ഗൾഫിലെ കാര്യങ്ങളോർത്തു ആധി പടർത്തുന്നവർ വായിക്കാൻ, എല്ലാർക്കും ഒരുപോലെ പരിഗണന അവിടെയും കിട്ടുന്നുണ്ട്

Yuhanon RM അബുദാബിയിൽ നിന്നാണ് ഈ കുറിപ്പ് എഴുതുന്നത്

ഓൺലൈൻ മാധ്യമങ്ങളിലും മലയാളം ചാനലുകളിലും വരുന്ന വാർത്തകൾ കാണുമ്പോൾ ചില നേരറിവുകൾ പങ്ക് വയ്ക്കാൻ ശ്രമിക്കുന്നു.

ആദ്യമേ പറയട്ടെ യുഎഇ യിലെ പ്രത്യേകിച്ച് അബുദാബിയിലെ സർക്കാർ ആശുപത്രികളിൽ സ്വദേശികൾക്ക് നൽകുന്ന അതെ പരിഗണന കൊറോണ ബാധിതരായ വിദേശികൾക്കും നൽകുന്നുണ്ട്. ചികിത്സ തികച്ചും സൗജന്യവുമാണ്. രാജ്യത്ത് അഞ്ചു മിനിറ്റ് കൊണ്ട് പരിശോധന പൂർത്തിയാക്കാവുന്ന ഡ്രൈവ് ത്രൂ കൊറോണ ടെസ്റ്റിംഗ് കേന്ദ്രങ്ങൾ ധാരാളമായി ആരംഭിച്ചിട്ടുണ്ട്. ഈ സെന്ററുകളിൽ പരിശോധനയ്ക്ക് എത്തുന്നവർ അവരവരുടെ വാഹനങ്ങളിൽ ഇരുന്നാൽ മാത്രം മതിയാവും. ഒരാൾക്ക് കൊറോണ രോഗം സ്ഥിരീകരിച്ച് കഴിഞ്ഞാൽ ആരോഗ്യ പ്രവർത്തകരും പോലീസും ചേർന്ന് അവരെ താമസ സ്ഥലത്ത് നിന്ന് ആശുപത്രിയിൽ കൊണ്ടുപോകും. അങ്ങനെ കൊണ്ടുപോകുന്നതിന് മുൻപായി ആശുപത്രിയിൽ അവർക്ക് വേണ്ട കിടക്കയും മറ്റ് സൗകര്യങ്ങളും ഒരുക്കിയിട്ടായിരിക്കും കൊണ്ടുപോകുക. അതിന്റെതായ താമസം സ്വാഭാവികം. എന്നാൽ ഇത് അറിയാതെ രോഗിയായവർ വല്ലാതെ വ്യാകുലപ്പെടുകയും മറ്റുള്ളവരെ വിളിച്ച് പറയുകയുമൊക്കെ ചെയ്യുന്നത് ഭീതി പരത്തുന്നുമുണ്ട്. കൊറോണ ബാധ സ്ഥീരീകരിക്കുന്നവരുടെ കൂടെ കഴിയുന്നവരും ഒപ്പം ജോലി ചെയ്യുന്നവരും പതിനാല് ദിവസം സ്വയം കോറടൈൻ ചെയ്യണം.

അതുകൂടാതെ അവരെ പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്യും. കൊറോണ രോഗം സ്ഥിതീകരിച്ചവർ ജോലി ചെയ്യുന്ന സ്ഥാപനങ്ങൾ ഏതാനും ദിവസത്തേക്ക് അടച്ചിടുകയും ചെയ്യാറുണ്ട്. തൊഴിലാളി ക്യാമ്പുകളിൽ കഴിയുന്നവർക്ക് രോഗം സ്ഥീരീകരിച്ചാൽ ആ ക്യാമ്പ് മൊത്തമായി ഐസലേറ്റ് ചെയ്യും . അവർ ജോലി ചെയ്യുന്ന സ്ഥാപനങ്ങളിൽ നിന്ന് മുഴുവൻ തൊഴിലാളികളെയും പിൻവലിച്ച് ക്യാമ്പുകളിൽ കഴിയാൻ നിർദ്ദേശിക്കും. ഇവർക്ക് ആവശ്യമായ ഭക്ഷണം സർക്കാർ തന്നെ സന്നദ്ധ പ്രവർത്തകരുടെ സഹായത്തോടെ നല്‌കും. അതുപോലെവ തന്നെ രോഗബാധ സംശയിക്കുന്നവർക്കും രോഗബാധിതരുടെ ഒപ്പം കഴിഞ്ഞവർക്കും തനിയെ താമസിക്കാൻ സൗകര്യമില്ലാത്തവർക്കായി ഐസലേഷൻ സെന്ററുകൾ പലയിടത്തും ആരംഭിച്ചിട്ടുണ്ട്.

