യുഗേ.., യുഗേ..,
ഞാൻ സൈറയുടെ വീട്ടിൽ കോണ്ടാക്ട് ചെയ്തു.. സൈറ അജ്മീറിൽ പോയെന്നാണ് അറിയാൻ കഴിഞ്ഞത്.. മൊബൈൽ ഓഫ്, എഫ്ബി യിൽ ഒരു മെസേജ് അയച്ചിരുന്നു..കിട്ടിയില്ലേ..?
110 total views

വൈകുന്നേരം ഡൽഹിയിലെ അശോക നഗറിലെ തന്റെ ഫ്ളാറ്റിൽ ഒരു കോഫിയും കുടിച്ചു സൈറാബാനു നിന്നു.. അന്ന് രാവിലെ ദൽഹി യൂണിവേഴ്സിറ്റി യിലെ പ്രഗത്ഭനായ ചരിത്ര അധ്യാപകൻ കുമാർ നാഥുമായുമായുള്ള മീറ്റിങ് അവൾ ഓർത്തു.
” ഞാൻ സൈറയുടെ വീട്ടിൽ കോണ്ടാക്ട് ചെയ്തു.. സൈറ അജ്മീറിൽ പോയെന്നാണ് അറിയാൻ കഴിഞ്ഞത്.. മൊബൈൽ ഓഫ്, എഫ്ബി യിൽ ഒരു മെസേജ് അയച്ചിരുന്നു..കിട്ടിയില്ലേ..?”
” ഒന്നിലും സജീവമല്ല.. ഫോൺ ഓണാക്കിയപ്പോൾ സാറിന്റെ മെസേജ് കണ്ടു..നേരെ ഇങ്ങു പൊന്നു..”
” OK.. സൈറ, കാര്യത്തിലേയ്ക്ക് വരാം , ഈയിടെ പുരാവസ്തു വകുപ്പിലെ ഒരു സുഹൃത്തിനു പല ഇടത്തു നിന്നുമായി കുറച്ചു രേഖകൾ കിട്ടി..ചിലതു ഫോട്ടോയാണ്.. ശിലാ യുഗത്തിലെ അവസാന ഘട്ടം മുതൽ ഉള്ളവ ഉണ്ട്.. സൈറ അതൊക്കെ ഒന്ന് നോക്കണം… പ്രാചീന ലിപികൾ വായിക്കുന്നതിൽ മികച്ച ഗുരുവിന്റെ ശിക്ഷണം കിട്ടിയതല്ലേ.. ഒന്ന് ശ്രമിച്ചു നോക്ക്.. പ്രതിഫലം മോശമല്ലാത്തത് തന്നെ തരും..”
സൈറ അവളുടെ കണ്ണട ഊരി ഒന്ന് തുടച്ചു.. ആ ഇരുനിറക്കാരിയുടെ മൂക്കുത്തി അവൾക്കു സർപ്പ സൗന്ദര്യം നൽകി.. ലൂസായ കുർത്തയും, പലാസോ പാന്റും മുഖം ചുറ്റിയുള്ള ഷാളും അവൾക്കു മാറ്റ് കൂട്ടി..
തന്റെ ഫ്ളാറ്റിൽ എത്തിയ സൈറാബാനു ആദ്യം ഒന്നു ഫ്രഷായി.. പിന്നെ കോഫിയുമായി നേരെ ജോലി തുടങ്ങി..
ഏതാണ്ട് ഒരു മാസമെടുത്തു സൈറ അത് പൂർത്തിയാക്കാൻ.. രണ്ടു ഫയലുകൾ കുമാർ നാഥിന് സമർപ്പിക്കുമ്പോൾ അയാൾ ചോദിച്ചു . ”ഇതെന്താണ് രണ്ടു ഫയലുകൾ..?”
” ഒന്ന് സാറ് പറഞ്ഞ ജോലി.. മറ്റേത് എന്റെ പിതൃ സ്ഥാനത്തുള്ള അങ്ങേയ്ക്കു അടുത്ത കണ്ടു മുട്ടൽ വരെയുള്ള എന്റെ സമ്മാനം..ഒരു ചെറു കഥ..”
