യോഗി – ചെറുകഥ

0
542

”നീ എന്താ ഒന്നും പറയാത്തത്.. അയാൾ സംഭവമല്ലേ..? സ്നേഹയെ എനിക്ക് തിരിച്ചു കിട്ടുമെന്ന് അയാൾ ഉറപ്പിച്ചു പറഞ്ഞില്ലേ..?”

അജിത് വല്ലാത്ത ആരാധനയോടെ പറയുന്നത് കേട്ട് മാധവ് ഒന്ന് നോക്കി. പിന്നെ  മസാല ദോശ നന്നായി ചട്ണി യിൽ തൊട്ടു വായിലേക്കിട്ടു.. ആസ്വദിച്ച് ചവച്ചു.

” നല്ല ദോശ..”

ആ കമന്റ് അജിത്തിന് തീരെ ഇഷ്ടമായില്ല..

” കോപ്പ്.. മനുഷ്യൻ ഒരു കാര്യം പറഞ്ഞിട്ട് നിനക്കെന്താ തീരെ മൈൻഡ്..”

” മൈൻഡ് ഒക്കെ ഉണ്ട്.. നാല്പതു ദിവസം അഗ്നിയിൽ ഇടാൻ പൂവിതൾ, ഫോട്ടോ നോക്കി ജപിക്കാൻ മന്ത്രം..ഒടുക്കത്തെ ലിസ്റ്റല്ലേ ചങ്ങാതി തന്നത്.. ചന്ദനം, കറുത്ത കോഴിയുടെ രക്തം..പതിനായിരം കൊടുത്തതിനു ഗുണമുണ്ട്..”

അജിത്തിന് അത് തീരെ പിടിച്ചില്ല.. മസാല ദോശ കഴിച്ചു കഴിഞ്ഞതും ഇരുവരും പുറത്തേയ്ക്കിറങ്ങി..കാർ സ്റ്റാർട്ട് ആക്കവേ അജിത്തിനോട് മാധവ് ചോദിച്ചു.

” ഇനി ഏതു ജ്യോത്സനാണ്? മന്ത്രവാദിയാണ്.. തങ്ങളാണ്..? ”

അജിത് ദേഷ്യത്തോടെ ഒന്നും മിണ്ടാതെ ഇരുന്നു..കാർ നീങ്ങവേ മാധവ് സ്വയം എന്ന പോലെ സംസാരിച്ചു..

” ഒരു പെണ്ണിനെ പ്രേമിക്കുക.. അവൾ  തേച്ചിട്ടു പോവുക.. എന്നിട്ടും അവളുടെ പുറകെ മണപ്പിച്ചു നടക്കുക.. ഇപ്പൊ അവളെ തിരികെ കിട്ടാൻ വേണ്ടി മന്ത്രവാദവും..”

അവർ അടുത്ത ഒരു കേന്ദ്രത്തിലെത്തി. അവിടെ ഒരു അത്ഭുത സ്ത്രീ ഉണ്ട്. ഇഷ്ടം പോലെ ആളുകൾ അവരെ കാണാൻ ക്യൂ നിൽക്കുന്നു. മുൻ കൂട്ടി ബുക്ക് ചെയ്തതിനാൽ അനുമതി ലഭിച്ചു. അജിത്ത് ഏറെ നിർബ്ബന്ധിച്ചിട്ടും മാധവ് കൂടെ പോയില്ല.. കാര്യമൊക്കെ പറഞ്ഞു കാണിക്കയായി പതിനായിരം നൽകി അജിത്ത് പുറത്തേയ്ക്കു വന്നു. മാധവ് അങ്ങകലെ ഒരു സ്ത്രീയുമായി സംസാരിച്ചു  നിൽക്കുന്നത് കണ്ടു.. അത് കാണുന്ന ആളുകളിൽ ചിലർക്ക് കള്ളച്ചിരി..

അജിത്തിനെ കണ്ട മാധവ് ആ സ്ത്രീയോട് യാത്ര പറഞ്ഞു പിന്നെ അജിത്തിനടുത്തേയ്ക്കു വന്നു ചോദിച്ചു.

” നിന്റെ കയ്യിലെത്ര കാശുണ്ട്..?”

” പതിനായിരം കാണും..”

” അതാ സ്ത്രീക്ക് കൊടുക്കാമോ..?”

” ആ വേശ്യയ്‌ക്കോ ..ആളുകൾ നിന്നെ നോക്കി ചിരിക്കുന്നത് കാണുന്നില്ലേ..”

”നിന്റെ കയ്യിൽ കാശുണ്ടോ..?”

മാധവിന്റെ സ്വരം കഠിനമായി..

” ആയിരം  വേണേൽ തരാം..”

