ഒരു കോളേജ് ഡിഗ്രിയില്ലെങ്കിലും ജീവിതത്തില്‍ നിങ്ങള്‍ക്ക് വിജയിക്കാനാകും.!

654

Student

വിദ്യാഭ്യാസം എല്ലാത്തിനും ഒരു അടിസ്ഥാന യോഗ്യതയാണ് അല്ലെ ? കൈയ്യില്‍ ഡിഗ്രിയുണ്ടെങ്കിലെ എവിടെ ചെന്നാലും നമുക്ക് വിലയുള്ളൂവെന്ന് ചുരുക്കം. എന്ത് വില കൊടുത്തും ഈ ഡിഗ്രികള്‍ വാങ്ങി കൂട്ടാന്‍ ചിലര്‍ ഓടും, ചിലര്‍ക്ക് വിവിധ കാരണങ്ങള്‍ കൊണ്ട് ഇതിന് ഒന്നും സാധിക്കാന്‍ പോവുകയും ചെയ്യുന്നു.

ഈ ഡിഗ്രികള്‍ ഒന്നും ഇല്ലാത്ത പാവം മനുഷ്യര്‍ എന്ത് ചെയ്യും ? അവര്‍ എങ്ങനെ ജീവിക്കുന്നു ? അവര്‍ക്ക് ജീവിതത്തില്‍ എങ്ങനെ വിജയിക്കാം ?

എഡിസണില്‍ തുടങ്ങി സ്റ്റീവ് ജോബ്സ്, ബില്‍ ഗേറ്റ്സ്, എന്തിനു നമ്മുടെ ഫേസ്ബുക്ക് മുതലാളി മാര്‍ക്ക്‌ സൂക്കര്‍ബര്‍ഗിനു പോലും ഒരു കോളേജ് ഡിഗ്രിയില്ല, എന്നിട്ടും അവര്‍ വിജയിച്ചില്ലേ, അവരെ ലോകം അറിഞ്ഞില്ലേ? ആദരിച്ചില്ലേ ? അതാണ്‌ പറയുന്നത് പഠിച്ചു നേടുന്ന ഒരു കോളേജ് ഡിഗ്രിയിലല്ല ജീവിത വിജയം ഒളിഞ്ഞു കിടക്കുന്നതെന്ന്.!

കരിയര്‍ബില്‍ഡര്‍ എന്ന മാഗസീന്‍ നടത്തിയ സര്‍വേ പ്രകാരം കഴിഞ്ഞ വര്‍ഷം ഡിഗ്രി പൂര്‍ത്തിയാക്കിയ 51% വ്യക്തികളും ഒരു ഡിഗ്രിയുടെ ആവശ്യമില്ലാത്ത ജോലികളാണ് ചെയ്യുന്നത്.!

ഒരു കോളേജ് ഡിഗ്രിയില്ലെങ്കിലും നിങ്ങള്‍ക്ക് വിജയിക്കാം…എങ്ങനെയെന്നല്ലേ ?

നിങ്ങള്‍ സ്വയം നേടുന്ന അറിവ്, നിങ്ങളെ ജീവിതം പഠിപ്പിക്കുന്ന പാഠങ്ങള്‍, അനുഭവങ്ങള്‍, ഇത് എല്ലാം കൂടി ചേരുമ്പോള്‍ നിങ്ങള്‍ ജീവിതം തിരിച്ചറിഞ്ഞു തുടങ്ങും തളരാതെ മുന്നോട്ട് പോകാനും പോരാടാനും നിങ്ങളെ പഠിപ്പിക്കുക നിങ്ങളുടെ ജീവിതം തന്നെയായിരിക്കും.

പിന്നെ ഇപ്പോഴത്തെ ന്യൂജനറേഷന്‍ ലോകത്ത് എല്ലാം പറഞ്ഞു തരാന്‍ ഗൂഗിള്‍ ഇല്ലേ ? എന്ത് സംശയവും ഏത് സമയത്തും കൃത്യമായും വ്യക്തമായും എവിടെ വച്ചും ഗൂഗിള്‍ അങ്കിള്‍ പറഞ്ഞു തരും, പിന്നെ എന്തിന് വേറൊരു ക്ലാസ് റൂം ?

