Sreekala Prasad

യൂറി ഗഗാറിന്റെ ചരിത്രപരമായ ബഹിരാകാശ യാത്രയും അറിയപ്പെടാത്ത ചില കാര്യങ്ങളും

സോവിയറ്റ് യൂണിയനും അമേരിക്കയും തമ്മിലുള്ള ശീതയുദ്ധം ബഹിരാകാശത്തും എത്തിയ കാലഘട്ടം…..കൃത്യമായി അറുപത് വർഷങ്ങൾക്ക് മുൻപാണ് 1961 ഏപ്രിൽ 12 ന് മോസ്കോ സമയം രാവിലെ 9.07 ന് വോസ്റ്റോക്ക് 1 എന്ന ഏക സഞ്ചാരി ബഹിരാകാശ വാഹനം ഖസാക്കിസ്ഥാനിലെ ബൈക്കോനൂർ കോസ്മോഡ്രോമിൽ നിന്ന് യാത്ര തിരിച്ചു. 108 മിനിറ്റിനുള്ളിൽ ഭൂമിയെ പരിക്രമണം ചെയ്തു, പരമാവധി 187 മൈൽ (301 കിലോമീറ്റർ) ഉയരത്തിൽ. 10: 55 ന് അദേഹം തിരിച്ചെത്തി. സോവിയറ്റ് യൂണിയനിൽ നിന്ന് ബഹിരാകാശത്തെത്തിയ ആദ്യ മനുഷ്യനായി. (1961 മെയ് മാസത്തിൽ ആദ്യത്തെ ബഹിരാകാശ വിമാനം ഷെഡ്യൂൾ ചെയ്തിരുന്ന അമേരിക്കയ്ക്ക് ഗഗാറിന്റെ വിജയം വേദനാജനകമായ പ്രഹരമായിരുന്നു.)

  ഭൂമിയെ ഭ്രമണം ചെയ്ത ആദ്യ മനുഷ്യനും ഇദ്ദേഹമാണ്. ഇദ്ദേഹം പ്രപഞ്ചത്തിന്റെ കൊളംബസ് എന്നറിയപ്പെടുന്നു. അദേഹത്തിൻ്റെ ദൗത്യം ബഹിരാകാശത്ത് , ഭൂമിക്കു ചുറ്റും ഒരു പ്രാവശ്യം ഭ്രമണപഥം നടത്തുക, തുടർന്ന് സുരക്ഷിതമായ ലാൻഡിംഗിനായി ഭൂമിയിലേക്ക് മടങ്ങുക എന്നിവയായിരുന്നു.അദ്ദേഹത്തിന്റെ ബഹിരാകാശ യാത്ര അദ്ദേഹത്തിന് ലോകമെമ്പാടുമുള്ള പ്രശസ്തി നേടി. ‘ഓർഡർ ഓഫ് ലെനിൻ’ സോവിയറ്റ് യൂണിയന്റെ ഹീറോ, സോവിയറ്റ് യൂണിയന്റെ പൈലറ്റ് കോസ്മോനോട്ട് എന്നീ പദവികൾ നൽകി. അദ്ദേഹത്തിന് സ്മാരകങ്ങൾ ഉയർത്തി, സോവിയറ്റ് യൂണിയനിലുടനീളം അദ്ദേഹത്തിന്റെ ബഹുമാനാർത്ഥം തെരുവുകളുടെ പേരുമാറ്റി. . 1968 മാർച്ച് 27ന് ഒരു പരിശീലനപ്പറക്കലിനിടെ മോസ്കോയ്ക്കടുത്തുവച്ച് മിഗ് ‌15 വിമാനം തകർന്നുണ്ടായ അപകടത്തേത്തുടർന്ന് അദ്ദേഹം അന്തരിച്ചു. ( ഇത് നമ്മളെ പഠിപ്പിച്ച അല്ലെങ്കിൽ നമ്മൾ പാഠപുസ്തകങ്ങളിലൂടെ പഠിച്ച അറിവുകൾ. ഇതിന് പിന്നിൽ ഒരു സമയം സോവിയറ്റ് യൂണിയൻ രഹസ്യമാക്കിവച്ച ചില കാര്യങ്ങളിലേക്ക്…)
ഏപ്രിൽ 12 ന് രാവിലെ 7.10 ന് ഗഗാരിൻ സ്പേസ് ക്രാഫ്റ്റിൽ അകത്ത് കടന്നുവെങ്കിലും വിക്ഷേപണം രണ്ട് മണിക്കൂർ നീണ്ടു. യാത്രയുടെ തുടക്കത്തിൽ വാഹനത്തിൻ്റെ ഹാച്ച് ശരിയായി അടയാത്തതിനാൽ യാത്രയ്ക്ക് കാലതാമസം നേരിട്ടെങ്കിലും, വിക്ഷേപണ കൗണ്ട്‌ഡൗൺ ആസൂത്രണം ചെയ്തപോലെ മുന്നോട്ട് പോയി. അന്നുവരെയുള്ള സോവിയറ്റ് വിക്ഷേപണങ്ങളിൽ പകുതിയും പരാജയങ്ങളായിരുന്നു. പക്ഷേ ഗഗാരിൻ വളരെ ഉത്സാഹഭരിതനായിരുന്നു. തെറ്റായ ഹാച്ച് നന്നാക്കാൻ സാങ്കേതിക വിദഗ്ധരെ കാത്തിരിക്കുമ്പോൾ കുറച്ച് സംഗീതം കേൾപ്പിക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം ഗഗാറിന്റെ ബാക്കപ്പ് ഗെർമാൻ ടിറ്റോവ് നെഞ്ചുവേദനയെക്കുറിച്ച് പരാതിപ്പെടുന്നുണ്ടായിരോന്നു. മറിച്ച് ഗഗാരിൻ വളരെ ശാന്തനായി കാണപ്പെട്ടു.