അവിടെയും ഭക്ഷണവും താമസവും തികച്ചും സൗജന്യമാണ്. കൊറോണ വാർഡുകളിൽ ജോലിചെയ്യുന്ന ആരോഗ്യ പ്രവർത്തകർക്ക് അവരുടെ കുടുംബത്തിൽ നിന്ന് മാറി ഫൈവ് സ്റ്റാർ ഹോട്ടൽ സൗകര്യം ആണ് ഒരുക്കിയിരിക്കുന്നത്. അവർക്ക് മാത്രമല്ല ആശുപത്രിയിലെ ശുചികരണ തൊഴിലാളികൾക്ക് പോലും പ്രത്യേകം ഹോട്ടലുകളിൽ താമസ സൗകര്യം ഒരിക്കിയിട്ടുണ്ട്.
സർക്കാർ സ്വകാര്യം സ്ഥാപനങ്ങളിൽ അടക്കം മിക്ക ഓഫീസുകളിലും സ്ത്രീകൾക്കും പ്രായമായവർക്കും വീട്ടിൽ ഇരുന്ന് ജോലി ചെയ്യാൻ സംവിധാനം രണ്ടാഴ്ചയ്ക്ക് മുന്നേ ഒരുക്കിയിരുന്നു. പുരുഷ ജീവനക്കാർക്ക് ഒന്നിട വിട്ട ഇടവസങ്ങളിൽ മാത്രം ഓഫീസിൽ പോയാൽ മതിയാവും. ബാക്കി ദിവസവങ്ങളിൽ വീട്ടിൽ ഇരുന്ന് ജോലി ചെയ്യണം. ഹാജർ ഓൺലൈൻ ആയി നൽകണം. ഓഫിസുകളിൽ ജോലി ചെയ്യുമ്പോൾ മാസ്കും കൈയുറകളും നിര്ബന്ധമാണ്. കൂടാതെ രാവിലെ ഓഫിസിൽ എത്തുമ്പോൾ ശരീര ഊഷ്മാവ് പരിശോധിച്ച് മാതമേ ഓഫിസിൽ കയറാൻ അനുവദിക്കുക ഉള്ളു .സ്കൂളുകൾ മാർച്ച് ആദ്യവാരം തന്നെ അടച്ചിരുന്നു.

ബാക്കി നടക്കാനുണ്ടായിരുന്ന വാർഷിക പരീക്ഷ ഉപേക്ഷിക്കുകയും വാർഷിക അസ്സെസ്സ്മെന്റിന്റെ അടിസ്ഥാനത്തിൽ പുതിയ ക്ലാസുകളിലേക്ക് സ്ഥാനക്കയറ്റം നൽകി. മിക്ക സ്കൂളുകളിലും പുതിയ അധ്യയന വർഷത്തേക്കുള്ള ക്ലാസുകൾ ഓൺലൈൻ ആയി ആരംഭിച്ചിട്ടുണ്ട്. പാഠപുസ്തകങ്ങളും നോട്ടുബുക്കുകളും സ്കൂൾ ബസ്സുകളിൽ കുട്ടികളുടെ വീടുകളിൽ നേരെത്തെ എത്തിച്ചിരുന്നു. ഈ സമയത്ത് വിസ കാലാവധി തീർന്നവർക്ക് ഓട്ടോമാറ്റിക്കായി അടുത്ത മൂന്ന് മാസത്തേക്കുള്ള വിസ പുതുക്കി നൽകിയിട്ടുണ്ട്. അബു ദാബി നഗരത്തിലെ പാർക്കിങ്ങും റോഡ് ടോളും നേരെത്തെ തന്നെ സൗജന്യമാക്കിയിട്ടുണ്ട് . വാഹനങ്ങളുടെ വാർഷിക രെജിസ്ട്രേഷൻ പുതുക്കലിന്റെ ഭാഗമായിട്ടുള്ള വെഹിക്കിൾ പരിശോധന നടത്താതെ ഓൺലൈൻ ആയി വാഹന രെജിസ്ട്രേഷൻ പുതുക്കാവുന്നതാണ്. സർക്കാർ സേവനങ്ങൾ എല്ലാം തന്നെ വളരെ മുൻപേ തന്നെ ഓൺലൈൻ ആക്കിയിരുന്നു.