അജിത്തിനെ അൽപ നേരം നോക്കി നിന്ന മാധവ് അതും വാങ്ങി മാധവ് നേരെ ആ സ്ത്രീക്ക് നൽകിയിട്ടു വന്നു..

കാറിൽ വെച്ചാണ് അജിത് ചോദിച്ചത്..

” നിന്റെ കാശൊക്കെ..?”

” ബാക്കിയുണ്ടായിരുന്നത് ആ ശ്‌മശാന സൂക്ഷിപ്പുകാരന് നൽകി..”

” ആ മുടന്തനോ..?”

” ഉം..”

” ചുമ്മാതല്ല സകലരും ബിസിനസിൽ പണി തന്നു പോയത്.. നീ ആരെടാ.. ശ്രീ ബുദ്ധനോ , യേശുവോ, നബിയോ..?”

മാധവ് ഒന്ന് പുഞ്ചിരിച്ചു..പിന്നെ പറഞ്ഞു.

” വലിയ ചോദ്യങ്ങൾ വിടൂ മകനെ.. അടുത്ത ലക്‌ഷ്യം ഏതെന്നു അങ്ങ് മൊഴിഞ്ഞാലും.. വണ്ടി നോം അങ്ങോട്ട് തിരിക്കാം..”

അവസാന കേന്ദ്രം ഒരു ആശ്രമമായിരുന്നു..വെള്ള വസ്ത്രം ധരിച്ച യോഗി നിത്യ ചൈതന്യയുടെ ആശ്രമം. അജിത്തിന്റെ ആയിരം രൂപയുടെ സഹായം കാരണമാവാം, ഇപ്രാവശ്യം അജിത്തിനൊപ്പം മാധവും അകത്തേയ്ക്കു ചെന്നു..

” അല്പം കാത്തിരിക്കണം.. ഗുരു അകത്ത് തന്റെ പിൻഗാമിയെ തിരഞ്ഞെടുക്കുകയാണ്.. ” ഒരാൾ അറിയിച്ചു.

അകത്തെ മുറിയിൽ യോഗി ധ്യാനത്തിൽ നിന്നും കണ്ണ് തുറന്നു..തന്റെ മുന്നിൽ ഇരിക്കുന്ന ശിഷ്യരെ നോക്കി.. അവർ അമ്പതോളം പേരുണ്ടായിരുന്നു.. വെള്ള വസ്ത്രധാരികൾ.. യോഗി പ്രതീക്ഷയോടെ മുന്നിലെ പ്രിയ ശിഷ്യരിലേയ്ക്ക് നോക്കി.. ഒരു ചെറിയ പ്രകാശം ആരുടെ തലയുടെ മുകളിലാണ് നിൽക്കുന്നതെന്ന് കാണാൻ.. യോഗിക്കു മാത്രമേ അത് കാണാനാവൂ..ആരിലും അത് കണ്ടില്ല.. യോഗിക്കു നിരാശയായി..

അജിത്തിനും മാധവിനും അനുമതി കിട്ടി..ഇരുവരേയും ഒന്ന് നോക്കിയ ശേഷം യോഗി പറഞ്ഞു.

” ആർക്കാ പ്രശ്‌നം..?”

” അത് അങ്ങേയ്ക്കു കണ്ടു പിടിച്ചു കൂടെ..? മാന്ത്രികൻ അല്ലെ..?”

മാധവിന്റെ ചോദ്യം കേട്ട് യോഗി ചിരിച്ചു.

” ഞാൻ മാന്ത്രികനല്ല..ദൈവത്തിൽ വിശ്വസിക്കുന്നു..ദൈവം അറിയിച്ചു തരുന്നത് ഞാൻ അറിയുന്നു എന്ന് മാത്രം..”

” ആയിക്കോട്ടെ, ദൈവം അറിയിച്ചു തരുന്നത് ഒന്ന് പറഞ്ഞു നോക്കൂ..”

യോഗി വീണ്ടും ചിരിച്ചു.. പിന്നെ മാധവിനെ അൽപ നേരം നോക്കി നിന്നു.. പിന്നെ മെല്ലെ പറഞ്ഞു.

” ഇയാളുടെ മനസ്സിൽ എന്തോ കുറെ ചിന്തകളുണ്ട്.. സുഹൃത്തിന്റെ മനസ്സിൽ സ്ത്രീ ദു:ഖവും..”

അത് കേട്ടതും അജിത്തിന്റെ കൺട്രോൾ പോയി.. ഉടനെ എല്ലാം കയറി പറഞ്ഞു. സ്നേഹയെ കണ്ടത് ,  ചോക്ലേറ്റ് വാങ്ങി കൊടുത്തത്  , മുതൽ തേച്ചിട്ടു പോയത് വരെ..