പിന്നീട് യാതൊരു തടസ്സവുമില്ലാതെ ഗഗാരിനുമായി ബഹിരാകാശവിമാനം യാത്ര ആരംഭിച്ചു. വോസ്റ്റോക്ക് സൈബീരിയയിലൂടെ കടന്നുപോകുമ്പോൾ ഗഗാരിൻ റിപ്പോർട്ട് ചെയ്തു: “ ക്രാഫ്റ്റ് സാധാരണഗതിയിൽ പ്രവർത്തിക്കുന്നു. Vzor- ന്റെ വ്യൂ പോർട്ടിൽ എനിക്ക് ഭൂമിയെ കാണാൻ കഴിയും. എല്ലാം ആസൂത്രണം ചെയ്തപോലെ മുന്നേറുകയാണ്.”

ഗഗാരിൻ വടക്കൻ പസഫിക്കിന് മുകളിലൂടെ പറന്ന് വടക്കുപടിഞ്ഞാറായി ഹവായ് ദ്വീപ് കടക്കുമ്പോൾ അവിടെ രാത്രി ആയിരുന്നു. ഇരുപത്തിമൂന്ന് മിനിറ്റിനുശേഷം, ഗഗരിൻ തെക്കേ അമേരിക്കയുടെ അഗ്രഭാഗത്തുള്ള മഗല്ലൻ കടലിടുക്ക് കടക്കുമ്പോൾ സൂര്യൻ വീണ്ടും ഉദിച്ചിരുന്നു. മറ്റൊരു ഇരുപത്തിയഞ്ച് മിനിറ്റിനുശേഷം, ഗഗാരിൻ ആഫ്രിക്കയിലേക്ക് കടന്നു. ബഹിരാകാശ പേടകത്തിന്റെ ഓട്ടോമാറ്റിക് സിസ്റ്റങ്ങൾ വാഹനത്തെ തിരിച്ച് ഭൂമിയിലേക്കുള്ള യാത്രയ്ക്കായി റിട്രോറോക്കറ്റ് ഫയറിംഗിന് ആവശ്യമായ ദിശയിലേക്ക് കൊണ്ടുവന്നു. അവിടം മുതൽ പ്രശ്നങ്ങൾ ആരംഭിക്കുകയായി.