കേവലം ഒരു പെപ്സി വരെ ഹോം ഡെലിവെറി നടത്തുന്ന സിസ്റ്റം ഉള്ള സ്ഥലത്ത് സാധനങ്ങൾ വാങ്ങാൻ പുറത്ത് പോവേണ്ട ആവശ്യം തീരെ കുറവാണ്. ഓൺലൈൻ ഷോപ്പിങ്ങും വ്യാപകമായി ഉപയോഗിക്കുന്നവരാണ് ഇവിടുത്തെ ജനങ്ങൾ. ലുലു, ക്യാരിഫോർ തുടങ്ങിയ വമ്പൻ റീടെയിൽ സ്ഥാപനങ്ങളുടെ മൊബൈൽ ആപ്പ് വഴിയോ വെബ് സൈറ്റ് വഴിയോ വീട്ടിലേക്ക് ആവശ്യമായ എല്ലാ സാധനങ്ങളും ഓർഡർ ചെയ്താൽ അവ നിശ്ചിത സമയത്തിനുള്ളിൽ വീട്ടിൽ എത്തും.
ദുബായിൽ രണ്ടാഴ്ച ആയി പരിപൂർണ്ണ ലോക്‌ഡൌൺ പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാൽ അബുദാബിയിൽ എല്ലാ ദിവസവും വൈകിട്ട് എട്ട് മണി മുതൽ രാവിലെ ആറു മണി വരെ പുറത്ത് പോകുന്നതിന് നിയന്ത്രണങ്ങൾ ഉണ്ട് . ഏത് സമയത്തും പുറത്ത് പോകുന്നവർ മാസ്ക് ധരിക്കണം എന്നത് കർശനമാണ്. ലിഫ്റ്റിൽ നിന്ന് ഇറങ്ങുമ്പോഴും സൂപ്പർ മാർക്കറ്റുകളിൽ കയറുമ്പോഴും ഇറങ്ങുമ്പോഴും കൈകൾ ശുചിയാക്കാൻ സാനിറ്റൈസറുകൾ ഏദേഷ്ടം കരുതിയിട്ടുണ്ട്. അബുദാബിയിലെ എല്ലാ വ്യാപാര സ്വകാര്യ സ്ഥാപനങ്ങളും ഭക്ഷണ ശാലകളും തുറന്ന് പ്രവർത്തിക്കുന്നുണ്ട് . ഭക്ഷണ ശാലകളിൽ ഇരുന്ന് കഴിക്കാൻ അനുവാദമില്ല. തുറന്ന് പ്രവർത്തിക്കുന്ന കടകളിലും സൂപ്പർ മാർക്കറ്റുകളിലും ഒരേ സമയം നിശ്ചിത എണ്ണം കസ്റ്റമേഴ്സിന് മാത്രമേ കയറാനാവുകയൊള്ളു .

തൊഴിൽ അന്വഷിച്ച് വിസിറ്റ് വിസയിൽ എത്തി ഇതുവരെ ജോലിയൊന്നും കിട്ടാതെ വിസ കാലാവധി കഴിഞ്ഞു നിൽക്കുന്നവരാണ് വലിയ പ്രതിസന്ധി നേരിടുന്ന ഒരു വിഭാഗം. വിസ കാലാവധി കഴിഞ്ഞാലും പിഴ ഈടാക്കില്ല എന്ന് ഔദ്യോഗിക അറിയിപ്പുകൾ മാധ്യമങ്ങളിൽ ഉണ്ടായിരുന്നു . എന്നിരുന്നാലും ഭക്ഷണത്തിനും മുറി വാടകയ്ക്കുമുള്ള പൈസ മിക്കവരുടെ കൈയിലും ഇല്ലാതായി.

