ബിഗ്‌ബോസിന്‌ പിന്നിലെ നിങ്ങൾ അറിയാത്ത ചതി

286

Sanu N

ബിഗ് ബോസ് എന്ന പരിപാടി ഒന്നാന്തരമായി തിരക്കഥയെഴുതി നടപ്പാക്കുന്ന ഒന്നാണ്. മലയാളി ഹൗസ് എന്നൊരു പരിപാടി ഉണ്ടായിരുന്നു, മുമ്പ്, അതിന്റെ സ്ക്രിപ്ട് എഴുതിയത് ദയ ഹരി എന്നൊരാളാണെന്ന് പീന്നീടാണ് അറിഞ്ഞത്. ബിഗ് ബോസിന്റെ തിരക്കഥാകൃത്തിന്റെ പേരും ഉടനെ അറിയാനാകും.
ഏഷ്യാനെറ്റ് പണം കൊടുത്തു നടത്തുന്ന പ്രൊമോഷനുകളാണ് ഈ പരിപാടിയെ വിവാദങ്ങള്‍ കൊണ്ട് സജീവമാക്കുന്നത്. കൊച്ചി ആസ്ഥാനമായ ഒരു ഡിജിറ്റൽ മാർക്കറ്റിങ് കമ്പനിയാണ് ഇതിന്റെ പ്രൊമോഷൻ പണികൾ ചെയ്യുന്നതെന്നാണ് മനസ്സിലാക്കുന്നത്. ഇതിനായി കമ്പനി കുറെ ആളുകളെ നിയമിച്ചിട്ടുണ്ട്. അവരാണ് വിവാദ പോസ്റ്റുകൾ പ്രചരിപ്പിക്കുന്നത്. ബിഗ് ബോസ് എന്നൊരു ഗ്രൂപ്പുണ്ട്. അതിൽ സജീവമായി ആയി ഇടപെടുന്ന ആളുകളുടെ പ്രൊഫൈൽ എടുത്തു നോക്കൂ.. അവയെല്ലാം തന്നെ ഈ പരിപാടി തുടങ്ങിയതിനു ശേഷം മാത്രം സജീവമായവയാണ്. കുറെയധികം വ്യാജ പ്രൊഫൈലുകളും ഇത്തരത്തിൽ സൃഷ്ടിക്കും. അവർക്ക് ഇടാനുള്ള പോസ്റ്റുകൾ പോലും തയ്യാറാക്കി നൽകുന്നത് ഡിജിറ്റൽ മാർക്കറ്റിങ് കമ്പനിയാണ്.
ഓരോ മത്സരാർത്ഥിക്കും വേണ്ടി പ്രത്യേകം ടീമുകൾ സൃഷ്ടിക്കുന്നു. അവരെ കൊണ്ട് പരസ്പരം തെറിവിളിപ്പിക്കുന്നു. തെറിവിളിയും ഗ്വാ-ഗ്വായും നടക്കുന്നിടത്തേക്ക് ആളുകള്‍ സ്വാഭാവികമായും എത്തപ്പെടുന്നു. (വഴിയിൽ ഒരു വഴക്കുനടന്നാൽ അവിടെ പെട്ടന്നൊരു ആൾക്കൂട്ടം രൂപപ്പെടുന്നത് കണ്ടിട്ടില്ലേ? അതേ സാമൂഹ്യ മനഃശാസ്ത്രം തന്നെ ഇവിടെയും പ്രയോഗിക്കുന്നു.) ഇങ്ങനെ കൂട്ടം കൂടുന്ന ആളുകള്‍ ക്രമേണ ഏതെങ്കിലും പക്ഷം പിടിച്ച് വാദപ്രതിവാദങ്ങളും തെറിവിളിയും ആരംഭിക്കുന്നു. ഫേസ് ബുക്കിലെ അറിയപ്പെടുന്ന ചില പ്രൊഫൈലുകളെയും ഇതിനായി വാടകയ്ക്ക് എടുക്കാറുണ്ട്. ഇങ്ങനെ ആകെ ഒരു കലപിലയും ബഹളവും ഉണ്ടാക്കിക്കൊണ്ട് ബിഗ് ബോസ് എന്ന പരിപാടി കൂടുതൽ ലൈവ് ആയി മാറുന്നു. ഇങ്ങനെ പരിപാടിയെ ലൈവാക്കി നിർത്തുകയാണ് ഡിഡിറ്റൽ മാര്‍ക്കറ്റിംഗ് തന്ത്രം.
ഇതിനിടയിൽ ചില നിര്‍ഗുണ പരബ്രഹ്മങ്ങൾ കൊറോണയേക്കാളും വലുതാണ് രജത് സാര്‍ എന്നൊക്കെ പറഞ്ഞ് നിലവിളിക്കാൻ തുടങ്ങുന്നതോടെ കമ്പനി അതിന്റെ ലക്ഷ്യം പൂര്‍ത്തിയാക്കുന്നു. ഇനി യാതൊരുവിധ മാര്‍ക്കറ്റിംഗ് ഇല്ലങ്കിലും ഈ പരിപാടി ഓടിക്കോളും.