തിരിച്ചുള്ള പാതയിൽ ആഫ്രിക്കയുടെ പടിഞ്ഞാറൻ തീരത്ത് ദ്രാവക-ഇന്ധന എഞ്ചിൻ40 സെക്കൻഡ് നേരം ജ്വലിപ്പിച്ചപ്പോഴാണ് ആദ്യത്തെ പ്രശ്‌നം ഉണ്ടായത്. ബ്രേക്കിംഗ് എഞ്ചിനുള്ളിലെ ഒരു വാൽവ് ജ്വലനതിൻ്റെ തുടക്കത്തിൽ പൂർണ്ണമായും അടയ്ക്കുന്നതിൽ പരാജയപ്പെട്ടു ഫലമായി കുറച്ച് ഇന്ധനം പുറത്തേക്ക് ഒഴുകി. തൽഫലമായി, നിശ്ചയിച്ചതിലും നേരത്തെ എഞ്ചിൻ പ്രവർത്തനം നിലച്ചു. സെക്കൻഡിൽ 136 മീറ്റർ വേഗത കുറച്ചുകഴിഞ്ഞാൽ എഞ്ചിൻ പ്രവർത്തനം നിർത്തുവാനായിരുന്നു ക്രാഫ്റ്റ് പ്രോഗ്രാം ചെയ്തത്. എന്നാൽ എഞ്ചിൻ നേരത്തെ shut down ചെയ്തതിനാൽ, ക്രാഫ്റ്റ് മന്ദഗതിയിലായത് സെക്കൻഡിൽ 132 മീറ്റർ ആയപ്പോഴാണ്. . പ്രീ-പ്രോഗ്രാം ചെയ്ത വേഗതയിൽ എത്താൻ കഴിഞ്ഞില്ലെങ്കിലും പേടകത്തെ വീണ്ടും ഭൂമിയിലേക്ക് നയിക്കാൻ ഇത് പ്രശ്നമായിരുന്നില്ല. എൻജിൻ shut down ചെയ്യാനുള്ള കമാൻഡ് അത് കൊണ്ട് തന്നെ കൊടുക്കേണ്ടി വന്നില്ല . തൽഫലമായി, തുറന്നിരുന്ന എഞ്ചിന്റെ പ്രൊപ്പല്ലന്റ് ലൈനുകൾ , അത് ഇന്ധനം തീർന്നുപോയശേഷം നിന്നുപോയി. തൽഫലമായി മർദ്ദിതവാതകവും ഓക്സിഡൈസറും പ്രധാന നോസിലിൽ നിന്നും സ്റ്റിയറിംഗ് ത്രസ്റ്ററുകളിൽ നിന്നും പുറത്തേക്ക് പ്രവഹിച്ചു. , ഇത് ബഹിരാകാശ പേടകം വന്യമായി കറങ്ങാൻ കാരണമായി.