വിസിറ്റ് വിസയിൽ വരുന്നവർ മിക്കവരും തന്നെ റൂം ഷെയറിങ്ങിൽ താമസിക്കുന്നവരാണ്. ഒരു മുറിയിൽ മൂന്ന് നാല് പേര് ചേർന്ന് താമസിക്കുന്നിടത്ത് പോലും 700 ദിർഹംസ് ( ഏകദേശം പതിനാലായിരം രൂപ ) ഒരാൾ മാസ വാടക കൊടുക്കണം. കൂടാതെ കറന്റ് വെള്ളം വൈഫൈ എന്നിവയുടെ ഷെയറും. ഇത്തരം ഫ്ളാറ്റുകളിലെ വാടക കൊടുക്കാതിരിക്കാൻ സാധിക്കില്ല . കാരണം ഒരാൾ ഫ്ലാറ്റ് മൊത്തമായി ഒരു വർഷത്തേക്ക് കരാർ എടുത്ത് വാടക മുൻ‌കൂർ അടച്ചു അവ സബ് ലെറ്റ് ചെയ്യുന്നതാണ്. ഇത്തരം ഫ്ളാറ്റുകളിലെ മുറികളിൽ താമസിക്കുന്നവർക്ക് അടുക്കള സൗകര്യവും കാണില്ല. അതുകൊണ്ട് തന്നെ പുറത്തുനിന്നുള്ള ഹോട്ടൽ ഭക്ഷണം മാത്രമായിരിക്കും ഇവരുടെ ആശ്രയം. ആയിരത്തിലധികം ദിർഹംസ് വേണ്ടി വരും ഇവർക്ക് ഒരുമാസം. ഇനങ്ങനെയുള്ളവരെ സഹായിക്കാൻ പ്രാദേശിക സംഘടനകളും നാട്ടുകാരും സാമുദായിക സംഘടനകളും തയ്യാറായാൽ പ്രശ്നം ഒരുപരിധിവരെ പരിഹരിക്കാം . ഓരോ പഞ്ചായത്ത് അടിസ്ഥാനത്തിലും സ്കൂൾ കോളജ് അടിസ്ഥാനത്തിലും സമുദായിക അടിസ്ഥാനത്തിലും ധാരാളം മലയാളി സംഘടനകൾ ഉള്ള സ്ഥലം കൂടിയാണ് യു എ ഇ . അവർക്കൊക്കെ പ്രവർത്തിക്കാൻ ഉള്ള സമയമാണ് ഇത്.

വിസിറ്റ് വിസയിൽ യു എ ഇ യിൽ എത്തിയ പ്രായമായ മാതാപിതാക്കളാണ് പ്രയാസം അനുഭവിക്കുന്ന മറ്റൊരു കൂട്ടർ . മിക്കവരും ദിവസേന കഴിക്കേണ്ട മരുന്നുമായി ആയിരിക്കും നാട്ടിൽ നിന്ന് എത്തിയത് . മടങ്ങി പോക്ക് അനന്ദമായി നീണ്ടുപോകുന്നതോടുകൂടി ഇവർക്ക് വേണ്ട അവശ്യ മരുന്നും ഇല്ലാതാവും . ഇവിടെ നിന്ന് വാങ്ങാം എന്ന് കരുതിയാൽ വലിയ വിലയുമാകും . അബുദാബി എമിരേറ്റ്സ് വിസ ഉള്ളവർക്ക് മെഡിക്കൽ ഇൻഷുറൻസ് നിർബന്ധമായതുകൊണ്ട് ഇവിടുത്തെ സ്ഥിരതാമസക്കാർക്ക് അങ്ങനെ ഒരു പ്രശ്നം ഇല്ല .

കൊറോണ വ്യാപനത്തിന് എതിരെ ലോകത്തിന് തന്നെ മാതൃകയാവുന്ന തരത്തിലുള്ള പ്രതിരോധ പ്രവർത്തനം കേരളത്തിൽ നടക്കുന്നത് കാണുമ്പോൾ ഞാനടക്കമുള്ള ഓരോ മലയാളിയും ആഗ്രഹിക്കുന്നത് നാട്ടിൽ ആയിരുന്നെങ്കിൽ കുറച്ചുകൂടി സുരക്ഷിതമായിരിക്കും എന്നാണ് . അങ്ങനെ ഒരു സുരക്ഷിത ബോധം കാരണമാണ് ലോകത്താകമാനമുള്ള മലയാളികൾ തങ്ങളെ നാട്ടിലെത്തിക്കാൻ സംവിധാനം ഒരുക്കണം എന്ന് പറഞ്ഞു നിലവിളിക്കുന്നത്. ലോകത്ത് നിന്ന് ഈ മഹാമാരിയെ തുരത്തുന്നവത് വരെ എവിടെ പോയാലും സുരക്ഷിതമാകുമെന്ന് പറയാനൊക്കാത്ത സാഹചര്യമാണ് ഇന്നുള്ളത് . ആയതിനാൽ നാം ഓരോരുത്തരും കൊറോണയ്ക്ക് എതിരെ പ്രതിരോധം തീർക്കുക എന്നതാണ് ഏക മാർഗ്ഗം. നമുക്ക് രോഗം പകരരുത് എന്നും നാം മൂലം മറ്റാരാൾക്ക് രോഗം പകരരുതെന്നും ഓരോരുത്തരും സ്വയം തീരുമാനം എടുക്കണം. പരമാവധി പുറത്തുള്ളവരുമായി സംസർഗ്ഗം ഇല്ലാതാക്കുക. ഭൂമുഖത്ത് ജീവിക്കുന്ന സകല മനുഷ്യരും സ്വയം പ്രതിരോധം തീർക്കേണ്ട അവസ്ഥയിലാണ് ..