” കൊള്ളാമല്ലോ..ഇനിയെന്താ പരിപാടി..?”
” ഒന്നുമില്ല.. ചെറിയൊരു യാത്ര..”
” ഒറ്റയ്ക്കാണോ..?”
” അയ്യോ.. അല്ല..കൂട്ടിനു ഈശ്വരനുണ്ട്..”
ഒന്നു ചിരിച്ച കുമാർ നാഥ് അവളുടെ നെറുകയിൽ ചുംബിച്ചു യാത്രയാക്കി..
ആദ്യ ഫയൽ അയാൾ ഉദ്ദേശിച്ചത് പോലെ തികച്ചും ഔദ്യോഗിക രീതിയിൽ പരിഭാഷപ്പെടുത്തിയതായിരുന്നു.. മറ്റേ ഫയൽ അയാൾ വീട്ടിലെത്തിയതിനു ശേഷമാണ് തുറന്നു നോക്കിയത്.
ബി.സി. 3300 പാടലീയ വനത്തിലെ ഒരു വലിയ മരത്തിനു സമീപം തന്റെ ഗോത്രത്തിലെ ആളുകളെ വിളിച്ചു കൂട്ടി മാക്ക ആംഗ്യ ഭാഷയിൽ സംസാരിച്ചു.
‘’ ഇവിടം എന്റെ മകൻ കൂക്കയ്ക്ക് ഉള്ളതാണ്.. ഇവിടെ ഉള്ള എല്ലാ ജീവികളെയും, സസ്യങ്ങളെയും അവനു കഴിക്കാം.. ഈ അടയാളമുള്ള ഏതു സ്ഥലവും കൂക്കയ്ക്ക് ഞാൻ നൽകിയതാണ്.. ’’
മരത്തിനു താഴെ ഉള്ള വലിയ ഒരു പാറക്കല്ലിൽ മാക്ക കുരിശു ചിഹ്നം പോലെ രണ്ടു വര വരച്ചു.. അത് കണ്ട മകൻ കൂക്കയ്ക്ക് സന്തോഷമായി..
ബി.സി. 1300 ഒരു വലിയ വടി കൂർപ്പിച്ചെടുത്ത നാകാൻ അത് ഒരിടത്ത് കുഴിച്ചിട്ടു..
”’ ലാമൻ മൂപ്പൻ ഈ സ്ഥലം നമുക് തന്നിരിക്കുന്നു.. ഇത് മുതൽ സോൻ നദിക്കര വരെയുള്ള പാടലീ സ്ഥലം നമുക്ക് സ്വന്തം..”
അയാളുടെ കുട്ടികൾക്ക് സന്തോഷമായി.. പെട്ടെന്നാണ് അവർ അവിടെ കണ്ട ഒരു പാറയിലെ കുരിശു പോലുള്ള അടയാളം ശ്രദ്ധിച്ചത്..
” അച്ഛാ ഇതെന്താ..?”
” ആ.. പണ്ട് ആരെങ്കിലും എഴുതിയതാവും..!”
ബി.സി. 460 ” മഗധ അധിപൻ മഹാപദ്മനന്ദൻ മഹാരാജൻ നൽകുന്ന ഉത്തരവ്.. മഗധ മഹാ രാജ്യത്തിൻറെ ഭാഗമായ പാടലീപുത്രത്തിലെ ഗംഗേന്ദ ദേശം മുഴുവനും മന്ത്രി പുത്രനായ ഭഗീരഥന് സമ്മാനമായി നൽകിയിരിക്കുന്നു.. പ്രസ്തുത ഭൂമി ഇഷ്ടമുള്ളവർക്ക് നൽകാനും, അവിടുത്തെ നികുതി പിരിക്കാനും ഭഗീരഥന് പൂർണ്ണ അധികാരം ഉണ്ടായിരിക്കും.”