അനിയന്ത്രിതമായി കറങ്ങുന്നതിനിടയിൽ ഗഗാറിന് മറ്റൊരു പ്രശ്നം നേരിടേണ്ടിവന്നു. റീഇൻട്രി മൊഡ്യൂൾ അതുവരെ സർവ്വീസ് മൊഡ്യൂളിൽ നിന്ന് വേർപെടുത്താൻ സാധിച്ചിട്ടില്ല. ജ്വലനം അവസാനിച്ചതിന് ശേഷം റോക്കറ്റിന്റെ രണ്ട് ഭാഗങ്ങൾ പത്ത് സെക്കൻഡിനുള്ളിൽ വേർതിരിയേണ്ടതായിരുന്നു. സർവീസ് മൊഡ്യൂൾ അന്തരീക്ഷത്തിൽ കത്തുന്ന സമയത്ത് കോസ്മോനോട്ട് വഹിക്കുന്ന റീഎൻട്രി മൊഡ്യൂൾ ഭൂമിയിലേക്ക് മടങ്ങാനാണ് രൂപകൽപ്പന ചെയ്തിരുന്നത്. എന്നാൽ സർവ്വീസ് മൊഡ്യൂൾ അപ്രതീക്ഷിതമായി ഒരു കൂട്ടം വയറുകളാൽ re entry മൊഡ്യൂളിലേക്ക് ഘടിപ്പിച്ചിരുന്നതിനാൽ രണ്ടും ഭൂമിയിലേക്ക്‌ പതിക്കാൻ തുടങ്ങി. ഒടുവിൽ, ഏകദേശം 150 കിലോമീറ്റർ ഉയരത്തിൽ വച്ച്. മൊഡ്യൂളുകൾ വേർപെടുത്തി ശരിയായ പാതയിലേക്ക്‌ നീങ്ങി.

ഗഗാറിൻ തന്റെ ഇറക്കം തുടരുന്നതിനിടയിൽ, തീവ്രമായ ഗുരുത്വാകർഷണ ബലം അദേഹത്തിൻ്റെ പേശികളെ ബാധിച്ചു. അബോധാവസ്ഥയിൽ പോകാതിരിക്കാൻ ഗഗാരിന് കഠിന പ്രയത്നം വേണ്ടി വന്നു. അദേഹം ഇങ്ങനെ ഓർമ്മിക്കുന്നു.

“ഒരു സമയം, 2-3 സെക്കൻഡ് നേരത്തേക്ക് നിയന്ത്രണ ഗേജുകളിലെ ഡാറ്റ മങ്ങിയതായി കാണാൻ തുടങ്ങി എന്റെ കണ്ണുകളിൽ അത് ചാരനിറമാകാൻ തുടങ്ങി. ഞാൻ എന്നെത്തന്നെ വരിഞ്ഞ് മുറുക്കാൻ തുടങ്ങി. അൽപ്പസമയത്തിനുള്ളിൽ എല്ലാം ശരിയായി തുടങ്ങി.” ഭൂമിയിലേക്കുള്ള യാത്ര സമയത്ത്‌ ഗഗാരിൻ‌ 8 g (gravitational constant) അനുഭവിച്ചതായി വിശ്വസിക്കപ്പെടുന്നു.7 കിലോമീറ്റർ ഉയരത്തിൽ വച്ച് ഗഗാറിൻ എജക്ഷൻ സീറ്റ് അഴിച്ചുമാറ്റി, ഗോളകൃതിയിലുള്ള മൊഡ്യൂൾ ഉപേക്ഷിച്ച് , നിമിഷങ്ങൾക്ക് ശേഷം അദ്ദേഹത്തിന്റെ പാരച്യൂട്ട് വിന്യസിച്ചു. സ്വന്തം പാരച്യൂട്ട് 2.5 കിലോമീറ്റർ പിന്നിട്ടപ്പോൾ റീഎൻട്രി മൊഡ്യൂൾ സ്വതന്ത്രമായി ഭൂമിയിൽ പതിച്ചു. പത്ത് മിനിറ്റിനുശേഷം ഗഗാരിൻ ഒരു വയലിൽ വന്നിറങ്ങി. അതായത് നിയുക്ത ലാൻഡിംഗ് സൈറ്റിൽ നിന്ന് 300 കിലോമീറ്റർ അകലെയാണ് അദ്ദേഹം പറന്നിറങ്ങിയത്.
ഓറഞ്ച് നിറത്തിലുള്ള സ്യൂട്ടും ഹെൽമറ്റും ധരിച്ച് പാരച്യൂട്ടിനെ പുറകിലേക്ക് വലിച്ചിഴച്ചുകൊണ്ട് വരുന്ന ഗാഗറിനെ കണ്ട് ഉരുളക്കിഴങ്ങ് വയലിൽ നിന്ന മുത്തശ്ശിയും അവരുടെ അഞ്ചുവയസ്സുള്ള മകളും പരിഭ്രാന്തരായി. അവരുടെ അടുത്തേക്ക് നടക്കുമ്പോൾ അവർ പേടിച്ചു വിറച്ചു, പക്ഷേ ഗഗാരിൻ അവരെ അഭിസംബോധന ചെയ്തു: “ഭയപ്പെടേണ്ട, ഞാൻ നിങ്ങളെപ്പോലുള്ള ഒരു സോവിയറ്റ് ആണ്, ഞാൻ ബഹിരാകാശത്ത് നിന്ന് ഇറങ്ങിയതാണ്. മോസ്കോയിലേക്ക് വിളിക്കാൻ ഒരു ടെലിഫോൺ കണ്ടെത്തണം!”
ഗഗാരിൻ ഇറങ്ങുന്നത് കണ്ട് ആ പ്രദേശത്തെ ഒരു ആന്റി എയർക്രാഫ്റ്റ് ഡിവിഷന്റെ കമാൻഡർ മേജർ അഖ്മദ് ഗാസീവ് മിനിറ്റുകൾക്ക് ശേഷം സൈറ്റിലെത്തി. അദ്ദേഹം ഗഗറിനെ തന്റെ യൂണിറ്റിലേക്ക് കൊണ്ടുപോയി. “ബഹിരാകാശത്ത് നിന്ന് ഇറങ്ങിയ” ആളെ കാണാൻ യൂണിറ്റിലെ എല്ലാ ഉദ്യോഗസ്ഥരും അവരുടെ ബന്ധുക്കളും സൈറ്റിലേക്ക് ഒഴുകിയെത്തി.