എല്ലാം കേട്ട യോഗി പറഞ്ഞു

” ആ പെൺ കുട്ടി ഇനി നിങ്ങൾക്ക് വേണ്ട. അവൾ നിങ്ങളുടെ ജീവിതം നശിപ്പിക്കും.. പകരം ഒരു പെൺ കുട്ടി വരും..നിങ്ങളുടെ എല്ലാ വിഷമവും അതോടെ തീരും..”

അത് കേട്ടതും അജിത്തിന് സന്തോഷമായി..മാധവിന്റെ മുഖത്ത് നിസ്സാരം ഭാവം കണ്ട യോഗി ചോദിച്ചു..

” ഈശ്വര  വിശ്വാസം  കുറവാണല്ലേ..?”

” കുറവൊന്നുമില്ല.. എങ്കിലും ചില പരിഭവങ്ങൾ ഉണ്ട്..”

” എന്താണ് പരിഭവങ്ങൾ..? ” പുഞ്ചിരിയോടെയാണ് യോഗി നിത്യ ചൈതന്യ ചോദിച്ചത്..

” അല്പം നന്മ ഉള്ളവർക്ക് ജീവിക്കാൻ പോലും പ്രയാസം. അക്രമം, അനീതി, തർക്കം, ഉടായിപ്പ്, മന്ത്രം,കൂടോത്രം..സകലരും തങ്ങളാൽ കഴിയുന്ന വിധത്തിൽ ലോകത്ത് നാശം കൊണ്ട് വരുന്നു.. ദൈവമാകട്ടെ നിശബ്ദനും..”

യോഗി തലകുലുക്കി. മാധവ് തുടർന്നു.

” അക്രമം ചെയ്യുന്നവർക്ക് എല്ലാവിധ അവസരങ്ങളും ദൈവം നൽകുന്നു.. അതിന്റെ കോടിയിലൊന്ന് അവസരം പോലും  നന്മ ചെയ്യുന്നവർക്ക് ദൈവം കൊടുക്കുന്നുമില്ല..ഇവനില്ലേ ഈ അജിത്.. ഇരുപത്തയ്യായിരം രൂപയാണ് ഒറ്റ  ദിവസം കൊണ്ട് ജ്യോൽസ്യന്മാർക്കു വേണ്ടി പൊടിച്ചത്..പക്ഷെ ഒരു സ്ത്രീക്ക് അല്പം കാശ് കൊടുക്കാൻ പറഞ്ഞപ്പോ ഇവന് മടി.. നിങ്ങളെ പോലുള്ളവർ ഇവരെ പോലുള്ളവരെയാണ് സൃഷ്ടിക്കുന്നത്..”

” അതൊരു വേശ്യാസ്ത്രീ ആയിരുന്നു.. എയിഡ്സ് രോഗി..”
അജിത് ന്യായീകരിച്ചു..

” അവർ നല്ല കുടുംബത്തിലെ സ്ത്രീയായിരുന്നു.. ഏതോ നല്ല ഒരച്ഛന്റെയും അമ്മയുടെയും മകൾ.. ആൾക്കാര് വഞ്ചിച്ചാൽ അതവരുടെ കുറ്റമാകുമോ..? ശരീരം നുറുങ്ങുന്ന വേദന ഉണ്ടെന്നാ അവര് പറഞ്ഞത്..”

മാധവിന്റെ ശബ്ദം ഇടറുന്നത് യോഗി ശ്രദ്ധിച്ചു..

അൽപ നേരം സംസാരിച്ച ശേഷം അജിത്തും, മാധവും അവിടെ നിന്നും ഇറങ്ങി. യോഗി സംഭാവന സ്വീകരിച്ചില്ല.. അത് മാധവിനെ ഭയന്നാണെന്നു അജിത്തിനും തോന്നി.. ഇരുവരും കണ്ണിൽ നിന്നും മറയും വരെ യോഗി നോക്കി നിന്നു.. അയാളുടെ മുഖത്ത് ഒരേ സമയം അത്ഭുതവും, ആനന്ദവും നിറഞ്ഞു..

ഇരുവരും കാറിൽ കയറി..

” അവൾ ആരായിരിക്കും മാധവ്.. എന്റെ ജീവിതത്തിൽ വരുന്ന സുന്ദരി..?”

” അതാ യോഗി ഒരു നമ്പർ ഇട്ടതല്ലേ.. ഒരു പെണ്ണ് എന്തായാലും വരില്ലേ..”
എന്ന് പറയാനാണ് അവനു തോന്നിയത്. പക്ഷെ ഒന്നും പറഞ്ഞില്ല.. മൗനം പലപ്പോഴും വളരെ നല്ലതാണെന്നു അവനു തോന്നിയിട്ടുണ്ട്.

