ശബ്ദത്തിന്റെ ഏറ്റവും വലിയ പ്രത്യേകത എന്തെന്നാൽ അദ്ദേഹം ആലപിച്ച ഗാനങ്ങൾ പാടി അഭിനയിച്ച 90% നടന്മാർക്കും, തിരശ്ശീലയിൽ ആ ശബ്ദം യോജിച്ചതായി തോന്നും എന്നതാണ്. പ്രേം നസീറും, സത്യനും, മുതൽ പൃഥ്വിരാജും, ഫഹദ് ഫാസിലും, എന്തിന് ബാബു ആൻറണി വരെ ഉൾപ്പെടുന്ന നായക നടന്മാർക്ക് വേണ്ടി ആ ശബ്ദം ഉപയോഗിക്കപ്പെട്ടപ്പൊഴൊക്കെ പാടുന്ന ശബ്ദം ആ നടന്റെത്/കഥാപാത്രത്തിന്റെതല്ല എന്ന് പ്രേക്ഷകന് തോന്നുകയേ ഇല്ല. ജോസ് പ്രകാശിനെ ഒക്കെ പോലുള്ള വളരെ പ്രശസ്തരായ മറ്റുള്ള നടന്മാർക്ക് വേണ്ടിയും, അധികം പ്രശസ്തരല്ലാത്ത നടന്മാർക്ക് വേണ്ടിയുമൊക്കെ പലപ്പോഴായി പാടിയപ്പോഴും ആ ശബ്ദവുമായി ഒരു “ചേർച്ചക്കുറവ്” ഒരിക്കലും തോന്നിയിട്ടില്ല.
എന്നാൽ ഇതിനൊരു അപവാദമായി നിൽക്കുന്ന ചില സംഭവങ്ങളുണ്ട്. യേശുദാസിന്റെ ശബ്ദത്തിൽ ചില നടന്മാർ ഗാനരംഗം അഭിനയിക്കുമ്പോൾ മോരും – മുതിരയും അല്ലെങ്കിൽ അലുവയും – മീൻകറിയുമൊക്കെ പോലെ വല്ലാത്ത ചേർച്ചക്കുറവ് നമുക്ക് ഫീൽ ചെയ്യും. പ്രേക്ഷക മനസ്സിൽ പതിഞ്ഞു പോയ ആ നടന്മാരുടെ രൂപവും, യഥാർത്ഥ ശബ്ദവും, യേശുദാസിന്റെ ശബ്ദവുമായി ഒരു രീതിയിലും ബന്ധപ്പെടുത്താൻ കഴിയില്ല എന്നത് തന്നെയാണ് കാരണം.
അത്തരം ചില ഗാന രംഗങ്ങൾ (അതാത് ഗാനങ്ങളുടെ ലിങ്ക് ചേർത്തിട്ടുണ്ട്):
ശങ്കരാടി (സത്യവാൻ സാവിത്രി):
ശങ്കരാടി എന്ന് കേൾക്കുമ്പോൾ തന്നെ രണ്ട് വിരലുകളും കൊണ്ട് മൂക്കടച്ച് പിടിച്ച് “ദേ ഇങ്ങട് നോക്കിയേ….” എന്നൊക്കെ പറയുന്ന ആ ഒരു ശബ്ദമാണ് മനസ്സിൽ വരുന്നത്. അദ്ദേഹം സത്യവാൻ സാവിത്രി എന്ന ചിത്രത്തിലെ ഒരു ഗാനരംഗത്തിൽ ഒരു സെമി ക്ലാസ്സിക്കൽ ഗാനം ദാസേട്ടന്റെ ശബ്ദത്തിൽ പാടി അഭിനയിക്കുന്നുണ്ട് (VIDEO TIME 14:18) . സംഭവം ഒട്ടും അങ്ങോട്ട് ഉൾക്കൊള്ളാൻ കഴിയില്ല. “രാഗ സാഗരമേ…” എന്ന മനോഹര ഗാനം പുള്ളി തകർത്ത് പാടി അഭിനയിക്കുന്നുണ്ട് പക്ഷേ പിന്നണിയിൽ ദാസേട്ടന്റെ ശബ്ദം ടേപ്പ് റെക്കോർഡറിൽ ഇട്ട് ചുണ്ടനക്കും പോലെ തോന്നും.