നുണകളും രഹസ്യങ്ങളും

സോവിയറ്റ് യൂണിയൻ വോസ്റ്റോക്ക് ദൗത്യ വിശദാംശങ്ങൾ അതീവ രഹസ്യമായി സൂക്ഷിക്കാൻ ഉദ്യോഗസ്ഥർ വലിയ ശ്രദ്ധ പുലർത്തി. ബഹിരാകാശ പേടകം വിക്ഷേപിച്ച സ്ഥലം, ബഹിരാകാശ പോർട്ടിന്റെ സ്ഥാനം ഉൾപ്പെടെ നിരവധി വിവരങ്ങൾ വെളിപ്പെടുത്തതിൽ നിന്ന് ഉദ്യോഗസ്ഥരെ വിലക്കി. ദിവസങ്ങൾ കഴിയവേ സോവിയറ്റ് ബഹിരാകാശ പദ്ധതിയുടെ ഉദ്യോഗസ്ഥർ ഇന്റർനാഷണൽ ആസ്ട്രോനോട്ടിക്കൽ ഫെഡറേഷന് (FIA) റിപ്പോർട്ട് സമർപ്പിച്ചപ്പോൾ വിക്ഷേപണ സ്ഥലമായി അവർ ഒരു പുതിയ ബഹിരാകാശ പോർട്ട് കണ്ടുപിടിച്ചു .. യഥാർത്ഥ വിക്ഷേപണ കേന്ദ്രമായ ലെനിൻസ്കിൽ നിന്ന് 320 കിലോമീറ്റർ വടക്കുകിഴക്കായി, ത്യുറാറ്റാമിന് സമീപം ബൈക്കോനൂർ എന്ന ചെറിയ ഖനനനഗരം. പെട്ടെന്നുതന്നെ പ്രശസ്തിയിലേക്ക് ഉയർന്ന ബെയ്‌കോനൂർ സ്വദേശികൾ പുതുതായി കണ്ടെത്തിയ പ്രശസ്തി മുതലെടുത്ത് മോസ്കോയിലെ ഉദ്യോഗസ്ഥർക്ക് സിമന്റ്, മരം തുടങ്ങിയ അപൂർവ അസംസ്കൃത വസ്തുക്കൾ വൻ തോതിൽ കയറ്റി അയച്ചു. തങ്ങൾ ഒരു കുംഭകോണത്തിന്റെ ഇരകളാണെന്ന് മോസ്കോയ്ക്ക് മനസിലാക്കാൻ കുറച്ച് സമയമെടുത്തു. മൂന്ന് പതിറ്റാണ്ടിനുശേഷം, 1995 ൽ ലെനിൻസ്കിനെ ഔദ്യോഗികമായി ബൈകോനൂർ എന്ന് പുനർനാമകരണം ചെയ്തപ്പോൾ നുണ സത്യമായി മാറി.