എ. ഡി 1100 ” മഹാനായ ചോള മഹാ രാജാവ് രാജേന്ദ്രചോളൻ വിളംബരം ചെയ്യുന്നു..
വടക്കേ ഇന്ത്യയിലേക്ക് അയച്ച നമ്മുടെ സൈന്യം ഗംഗ വരെ എത്തുകയും പാടലീപുത്രത്തിലെ പാല രാജാവായ മഹിപാലനെ കീഴടക്കുകയും ചെയ്ത കാര്യം സകല ജനങ്ങളെയും അറിയിച്ചു കൊള്ളുന്നു.. പ്രസ്തുത ഭൂമി ചോള മഹാ സാമ്രാജ്യത്തിലേയ്ക്ക് ചേർത്തിരിക്കുന്നു..”
എ. ഡി 1639. ” ഇത് പണ്ട് ഒരു പൂന്തോട്ടമായിരുന്നു.. ഇൽത്തുമിഷ് സുൽത്താൻ ഉണ്ടാക്കിയത്,..”
ജയിൽ ചൂണ്ടിയാണ് സേവകൻ ബലറാം അത് പറഞ്ഞത്.. ഷാജഹാൻ ചക്രവർത്തി അത് കേട്ടു..
” ഇത് വീണ്ടും പൂന്തോട്ടം ആക്കണം സുൽത്താൻ..”
”വേണ്ട സേവകാ, പാടലീപുത്രത്തിലെ ഈ ജയിലറ ഇനി പൂന്തോട്ടമാക്കാൻ കഴിയില്ല.. ഒരു പാട് കണ്ണീർ വീണു കാണും.. അതിലിനി പൂക്കൾ വിരിഞ്ഞാൽ അതിനു സുഗന്ധം കാണില്ല..”
എ. ഡി 1761 മറാഠ സാമ്രാജ്യത്തിന്റെ അധിപൻ ബാജി റാവോ രണ്ടാമൻ പാടലീപുത്രത്തിലെ പ്രധാന മാർക്കറ്റിൽ എത്തി..
” മുഗളരുടെ ഈ ജയിൽ കെട്ടിടത്തിന്റെ രൂപം മാറ്റി അല്പം തുറസ്സുള്ള ഒരു മനോഹരമായ കെട്ടിടമാക്കുക.. മറാഠ സാമ്രാജ്യത്തിന്റെ പിന്ഗാമികൾക്കു പാടലീപുത്രം എന്നും അഭിമാനമാകട്ടെ..”
എ. ഡി 1821 ” ബ്രിടീഷ് ഈസ്റ് ഇന്ത്യ കമ്പനിയുടെ ഉത്തരവ്, ബീഹാറിലെ പാടലീപുത്രം , പാറ്റ്ന എന്ന് പുനർ നാമകരണം ചെയ്തിരിക്കുന്നു.. ഇനി പ്രസ്തുത പ്രദേശവും കമ്പനിയുടെ അധീനതയിൽ ആണെന്നും കമ്പനിയുടെ പട്ടാള വിശ്രമ കേന്ദ്രം ഇവിടെ ഇതിനാൽ അറിയിക്കുന്നു..
എ. ഡി 2000 ”ഇത് എന്റെ പേരിലെ സ്ഥലമാണ്.. ഇതിനു തൊട്ടടുത്ത് നിന്നാണ് കുറച്ചു മുൻപ് പുരാവസ്തുക്കർക്കു എന്തൊക്കെയോ കിട്ടിയത്..പല ലിപികളുള്ള പാറക്കല്ലുകൾ, മരക്കഷ്ണങ്ങൾ , ഫലക കഷ്ണം, പൂച്ചട്ടികളുടെ അവശിഷ്ടങ്ങൾ , ഇരുമ്പു അഴികൾ, നാണയങ്ങൾ, പടക്കോപ്പുകൾ…അങ്ങനെ പലതും..”
രാജേന്ദ്ര യാദവ് പറഞ്ഞു.. അവൻ അവന്റെ സ്ഥലം വിൽക്കുകയായിരുന്നു..