തിലകൻ (സരോവരം):
നല്ല പരുപരുക്കൻ ശബ്ദമാണ് തിലകൻ ചേട്ടന്റെ ഏറ്റവും വലിയ പ്രത്യകതകളിൽ ഒന്ന്. ആ ശബ്ദത്തിൽ ഒന്ന് വിരട്ടിയാൽ ആരും ഒന്ന് വിറയ്ക്കും. ആ തിലകൻ ചേട്ടനും പാടി യേശുദാസിന്റെ ശബ്ദത്തിൽ ഒരു ക്ലാസ്സിക്കൽ ഗാനം “ഓംകാര ഗംഗാ തരംഗം..” ചിത്രം സരോവരം. സിനിമയുടെ ടൈറ്റിൽ കാർഡിൽ വരുന്ന ഗാനമാണ് അത്. ടൈറ്റിൽ കഴിഞ്ഞ് തിലകൻ പാടുന്നതായി കാണിച്ചാണ് പടം തുടങ്ങുന്നത്. ആ രംഗം കാണുമ്പോ അത് വേണ്ടായിരുന്നു എന്ന് തോന്നിപ്പോകും.
എന്നാൽ മൈ ഡിയർ മുത്തച്ഛനിൽ അദ്ദേഹത്തിന് വേണ്ടി C. O അന്റോ “ചെപ്പടിക്കാരനല്ല… അല്ലല്ല…” എന്ന ഗാനം പാടിയത് കേട്ടാൽ തിലകൻ തന്നെയാണോ അത് പാടിയത് എന്ന് തോന്നിപ്പോകും. അത്രത്തോളം ആപ്റ്റ് ആയിരുന്നു.
M.S തൃപ്പൂണിത്തുറ (ദാദ):
വെങ്കിട രാമ അയ്യർ എന്ന M.S തൃപ്പൂണിത്തുറയെക്കുറിച്ച് ഓർക്കുമ്പോൾ ആദ്യം മനസ്സിൽ വരുന്നത് പാറയിൽ ചിരട്ട ഉരച്ചത് പോലുള്ള ആ ശബ്ദമാണ്. ദാദ എന്ന സിനിമയിൽ ഒരു ഗായകന്റെ വേഷമാണ് അദ്ദേഹത്തിന്. ആ സിനിമയിൽ അദ്ദേഹത്തിന്റെ കഥാപാത്രത്തിന് മറ്റൊരു ശബ്ദമാണ് ഉപയോഗിച്ചിരിക്കുന്നത് എങ്കിൽക്കൂടി
“മുഗ്ദ ഹാസം…” എന്ന് തുടങ്ങുന്ന ഗാനം ദാസേട്ടന്റെ ശബ്ദത്തിൽ അദ്ദേഹം അഭിനയിക്കുന്നത് കാണുമ്പോൾ തീരെ അങ്ങോട്ട് ദഹിക്കില്ല.
[46:14] – മുതൽ കാണുക.
ചേർച്ചയില്ലായ്മ തോന്നുന്ന ധാരാളം നടൻ – ഗായകൻ കോമ്പോകൾ വേറെയുമുണ്ട്. എന്നാൽ മിക്ക നടന്മാരുമായും ചേർച്ചക്കുറവ് തോന്നാത്ത യേശുദാസിന്റെ ശബ്ദം “തീരെ” ചേരാത്ത ചില സംഭവങ്ങൾ പറഞ്ഞു എന്നേയുള്ളൂ.വേറെയുമുണ്ട് ഇതുപോലത്തെ ചേർച്ചയില്ല്ലത്ത ദാസേട്ടൻ – നടൻ ഗാനരംഗങ്ങൾ. ഓർമ്മയിൽ വരുന്നവ കമന്റായി രേഖപ്പെടുത്തുക.