ഉത്തർപ്രദേശിൽ രാഹുലിന് നേരെ ഒരു മൂന്നാംകിട പോലീസുകാരൻ ബലപ്രയോഗം നടത്തുന്ന ദൃശ്യം കണ്ടപ്പോൾ വല്ലാത്ത ഖേദവുംഅത്ഭുതവും തോന്നി

64

ബി ജെ പിയിലേക്ക്‌ പോകാനുള്ള ഡ്രൈവിങ്ങ്‌ സ്കൂളാണ്‌ കോൺഗ്രസ്സെന്ന് ചിലപ്പോൾ തോന്നിപ്പോകുന്നു….

ശിഹാബുദ്ധീൻ പൊയ്ത്തും കടവ്‌

ഇന്ത്യയിലെ പരമ്പരാഗത ദേശീയ കക്ഷിരാഷ്ട്രീയ പാർട്ടി നേതാക്കളിൽ ഏറ്റവും അരക്ഷിതനായ നേതാവ് ശ്രീ.രാഹുൽ ഗാന്ധി തന്നെയാവണം. ഉത്തർപ്രദേശിൽ അദ്ദേഹത്തിന് നേരെ ഒരു മൂന്നാംകിട പോലീസുകാരൻ ബലപ്രയോഗം നടത്തുന്ന ദൃശ്യം കണ്ടപ്പോൾ വല്ലാത്ത ഖേദവുംഅത്ഭുതവും തോന്നി. അതിനെക്കാൾ വലിയ അത്ഭുതം മറ്റൊന്നാണ്. അനുയായികളിൽ നിന്നോ നേതാക്കളിൽ നിന്നോ വലിയൊരു പ്രതിഷേധമൊന്നും കണ്ടില്ല . ശ്രദ്ധയിൽപ്പെട്ട പ്രതിഷേധത്തിനൊക്കെ യാന്ത്രികമായ അനുഷ്ഠാനത്തിന്റെ രുചിയും മണവും മാത്രം. എന്നിട്ടും അദ്ദേഹം ആ പാർട്ടിയുടെ മുന്നണിപ്പോരാളിയായി പ്രവർത്തിക്കുന്നു എന്നത് അദ്ദേഹത്തിന്റെ സ്ഥിതചിത്തത്തെയും അസാമാന്യ ധൈര്യത്തെയും സൂചിപ്പിക്കുന്നു.

കോൺഗ്രസ് നശിച്ചുപോകുന്നതിൽ ഒട്ടും സന്തോഷിക്കാത്ത ആളുകളിലൊരാളാണ് ഈ കുറിപ്പുകാരൻ .അതേസമയം ആ പാർട്ടിയുടെ രാഷ്ട്രീയ വിരുദ്ധമായ ചരിത്ര സന്ദർഭങ്ങളെപ്പറ്റി ഇച്ഛാഭംഗത്തോടെ ഓർക്കുന്നവരിലൊരാളുമാണ്. അവ ക്രിയാത്മകമായി യാതൊന്നും തിരുത്തുന്നില്ല എന്നു മാത്രമല്ല അതിനെ ശരിവെക്കും വിധമാണ് അത് നിരന്തരം പെരുമാറുന്നതും.ശശി തരൂരിനെപ്പോലെ ഉയർന്ന ബുദ്ധിജീവികളുള്ള പാർട്ടിയാണ് കോൺഗ്രസ് എന്നത് ഇടയ്ക്ക് നമുക്ക് ആശ്വാസം നൽകുമെങ്കിലും എ.കെ.ആന്റണി, എം.എം.ഹസൻ, തുടങ്ങിയവർ ഇപ്പോഴും മുൻനിരയിലിരിക്കുന്നത് കാണുമ്പോൾ പ്രതീക്ഷ ആർക്കായാലും വീണ്ടും മങ്ങിപ്പോകുന്നത് സ്വാഭാവികം.

ശ്രദ്ധിച്ചിട്ടുണ്ടോ, കോൺഗ്രസ് ദേശീയ സമ്മേളന വേദികളിലും മറ്റും മിക്കവാറും അടുത്തിരിക്കുന്നത് ശ്രീ.ഏ.കെ ആൻറണിയായിരിക്കും. അദ്ദേഹം എന്തോ രാഹുലിനോട് പറയുന്നു. രാഹുൽ സജീവശ്രദ്ധയോടെ അത് കേട്ടിരിക്കുന്നു. എത്രയോ കാലമായി വിവിധ വേദികളിലെ ഈ വിഷ്വൽ നമ്മൾ മീഡിയയിൽ കാണുന്നു. രാഷ്ട്രീയ ഉപദേശം നല്കുന്ന ശ്രീ.ഏ.കെ.ആന്റണി, അദ്ദേഹത്തിന്റെ അപൂർവ്വ മുത്തുകൾ പോലുള്ള വിദഗ്ദോപദേശത്തിന് സാകൂതം സദാ കാതോർക്കുന്ന ശ്രീ.രാഹുൽ ഗാന്ധി!
ഒന്ന് ഭാവനയിൽ കണ്ട് നോക്കൂ.

