അവസാനമായി അഞ്ജു കോളേജിൽ നിന്നിറങ്ങിപ്പോകുന്നതിന്റെ സിസിടിവി ദൃശ്യമാണിത്
Younus Khan എഴുതുന്നു
ഒരു പരീക്ഷാഹാളിൽ കോളേജു വിദ്യാർത്ഥിനി അപമാനിക്കപ്പെടുന്നു. കോപ്പിയടിച്ചതായി ആരോപിയ്ക്കപ്പെടുന്നു. അവൾ തലകുനിച്ച് ആരോടും ഒന്നും മിണ്ടാതെ ഇറങ്ങിപ്പോകുന്നു. കാണാതായ കുഞ്ഞിനെ അന്വേഷിച്ച് ചെന്ന മാതാപിതാക്കളോട് ‘പ്രായമായ കൊച്ചല്ലേ, വല്ലവന്റേം കൂടെപ്പോയതായിരിയ്ക്കും’ എന്ന് വികാരി കൂടിയായ പ്രിൻസിപ്പാൾ പരിഹസിച്ചുവിടുന്നു. മൂന്നുദിവസം കഴിഞ്ഞ് കണ്ടെടുക്കപ്പെടുന്നത് സ്വന്തം കുഞ്ഞിന്റെ മൃതദേഹം.!
കോളേജദ്ധ്യാപകരുടെ ധാർമ്മികത ചർച്ചയല്ല. നിലവിലെ പരീക്ഷാസമ്പ്രദായങ്ങൾ പ്രശ്നമല്ല. ടീനേജുകാരിയായ ഒരു പെൺകുട്ടി അനുഭവിയ്ക്കുന്ന മാനസികസമ്മർദ്ദങ്ങളും പരീക്ഷകളുടെ ടെൻഷനും വിഷയമല്ല. പകരം കോപ്പിയടിച്ചോ ഇല്ലേ എന്നാണു അന്വേഷണം മുഴുവൻ.
‘മകൾ കോപ്പിയടിയ്ക്കാൻ ഒട്ടും സാധ്യതയില്ലെ’ന്ന് പിതാവ് പറയുന്നു. ‘ഹാൾടിക്കറ്റിനു പിന്നിൽ പാഠഭാഗം പകർത്തിയിരുന്നെന്നും തെളിവുകളുണ്ടെന്നും’ കോളേജ് അധികൃതരും പറയുന്നു. ചാനലുകൾക്ക് സി സി ടി വി ദൃശ്യങ്ങൾ നൽകുന്നു.
അവർ കോപ്പിയടിച്ചാലുമില്ലെങ്കിലും ഒരു വിദ്യാർത്ഥിനിയുടെ ആത്മഹത്യയിൽ നിന്ന് എങ്ങനെയാണു ഒരു സ്ഥാപനം ധാർമ്മികബാധ്യതയോ ചോദ്യങ്ങളോ ഒന്നും ഇല്ലാതെ രക്ഷപ്പെടുന്നത്? എങ്ങനെയാണു കോപ്പിയടി തെളിയിയ്ക്കപ്പെട്ടാൽ ഉടൻ കുറ്റം മുഴുവൻ പെൺകുട്ടിയിലേയ്ക്ക് ചുരുങ്ങുന്നത്?
കൂലിപ്പണിക്കാരനായ പിതാവ് മകൾക്ക് സമ്മർദ്ദം കൊടുത്തതായി ഒരിക്കലും തോന്നുന്നില്ല. മകൾ മിടുക്കിയാണെന്ന ബോധ്യവും ഉയർന്ന നിലയിലെത്തുമെന്ന പ്രതീക്ഷയുമെല്ലാം അയാൾക്കുണ്ട്. പത്രസമ്മേളനത്തിൽ വന്ന കോളേജ് അധികൃതർ പെൺകുട്ടി കോപ്പിയടിച്ചെന്ന് തെളിയിയ്ക്കാനായിരുന്നു മുഴുവൻ മെനക്കെട്ടത്. ഒരിക്കൽ പോലും കുറ്റബോധമോ, ക്ഷമ പറയലോ, മാന്യമായ ഒരു ആശ്വാസവാക്കോ ഒന്നും അവരിൽ നിന്ന് ഉണ്ടായില്ല. എന്തെങ്കിലും നഷ്ടപരിഹാരത്തെക്കുറിച്ചു പോലും മാന്യമായൊരു വാക്കില്ല.
വിദ്യാർത്ഥികൾക്ക് റാങ്ക് ലഭിച്ചാൽ അത് സ്ഥാപനത്തിന്റെ മികവും ആത്മഹത്യ ചെയ്താൽ അത് കുട്ടിയുടെ തെറ്റുമായി മാറുന്നതെങ്ങനെയാണു? പതിനായിരക്കണക്കിനു രൂപ ഡൊണേഷനും ഫീസും വാങ്ങി പിന്നെന്തിനാണീ വിദ്യാഭ്യാസസ്ഥാപനങ്ങൾ? എന്താണവർ അവിടെ പകർന്നു നൽകുന്നത്? ഒന്നും മനസ്സിലാകുന്നില്ല!