കാർ തിരിക്കവേ മാധവ് അകലെ ഒരു കുന്നിനു മുകളിൽ ഒരു ഗുഹ കണ്ടു.

” അവിടെയൊന്നും പോയാലോ..?”

” നീ ഒന്ന് വണ്ടി വിട്ടേ..”

വണ്ടി നീങ്ങവേ മാധവ് ആ കുന്നും ഗുഹയും വീണ്ടും നോക്കി..ഒരിക്കൽ കൂടി ഇവിടേയ്ക്ക് വരണം.. ഒറ്റയ്ക്ക്.. ആരും ഇല്ലാതെ  ആ ഗുഹയിൽ ഒന്ന് ചെല്ലണം.. അൽപ നേരം ഇരിക്കണം..മാധവ് ഉറപ്പിച്ചു…കാർ നീങ്ങി..

അന്ന്  രാത്രി തന്റെ വീടിന്റെ മട്ടുപ്പാവിൽ നിന്ന് പൂർണ്ണ ചന്ദ്രനെ നോക്കി നിൽക്കുകയായിരുന്നു യോഗി. പുറകിൽ യോഗിയുടെ പ്രിയ ശിഷ്യൻ സന്ദീപാനന്ദ വന്നു നിന്നു..യോഗി തന്റെ പ്രിയ ശിഷ്യനെ നോക്കി.

” നീ എന്റെ പിൻഗാമി ആകുമെന്നായിരുന്നു എന്റെ പ്രതീക്ഷ.. പക്ഷെ നിന്നിൽ ഇന്ന് ഞാനാ പ്രകാശം കണ്ടില്ല..നിന്റെ മനസ്സ് എന്തിലോ വീണു പോയിട്ടുണ്ട്..”

” ഗുരോ, എന്നോട് ക്ഷമിച്ചാലും, ഞാൻ ചില തർക്ക സദസ്സുകളിൽ അങ്ങറിയാതെ പങ്കെടുത്തു.. ആ തർക്കം കാരണം എന്റെ മനസ്സ് അസ്വസ്ഥമാണ്..”

” തർക്കം എന്തിനു കുഞ്ഞേ..? തർക്കിച്ചാലും, ക്ഷോഭിച്ചാലും,എല്ലാം അത് ആദ്യം നശിപ്പിക്കുന്നത് നിന്റെ ശരീരത്തെയും, മനസ്സിനേയുമാണ്.. ആരും , ഒന്നും ഇവിടെ ശാശ്വതമല്ല.. ഈ ലോകം നിയന്ത്രിക്കുന്നത് നീയോ ഞാനോ അല്ല.. ആ മഹാ ശക്തി നമ്മുടെ എന്തെല്ലാം കണ്ടിട്ടും ക്ഷമിച്ചു നിൽക്കുന്നില്ലേ.. ആ ശക്തി നമ്മിലേക്ക്‌ വരണമെങ്കിൽ, നാം ആദ്യം ആ ശക്തിയെ അനുകരിക്കണം..മൗനം , കാരുണ്യം , നിരീക്ഷണം..”

സന്ദീപ് തലകുലുക്കി..

” നിനക്കറിയുമോ ? ഒരിക്കൽ ചിന്തകളുടെ വേലിയേറ്റത്തിൽ മനുഷ്യ സ്നേഹം മൂത്തു ഭ്രാന്തായി ഞാൻ അലഞ്ഞു നടന്നു.. ഒരുപാട് കരഞ്ഞു.. സ്നേഹമായിരുന്നു എനിക്ക് എല്ലാവരോടും.. അപ്പോൾ ഒരിടം എന്നെ മാടി  വിളിക്കുന്നതായി എനിക്ക് തോന്നി ആ ഇടത്തു ഞാൻ കുറെ നാൾ ഏകനായി ഇരുന്നു.. നിങ്ങൾ ഇന്ന് കാണുന്ന ഈ യോഗിയിലേക്കുള്ള തുടക്കം അവിടെ നിന്നാണ്..”

യോഗി ഒന്ന് നിർത്തി..പിന്നെ ശാന്തതയോടെ പറഞ്ഞു.

” എനിക്കിനി അധികം സമയമില്ല..എന്റെ കാല ശേഷം നിങ്ങൾ അവിടെ ഇടയ്ക്കിടെ പോയി നോക്കണം. അവിടെ ധ്യാന നിമഗ്നനായി ഇരിക്കുന്നുണ്ടാകും നിങ്ങളുടെ അടുത്ത ഗുരു..

” ഗുരോ, ആ ഇടം അതേതാണ്..?”

യോഗി അകലേക്ക്‌ കൈ ചൂണ്ടി..

” ആ കാണുന്ന കുന്നിൽ ഒരു ഗുഹയുണ്ട്.. അതാണ് ആ ഇടം..”