ലോകമെമ്പാടുമുള്ള എയറോനോട്ടിക്കൽ, ജ്യോതിശാസ്ത്ര പ്രവർത്തനങ്ങൾക്കായി ഒരു സർക്കാരിതര, ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഒരു സ്ഥാപനമായി 1905 ൽ ഇന്റർനാഷണൽ ആസ്ട്രോനോട്ടിക്കൽ ഫെഡറേഷൻ (FIA) സ്ഥാപിതമായി. റെക്കോർഡിനായി സമർപ്പിക്കുന്ന വിമാനങ്ങളുടെ വിശദാംശങ്ങളും സ്ഥിരീകരണവും രേഖകളെച്ചൊല്ലിയുള്ള തർക്കങ്ങൾ ഇവയെല്ലാം ഒത്ത് തീർപ്പാക്കുന്നതും FIA യുടെ ചുമതലകളിൽ ഒന്നാണ്. രണ്ട് വ്യത്യസ്ത രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർ ഒരു ബഹിരാകാശ യാത്രാ റെക്കോർഡ് ക്ലെയിം ചെയ്യുകയാണെങ്കിൽ, സമർപ്പിച്ച ഡോക്യുമെന്റേഷൻ പരിശോധിച്ച് ആരാണ് ആദ്യം ഈ നേട്ടം കൈവരിച്ചതെന്ന് തീരുമാനിക്കുന്നത് FAI യുടെ ജോലിയാണ്.

അതിനായി ബഹിരാകാശ യാത്രയ്‌ക്കായി എഫ്‌എ‌ഐ ചില മാർ‌ഗ്ഗനിർ‌ദ്ദേശങ്ങൾ‌ വ്യക്തമാക്കുന്നു. ഒരു സ്‌പേസ് ഏജൻസി ഈ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കേണ്ട ആവശ്യമില്ല, പക്ഷേ ആ ബഹിരാകാശ ഏജൻസി ഒരു റെക്കോർഡിനായി ഒരു ക്ലെയിം ഫയൽ ചെയ്യാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അല്ലെങ്കിൽ തർക്കം ഉണ്ടായാൽ, മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചിട്ടുണ്ടെന്ന് എഫ്‌ഐഐ ഉറപ്പാക്കും. ബഹിരാകാശ യാത്രയ്ക്കുള്ള ഒരു നിബന്ധന പ്രകാരം റെക്കോർഡ് സാധുതയുള്ളതാകാൻ ഒരു പൈലറ്റ് അവരുടെ ക്രാഫ്റ്റിനുള്ളിൽ നിന്ന് ഇറങ്ങണം. സുരക്ഷിതമായി ലാൻഡുചെയ്യാൻ കഴിയാത്ത പേടകത്തിൽ . ഒരു വ്യോമയാന പരീക്ഷണത്തിനായി അല്ലെങ്കിൽ രേഖയ്ക്കായി ജീവൻ പണയപ്പെടുത്താൻ പൈലറ്റുമാരെ പ്രോത്സാഹിപ്പിക്കാതിരിക്കാനും തടയുന്നതിനാണ് ഈ നിയമം സൃഷ്ടിച്ചത്. ഒരു മനുഷ്യന് ആഘാതത്തെ അതിജീവിക്കാൻ വേണ്ടത്ര ക്രാഫ്റ്റ് മന്ദഗതിയിലാക്കുന്ന ബ്രേക്കിംഗ് സംവിധാനം സോവിയറ്റ് എഞ്ചിനീയർമാർ അതുവരെ പൂർത്തിയാക്കിയിട്ടില്ലായിരുന്നു. ഇവിടെ ഗഗാരിൻ തന്റെ ബഹിരാകാശ പേടകത്തിനുള്ളിൽ നിന്ന് ഇറങ്ങുന്നതിന് പകരം പാരലാൻഡ് ചെയ്തതിനാൽ ഈ നിയമം ഒരു പ്രശ്നമായി മാറി. ഈ വസ്തുത മറച്ചുവെക്കാൻ സോവിയറ്റ് അധികാരികൾ വളരെയധികം ശ്രമിച്ചു, പത്രസമ്മേളനങ്ങളിൽ ഗഗാരിന് പലതവണ കള്ളം പറയേണ്ടി വന്നു.