” പാറ്റ്ന ജില്ലയിലെ —– അംശം ———- ദേശം താമസിക്കും രാജേന്ദ്ര യാദവ് തന്റെ പേരിലുള്ള ———– സെന്റ് സ്ഥലം ———– ആൾക്ക് ———— തുകയ്ക്ക് വിൽക്കാൻ.. തീരുമാനമായിരുന്നു.. ഇനി മുതൽ പ്രസ്തുത സ്ഥലത്തിന്റെ അവകാശി…”
കുമാർ നാഥ് തന്റെ കണ്ണടയൂരി അകലേക്ക് നോക്കി നിന്നു.. ഒരു പ്രദേശത്തു നടന്ന പല യുഗങ്ങളിലെ മനുഷ്യരുടെ സംഭാഷണങ്ങൾ അയാളുടെ മുന്നിൽ അലയടിച്ചു..
” ഇവിടം എന്റെ മകൻ കൂക്കയ്ക്ക് ഉള്ളതാണ്..”
” ലാമൻ മൂപ്പൻ ഈ സ്ഥലം നമുക് തന്നിരിക്കുന്നു..”
” മഗധ മഹാ രാജ്യത്തിൻറെ ഭാഗമായ പാടലീപുത്രത്തിലെ..”
” പ്രസ്തുത ഭൂമി ചോള മഹാ സാമ്രാജ്യത്തിലേയ്ക്ക് ചേർത്തിരിക്കുന്നു..”
” പാടലീപുത്രത്തിലെ ഈ ജയിലറ ഇനി പൂന്തോട്ടമാക്കാൻ..”
” മറാഠ സാമ്രാജ്യത്തിന്റെ പിന്ഗാമികൾക്കു പാടലീപുത്രം എന്നും..”
” ഇനി പ്രസ്തുത പ്രദേശവും കമ്പനിയുടെ അധീനതയിൽ ആണെന്നും..”
” പാറ്റ്ന ജില്ലയിലെ —– അംശം ———- ദേശം താമസിക്കും.. രാജേന്ദ്ര യാദവ്..”
കുമാർ നാഥിൽ ഒരു ചിന്ത…ഞാനിപ്പോൾ നിൽക്കുന്ന ഈ സ്ഥലം… അതും ഇതേ പോലെ ആരൊക്കെ, എന്തൊക്കെ കൈമാറി വന്നതാകും..?
സ്വന്തമെന്നു കരുതുന്നതെല്ലാം ആ സമയത്തു മാത്രമാണ്…പിന്നതു വെറും തോന്നലാണ്.. കൂട്ടമായി നടക്കുന്നതെല്ലാം ശരിക്കും ഏകമാണ്..പെട്ടെന്ന് ഒരു പ്രകാശം ഹൃദയത്തിലേക്ക് കടന്നു വന്നതായി കുമാർ നാഥിന് തോന്നി..
അയാൾ സൈറാബാനു അവസാനം കുറിച്ചിട്ട വരികൾ വായിച്ചു..അത് വായിച്ചപ്പോൾ അകലെ ഏതോ ഒരിടത്തു , കാറ്റിൽ പാറിക്കളിക്കുന്ന ഷാളുമായി , ഏകയായി നിൽക്കുന്ന സൈറാ ബാനുവിനെ അയാൾ മനക്കണ്ണിൽ കണ്ടു..
” എല്ലാം ആവർത്തനങ്ങളാണ്.. നിങ്ങളും ഞാനും..
ഈ രാവും , പകലും… മുൻഗാമികളും, പിൻഗാമികളും..
ഒരു മരത്തണലിൽ വിശ്രമിക്കുന്ന യാത്രികരാണ് നാം..
യാത്ര തുടരേണ്ടതുണ്ട്..
അതിനാൽ പ്രിയരേ..യാത്രികരാവുക..
മനസ്സ് കൊണ്ടും ശരീരം കൊണ്ടും..
ഭാരം കുറച്ച മികച്ച യാത്രികരാവുക..”
111 total views, 1 views today