നിങ്ങളുടെ അനുഭവ സമ്പത്ത്‌ തന്നെയാണ് നിങ്ങള്‍ നേടുന്ന ഏറ്റുവും വലിയ അറിവുകള്‍. കാരണം നിങ്ങള്‍ കാണുന്നതും അനുഭവിക്കുന്നതും നിങ്ങളിലെ വ്യക്തിയെ വളര്‍ത്തുന്നു, നിങ്ങളുടെ വ്യക്തിത്വത്തെ രൂപപ്പെടുത്തുന്നു. കഴിയുന്നത് എല്ലാം ചെയ്യുക, കഴിയാത്തത് ചെയ്യാന്‍ ശ്രമിക്കുക, പിന്നെയും സമയം ബാക്കിയുണ്ടെങ്കില്‍ ഇനി എന്തൊക്കെ ചെയ്യാം എന്ന് ചിന്തിക്കുക.

ആവശ്യങ്ങള്‍ക്ക് അനുസരിച്ച് പ്രതികരിക്കാനും അതിന്റെ താളത്തിന് അനുസരിച്ച് സ്വന്തം ബുദ്ധി പ്രയോഗിക്കാനും നിങ്ങള്‍ക്ക് കഴിയണം. അവിടെയാണ് നമ്മുടെ വിജയം തുടങ്ങുന്നത്. ഒഴുക്കിന് എതിരെ നീന്താന്‍ അല്ല, ഒഴുക്കിന്റെ ഒപ്പം നീന്താന്‍ ഇത് നിങ്ങളെ സഹായിക്കും. ശരിയായ ആറ്റിട്യൂഡ് തന്നെയാണ് ഇവിടെ ഏറ്റുവും പ്രധാനം എന്ന് എടുത്ത് പറയേണ്ട കാര്യമില്ലല്ലോ.!

ഒറ്റയ്ക്ക് ജീവിതം പടുത്തുയര്‍ത്തി മുന്നേറുമ്പോള്‍ നമുക്ക് അത്യാവിശ്യം വേണ്ടത്  കുറച്ചു നല്ല മനുഷ്യരുടെ സഹായമാണ്. അതെ നമ്മുക്ക് കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കാനും പറഞ്ഞു തരാനും ഉപദേശിക്കാനും ഒക്കെ കഴിവുള്ള ഒരാള്‍ അല്ലെങ്കില്‍ ചിലര്‍. അവര്‍ നമ്മുടെ ജീവിത വിജയത്തില്‍ ഒരു പ്രധാന പങ്ക് വഹിക്കും എന്ന് തീര്‍ച്ച.

ഇടയില്‍ എവിടെയെങ്കിലും ഒന്ന് തെന്നി വീണാല്‍ കൈ പിടിച്ചു ഉയര്‍ത്താന്‍ ഒരാള്‍ വന്നില്ല അല്ലെങ്കില്‍ കാണില്ല എന്ന് വരാം, അതുകൊണ്ട് തന്നെ എപ്പോഴും ഒരു ബാക്ക് അപ്പ് അല്ലെങ്കില്‍ പ്ലാന്‍ ബി കരുതി വയ്ക്കുക. എപ്പോഴും ജീവിതത്തെ സുരക്ഷിതമായ തീരങ്ങളിലൂടെ മുന്നോട്ട് കൊണ്ട് പോകാന്‍ അത് നിങ്ങളെ സഹായിക്കും.

നിങ്ങളുടെ സാധ്യതകള്‍ കണ്ടെത്തുക, കഴിവുകള്‍ തിരിച്ചറിയുക, ഇതിനു ശേഷം അതിനനുസരിച്ച് പ്രവര്‍ത്തിക്കുക, ജീവിതത്തില്‍ വിജയിക്കാന്‍ ഒരു ഡിഗ്രിയുടെ വേണ്ടാ എന്ന് തെളിയിച്ച ഒരുപ്പിടി മനുഷ്യരുടെ ഓര്‍മ്മകള്‍ എന്നും മനസ്സില്‍ കാത്ത് സൂക്ഷിക്കുക…