നാലുമാസത്തിനുശേഷം, വോസ്റ്റോക്ക് 1 ദൗത്യത്തിനായുള്ള ഗഗാറിന്റെ ബാക്കപ്പായ ഗെർമാൻ ടിറ്റോവ് സ്വന്തമായി ബഹിരാകാശ യാത്ര നടത്തി, ഭൂമിയെ പരിക്രമണം ചെയ്യുന്ന രണ്ടാമത്തെ മനുഷ്യനും ബഹിരാകാശത്ത് ഒരു ദിവസം മുഴുവൻ ചെലവഴിച്ച ആദ്യ മനുഷ്യനുമായി. ഗഗരിനിൽ നിന്ന് വ്യത്യസ്തമായി ടിറ്റോവ് സത്യം തുറന്ന് പറഞ്ഞു. ആദ്യ മനുഷ്യന്റെ ബഹിരാകാശ യാത്രയെക്കുറിച്ചുള്ള നിർവചനം പുനർവിചിന്തനം ചെയ്യാൻ ടിറ്റോവിന്റെ സാക്ഷ്യം എഫ്‌എഐയെ നിർബന്ധിതനാക്കി, മനുഷ്യന്റെ വിക്ഷേപണം, പരിക്രമണം, സുരക്ഷിതമായ തിരിച്ചുവരവ് എന്നിവ ഒരു വലിയ സാങ്കേതിക നേട്ടമാണെന്നും പൈലറ്റ് ഇറങ്ങുന്ന രീതി പ്രശ്നമല്ലെന്നും FIA പിന്നീട് അംഗീകരിച്ചു. യൂറി ഗഗാറിൻ ലാൻഡിംഗിന്റെ ആദ്യത്തെ ഔദ്യോഗിക പ്രഖ്യാപനം വന്നത് സംഭവത്തിന് പത്ത് വർഷത്തിന് ശേഷമാണ്. അപ്പോഴേക്കും ഗഗാറിന്റെ യാത്ര ഒരു അന്താരാഷ്ട്ര റെക്കോർഡായി ലോകമെങ്ങും അംഗീകരിക്കപ്പെട്ടു കഴിഞ്ഞിരുന്നു.
1968 ൽ കിർജാക് പട്ടണത്തിന് സമീപം പൈലറ്റ് ഓടിച്ചിരുന്ന മിഗ് -15 പരിശീലന ജെറ്റ് തകർന്ന അപകടത്തിൽ യൂറി ഗഗാരിൻ ദുരൂഹസാഹചര്യത്തിൽ മരിച്ചു. ( മരണത്തിന് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ക്രുഷ്ചേവുമായി ഗഗാറിന് അഭിപ്രായവ്യത്യാസമുണ്ടായി. അഭിപ്രായ വ്യത്യാസമുള്ളവരെ ഇല്ലാതാക്കുക എന്ന ക്രുഷ്ചേവിന്‍റെ നയമാകാം ഗഗാറിനും വിനയായത് എന്നും പറയുന്നവരുണ്ട്.) അദ്ദേഹത്തിന്റെ സ്മരണയ്ക്കായി, എഫ്‌ഐ‌ഐ യൂറി ഗഗാരിൻ സ്വർണ്ണ മെഡൽ സ്ഥാപിച്ചു, ഇത് എഫ്‌ഐ‌ഐ വാഗ്ദാനം ചെയ്യുന്ന ബഹിരാകാശ യാത്രയ്ക്കുള്ള ഏറ്റവും ഉയർന്ന രണ്ടാമത്തെ അവാർഡാണ്.