കോൺഗ്രസ് ഇന്ന് എത്തി നില്ക്കുന്ന അതിന്റെ ആത്മ പ്രതിസന്ധിക്കും രാഷ്ട്രീയ ധൈഷണികതയക്കും ഒരു മാറ്റം ഉടനെയെങ്ങും ഉണ്ടാകുമെന്ന് തോന്നുന്നില്ല. എന്നെങ്കിലും വലിയ പാരിതോഷികങ്ങളോടെ ബി.ജെ.പിയിലേക്ക് തന്നെയുമെടുക്കുന്ന കാലം വരും എന്ന് സ്വപ്നം കാണുന്ന പല കോൺഗ്രസ് നേതാക്കളും ആ പാർട്ടിയിൽ ഇപ്പോഴും സജീവമാണെന്ന് കാണാം. കുഴൽമന്ദം പോലുള്ള നേതാക്കൾ ബി.ജെ.പി യോട് തനിക്കുള്ള അളവറ്റ അനുഭാവപുളകങ്ങളെ അപ്പപ്പോൾ പൊതു ജനങ്ങളെ അറിയിക്കുന്നതിൽ അനതി സാധാരണമല്ലാത്ത വിധം മിടുക്ക് കാണിക്കുന്നതിനും നാം ദൃക്സാക്ഷികളാവുന്നു. ബാബ് രി മസ്ജിദ് തകർത്തതോടനുബന്ധിച്ച് ഉണ്ടായ സുപ്രീം കോടതി വിധിയെപ്പറ്റി കുഴൽമന്ദത്തിന്റെ പ്രതികരണം തന്നെ ഉദാഹരണം.ഈ സാഹചര്യം വെച്ച് കോൺഗ്രസ് മുന്നോട്ട് പോവുകയാണെങ്കിൽ, ഗാന്ധിജി വധം കാലഘട്ടത്തിന്റെ ആവശ്യമായിരുന്നു എന്ന്, ഇതുപോലെ ഏതെങ്കിലും കുഴൽമന്ദം ഭാവിയിൽ പറഞ്ഞാൽ നാം വലുതായി അത്ഭുതപ്പെടേണ്ടതില്ല.

രാഷ്ട്രീയ ദിശാബോധത്തിന്റെ കാര്യത്തിൽ ഇതര ദേശീയ പാർട്ടികളെക്കാൾ എത്രയോ മുന്നിലാണ് ബി.ജെ.പി. എന്ന് നമുക്ക് സമ്മതിക്കാതിരിക്കാനാവില്ല.അത് പറ്റേ പ്രതിലോമപരമാണെങ്കിലും അതിനൊരു പദ്ധതിയുണ്ട്. അത് തിന്മയിലധിഷ്ഠിതമാണെങ്കിലും അതിനൊരു ദിശാബോധവുമുണ്ട്.കോൺഗ്രസ് ഒരു പ്രസ്ഥാനമെന്ന നിലയിൽ അതിനകത്തെ ഗ്രൂപ്പ് വഴക്കുകളും പടലപ്പിണക്കവും കാൽ വാരിയടിക്കലും കൊണ്ട് ഇപ്പോഴും സജീവം തന്നെ. കോൺഗ്രസിന്റെ ക്ഷീണമൊന്നും ഇപ്പറഞ്ഞതിന് ബാധകമല്ല!
തമാശ അതല്ല,ഇതര പാർട്ടികളുമായി താരതമ്യം ചെയ്ത് കൊണ്ട്, ഇത് കോൺഗ്രസിന്റെ ജനാധിപത്യ മുഖമാണെന്ന് പൊതുവെ ചിലർ വാദിക്കുന്നതും കാണാം! ദു:ഖത്തോടെ ചിരിക്കാനും മനുഷ്യർക്ക് സാധ്യമാണെന്ന് ഈ ന്യായവാദം സാമാന്യബുദ്ധികളെ ഓർമ്മിപ്പിക്കും!. കോൺഗ്രസ് ഇന്ന് എന്താണെന്ന് ചോദിച്ചാൽ ഒരു വിശദീകരണം പോലും അത്ര എളുപ്പമല്ലാതായിരിക്കുന്നു.
ഗാന്ധിജി ജനിച്ച ദിവസത്തെ നാം സന്തോഷത്തോടെ ഓർക്കുമ്പോൾത്തന്നെ, കോൺഗ്രസ് ഇവ്വിധമായിപ്പോയല്ലോ എന്ന് ഖേദത്തോടെ ഉത്ക്കണ്ഠപ്പെടുകയും ചെയ്യുന്നു.