ഗഗാരിൻ വന്നിറങ്ങിയ സ്ഥലം ഇപ്പോൾ 25 മീറ്റർ ഉയരമുള്ള ഒരു സ്മാരകം ഉൾക്കൊള്ളുന്ന ഒരു സ്മാരക പാർക്കാണ്, അതിൽ വെള്ളി മെറ്റാലിക് റോക്കറ്റ്ഷിപ്പ് ഉണ്ട്, അത് ഒരു വളഞ്ഞ ലോഹ നിരയിൽ ഉയർന്നുവരുന്നു, വെഡ്ജ് ആകൃതിയിലുള്ള, വെളുത്ത കല്ല് അടിത്തട്ടിൽ നിന്ന്. ഇതിന് മുന്നിൽ യൂറി ഗഗരിന്റെ 3 മീറ്റർ ഉയരമുള്ള വെളുത്ത കല്ല് പ്രതിമയുണ്ട്.

Pic. courtesy

You May Also Like

എന്താണ് ഡാര്‍ക്ക് മാറ്റര്‍ ?

ഡാര്‍ക്ക് മാറ്റര്‍ (Dark matter) Sabu Jose വിദ്യുത്കാന്തിക വികിരണങ്ങളുപയോഗിച്ചാണ് ആധുനിക കാലത്ത് ശാസ്ത്രജ്ഞര്‍ പ്രപഞ്ച…

ഇനി സ്ട്രാറ്റലൈറ്റ് കമ്യൂണിക്കേഷന്റെ നാളുകള്‍

ഇനി സ്ട്രാറ്റലൈറ്റ് കമ്യൂണിക്കേഷന്റെ നാളുകള്‍ Sabu Jose സാറ്റലൈറ്റ് കമ്യൂണിക്കേഷന്‍ അഥവാ ഉപഗ്രഹ വാർത്താവിനിമയത്തേക്കുറിച്ച് കേൾക്കാത്തവരായി…

ബഹിരാകാശ യാത്രകളെയും, ചാന്ദ്രപര്യവേക്ഷണത്തെയും മറ്റും പോലെ ബഹിരാകാശനിലയവും ഒരുകാലത്തെ കഥകളിലെ സങ്കൽപ്പങ്ങളായിരുന്നു

ബഹിരാകാശ നിലയങ്ങൾ Basheer Pengattiri ഭാരമില്ലാത്ത അവസ്ഥയിൽ മനുഷ്യന്റെ രക്തചംക്രമണ വ്യവസ്ഥ എങ്ങനെ പ്രവര്‍ത്തിക്കും എന്നറിയണമെങ്കിൽ…

മുത്തുച്ചിപ്പിയും മുത്തും

മുത്തുച്ചിപ്പിയുടെ ഉള്ളിൽ മനോഹരമായ മുത്തുകൾ ഉണ്ടാക്കുന്നത് എങ്ങനെ ആണെന്ന് അറിയുമോ ?